

ഇറാനില്‍ യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്കും ശേഷം കഴിഞ്ഞ ദിവസമാണ് ഇരുവിഭാഗവും തങ്ങളുടെ പരസ്പരമുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബോംബാക്രമണം അതിന്റെ പരമാവധി കാര്യക്ഷമതയില്‍ എത്തിയെന്നും അതുകൊണ്ട് ആക്രമങ്ങള്‍ക്ക് അവസാനിപ്പിക്കുകയാണെന്നും യുഎസ് സെന്റര്‍കോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഘര്‍ഷം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
പാകിസ്താനുമായി 2023 ജൂണില്‍ കുവൈത്ത് ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറിന് അഞ്ച് വര്‍ഷത്തെയ്ക്ക് ജൂലൈ 26-ന് അംഗീകാരം നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം ദോഹയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഖത്തറും പാകിസ്താനുമായുള്ള സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. അതേസമയം, 2022 മുതല്‍ നിശ്ചലമായിരുന്ന യെമനിലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും തുടങ്ങിയത് മേഖലയെ കലുഷിതമാക്കി. ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളോടെ, ചരിത്രത്തിലാദ്യമായി അറേബ്യന്‍ ഉപദ്വീപിന്റെ ഇരുവശത്തുമുള്ള കടല്‍പ്പാതകള്‍ ഒരേസമയം ആക്രമണഭീഷണിയിലായി. ഇറാന്‍-അമേരിക്ക യുദ്ധം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നത് വരെ ഹൂതികള്‍ ആക്രമണം തുടര്‍ന്നു.
യു.എസ്-ഇറാന്‍: നിലവിലെ സാഹചര്യം
ചര്‍ച്ചകള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതായി അമേരിക്കയുടെ യു.എന്‍ സ്ഥാനപതി പറഞ്ഞു. ഇറാന്റെ അഭ്യര്‍ത്ഥനപ്രകാരം 'സൗഹൃദപരമായ ചര്‍ച്ചകള്‍' നടക്കുകയാണെന്ന് ട്രംപ് തന്നെ അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഈ അവകാശവാദത്തെ ഇറാന്‍ തള്ളിക്കളഞ്ഞു. അമേരിക്കയാണ് ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം വ്യക്തമാക്കി. ജൂലൈ ആദ്യം മുതല്‍, ഒമാന്‍ ജലാതിര്‍ത്തിയിലൂടെ പുതിയൊരു കപ്പല്‍പ്പാത തുടങ്ങാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇറാന്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് തങ്ങളുടെ നിര്‍ദേശം പാലിക്കാത്ത കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതോടെ അമേരിക്ക ഇറാന്റെ സൈനികശേഷിയെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചു. ഒമാനുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പങ്കുവെക്കാന്‍ ഇറാനെ അനുവദിക്കുന്ന ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 5 നടപ്പാക്കാനുള്ള ഇറാന്റെ ശേഷിയെ ഇല്ലാതാക്കുക എന്നതായിരുന്നു യു.എസിന്റെ ലക്ഷ്യം. ഇത് ആണവ ചര്‍ച്ചകളില്‍ ഇറാന്റെ ചര്‍ച്ചാശേഷിയെ ബലഹീനമാക്കുമെന്നും അമേരിക്ക കരുതി. എന്നാല്‍ ഇവയൊന്നും സംഭവിച്ചില്ല.
ഹോര്‍മുസിലെ നിയന്ത്രണം ഇറാന്‍ ഇപ്പോഴും തുടരുന്നു. ആര്‍ട്ടിക്കിള്‍ 5 നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അന്തിമമാക്കുന്നതിന് ഇറാനും ഒമാനും ചര്‍ച്ചകള്‍ തുടരുകയാണ്. കൂടാതെ, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും ജൂലൈ 28-ന് നടത്തിയ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത് ഈ ചര്‍ച്ചകളില്‍ സൗദി അറേബ്യയെയും ഇറാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്. മാത്രമല്ല, ജൂലൈ 22-ന് സൗദി അറേബ്യ യു.എസുമായി ഉഭയകക്ഷി ആണവോര്‍ജ്ജ സഹകരണത്തിനായി '123 കരാറില്‍' ഒപ്പുവെച്ചതോടെ, സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ വാദത്തിന് കൂടുതല്‍ ശക്തി ലഭിച്ചതായി അവര്‍ കരുതുന്നു. സ്വന്തം മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം സൗദിക്ക് ലഭിക്കുകയാണെങ്കില്‍, തങ്ങളുടെ സമ്പുഷ്ടീകരണ അവകാശങ്ങളുടെ കാര്യത്തില്‍ ഇറാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ഹോര്‍മുസിലെ അടിസ്ഥാന സൗകര്യങ്ങളെയും അമേരിക്ക വീണ്ടും ആക്രമിക്കാന്‍ സാധ്യതയുണ്ട്.
