രോഹിത് വെമൂല മുതൽ നിതിൻ രാജ് വരെ: കലാലയങ്ങളിലെ ജാതിവേട്ട അവസാനിക്കുന്നില്ല; നിതിന്റേത് 'സ്ഥാപനവൽകൃത കൊലപാതകമോ'?

അദൃശ്യമായ അയിത്തവും സംവരണമെന്ന നീതിബോധവും: ജനാധിപത്യ കേരളം ഇനിയും വിമുഖത കാട്ടേണ്ടതുണ്ടോ?
രോഹിത് വെമൂല മുതൽ നിതിൻ രാജ് വരെ: കലാലയങ്ങളിലെ ജാതിവേട്ട അവസാനിക്കുന്നില്ല; നിതിന്റേത് 'സ്ഥാപനവൽകൃത കൊലപാതകമോ'?
Published on

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുല മുതൽ കണ്ണൂരിലെ നിതിൻ രാജ് വരെ നീളുന്ന ദളിത് വിദ്യാർത്ഥികളുടെ ആത്മഹത്യകൾ, ഇന്ത്യൻ ക്യാമ്പസുകളിൽ ഇപ്പോഴും പുകയുന്ന ജാതീയ അധിക്ഷേപങ്ങളുടെ ചോരയൊലിപ്പിക്കുന്ന സാക്ഷ്യപത്രങ്ങളാണ്. ആധുനിക കേരളം അഭിമാനിക്കുന്ന പുരോഗമന ചിന്തകൾക്കും നവോത്ഥാന മൂല്യങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ വിയോഗം മറ്റൊരു നോവായി മാറുന്നു. 2026-ലും കേരളത്തിൽ ജാതി വിവേചനം നിലനിൽക്കുന്നുണ്ടോ എന്നും, സംവരണം ഇന്നും അനിവാര്യമാണോ എന്നും സംശയിക്കുന്നവരുടെ കപടമനസ്സാക്ഷിക്കേറ്റ പ്രഹരമാണിത്. അദൃശ്യമായും പ്രകടമായും നിലനിൽക്കുന്ന ജാതീയമായ ഉച്ചനീചത്വങ്ങൾ ഇന്നും നമ്മുടെ കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നു എന്ന പച്ചയായ യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

2016 ജനുവരി 17-ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ 26-കാരനായ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമൂല ജാതീയമായ വേട്ടയാടലുകൾക്ക് ഇരയായി ജീവനൊടുക്കിയത് രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു. "എന്റെ ജനനം തന്നെയാണ് എനിക്കു സംഭവിച്ച ഏറ്റവും വലിയ അപകടം" എന്ന് തന്റെ ആത്മഹത്യക്കുറിപ്പിലൂടെ ലോകത്തോടു വിളിച്ചുപറഞ്ഞ രോഹിത്, ഇന്ത്യൻ കലാലയങ്ങളിലെ അധികാരശ്രേണികൾ എങ്ങനെയാണ് ദളിത് ജീവിതങ്ങളെ ഇല്ലാതാക്കുന്നതെന്ന് തുറന്നുകാട്ടി. ഒരു പതിറ്റാണ്ടിനിപ്പുറം, ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സമൂഹമെന്ന് നാം അവകാശപ്പെടുന്ന കേരളത്തിന്റെ മണ്ണിലും സമാനമായ ദുരന്തം ആവർത്തിക്കുമ്പോൾ നടുക്കുന്ന ഒരു യാഥാർത്ഥ്യം നാം തിരിച്ചറിയുന്നു: ഇത്തരം 'സ്ഥാപനവൽകൃത കൊലപാതകങ്ങൾക്ക്' വഴിയൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്കും വരേണ്യ മനോഭാവത്തിനും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. കലാലയങ്ങളിൽ ഇന്നും അദൃശ്യമായി തുടരുന്ന ജാതീയമായ മാറ്റിനിർത്തലുകളും വിവേചനങ്ങളുമാണ് ഓരോ വിദ്യാർത്ഥിയുടെയും ജീവനെടുക്കുന്നത്.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗം ഇത്തരമൊരു 'സ്ഥാപനവൽകൃത കൊലപാതക'ത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. മൂന്ന് വട്ടം നീറ്റ് പരീക്ഷയെഴുതി നേടിയെടുത്ത സ്വപ്നമായിരുന്നു നിതിന് ഡോക്ടർ എന്ന പദവി. എന്നാൽ ആ സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കാൻ അവനെ പ്രേരിപ്പിച്ചത് കോളേജിലെ ശ്വാസം മുട്ടിക്കുന്ന ജാതിവിവേചനങ്ങളാണെന്ന് വീട്ടുകാരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

രോഹിത് വെമൂല മുതൽ നിതിൻ രാജ് വരെ: കലാലയങ്ങളിലെ ജാതിവേട്ട അവസാനിക്കുന്നില്ല; നിതിന്റേത് 'സ്ഥാപനവൽകൃത കൊലപാതകമോ'?
ശബരിമലയും വെങ്കട്ടരമണ ദേവരു കേസും; ക്ഷേത്രപ്രവേശന ചരിത്രത്തിലെ നിർണ്ണായക വിധി ശബരിമല കേസിൽ വീണ്ടും ചർച്ചയാകുന്നതെന്തുകൊണ്ട്?

