

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലെ വാദപ്രതിവാദങ്ങളിൽ വീണ്ടും നിർണ്ണായകമാകുന്നത് 'ശ്രീ വെങ്കട്ടരമണ ദേവരു വേഴ്സസ് സ്റ്റേറ്റ് ഓഫ് മൈസൂർ' എന്ന ചരിത്രപ്രധാനമായ വിധിന്യായമാണ്. ഹിന്ദു ക്ഷേത്രങ്ങളിലെ പ്രവേശന സ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ സ്വയംഭരണാധികാരവും തമ്മിലുള്ള ഭരണഘടനാപരമായ സംഘർഷത്തിൽ സുപ്രധാന നിലപാട് വ്യക്തമാക്കിയ ഈ കേസ്, ശബരിമലയിലെ ആചാരപരമായ തർക്കങ്ങളിലും നിയമപരമായ ആധാരമായി മാറിയിരിക്കുകയാണ്. ക്ഷേത്രാചാരങ്ങളിൽ ഭരണഘടനാപരമായ ഇടപെടലുകൾക്കും സാമൂഹിക പരിഷ്കരണത്തിനും വഴിതുറന്ന ഈ വിധിയിലെ നിരീക്ഷണങ്ങൾ ശബരിമല വിവാദത്തിലും കേന്ദ്രബിന്ദുവായി ഉയർന്നു വരുന്നു.
ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ ഉയർന്നു വന്ന പ്രധാന ഏഴ് നിയമപ്രശ്നങ്ങളിൽ ഏറ്റവും നിർണ്ണായകമായത് ആർട്ടിക്കിൾ 25(2)(b), ആർട്ടിക്കിൾ 26(b) എന്നിവ തമ്മിലുള്ള പരസ്പര ബന്ധമാണ്. ഈ രണ്ട് ഭരണഘടനാ അവകാശങ്ങൾ തമ്മിലുള്ള സംഘർഷത്തെ എപ്രകാരം വ്യാഖ്യാനിക്കണം എന്ന ചർച്ചയിലാണ് വെങ്കട്ടരമണ ദേവരു കേസിന്റെ പ്രസക്തി വീണ്ടും പ്രസക്തമാകുന്നത്.
എന്താണ് ശ്രീ വെങ്കട്ടരമണ ദേവരു vs സ്റ്റേറ്റ് ഓഫ് മൈസൂർ
ഭാരതത്തിലെ ക്ഷേത്രപ്രവേശന ചരിത്രത്തിലും ആരാധനാ സ്വാതന്ത്ര്യത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾ കുറിച്ച നിയമപോരാട്ടമാണ് 'ശ്രീ വെങ്കട്ടരമണ ദേവരു വേഴ്സസ് സ്റ്റേറ്റ് ഓഫ് മൈസൂർ'. മതസ്വാതന്ത്ര്യവും സാമൂഹിക പരിഷ്കരണവും തമ്മിലുള്ള നിയമപരമായ സംഘർഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് 1957 നവംബർ 8-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഈ വിധി, ജാതി വിവേചനങ്ങൾക്കെതിരെയുള്ള നിർണ്ണായകമായ ഒരു ചുവടുവെപ്പായിരുന്നു. ക്ഷേത്ര ഭരണത്തിലും നടത്തിപ്പിലും നിലനിന്നിരുന്ന വിവേചനപരമായ കീഴ്‌വഴക്കങ്ങളെ തിരുത്തിക്കുറിച്ച ഈ ഉത്തരവ്, ഭരണഘടനാപരമായ തുല്യതയുടെ പുതിയ വാതായനങ്ങളാണ് തുറന്നത്.
