

നേപ്പാളിന്റെ തെരുവുകൾക്ക് പ്രതിഷേധങ്ങൾ അപരിചിതമല്ല. വിദ്യാർഥികളുൾപ്പടെ തെരുവിലിറങ്ങി വിജയിപ്പിച്ച ഒരു സർക്കാരാണ് അവിടം ഭരിക്കുന്നത് എന്നിരിക്കെ പ്രതിഷേധങ്ങൾ രാജ്യം വിലകുറച്ച് കാണാറുമില്ല.
പ്രധാനമന്ത്രി ബാലേൻ ഷായുടെ ഒരു വിവാദപരാമർശത്തെ തുടർന്ന് വീണ്ടും പ്രതിഷേധങ്ങൾ കത്തുകയാണ് നേപ്പാളിൽ. ബാലേന് വേണ്ടി തെരുവിലിറങ്ങിയ അതേ ജനങ്ങൾ ഇത്തവണ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുന്നു. ഇന്ത്യയെയും നേപ്പാളിനെയും സംബന്ധിക്കുന്ന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട്, പാർലമെന്ർറിൽ ബാലേൻ ഷാ നടത്തിയ പ്രസ്താവനയാണ് പ്രതിഷേധങ്ങൾക്ക് ആധാരം.
ഇന്ത്യാ-നേപ്പാൾ അതിർത്തി തർക്കം ഒരു ഏകപക്ഷീയമായ വിഷയമല്ലെന്നും പലയിടങ്ങളിലും നേപ്പാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. തുടർന്ന് ബാലേന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രക്ഷോഭം ആരംഭിച്ചു.
ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങളെ ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് നേപ്പാൾ അവകാശപ്പെടുമ്പോൾ ഇവയെല്ലാം ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് പല തവണ ഇന്ത്യ ആവർത്തിച്ചിട്ടുണ്ട്.
വിഷയം പരിഹരിക്കാൻ ചരിത്രകാരന്മാരെയും സർവേയർമാരെയും മറ്റ് വിദഗ്ധരെയും ആശ്രയിക്കണമെന്നാണ് ഷാ ആവശ്യപ്പെട്ടത്. ഇന്ത്യയുമായി കൈമാറിയ നയതന്ത്ര കുറിപ്പുകൾ പരാമർശിച്ച അദ്ദേഹം, കോളനിഭരണകാലത്തെ ഭൂപടങ്ങളെ അടിസ്ഥാനമാക്കി യുണൈറ്റഡ് കിംഗ്ഡത്തിന്റെ പങ്കാളിത്തവും നിർദേശിക്കുകയും ചെയ്തു. ഏകപക്ഷീയമായ ആരോപണങ്ങളിലൂടെ അല്ല, പരസ്പര ധാരണയിലൂടെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. അതിർത്തി പ്രശ്നത്തിൽ ചൈനയെയും യു.കെയെയും ചർച്ചകളിൽ പങ്കാളികളാക്കണമെന്ന, ഷായുടെ പരാമർശവും വിവാദമായി.
ഇതിനോട് കൃത്യമായ ഭാഷയിൽ തന്നെ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കാഠ്മണ്ഡു ഇന്ത്യയുമായി മാത്രമല്ല, ബീജിംഗുമായും ലണ്ടനുമായും ബന്ധപ്പെടുന്നുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി പാർലമെന്റിൽ വ്യക്തമാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. നേപ്പാളുമായുള്ള പരിഹരിക്കപ്പെടാത്ത എല്ലാ അതിർത്തി പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും ഇന്ത്യ ആവർത്തിച്ചു.
ബാലെനും വിവാദങ്ങളും
തർക്കവിഷയമായ പ്രദേശങ്ങളിൽ അവകാശവാദം ശക്തിപ്പെടുത്തുന്നതിനായി മുൻ പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ നേതൃത്വത്തിൽ നേപ്പാൾ ദേശീയ ഭൂപടത്തിൽ മാറ്റങ്ങൾ അംഗീകരിച്ചിരുന്നു. ഇതടക്കമുള്ള നടപടികൾ സ്വീകരിച്ചതിന് വർഷങ്ങൾക്കുശേഷമാണ് ബാലെൻ ഷായുടെ പരാമർശങ്ങൾ എന്നതാണ് ശ്രദ്ധേയം.
ബെംഗളൂരുവിൽ പരിശീലനം നേടിയ എഞ്ചിനീയറും കഠ്മണ്ഡുവിന്റെ മുൻ മേയറുമായിരുന്ന ഷാ ഒരു റാപ്പർ കൂടിയായിരുന്നു. നേപ്പാളിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ച നേതാവെന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് പ്രധാനമന്ത്രിയായി ഉയർന്നു. സാധാരണക്കാരായ ജനങ്ങളുടെ ശബ്ദമായി.