കുവൈത്ത്-പാകിസ്താന്‍ സഹകരണം
യു.എസും ഇറാനും തമ്മില്‍ അടിക്കടിയുണ്ടാകുന്ന യുദ്ധങ്ങളും ഇടവേളകളും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഒരു പ്രധാന പാഠമുണ്ട്. അതുങ്ങനെയാണ്, വിദേശ ആയുധങ്ങളെ ആശ്രയിക്കുന്നതിലുപരി, സ്വന്തം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതും മികച്ച സൈനിക പരിശീലനം നേടുന്നതുമാണ് ദീര്‍ഘകാല സുരക്ഷയ്ക്ക് പ്രധാനം. അതുകൊണ്ടാണ് കുവൈത്ത് പാകിസ്താനുമായി ഒപ്പുവെച്ച കരാര്‍ സൈനിക പരിശീലനം, വിദ്യാഭ്യാസം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കല്‍, ലോജിസ്റ്റിക്‌സ്, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം, വൈദഗ്ദ്ധ്യം കൈമാറല്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഈ കരാര്‍ 2025 സെപ്റ്റംബറില്‍ ഒപ്പുവെച്ച സൗദി-പാകിസ്ഥാന്‍ സ്ട്രാറ്റജിക് മ്യൂച്വല്‍ ഡിഫന്‍സ് എഗ്രിമെന്റ് (എസ്.എം.ഡി.എ) പോലെ ഒന്നല്ല. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ പരസ്പരം പ്രതിരോധിക്കാന്‍ ബാധ്യസ്ഥരാക്കുന്നതാണ് സൗദി-പാക് കരാര്‍. കുവൈത്തുമായുള്ള കരാറില്‍ പരസ്പര പ്രതിരോധമില്ല. അതേസമയം, പാകിസ്താനുമായുള്ള ബന്ധം ശക്തമാക്കാന്‍ കുവൈത്തിന് സൗദി-പാക് കരാര്‍ ഒരു മാതൃകയായിട്ടുണ്ട്. നിലവിലുള്ള ഭീഷണികളെ നേരിടാന്‍ സൗദി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൗദിയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പാകിസ്താന്റെ പങ്ക് ഉറപ്പുവരുത്തുകയാണ് എസ്.എം.ഡി.എ കൊണ്ട് ലക്ഷ്യമിടുന്നത്.
ഹൂതി-സൗദി സംഘര്‍ഷം
യു.എസ്-ഇറാന്‍ യുദ്ധത്തിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങളിലൊന്ന് ജൂലൈ 14 മുതല്‍ സൗദിയും ഹൂതികളും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിച്ചതാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തില്‍ ഇറാന്റെ വിമാനം ഇറങ്ങുന്നത് തടയാനായി സൗദി പിന്തുണയുള്ള യെമന്‍ ഭരണകൂടം ബോംബെറിഞ്ഞതോടെയാണ് സംഘര്‍ഷം വീണ്ടും ആരംഭിച്ചത്. ഇതിന് മറുപടിയായി ഹൂതികള്‍ സൗദിയിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടുകയും ബാബ്-അല്‍-മന്ദേബ് കടലിടുക്കില്‍ നാവിക ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. 2022-ലെ വെടിനിര്‍ത്തലിനും 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനും ശേഷമുള്ള ഹൂതികളുടെ ഏറ്റവും കടുപ്പമേറിയ നടപടിയായിരുന്നു ഇത്.
