

ഒരു തുള്ളി അകത്ത് ചെന്നാലും മരണം ഉറപ്പ്. മറുമരുന്ന് ലോകത്തെവിടെയും ഇല്ല. പറഞ്ഞുവരുന്നത് പരക്വാറ്റ് ഡൈക്ലോറൈഡ് എന്ന കീടനാശിനിയെ കുറിച്ചാണ്. പാറശ്ശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കഷായം തയ്യാറാക്കാൻ ഉപയോഗിച്ച കൊടുംവിഷമാണിത്. അതിമാരകമായ വിഷാംശവും മനുഷ്യശരീരത്തിലെത്തിയാൽ ഉണ്ടാകാവുന്ന ഭീകരമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് മിക്ക രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയിലിപ്പോഴും ഇത് സുലഭമായി ലഭിക്കും.
ഇന്ത്യയിൽ, ദുർബലമായ നിയന്ത്രണ മേൽനോട്ടം പരക്വാറ്റിന്റെ വ്യാപകമായ ഉപയോഗം തുടരുന്നതിന് കാരണമാകുന്നുവെന്നാണ് വിമർശകരുടെ വാദം. എന്നിരുന്നാലും 74 രാജ്യങ്ങളിൽ നിരോധിക്കാൻ തക്കവണ്ണം അപകടകരമാണിതെന്നിരിക്കെ എന്തിനാണ് ഇന്ത്യയിപ്പോഴും പരക്വാറ്റിന് പച്ചക്കൊടി കാട്ടുന്നത്? വിശദമായി നോക്കാം.
പരക്വാറ്റിന്റെ ചരിത്രം
1882ൽ രണ്ട് ഓസ്ട്രിയൻ ശാസ്ത്രജ്ഞരാണ് പരക്വാറ്റ് വികസിപ്പിച്ചെടുത്തത്. മീഥൈൽ വയോലജൻ എന്നായിരുന്നു പേര്. ടെക്സ്റ്റൈൽസിലും മറ്റും കെമിക്കൽ ഡൈ എന്ന രീതിയിലാണ് പരക്വാറ്റ് ഉപയോഗിച്ച് വന്നിരുന്നത്. ആ സമയത്ത് ഇതിലെ വിഷാംശത്തെ കുറിച്ച് ജനങ്ങളോ ശാസ്ത്രജ്ഞരോ പോലും ബോധവാന്മാരായിരുന്നില്ല.
പിന്നീട് 1955 ആയപ്പോഴാണ് പരക്വാറ്റിന്ർറെ കെമിക്കൽ സവിശേഷതകൾ ബ്രിട്ടനിലെ ചില ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. വളരെപ്പെട്ടെന്ന് തന്നെ പരക്വാറ്റ് ചെടികളെ കൊല്ലുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ ഗവേഷണത്തിലായിരുന്നു നിർണായക കണ്ടെത്തൽ. പിന്നാലെ യു.കെയിലെ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസ് ലബോറട്ടറീസ് പരക്വാറ്റ് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനും വിതരണം ചെയ്യാനുമാരംഭിച്ചു. 1962ഓടെ ഗ്രാമോക്സോൺ എന്ന പേരിൽ മാർക്കറ്റുകളിലിവ സുലഭമായി.
എന്നാൽ പിന്നീട് മാരകമായ വിഷാംശമെന്ന കണ്ടെത്തലിൽ, 1993ൽ ഓസ്ട്രിയയും 2007ൽ യു.കെയും ഇത് നിരോധിച്ചു. യുകെ ആഭ്യന്തരമായി പരക്വാറ്റ് നിരോധിച്ചിരുന്നെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള വികസനശീലമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി അതിന്റെ ഉത്പാദനം തുടർന്നുവന്നു.
മറ്റൊരു ശ്രദ്ധേയമായ ഉദാഹരണം സ്വിറ്റ്സർലൻഡാണ്. കൃഷിരാസായന മേഖലയിലെ ഭീമൻ കമ്പനിയായ സിങ്കെന്റയുടെ ആസ്ഥാനം കൂടിയാണിത്. പരക്വാറ്റിന്റെ പ്രധാന നിർമ്മാതാക്കളിലൊന്നാണ് ഈ കമ്പനി. സ്വിറ്റ്സർലൻഡ് 1989-ൽ ഈ കീടനാശിനി നിരോധിച്ചു. പിന്നീട് 2017-ൽ ചൈന സിങ്കെന്റയുടെ ഉടമസ്ഥത സ്വന്തമാക്കി. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ 2007ലും കാനഡ 2023ലുമാണ് പരക്വാറ്റ് നിരോധിക്കുന്നത്.
ഇന്ത്യയെന്തിന് മടിക്കുന്നു?
സിങ്കെന്റ ഇന്ത്യൻ പങ്കാളികളെ അറിയിച്ചിരിക്കുന്നത് 2026 ജൂൺ അവസാനം വരെ പരക്വാറ്റിന്റെ ആഗോള ഉത്പാദനം നിർത്താൻ പദ്ധതിയുണ്ടെന്നാണ്. എന്നാൽ ഇന്ത്യ ഇതുവരെ രാജ്യവ്യാപകമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ല.
നിലവിൽ 8 വിളകളിൽ 24 ശതമാനം പരക്വാറ്റ് ഡൈക്ലോറൈഡ് ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതിയുണ്ട്. ഓരോ വർഷവും 100 മെട്രിക് ടൺ പരക്വാറ്റ് ഡൈക്ലോറൈഡ് ആണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്.
2013-ൽ, കേന്ദ്ര കൃഷി മന്ത്രാലയം മറ്റു രാജ്യങ്ങളിൽ നിരോധിച്ചിട്ടും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത നിലയിൽ തുടരുന്ന 66 കീടനാശിനികളെ അവലോകനം ചെയ്യാൻ ഒരു സമിതി രൂപീകരിച്ചിരുന്നു. ആ സമിതിക്ക് നേതൃത്വം നൽകിയതു ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസർ ഡോ. അനുപം വർമയാണ്.
2015-ലെ ഈ സമിതിയുടെ അവലോകനറിപ്പോർട്ട് പ്രകാരം സുരക്ഷാ മാനദണ്ഡങ്ങൾ, പാക്കേജിംഗ് ആവശ്യകതകൾ, മെഡിക്കൽ തയ്യാറെടുപ്പുകൾ എന്നിവ സംബന്ധിച്ച നിബന്ധനകൾക്ക് വിധേയമായി പരക്വാറ്റിന്ർറെ ഉപയോഗം തുടരാം. പക്ഷേ പൂർണമായി നിരോധിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
English Summary: Even a single drop entering the body can be fatal. There is no antidote anywhere in the world. The reference here is to the pesticide paraquat dichloride. It is the highly toxic poison used by the accused Greeshma to prepare kashayam in the Parassala Sharon murder case.
Given its extreme toxicity and the severe consequences it can cause if it enters the human body, most countries have banned it. However, in India, it is still easily available.