കാഠ്മണ്ഡു മേയറായിരിക്കെ തന്റെ ഓഫീസിൽ ഗ്രേറ്റർ നേപ്പാൾ ഭൂപടം പ്രദർശിപ്പിച്ചതിലൂടെയും ഷാ വിവാദമുണ്ടാക്കിയിരുന്നു. ഇന്ത്യ പാർലമെന്റിൽ പ്രദർശിപ്പിച്ച അഖണ്ഡ് ഭാരത് ഭൂപടത്തോടുള്ള പ്രതികരണമായാണ് ആ നീക്കം വ്യാപകമായി വിലയിരുത്തപ്പെട്ടത്.
നിലവിലെ പരാമർശം ദേശവിരുദ്ധമായി കണക്കാക്കിയാണ് വിദ്യാർഥികളുൾപ്പടെയുള്ളവരുടെ പ്രതിഷേധം. അതിർത്തി തർക്ക വിഷയങ്ങളിൽ നേപ്പാൾ ദീർഘകാലമായി സ്വീകരിച്ചുവരുന്ന നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ് ഷായുടെ പ്രസ്താവനയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ന്യായീകരണവുമായി നേപ്പാൾ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല.
പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഔദ്യോഗികമായ വിട്ടുകൊടുക്കലല്ല, മറിച്ച് ദാസ്ഗജ ( No-man's land) പ്രദേശത്തെ പ്രാദേശികമായ കയ്യേറ്റങ്ങളെയും പ്രകൃതിദത്തമായ കാരണങ്ങളാൽ അതിർത്തിയിലുണ്ടാകുന്ന മാറ്റങ്ങളെയുമാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
പുകയുന്ന അതിർത്തി തർക്കം
ഇന്ത്യയും നേപ്പാളും ചൈനയും ഒരു പോലെ അതിർത്തി പങ്കിടുന്ന ട്രൈ ജംഗ്ഷനെ ചൊല്ലിയാണ് പ്രധാനതർക്കം. 370 കിലോമീറ്റർ വിസ്തൃതിയുള്ള ഈ മേഖലയിലാണ് കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങളുള്ളത്.
1816-ലെ സുഗൗളി ഉടമ്പടി പ്രകാരം കാളി നദിയെ അതിർത്തിയായി നിശ്ചയിച്ചതിലെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് അടിസ്ഥാനം. കാളി നദിയുടെ കൃത്യമായ ഉറവിടം എവിടെയാണെന്ന കാര്യത്തിൽ ഇന്ത്യക്കും നേപ്പാളിനും വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണുള്ളത്.
നദി ലിംപിയാധുരയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് നേപ്പാൾ അവകാശപ്പെടുന്നു. ഇതുപ്രകാരം കാലാപാനിയും ലിപുലേഖും നേപ്പാളിന്റെ ഭാഗമാണ്. എന്നാൽ നദിയുടെ ഉറവിടം കാലാപാനിക്ക് അടുത്താണെന്നാണ് ഇന്ത്യയുടെ വാദം. ചരിത്രരേഖകൾ, ഭൂമി സർവേകൾ, ദശകങ്ങളായുള്ള ഭരണപരമായ നിയന്ത്രണം എന്നിവ ഇതിന് തെളിവായി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ചൈന അതിർത്തിക്ക് സമീപമായതിനാലും, കൈലാസ മാനസസരോവർ തീർത്ഥാടനത്തിനും വ്യാപാരത്തിനുമുള്ള പ്രധാന പാതയായതിനാലും ലിപുലേഖ് ചുരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. 2020-ൽ ലിപുലേഖ് ചുരത്തിലേക്കുള്ള റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തത് നേപ്പാളിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇതിനു പിന്നാലെയാണ് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിൽ നേപ്പാൾ തങ്ങളുടെ ഔദ്യോഗിക ഭൂപടം പരിഷ്‌കരിക്കുകയും തർക്കപ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തത്.
English Summary: Protests have once again erupted across Nepal following a controversial statement by Prime Minister Balen Shah. The same people who once took to the streets in support of Balen are now intensifying demonstrations demanding his resignation.
The protests stem from remarks Balen Shah made in Parliament regarding the India–Nepal border dispute. The Prime Minister stated that the border issue is not a one-sided matter and that, in several instances, Nepal had also encroached into Indian territory.
Following the comments, opposition parties and student organizations launched protests calling for Balen Shah's resignation.