

ഇന്ത്യന്‍ തൊഴില്‍ മേഖലയെ അടിമുടി മാറ്റുമെന്ന അവകാശവാദത്തോടെ അവതരിപ്പിക്കപ്പെട്ട 2019-ലെ കോഡ് ഓണ്‍ വേജസ് നിയമം, പ്രഖ്യാപനത്തിലെ ആകര്‍ഷകമായ വാക്കുകള്‍ക്കപ്പുറം വലിയൊരു സംശയനിഴലിലാണ്.
ദേശീയ തലത്തില്‍ ഏകീകൃതമായ ഒരു ഫ്ലോര്‍ വേജ് (അടിസ്ഥാന തറവില) കൊണ്ടുവരുന്നത് നീതിയുക്തമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രായോഗികതയും തൊഴിലാളികളോടുള്ള നീതിയും വലിയ ചോദ്യചിഹ്നമായി തുടരുന്നു.
സാധാരണയായി മിനിമം വേതനമെന്നു പറയുമ്പോള്‍, ഒരു തൊഴിലാളിയുടെ അന്തസ്സുറ്റ ജീവിതത്തിനാവശ്യമായ അടിസ്ഥാന തുകയെന്ന അര്‍ത്ഥമാണു വരുന്നത്. എന്നാല്‍ ഫ്ലോര്‍ വേജ് എന്നത് കേവലം ഒരു തറവില മാത്രമാണ്. ഒരു കെട്ടിടത്തിന്റെ അടിത്തറ പോലെ, അതിനു താഴേക്കു വേതനം പോകരുതെന്നു പറയുന്ന ഒരു പരിധി മാത്രമാണിത്.
ഒരു ദേശീയ മിനിമം വേതനം നിശ്ചയിക്കുമ്പോള്‍ അതു തൊഴിലാളിയുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയായിരിക്കും. എന്നാല്‍ ഫ്ലോര്‍ വേജ് നിശ്ചയിക്കുമ്പോള്‍ പലപ്പോഴും അതു തൊഴിലുടമയ്ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ തുകയെന്ന നിലയിലേക്കു മാറാന്‍ സാധ്യതയുണ്ട്. ഇത് തൊഴിലാളികളുടെ വാങ്ങല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ജീവിതനിലവാരം താഴേക്കു കൊണ്ടുവരികയും ചെയ്യും.
ഈ നിയമത്തില്‍ 'ഫ്ലോര്‍ വേജ്' എങ്ങനെ കണക്കാക്കണമെന്നതിനു കൃത്യമായൊരു ഫോര്‍മുലയോ അല്ലെങ്കില്‍ ഒരു കമ്മിറ്റി നിര്‍ദേശിക്കുന്ന സ്ഥിരമായ ഘടനയോ പറയുന്നില്ല. മറ്റൊരു കാര്യം ഓരോ സംസ്ഥാനത്തും ജീവിതച്ചെലവ് വ്യത്യസ്തമാണ്. കേരളത്തിലെ ഒരു തൊഴിലാളിയുടെ ചെലവല്ല ബിഹാറിലോ ഉത്തര്‍പ്രദേശിലോ ഉള്ളത്.
ഇങ്ങനെയൊരു സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരൊറ്റ ഫ്ലോര്‍ വേജ് അശാസ്ത്രീയമായി മാറാന്‍ സാധ്യതയുണ്ട്. അതുപോലെ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വേതനം വര്‍ദ്ധിക്കുമെന്ന് ഉറപ്പുനല്‍കുന്ന ഒരു ഓട്ടോമാറ്റിക് സംവിധാനം ഇതിലില്ല.
കൂടാതെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവില്‍ ഫ്ലോര്‍ വേജിനേക്കാള്‍ ഉയര്‍ന്ന മിനിമം വേതനമാണുള്ളത്. അതിനാല്‍ ഈ നിയമം നടപ്പിലാക്കുമ്പോള്‍ നിലവില്‍ ഉയര്‍ന്ന വേതനം നല്‍കുന്ന സംസ്ഥാനങ്ങള്‍ പോലും, വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കാന്‍ ഫ്ലോര്‍ വേജിനോട് അടുത്തു നില്‍ക്കുന്ന രീതിയില്‍ വേതനം കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കാം.
ഇതിലും കുറഞ്ഞ ശമ്പളം നല്‍കാന്‍ പാടില്ല എന്ന നിയമം, പരോക്ഷമായി ഇത്രയും നല്‍കിയാല്‍ മതിയെന്ന ഒരു സന്ദേശമായി തൊഴിലുടമകള്‍ സ്വീകരിച്ചേക്കാം. ഇതു തൊഴിലാളികളുടെ നിലവിലെ വേതനഘടനയെ അസ്ഥിരപ്പെടുത്തും.