മരണത്തിന് പിന്നിലെ ജാതിവെറി

പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ലതയുടെയും ഏക മകനായ നിതിനെ കാത്തിരുന്നത് അക്കാദമിക് വെല്ലുവിളികളായിരുന്നില്ല, മറിച്ച് ജാതീയമായ അധിക്ഷേപങ്ങളായിരുന്നു. നിതിന്റെ നിറത്തെയും ജാതിയെയും മാതാപിതാക്കളുടെ തൊഴിലിനെയും മുൻനിർത്തി അധ്യാപകർ നിരന്തരം അപമാനിച്ചിരുന്നതായി സഹോദരീഭർത്താവ് അശോകനും അടുത്ത ബന്ധു വിശ്വംബരനും ചൂണ്ടിക്കാട്ടുന്നു. പരാതിപ്പെട്ടാൽ "നിന്റെ ബോഡി മാത്രമേ ഇവിടുന്ന് പുറത്തേക്ക് പോകൂ" എന്ന തരത്തിലുള്ള ക്രൂരമായ വധഭീഷണികളും, പരീക്ഷകളിൽ തോൽപ്പിക്കുമെന്ന മാനസിക പീഡനങ്ങളും നിതിൻ നേരിട്ടിരുന്നു. സ്റ്റാഫ് റൂമുകൾ അധ്യാപകരുടെ കൂട്ടായ ആക്രമണത്തിനുള്ള ഇടങ്ങളാണെന്ന് നിതിൻ സുഹൃത്തുക്കളോട് വേദനയോടെ പങ്കുവെച്ചിരുന്നു. മരണദിവസം രാവിലെയും വീട്ടുകാരോട് സന്തോഷത്തോടെ സംസാരിച്ച യുവാവ്, മണിക്കൂറുകൾക്കുള്ളിൽ മരണത്തിലേക്ക് നീങ്ങിയെങ്കിൽ അതിനു പിന്നിലെ പ്രേരണ ക്യാമ്പസിലെ ഈ ജാതിവെറി തന്നെയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

"ഗവൺമെന്റിന്റെ അനാസ്ഥ കുറ്റവാളികളെ വളർത്തുന്നു"

കേരളത്തിൽ ജാതി അധിക്ഷേപങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടോയെന്ന സംശയിക്കുന്നവർക്കുള്ള ഉത്തരമാണ് നിതിന്റെ മരണമെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് പറഞ്ഞു. "നമ്മുടെ കുട്ടികളെ ഓരോരുത്തരെയായി അവർ കൊന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാത്ത ഗവൺമെന്റ് നിലപാട് കൂടുതൽ കുറ്റവാളികളെ വളർത്തുന്നു. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളുടെ മൗനത്തിനും നിതിന്റെ മരണത്തിൽ വലിയ പങ്കുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് വെമൂല മുതൽ നിതിൻ രാജ് വരെ: കലാലയങ്ങളിലെ ജാതിവേട്ട അവസാനിക്കുന്നില്ല; നിതിന്റേത് 'സ്ഥാപനവൽകൃത കൊലപാതകമോ'?
കന​ഗൊലു vs എംവി നികേഷ് കുമാർ യുദ്ധത്തിൽ ആര്? വിധിയെഴുത്തിന് ശേഷമുള്ള ട്രെൻഡ് ഇങ്ങനെ

ജാതിയുടെ പേരിൽ വിദ്യാർത്ഥികൾ മരണത്തിലേക്ക് നയിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കുന്നതെന്ന് സാംസ്കാരി രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. നിതിൻ രാജിന്റെ മരണം കേവലമൊരു ആത്മഹത്യയായി കാണാതെ, കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്ന ജാതി വിവേചനത്തിന്റെ തെളിവായി വേണം കണക്കാക്കാനെന്നും സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കും സ്ഥാപനത്തിനുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ തയ്യാറാകാത്ത പക്ഷം, ഇനിയും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടപ്പെട്ടേക്കാമെന്നും ദലിത് സംഘടനകൾ ആശങ്ക പങ്കുവയ്ക്കുന്നു.

English Summary: The deaths of Rohith Vemula and Nithin Raj highlight the continuing issue of caste-based discrimination in educational institutions. A decade after Vemula’s case shook the nation, a similar incident in Kerala raises serious concerns about “institutional murder,” social justice, and the ongoing need for reservation policies in India.

Related Stories

No stories found.
Madism Digital
madismdigital.com