നാഗാവോണിലെ ആ ചെറിയ ഗ്രാമത്തില്‍ അന്ന് വലിയ പ്രതീക്ഷകളായിരുന്നു. ഒരു നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മുംതാസ് ബീഗത്തിന്റെ കുടുംബം. ഗുവഹാത്തി ഹൈക്കോടതിയുടെ ഉത്തരവ് ആ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ നിമിഷം മുതല്‍ ഒരു കുടുംബത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. നാഗാവോണിലെ ആ വീട്ടുമുറ്റത്ത് മുംതാസ് ബീഗത്തിന്റെ മകന്‍ മുംരേജ് അലിയുടെ കാതുകളില്‍ ഇപ്പോഴും ഉമ്മയുടെ ആ നിലവിളി ശബ്ദമുണ്ട്.
നീതി ലഭിക്കുമെന്ന പ്രതീക്ഷയുമായി ട്രൈബ്യൂണലിന്റെ പടി കയറിയ ആ ഉമ്മയെ, നിയമത്തിന്റെ പേരുപറഞ്ഞ് അധികൃതര്‍ പിടിച്ചുകൊണ്ടുപോയി, കേസ് വീണ്ടും പരിഗണിക്കാമെന്ന് ഗുവഹാത്തി ഹൈക്കോടതി ഉത്തരവിട്ടിട്ടും, ആ വിധിക്ക് മഷി ഉണങ്ങും മുന്‍പേ മുംതാസിനെ അജ്ഞാതമായ ഒരിടത്തേക്ക്, പിന്നീട് അതിര്‍ത്തി അപ്പുറത്തേക്ക് തള്ളിക്കളഞ്ഞു. ഇത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
കോടതിയുടെ ആശ്വാസവും ട്രൈബ്യൂണലിന്റെ വാശിയും
വര്‍ഷങ്ങളായി താന്‍ ഈ മണ്ണിലെ മകളാണെന്ന് തെളിയിക്കാന്‍ പോരാടുകയായിരുന്നു മുംതാസ്. 1997-ല്‍ 'ഡി-വോട്ടര്‍' പട്ടികയില്‍ പേര് വീണതുമുതല്‍ തുടങ്ങിയ ആശങ്കകള്‍ ഒടുവില്‍ ഗുവഹാത്തി ഹൈക്കോടതിയുടെ ഇടപെടലില്‍ അവസാനിക്കുമെന്ന് കരുതിയതാണ്. സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കാന്‍ ട്രൈബ്യൂണല്‍ മെനക്കെട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി, കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ ആ ഉത്തരവ് ഒരു പുതിയ പുലരിയുടെ സൂചനയായിരുന്നു. എന്നാല്‍, നാഗാവോണ്‍ ട്രൈബ്യൂണല്‍ അംഗത്തിന്റെ മുന്നിലെത്തിയപ്പോള്‍, നീതിക്കും നിയമത്തിനും അതീതമായി ഒരു 'അധികാര പ്രയോഗം' അവിടെ നടന്നു. ഹൈക്കോടതിയുടെ ഉത്തരവ് മാനിക്കാന്‍ തയ്യാറാകാത്ത ട്രൈബ്യൂണല്‍ അംഗം, മുംതാസിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
തെളിവുകള്‍ക്ക് വിലയില്ലാത്ത കോടതിമുറികള്‍
താന്‍ ഈ മണ്ണില്‍ ജനിച്ചവളാണെന്ന് തെളിയിക്കാന്‍ മുംതാസ് മുറുകെപ്പിടിച്ചത് രേഖകളെയായിരുന്നു. 1982-ല്‍ ജനിച്ചതിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും, പിതാവിന്റെ പേര് തെളിയിക്കുന്ന 1977-ലെ വോട്ടര്‍ പട്ടികയും, മുത്തച്ഛന്റെ പേരുള്ള 1965, 1970-ലെ രേഖകളും എല്ലാം അവര്‍ ഹാജരാക്കി. 1971-ന് മുന്‍പുള്ള താമസത്തിന് ഇതിലും വലിയ തെളിവുകള്‍ എന്ത് വേണം? എന്നാല്‍, ഇതെല്ലാം അവഗണിച്ചുകൊണ്ട് ട്രൈബ്യൂണല്‍ അംഗം താന്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു. രേഖകളേക്കാള്‍ ഉപരിയായി, ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വാശിക്ക് മുന്നില്‍ പൗരത്വം എന്ന മൗലികാവകാശം അടിയറവെക്കപ്പെട്ട കാഴ്ചയാണ് അവിടെ കണ്ടത്.
നിയമനടപടികള്‍ കാറ്റില്‍പ്പറത്തിയ 'പുഷ്ബാക്ക്'
കോടതിയില്‍ കേസ് നിലനില്‍ക്കെ, ജാമ്യത്തിനായോ നീതിക്കായോ ഉള്ള അവസരം പോലുമില്ലാതെ മുംതാസിനെ ഗോള്‍പാറയിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. മകന്‍ അവരെ കാണാന്‍ എത്തുമ്പോഴേക്കും മുംതാസ് അവിടെ നിന്നും അപ്രത്യക്ഷയായിരുന്നു. നിയമപരമായി ഒരു പൗരനെ നാടുകടത്താന്‍ പാലിക്കേണ്ട സുദീര്‍ഘമായ നടപടിക്രമങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല. രഹസ്യമായി, ഉമ്മയെ അവളുടെ മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തള്ളി. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കെ, മറുപടി നല്‍കേണ്ട സര്‍ക്കാര്‍ അധികൃതര്‍, അവള്‍ ഇതിനകം നാടുകടത്തപ്പെട്ടു എന്ന് നിസ്സാരമായി മറുപടി നല്‍കി.
നീതിയുടെ അവസാന വാക്ക്
ഒരുമ്മയുടെ ജീവിതം വെറും ഒരു ഫയലിലെ പേജായി ഒതുക്കപ്പെട്ടപ്പോള്‍, ആ കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ സര്‍വസ്വവുമാണ്. തങ്ങള്‍ പൗരന്മാരാണോ എന്ന് പോലും ഉറപ്പില്ലാത്ത ആയിരക്കണക്കിന് മനുഷ്യരുടെ പ്രതീകമായി മുംതാസ് ബീഗം മാറുന്നു. കോടതിയും ട്രൈബ്യൂണലുകളും തമ്മിലുള്ള ഈ അധികാരത്തര്‍ക്കത്തില്‍ ഇല്ലാതാകുന്നത് സാധാരണക്കാരുടെ ജീവിതങ്ങളാണ്. മുംതാസ് ബീഗത്തിന്റെ തിരോധാനത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥരായവര്‍ ഇനിയും നിശ്ശബ്ദത പാലിക്കുമ്പോള്‍, ഈ പോരാട്ടം വെറുമൊരു നിയമപ്രശ്‌നമല്ല, മറിച്ച് മനുഷ്യാവകാശത്തിന്റെ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
Mumtaz Begum, a resident of a small village in Nagaon (Assam), had been fighting a decades-long legal battle to prove her Indian citizenship after being classified as a 'D-Voter' (Doubtful Voter) in 1997. Finding that the Foreigners Tribunal had not properly examined the evidence she submitted, the Gauhati High Court directed the Tribunal to reconsider her case. This order brought immense hope and relief to Mumtaz and her family, especially her son, Mumrej Ali. When an optimistic Mumtaz approached the Nagaon Tribunal with the High Court's order, a blatant abuse of power occurred. Disregarding the High Court's strict directive to re-evaluate the case, the Tribunal member ordered her immediate arrest.