പെട്രോളിന് പകരം എഥനോള്‍; കേന്ദ്ര സര്‍ക്കാരിന്റെ ഇ100 നയം വാഹന ഉടമകളെ എങ്ങനെ ബാധിക്കും?

ഇന്ധനത്തിന്റെ കുറഞ്ഞ വില കൊണ്ട് ഈ മൈലേജ് നഷ്ടം പരിഹരിക്കപ്പെടുമോ എന്നത് കണ്ടറിയണം. അതുപോലെ, ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ പഴയ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് സാങ്കേതിക തകരാറുകള്‍ക്ക് കാരണമാകാം.
പെട്രോളിന് പകരം എഥനോള്‍; കേന്ദ്ര സര്‍ക്കാരിന്റെ ഇ100 നയം വാഹന ഉടമകളെ എങ്ങനെ ബാധിക്കും?
Published on: 

ഇന്ത്യന്‍ മോട്ടോര്‍ വാഹന രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് (1989) ഭേദഗതി ചെയ്തിരിക്കുകയാണ്. ഇ100 (E100) എന്ന് വിളിക്കുന്ന, ഏതാണ്ട് പൂര്‍ണ്ണമായും എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് വഴിയൊരുക്കുക എന്നതാണ് ഈ നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഈ തീരുമാനം വാഹന ഉടമകള്‍ക്കും വിപണിക്കും ഒരുപോലെ നിര്‍ണ്ണായകമാണ്.

പുതിയ ഇന്ധന നിയമം ഉണ്ടാക്കുന്ന മാറ്റങ്ങള്‍

സര്‍ക്കാര്‍ വരുത്തിയ ഈ നിയമ ഭേദഗതിയുടെ അര്‍ത്ഥം നിലവില്‍ റോഡുകളിലുള്ള എല്ലാ സാധാരണ പെട്രോള്‍ കാറുകളിലും ഉടന്‍ തന്നെ ഇ100 ഉപയോഗിക്കാം എന്നല്ല. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത് സര്‍ട്ടിഫൈ ചെയ്ത വാഹനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ധനങ്ങളുടെ പരിധി വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ നിലവില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള സാധാരണ വാഹനങ്ങളില്‍ ഇ85 അല്ലെങ്കില്‍ ഇ100 ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടാതെ, ചെറു പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഭാരപരിധി 3,000 കിലോഗ്രാമില്‍ നിന്ന് 3,500 കിലോഗ്രാമായി ഉയര്‍ത്തുന്ന ചില സാങ്കേതിക മാറ്റങ്ങളും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്താണ് ഫ്‌ളക്‌സ് ഇന്ധന സാങ്കേതികവിദ്യ?

ഫ്‌ളക്‌സിബിള്‍ ഫ്യുവല്‍ എന്നതിന്റെ ചുരുക്കരൂപമാണ് ഫ്‌ളക്‌സ് ഫ്യുവല്‍ എന്നത്. പെട്രോള്‍, എഥനോള്‍ അല്ലെങ്കില്‍ ഇവ രണ്ടിന്റെയും വിവിധ മിശ്രിതങ്ങളില്‍ ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങളെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ക്രൂഡ് ഓയിലില്‍ നിന്നാണ് സാധാരണ പെട്രോള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ സസ്യങ്ങളില്‍ നിന്നുള്ള പഞ്ചസാരയോ അന്നജമോ പുളിപ്പിച്ച് നിര്‍മ്മിക്കുന്ന ഒരുതരം ആല്‍ക്കഹോളാണ് എഥനോള്‍. ഇന്ത്യയില്‍ പ്രധാനമായും കരിമ്പ്, ധാന്യങ്ങള്‍, കാര്‍ഷിക അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഈ രണ്ട് ഇന്ധനങ്ങളും തമ്മില്‍ വ്യത്യസ്ത അനുപാതത്തില്‍ കൂട്ടികലര്‍ത്താന്‍ സാധിക്കും.

പെട്രോളിന് പകരം എഥനോള്‍; കേന്ദ്ര സര്‍ക്കാരിന്റെ ഇ100 നയം വാഹന ഉടമകളെ എങ്ങനെ ബാധിക്കും?
രാജ്യത്ത് മലിനീകരണം വര്‍ധിക്കുന്നു; പ്രശ്‌നം പഠിക്കാനും നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ട്, പരിഹരിക്കാന്‍ ആളില്ല

പെട്രോളില്‍ നിന്ന് വേറിട്ട സാങ്കേതിക സവിശേഷതകളാണ് എഥനോളിനുള്ളത് എന്നതിനാല്‍ വാഹനത്തിന്റെ എഞ്ചിനും ഇന്ധന വിതരണ സംവിധാനങ്ങളും ഇതിന് അനുയോജ്യമായി മാറ്റേണ്ടതുണ്ട്. ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഇന്ധനത്തിന്റെ തരം തിരിച്ചറിഞ്ഞ് എഞ്ചിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന എഞ്ചിന്‍ കണ്‍ട്രോള്‍ മോഡ്യൂളും എഥനോളിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്രത്യേക ഫ്യുവല്‍ പമ്പുകളും ഇന്‍ജക്ഷന്‍ സിസ്റ്റങ്ങളും ഘടിപ്പിച്ചിരിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ വാഗണ്‍ആര്‍ ഫ്‌ളക്‌സ് ഫ്യുവല്‍, ടൊയോട്ട ഹൈക്രോസ് ഹൈബ്രിഡ് പ്രോട്ടോടൈപ്പ് എന്നീ കാറുകളും ഹീറോ മോട്ടോഴ്‌സിന്റെ സ്‌പ്ലെന്‍ഡര്‍ പ്ലസ്, എച്ച്എഫ് ഡീലക്‌സ് എന്നീ ഇരുചക്ര വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ വിപണിയിലുള്ളത്.