ബാലിസ്റ്റിക് ആക്രമണങ്ങള്‍ക്ക് പകരമായി യെമന്റെ 70 ശതമാനത്തിലധികം ചരക്കുനീക്കവും സഹായങ്ങളും എത്തുന്ന ഹൊദൈദ തുറമുഖം സൗദി ബോംബെറിഞ്ഞു തകര്‍ത്തു. ഹൂതികളുടെ നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവര്‍ത്തിക്കുന്നത്. ഇതിന് തിരിച്ചടിയായി ഹൂതികള്‍ സൗദി ആരാംകോയുടെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും പ്രതിദിനം 4,00,000 ബാരല്‍ ഉല്‍പ്പാദന ശേഷിയുള്ള ജിസാന്‍ റിഫൈനറി ഭാഗികമായി അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. യു.എസ്-ഇറാന്‍ യുദ്ധം കാരണം സൗദിയും ഹൂതികളും തമ്മില്‍ പോരാട്ടം ശക്തമായെങ്കിലും യെമനില്‍ പൂര്‍ണ്ണതോതിലുള്ള ഒരു യുദ്ധത്തിലേക്ക് മടങ്ങാന്‍ സൗദി ആഗ്രഹിക്കുന്നില്ല. 2019-ല്‍ അബ്‌ഖൈഖിലെയും ഖുറൈസിലെയും ആരാംകോ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണമാണ് നയതന്ത്ര ചര്‍ച്ചകളിലേക്ക് സൗദിയെ നയിച്ചത്. സമാധാന ചര്‍ച്ചകളാണ് മേഖലയിലെ സ്ഥിരതയ്ക്കുള്ള വഴിയെന്ന് സൗദി അന്ന് തിരിച്ചറിഞ്ഞു.
ഇപ്പോള്‍, 123 കരാര്‍ ഒപ്പുവെച്ചതിനാലും ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ദീര്‍ഘകാല ആഗ്രഹമുള്ളതിനാലും മേഖലയില്‍ സമാധാനം നിലനില്‍ക്കേണ്ടത് സൗദിയുടെ ആവശ്യമാണ്. മെയ് മാസത്തില്‍ യു.എ.ഇയിലെ ബറാക്ക ആണവനിലയത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണം അറബ് രാജ്യങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സ്വാഭാവികമായും ഭാവിയില്‍ സൗദിയുടെ ആണവനിലയങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണം എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടാകുന്നതിനേക്കാള്‍ വലിയ ദുരന്തമായിരിക്കും ക്ഷണിച്ചുവരുത്തുക. അതുകൊണ്ട്തന്നെ സൗദി വളരെ തന്ത്രപരമായാവും ഇനി മേഖലയില്‍ ഇടപെടുക.
യു.എസ് നേരിടുന്ന വെല്ലുവിളികള്‍
നിലവില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ആയുധശേഖരത്തിന്റെ കുറവും യു.എസ് സൈനികരുടെ മരണസംഖ്യ ഉയരുന്നതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ജൂലൈ 27-ലെ സി.എന്‍.എന്‍ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈനികരുടെ മരണം 600 കടന്നു. അഫ്ഗാനിസ്താന്‍ യുദ്ധത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 20-ല്‍ താഴെ മാത്രമായിരുന്നു യു.എസ് സൈനികരുടെ മരണസംഖ്യ. കരയുദ്ധം നടന്ന ഇറാഖ് യുദ്ധത്തില്‍ പോലും ഇതേ കാലയളവില്‍ മരണം 700 ആയിരുന്നു. ധാരണാപത്രത്തിലെ വ്യവസ്ഥകളില്‍ നിന്ന് ഇറാന്‍ നേട്ടമുണ്ടാക്കുന്നത് തടയുന്നതിലാണ് ട്രംപ് ഭരണകൂടം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് അന്തിമ കരാറിനായുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇരുവിഭാഗവും തമ്മില്‍ ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ അനിശ്ചിതാവസ്ഥ ഒരു പൂര്‍ണ യുദ്ധത്തോളം തന്നെ അപകടകരമാണ്.
The temporary pause in hostilities between the United States and Iran has shifted attention to the Gulf countries, which are reassessing their defense and security strategies amid growing regional instability. Kuwait has approved a five-year defense cooperation agreement with Pakistan, while Qatar has pledged to strengthen security ties with Islamabad. At the same time, renewed fighting between Saudi Arabia and Yemen's Houthi rebels has intensified concerns over maritime security in both the Red Sea and the Strait of Hormuz. Despite U.S. military strikes, Iran continues to maintain influence over the Strait of Hormuz and remains firm on its nuclear enrichment position. Saudi Arabia's recent nuclear cooperation agreement with the U.S. has further complicated negotiations.