

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്.സി ആർ എ) ഭേദഗതി ബില്ലിനെതിരെ കടുത്ത എതിർപ്പാണ് ന്യൂനപക്ഷ സംഘടനകളിൽനിന്ന് ഉയർന്നിരിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ കാലാവധിക്കുള്ളില്‍ പുതുക്കി ലഭിച്ചില്ലെങ്കിലോ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കും. ഇത് സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിർണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്കും പോകാൻ ഇടയാക്കുമെന്നതാണ് ന്യൂനപക്ഷ സംഘടനകളുടെ ആശങ്കയ്കക്കു പിന്നിൽ.
കേരള രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് നാളുകള്‍ ചൂടുപിടിച്ചിരിക്കുന്ന നാളുകളിലാണ് ബിജെപിക്ക് വിനയായി എഫ്‌സിആര്‍എ നിയമത്തിലെ ഭേദഗതികള്‍ വന്നിരിക്കുന്നത്. വിദേശസംഭാവനകള്‍ സ്വീകരിക്കുന്ന, ആരാധനാലയങ്ങളടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയാണ് പുതിയ ഭേദഗതി. സിബിസിഐ, കെസിബിസി തുടങ്ങിയ ക്രിസ്റ്റ്യന്‍ മതസംഘടനകള്‍ ഇതിനോടകം എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞു. ബിൽ, ക്രൈസ്തവ വേട്ടയ്ക്കുള്ള മറ്റൊരു കാരണമാകുമെന്ന് ക്രിസ്ത്യൻ സംഘടനകൾ കരുതുന്നു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്, സമവായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബിൽ കൊണ്ടുവരൂയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉൾപ്പെടെയുള്ള കേരള ബിജെപി നേതാക്കൾ പറയുന്നുണ്ടെങ്കിലും ക്രൈസ്തവ സംഘടനകളുടെ ആശങ്കയ്ക്കു വിരമമായിട്ടില്ല. ബിജെപി കേന്ദ്രനേതാക്കൾ ഇതിനു കടകവിരുദ്ധമായ സമീപനമാണ് ബില്ലിന്റെ കാര്യത്തിൽ സ്വീകരിക്കുന്നതെന്നതാണ് ഇതിനു പ്രധാന കാരണം. ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശഫണ്ട് എന്നും അവർ ഇന്ത്യയിലെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കണമെന്നുമാണ് ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി ഇന്നു പറഞ്ഞത്.
വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവക്ക് ബാധകമാകുന്ന നിയമ സംവിധാനമാണ് എഫ്‌സിആര്‍എ. രാജ്യസുരക്ഷയെയും രാജ്യതാല്‍പ്പര്യത്തേയും ഇത്തരം സംഭാവനകള്‍ പ്രതികൂലമായി ബാധിക്കാതെ സംരക്ഷിക്കലാണ് നിയമത്തിന്റെ ലക്ഷ്യം.
2011 മുതല്‍ ഈ നിയമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ എഫ്‌സിആര്‍എ കൂടുതല്‍ ശ്രദ്ധാവിഷയമായി. 2022 ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. നിയമം നടപ്പിലാക്കിയത് മുതല്‍ 21,000 എഫ്‌സിആര്‍എ രജിസ്‌ട്രേഷനുകള്‍ ഇതിനോടകം റദ്ദാക്കപ്പെട്ടു.
പണം ചെലവഴിച്ച രീതിയിൽ സംശയമുണ്ടായാൽ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയാണ് അന്വേഷണം നടത്തുക. സി.ബി.ഐ.ക്കാണ് കേസെടുക്കാനുള്ള അധികാരം.
ലൈസന്‍സ് റദ്ദാക്കപ്പെടുകയോ സ്വമേധയാ സറണ്ടര്‍ ചെയ്താലോ സര്‍ക്കാര്‍ നിയമിച്ച സംവിധാനത്തിനായിരിക്കും താല്‍ക്കാലിക ചുമതല. ഈ കാലഘട്ടത്തില്‍ സ്ഥാപനത്തിന് ലഭിക്കുന്ന എഫ്‌സിആര്‍എ ഫണ്ടുകള്‍ സര്‍ക്കാരിന് ഉപയോഗിക്കാം. പണം തികയാതെ വന്നാല്‍ ആസ്തികളും ഉപയോഗപ്പെടുത്താം. ലൈസന്‍സ് പുനഃസ്ഥാപിക്കുകയാണെങ്കില്‍ ആസ്തിയും വിദേശ സംഭാവനയും സര്‍ക്കാര്‍ തിരികെ നല്‍കണം.
എഫ്‌സിആര്‍എ സംഭാവന ലഭിക്കുന്ന ഏതെങ്കിലും സ്ഥാപനം രണ്ട് വര്‍ഷമായി സമൂഹത്തിന് ഉപകാരപ്രദമായ ഒരു പ്രവൃത്തിയിലും ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ എഫ്‌സിആര്‍എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സര്‍ക്കാരിന് അനുവാദമുണ്ടെന്നു നിയമത്തിലെ 14-ാം വകുപ്പിൽ പറയുന്നു.
എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കപ്പെടുക, സറണ്ടര്‍ ചെയ്യുക എന്നീ വ്യവസ്ഥകള്‍ക്കു പുറമെ 'ലൈസന്‍സ് കാലഹരണപ്പെട്ടാല്‍' എന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തി. താല്‍ക്കാതികമായി ഏറ്റെടുത്ത ആസ്തി സ്ഥിരമായി സര്‍ക്കാരിന്റേതാക്കാനും ഭേദഗതിയില്‍ മാറ്റമുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ ലൈസന്‍സ് പുതുക്കാന്‍ സാധിക്കാതിരിക്കുകയോ റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കാന്‍ കഴിയാതെ വരുകയോ ചെയ്താല്‍ സംഭാവന സ്വീകരിച്ച ആസ്തികള്‍ സര്‍ക്കാരിന് സ്വന്തമാക്കാം.