ഇവിടെയാണു നിയമത്തിന്റെ തന്ത്രം ഒളിഞ്ഞിരിക്കുന്നത്. 'മിനിമം വേതനം' എന്ന് പറഞ്ഞാല്‍ അത് ലംഘിച്ചാല്‍ തൊഴിലുടമയ്ക്കു കടുത്ത ശിക്ഷ ലഭിക്കാവുന്ന ഒന്നാണ്. എന്നാല്‍ 'ഫ്ലോര്‍ വേജ്' എന്ന പേരില്‍ ഇതൊരു പൊതു മാര്‍ഗനിര്‍ദേശമായിമാറ്റുമ്പോള്‍, അതിന്റെ നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാകുന്നു.
സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേതനം കൂട്ടാനുള്ള അധികാരം ഭരണഘടനാപരമായി നിലനില്‍ക്കുമ്പോള്‍ തന്നെ, ഈ പുതിയ കോഡ് അതിനെ മറികടക്കാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കുന്നു.
ചുരുക്കത്തില്‍ ഈ നിയമം തൊഴിലാളികള്‍ക്ക് ഒരു 'സുരക്ഷാ വലയം' നല്‍കുന്നുവെന്നു സര്‍ക്കാര്‍ വാദിക്കുമ്പോള്‍, തൊഴിലാളി സംഘടനകള്‍ ഭയക്കുന്നത് ഇതു ശമ്പളം കുറയ്ക്കാനുള്ള ഒരു നിയമപരമായ ലൈസന്‍സായി മാറുമെന്നാണ്. നിലവിലുള്ള ഉയര്‍ന്ന വേതന നിലവാരത്തെ തകര്‍ത്ത്, വേതനത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു ചുരുക്കാന്‍ ഈ ഫ്ലോര്‍ വേജ് വ്യവസ്ഥ കാരണമാകുമെന്നു സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.
തൊഴിലെന്നതു കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണ്. പ്രാദേശികമായ ജീവിതച്ചെലവുകളും തൊഴില്‍ വിപണിയുടെ അവസ്ഥയും കണക്കിലെടുത്തു വേതനം നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ഈ നിയമം പരിമിതപ്പെടുത്തുന്നു.
ഫ്ലോര്‍ വേജിനേക്കാള്‍ കുറഞ്ഞ വേതനം നല്‍കാന്‍ പാടില്ലെന്ന നിബന്ധന സ്വാഗതാര്‍ഹമാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്ന വേതനം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എത്രത്തോളം നിലനിര്‍ത്താന്‍ സാധിക്കുമെന്നത് സംശയമാണ്. ഇത് ഫെഡറലിസത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
നിയമങ്ങള്‍ പാസാക്കുന്നതു മാത്രമല്ല, അവ കര്‍ശനമായി നടപ്പിലാക്കുകയെന്നതാണ് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഏറ്റവും വലിയ വെല്ലുവിളി. അസംഘടിത മേഖലയില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ തൊഴിലെടുക്കുന്നിടത്ത്, കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ വേതന വെട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നില്ലെന്നും ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ കൈവശമുണ്ടോ?
ഇന്‍സ്പെക്ടര്‍ രാജ് അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിക്കുമ്പോള്‍ തന്നെ, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും ദുര്‍ബലപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സെല്‍ഫ്-സര്‍ട്ടിഫിക്കേഷന്‍ പോലുള്ള രീതികള്‍ തൊഴിലുടമകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതനം പുതുക്കി നിശ്ചയിക്കുമെന്ന വ്യവസ്ഥ, വേഗത്തില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പ കാലത്ത് തൊഴിലാളികള്‍ക്കു തിരിച്ചടിയാകും. ഓരോ വര്‍ഷവും ജീവിതച്ചെലവ് വര്‍ധിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, അഞ്ച് വര്‍ഷം എന്നത് വലിയൊരു കാലയളവാണ്. ഇത് തൊഴിലാളികളുടെ യഥാര്‍ത്ഥ വരുമാനം കാലക്രമേണ കുറയാന്‍ കാരണമാകും.
കോഡ് ഓണ്‍ വേജസ് എന്നത് തൊഴില്‍ മേഖലയെ സുതാര്യമാക്കാനുള്ള ഒരു നീക്കമായി ഉയര്‍ത്തിക്കാട്ടുമ്പോഴും ഇതിന്റെ നടത്തിപ്പിലും ഉള്ളടക്കത്തിലും വലിയ ആശങ്കകള്‍ ബാക്കിയാണ്. കേവലം നിയമങ്ങള്‍ കൊണ്ട് മാത്രം തൊഴിലാളികളുടെ ജീവിതനിലവാരം ഉയരില്ല.
തൊഴിലുടമകളുടെ താൽപ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങള്‍ വെറും കടലാസിലൊതുങ്ങാതെ ഉറപ്പാക്കാനുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും സുതാര്യമായ മേല്‍നോട്ടവും ഇല്ലാതെ ഈ നിയമം മറ്റൊരു പ്രഖ്യാപനം മാത്രമായി മാറാനാണ് സാധ്യത.
The Code on Wages, 2019, introduced with the promise of transforming India's labour sector, remains under a cloud of uncertainty despite its ambitious claims.
While the government argues that introducing a uniform national floor wage will create fairer working conditions across the country, questions continue to be raised about its practical implementation and whether it truly serves the interests of workers.