'ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹി, മോദിക്കും അമിത്ഷായ്ക്കുമെതിരെ അന്വേഷണം വേണം'; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ഇതോടെ എംപിമാർ പാസാക്കുന്ന നിയമങ്ങളുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു
'ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹി, മോദിക്കും അമിത്ഷായ്ക്കുമെതിരെ അന്വേഷണം വേണം'; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
Published on

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. എസ്ഐആർ നടപടിയുൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ചെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രം​ഗത്തെത്തിയത്. വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ഇതോടെ എംപിമാർ പാസാക്കുന്ന നിയമങ്ങളുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂഡൽഹിയിൽ നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഗ്യാനേഷ് കുമാറിനെ ‘രാജ്യദ്രോഹി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യം ‘തകർക്കുന്നത്’ കോൺഗ്രസ് നിശബ്ദമായി നോക്കിനിൽക്കില്ലെന്നും മുന്നറിയിപ്പ് നൽകി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400ലേറെ സീറ്റുകൾ നേടുമെന്നും ബിജെപി 30 വർഷത്തേക്ക് അധികാരത്തിൽ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ മറ്റൊരു വിമർശനം.

ജനാധിപത്യ സംവിധാനത്തിൽ ‘ഭരണവിരുദ്ധ വികാരം’ എന്ന അടിസ്ഥാന രാഷ്ട്രീയ ഘടകം നിലനിൽക്കുന്നതിനാൽ ഒരു രാഷ്ട്രീയ നേതാവിനും ഇത്ര ആത്മവിശ്വാസത്തോടെ ദീർഘകാല അധികാരത്തുടർച്ച പ്രവചിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിലെ വിജയത്തിന് പിന്നാലെ ഇന്ദിരാഗാന്ധി ജനപ്രീതിയുടെ ഉന്നതിയിലായിരുന്നെങ്കിലും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ശക്തമായ ഭരണവിരുദ്ധ വികാരവും ആഭ്യന്തര സമ്മർദവും നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാക്കളായാലും പ്രാദേശിക പാർട്ടി നേതാക്കളായാലും നേതാക്കൾക്ക് പിന്നാലെ ഈ രാഷ്ട്രീയ പ്രവണത ആവർത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും മാത്രം എന്തുകൊണ്ടാണ് ഈ ഭരണവിരുദ്ധ വികാരം ബാധകമാകാത്തതെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഹരിയാനയിൽ അഞ്ച് പതിറ്റാണ്ടായി അധികാരം ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നുവെന്നും ഇപ്പോൾ പെട്ടെന്ന് ഭരണവിരുദ്ധ വികാരം ഇല്ലാതായതുപോലെ തോന്നുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

മഹാരാഷ്ട്രയിലും സമാനമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയിൽനിന്ന് ബഹുജൻ സമാജ് പാർട്ടിയിലേക്കും തിരിച്ചുമുള്ള അധികാരമാറ്റത്തിന്റെ രാഷ്ട്രീയ ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ ജനപ്രീതിയും ഒരു സർക്കാരിന്റെ പ്രവർത്തന മികവും മനസ്സിലാക്കാൻ കഴിയുമെന്നും എന്നാൽ ഭരണവിരുദ്ധ വികാരം എങ്ങനെ പൂർണമായും അപ്രത്യക്ഷമാകുന്നു എന്നത് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും അംഗങ്ങൾക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളും ചർച്ചകളും സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Summary

Rahul Gandhi launched a scathing attack on Chief Election Commissioner Gyanesh Kumar, calling him a traitor and demanding his resignation. He alleged that votes are being stolen, thereby questioning the legitimacy of laws passed by MPs. Rahul also called for an investigation into what he described as a conspiracy against democracy, citing long-term power predictions made by Narendra Modi and Amit Shah.

Related Stories

Madism Digital
madismdigital.com