അഞ്ചുവർഷം കൂടുമ്പോഴാണ് എഫ് സി ആർ എ ലൈസൻസ് പുതുക്കേണ്ടത്. പുതുക്കൽ നിരസിക്കപ്പെടുകയോ അപേക്ഷ നൽകാതിരിക്കുകയോ ചെയ്താൽ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ കേന്ദ്രസർക്കാർ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിക്ക് ഏറ്റെടുക്കാമെന്നാണ് പുതിയ വ്യവസ്ഥ. കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിലും ആസ്തികൾ അതോറിറ്റിക്ക് ഏറ്റെടുക്കാനാവും. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയാലും പല കാരണങ്ങളാൽ തടയുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യം ഇതിനകം നിലനിൽക്കുന്നുണ്ട്.
ലൈസൻസ് പുതുക്കൽ സങ്കീർണമായതോടെ വിദേശഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എണ്ണം ഇന്ത്യയിൽ കുറഞ്ഞു. ഇത്തരത്തിൽ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ എണ്ണം 2011-ൽ നാൽപ്പതിനായിരത്തോളമായിരുന്നു. 2016-ലെ ലൈസൻസ് പുതുക്കൽ കഴിഞ്ഞപ്പോൾ അത് പതിനാറായിരത്തോളമായി കുത്തനെ കുറഞ്ഞു.
മറ്റേത് സ്ഥാപനങ്ങളേയും പോലെ ആരാധനാലയങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാന്‍ പുതിയ ഭേദഗതി അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, മറ്റു സ്ഥാപനങ്ങളെപ്പോലെ ആരാധനാലയങ്ങള്‍ വിറ്റൊഴിക്കില്ലെന്നും മതപരമായ സ്വഭാവമാറ്റമില്ലാതെ സര്‍ക്കാര്‍ നിശ്ചിത ആളുകളെ ചുമതലപ്പെടുത്തി സ്ഥാപന നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോവുമെന്നും ഭേദഗതിയില്‍ പറയുന്നു. ഈ ഭേദഗതിക്ക് ഇതിനോടകം വലിയ എതിര്‍പ്പുകള്‍ വന്നുകഴിഞ്ഞു.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ), കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍(കെസിബിസി) തുടങ്ങിയ സംഘടനകള്‍ പരസ്യമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെ നിയന്ത്രണത്തില്‍ വരുത്തി ജനാധിപത്യ തത്വങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഈ ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. കേരളം സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കെ, ബിജെപിക്ക് പ്രതികൂലമായാണ് ഭേദഗതി മാറിയിരിക്കുന്നത്. പ്രതിപക്ഷം നിയമത്തെ ശക്തമായി എതിര്‍ക്കുമെന്നും അറിയിച്ചു.
ബിൽ പാവപ്പെട്ടവർക്കുവേണ്ടി ജീവകാരുണ്യ-ആതുരാലയ മേഖലകളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും എല്ലാ കാരുണ്യപ്രവർത്തനങ്ങളെയും ഇല്ലായ്മ ചെയ്യുമെന്നാണ് ക്രൈസ്തവ സംഘടനകളുടെ പ്രധാന ആശങ്ക.
നിലവിൽ കർശന ചട്ടക്കൂടുള്ളതാണ് എഫ് സി ആർ എ. അതിൽ വീണ്ടും ഭേദഗതി കൊണ്ടുവരുന്നത് പ്രത്യേക ലക്ഷ്യം വച്ചാണെന്നാണ് ക്രൈസ്തവസഭകളുടെ നിലപാട്. എഫ് സി ആർ എ അക്കൗണ്ടുകൾ എസ് ബി ഐയുടെ ന്യൂഡൽഹി പ്രധാന ശാഖയിൽ മാത്രമാക്കി സർക്കാർ നിയമം ഭേദഗതി ചെയ്തിരുന്നു. ആറുവർഷം മുൻപായിരുന്നു ഈ ഭേദഗതി കൊണ്ടുവന്നത്.
ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ പല ക്രൈസ്തവസഭാ സ്ഥാപനങ്ങളുടെയും ലൈസൻസ് കേന്ദ്രം പുതുക്കി നൽകിയിട്ടില്ല. നിസ്സാര കാരണം പറഞ്ഞ് പല സന്നദ്ധ സംഘടനകളുടെയും അക്കൗണ്ടുകൾ റദ്ദാക്കിയതെന്നാണ് വിമർശം. സംസ്ഥാനത്ത് വിദേശഫണ്ട് സ്വീകരിക്കുന്നവ സ്ഥാപനങ്ങളിൽ 60 ശതമാനത്തോളവും ക്രൈസ്തവ സംഘടനകളുമായി ബന്ധപ്പെട്ടതാണ്. ഫണ്ട് നിലച്ചാൽ തങ്ങൾ ചെയ്യുന്ന സേവനപ്രവർത്തനങ്ങൾ നിലയ്ക്കുമെന്നാണ് ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യസുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകി, പണത്തിന്റെ ദുരുപയോഗമുണ്ടാകരുതെന്ന് കരുതിയാണ് എഫ് സി ആർ എ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ന്യൂനപക്ഷ-പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം പറഞ്ഞത്. ബിൽ ഏതെങ്കിലും മതത്തിനോ സംഘടനക്കോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: India’s FCRA amendments have sparked controversy, with religious organisations raising concerns over stricter rules on foreign funding, license expiry, and government control over assets, including places of worship. The changes, which allow asset takeover if licenses are not renewed, have drawn political criticism, especially in the context of Kerala’s election climate.