മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ കഴിയുമോ? ഭരണഘടനയും നിയമവും പറയുന്നത് എന്ത്?

മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അപേക്ഷിച്ച് സിഇസിക്ക് ഭരണഘടനാപരമായി കൂടുതൽ പരിരക്ഷയുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ കഴിയുമോ? ഭരണഘടനയും നിയമവും പറയുന്നത് എന്ത്?
Published on: 

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയെങ്കിലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇതിനെ തുടർന്ന് ​ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പുതിയ നോട്ടീസ് നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങളും എങ്ങനെയാണെന്ന് പരിശോധിക്കാം.

എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത്?

പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനയിലെ ആർട്ടിക്കിൾ 324 ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്. കൂടാതെ, 2023 ലെ 'ദി ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) ആക്ട്' ഇവരുടെ നിയമനവും സേവന വ്യവസ്ഥകളും നിർവചിക്കുന്നു.

ഈ നിയമപ്രകാരം, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി സിഇസിയെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറി റാങ്കിന് തുല്യമായ പദവി വഹിച്ചിട്ടുള്ളവരും, തെരഞ്ഞെടുപ്പ് നടത്തിപ്പിൽ പരിചയസമ്പത്തുള്ളവരുമായിരിക്കണം ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും ആറ് വർഷമോ അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ (ഏതാണോ ആദ്യം വരുന്നത്) ആയിരിക്കും കാലാവധി. സുപ്രീം കോടതി ജഡ്ജിക്ക് ലഭിക്കുന്നതിന് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സിഇസിക്ക് ലഭിക്കാൻ അർഹതയുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ കഴിയുമോ? ഭരണഘടനയും നിയമവും പറയുന്നത് എന്ത്?
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; 48 മണിക്കൂർ അന്ത്യശാസനവുമായി സിജെപിയും കോൺഗ്രസും

സിഇസിയെ പുറത്താക്കുന്നതിനുള്ള പ്രത്യേക പരിരക്ഷ

മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അപേക്ഷിച്ച് സിഇസിക്ക് ഭരണഘടനാപരമായി കൂടുതൽ പരിരക്ഷയുണ്ട്. ഒരു സുപ്രീംകോടതി ജഡ്ജിയെ പുറത്താക്കുന്ന അതേ രീതിയിലും അതേ കാരണങ്ങളാലുമല്ലാതെ സിഇസിയെ സ്ഥാനത്തുനിന്ന് നീക്കാൻ കഴിയില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) വ്യക്തമാക്കുന്നു. അതായത്, രാഷ്ട്രപതിക്കോ പ്രധാനമന്ത്രിക്കോ കേന്ദ്ര സർക്കാരിനോ ഒറ്റയ്ക്ക് സിഇസിയെ പുറത്താക്കാനാവില്ല. മോശം പെരുമാറ്റമോ കഴിവുകേടോ തെളിയിക്കപ്പെട്ടാൽ മാത്രമേ പാർലമെന്റിന്റെ അം​ഗീകാരത്തോടെയേ ഇദ്ദേഹത്തെ പുറത്താക്കാൻ കഴിയൂ.

അഴിമതിയോ അധികാര ദുർവിനിയോഗമോ ഇതിൽ ഉൾപ്പെടാം. സിഇസി പദവിക്ക് നിരക്കാത്ത പ്രവൃത്തികളോ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിലെ വീഴ്ചയോ ഇതിന്റെ പരിധിയിൽ വരുമെന്ന് കാലാകാലങ്ങളിൽ കോടതികൾ വ്യാഖ്യാനിച്ചിട്ടുണ്ട്. തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയെയാണ് 'കഴിവുകേട്' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പുറത്താക്കൽ പ്രക്രിയ എങ്ങനെ ആരംഭിക്കാം?

പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിലെ നിശ്ചിത എണ്ണം അം​ഗങ്ങൾ ഒപ്പിട്ട നോട്ടീസ് നൽകുന്നതിലൂടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. ലോക്സഭയിലാണെങ്കിൽ കുറഞ്ഞത് 100 അം​ഗങ്ങളും രാജ്യസഭയിലാണെങ്കിൽ 50 അം​ഗങ്ങളും ഇതിൽ ഒപ്പിട്ടിരിക്കണം. പ്രസക്തമായ രേഖകളും വ്യവസ്ഥകളും പരിശോധിച്ച ശേഷം ലോക്സഭാ സ്പീക്കർക്കോ രാജ്യസഭാ ചെയർമാനോ ഈ നോട്ടീസ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

നോട്ടീസ് സ്വീകരിക്കുകയാണെങ്കിൽ, ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി ജഡ്ജി, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രമുഖനായ ഒരു നിയമവിദഗ്ദ്ധൻ എന്നിവരടങ്ങുന്ന ഒരു അന്വേഷണ സമിതി രൂപീകരിക്കും. ഈ സമിതി ആരോപണങ്ങൾ പരിശോധിക്കുകയും പുറത്താക്കാനുള്ള കാരണങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുകയും ചെയ്യും. ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ലെങ്കിൽ നടപടികൾ അവിടെ അവസാനിക്കും.

ആരോപണങ്ങൾ ശരിയാണെന്ന് സമിതി കണ്ടെത്തിയാൽ, റിപ്പോർട്ട് പാർലമെന്റിന്റെ പരി​ഗണനയ്ക്ക് വിടും. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാലും പുറത്താക്കൽ സ്വയമേവ സംഭവിക്കില്ല. സിഇസിയെ പുറത്താക്കാനുള്ള പ്രമേയം ഇരുസഭകളും പാസാക്കേണ്ടതുണ്ട്. അതത് സഭകളിലെ ആകെയുള്ള അം​ഗങ്ങളുടെ ഭൂരിപക്ഷവും, വോട്ടെടുപ്പിൽ പങ്കെടുക്കുന്ന അം​ഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും പ്രമേയത്തിന് ലഭിക്കണം. ഒരേ സമ്മേളനത്തിൽ തന്നെ ഇരുസഭകളും ഇത് പാസാക്കുകയും വേണം.

ഇത്തരത്തിൽ ഭരണഘടന അനുശാസിക്കുന്ന ഭൂരിപക്ഷത്തോടെ ഇരുസഭകളും പ്രമേയം പാസാക്കിയ ശേഷം അത് രാഷ്ട്രപതിക്ക് സമർപ്പിക്കും. തുടർന്ന്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ കഴിയുമോ? ഭരണഘടനയും നിയമവും പറയുന്നത് എന്ത്?
'ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹി, മോദിക്കും അമിത്ഷായ്ക്കുമെതിരെ അന്വേഷണം വേണം'; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പുറത്താക്കുന്നത് എങ്ങനെ?

സിഇസിയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ ഇക്കാര്യത്തിൽ ഭരണഘടന വ്യക്തമായ വ്യത്യാസം കൽപ്പിക്കുന്നുണ്ട്. സിഇസിയെ പാർലമെന്ററി നടപടിക്രമങ്ങളിലൂടെ മാത്രമേ പുറത്താക്കാൻ കഴിയൂ എങ്കിൽ, ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറെയോ റീജിയണൽ കമ്മീഷണറെയോ സിഇസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പുറത്താക്കാവുന്നതാണ്. അതായത്, മറ്റ് അംഗങ്ങളേക്കാൾ കൂടുതൽ പരിരക്ഷ സിഇസിക്ക് ലഭിക്കുന്നുണ്ട്.

ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും ഈ പ്രക്രിയയിലൂടെ പുറത്താക്കിയിട്ടില്ല. 2026 ഏപ്രിലിൽ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസുകൾ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും തള്ളിയിരുന്നു. മാർച്ച് 12-ന് നൽകിയ നോട്ടീസുകളിൽ 63 രാജ്യസഭാ അംഗങ്ങളും 130 ലോക്സഭാ അംഗങ്ങളുമാണ് ഒപ്പിട്ടിരുന്നത്. ഈ നോട്ടീസുകൾ തള്ളിയതിനെ തുടർന്ന് ഏപ്രിൽ 24-ന് പ്രതിപക്ഷം രാജ്യസഭയിൽ വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. അത് ഇപ്പോഴും പരിഗണനയിലാണ്.

Summary

Amid reports of internal disagreements within the Election Commission of India over the revision of electoral rolls, opposition parties are preparing a motion to remove Chief Election Commissioner (CEC) Gyanesh Kumar. This explainer details the strict constitutional framework and complex parliamentary procedures required to remove a CEC in India. Under Article 324(5), a CEC enjoys special protection and can only be removed on grounds of proved misbehaviour or incapacity, following a rigorous impeachment process similar to that of a Supreme Court judge, which requires a special majority in both Houses of Parliament.

Madism Digital
madismdigital.com