ഇ100 ഇന്ധനവും എഞ്ചിനുകളുടെ പ്രവര്‍ത്തനവും

പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോളിന് കുറഞ്ഞ ഊര്‍ജ്ജ സാന്ദ്രത മാത്രമാണുള്ളത്. ഇ100 ഇന്ധനത്തില്‍ പെട്രോളിനേക്കാള്‍ 30 ശതമാനം ഊര്‍ജ്ജം കുറവാണ്. അതിനാല്‍ തുല്യമായ കരുത്ത് ലഭിക്കുന്നതിന് എഞ്ചിനിലേക്ക് കൂടുതല്‍ ഇന്ധനം നല്‍കേണ്ടി വരും. ഇത് ഒരേ അളവ് ഇന്ധനത്തില്‍ വാഹനം ഓടിയെത്തുന്ന ദൂരത്തില്‍ (മൈലേജ്) കുറവുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമേ, എഥനോളിന് ചില ലോഹങ്ങളെയും റബ്ബര്‍ ഭാഗങ്ങളെയും ജീര്‍ണ്ണിപ്പിക്കാനുള്ള ശേഷിയുള്ളതിനാല്‍ വാഹനത്തിലെ ഫ്യുവല്‍ പമ്പുകളും പൈപ്പുകളും ഇതിനെ പ്രതിരോധിക്കുന്നവയായിരിക്കണം. എഞ്ചിന്റെ കൃത്യമായ തുടക്കത്തിനും പ്രവര്‍ത്തനത്തിനും ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയുള്ള പ്രത്യേക ക്രമീകരണങ്ങളും ആവശ്യമാണ്. അതേസമയം, എഥനോളിന്റെ ഉയര്‍ന്ന ഓക്ടെയിന്‍ റേറ്റിംഗ് എഞ്ചിന്‍ കേടുപാടുകള്‍ വരുത്തുന്ന നോക്കിംഗ് തടയുകയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യുന്നു.

ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്ന് അവകാശപ്പെട്ടാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. മറ്റൊരു പ്രധാന കാരണമായി പറഞ്ഞത് വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറയ്ക്കാന്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന എഥനോള്‍ ഉപയോഗത്തിലൂടെ സാധിക്കുമെന്നും ഇത് വിദേശ നാണ്യം ലാഭിക്കുന്നതോടൊപ്പം പ്രാദേശിക കര്‍ഷകര്‍ക്കും എഥനോള്‍ നിര്‍മ്മാതാക്കള്‍ക്കും പുതിയൊരു വിപണി തുറന്നുനല്‍കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

പെട്രോളിന് പകരം എഥനോള്‍; കേന്ദ്ര സര്‍ക്കാരിന്റെ ഇ100 നയം വാഹന ഉടമകളെ എങ്ങനെ ബാധിക്കും?
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ദുബൈയിലേക്ക്; വഴിമാറിയ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി റൂട്ട്

പുതിയ മാറ്റത്തിലെ പ്രധാന വെല്ലുവിളികളും ആശങ്കകളും

എഥനോള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുമ്പോഴും അതില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എഥനോളില്‍ ഊര്‍ജ്ജം കുറവായതിനാല്‍ വാഹനങ്ങളുടെ മൈലേജ് കുറയാന്‍ സാധ്യതയുണ്ട്. ഇന്ധനത്തിന്റെ കുറഞ്ഞ വില കൊണ്ട് ഈ മൈലേജ് നഷ്ടം പരിഹരിക്കപ്പെടുമോ എന്നത് കണ്ടറിയണം. അതുപോലെ തന്നെ, ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ പഴയ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് സാങ്കേതിക തകരാറുകള്‍ക്ക് കാരണമാകാം. കൂടാതെ, കരിമ്പ് പോലുള്ള വിളകളില്‍ നിന്ന് വലിയ തോതില്‍ എഥനോള്‍ ഉത്പാദിപ്പിക്കാന്‍ വന്‍തോതില്‍ ജലം ഉപയോഗിക്കേണ്ടി വരും. ഇത് ഭക്ഷ്യ ഉത്പാദനത്തെ ബാധിക്കുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. എഥനോള്‍ ഉപയോഗം വഴി കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള മലിനീകരണ വാതകങ്ങള്‍ കുറയുമെങ്കിലും കൃഷിയും സംസ്‌കരണവും കണക്കിലെടുക്കുമ്പോള്‍ ഇത് പൂര്‍ണ്ണമായും മലിനീകരണ മുക്തമാണെന്ന് പറയാനാകില്ല.

Summary

The Indian government has amended the Central Motor Vehicles Rules, 1989, to facilitate the use of E100 fuel in specially designed and certified flex-fuel vehicles. The move aims to reduce dependence on imported crude oil, improve fuel self-sufficiency and promote domestically produced ethanol. Flex-fuel vehicles can run on petrol, ethanol or a combination of both in varying proportions. Unlike conventional petrol vehicles, they require specialised engine control systems, fuel pumps and injection components designed to handle high ethanol concentrations. The amendment does not mean that all existing petrol vehicles can immediately use E85 or E100 fuel. Vehicles approved for E20 petrol cannot automatically run on higher ethanol blends.

Madism Digital
madismdigital.com