കർണാടകയിലെ മുൽക്കിയിലുള്ള പ്രസിദ്ധമായ ശ്രീ വെങ്കടരമണ ക്ഷേത്രത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ നിയമപോരാട്ടം. ഗൗഡ സരസ്വത ബ്രാഹ്മണ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിൽ, ആരാധനാ സ്വാതന്ത്ര്യവും പ്രവേശനവും തങ്ങളുടെ സമുദായത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു അവരുടെ വാദം. എന്നാൽ, 'മദ്രാസ് ടെംപിൾ എൻട്രി ഓതറൈസേഷൻ ആക്ട്' പ്രകാരം ക്ഷേത്രം ജാതിഭേദമന്യേ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുനൽകണമെന്ന് മൈസൂർ സർക്കാർ ഉറച്ചുനിന്നു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്വയംഭരണാധികാരവും പൊതുവായ സാമൂഹിക പരിഷ്കരണവും തമ്മിലുള്ള ഈ വടംവലിയാണ് ഒടുവിൽ രാജ്യത്തെ ഉന്നത നീതിപീഠത്തിന് മുൻപാകെ എത്തിയത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 25(2)(b), ആർട്ടിക്കിൾ 26(b) എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ സുപ്രീം കോടതി ഈ വിധിയിലൂടെ സുതാര്യമാക്കി. പൊതു സ്വഭാവമുള്ള ഹൈന്ദവ ആരാധനാലയങ്ങൾ എല്ലാ വിഭാഗം ഹിന്ദുക്കൾക്കുമായി തുറന്നുനൽകാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ആർട്ടിക്കിൾ 25(2)(b). സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, വിവേചനപരമായ പഴയ ആചാരങ്ങളിൽ ഇടപെടാൻ ഈ വകുപ്പ് ഭരണകൂടത്തിന് കരുത്തുപകരുന്നു.അതേസമയം, ഓരോ മതവിഭാഗത്തിനും തങ്ങളുടെ ആചാരങ്ങളിൽ സ്വയംഭരണാധികാരം നൽകുന്നതാണ് ആർട്ടിക്കിൾ 26(b).
ഈ രണ്ട് അവകാശങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായപ്പോൾ, സാമൂഹിക പരിഷ്കരണത്തിന് മുൻഗണന നൽകിക്കൊണ്ട് ആർട്ടിക്കിൾ 25(2)(b) ഉയർത്തിപ്പിടിക്കുകയാണ് കോടതി ചെയ്തത്. എങ്കിലും, ഒരു മതവിഭാഗത്തിന്റെ തനിമയും പ്രത്യേക ആചാരങ്ങളും പൂർണ്ണമായി നിഷേധിക്കപ്പെടരുതെന്നും, അവ ഭരണഘടനാപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.
നിയമത്തിലെ രണ്ട് വ്യത്യസ്ത വ്യവസ്ഥകൾ തമ്മിൽ വൈരുദ്ധ്യം പ്രകടിപ്പിക്കുമ്പോൾ, അവയെ പരസ്പരം പൊരുത്തപ്പെടുത്തിക്കൊണ്ട് രണ്ടിനും പ്രാബല്യം നൽകുന്ന 'സമന്വയ വ്യാഖ്യാന' രീതിയാണ് ഈ കേസിൽ കോടതി സ്വീകരിച്ചത്. ക്ഷേത്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുനൽകണം എന്ന ഭരണഘടനാപരമായ ലക്ഷ്യം നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ, മതവിഭാഗങ്ങളുടെ പരിമിതമായ സ്വയംഭരണാവകാശം സംരക്ഷിക്കാനും കോടതി ശ്രദ്ധിച്ചു. ജാതിയടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും സാമൂഹിക തുല്യത ഉറപ്പാക്കുന്നതിനും ഈ വിധി വലിയ പ്രാധാന്യമാണ് നൽകിയത്.
സാമൂഹിക തുല്യത ഉറപ്പാക്കുന്നതിനായി 1947-ൽ മദ്രാസ് സംസ്ഥാനം നടപ്പിലാക്കിയ 'മദ്രാസ് ടെംപിൾ എൻട്രി ഓതറൈസേഷൻ ആക്ട്', ജാതിവിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ഷേത്രപ്രവേശന വിലക്കുകൾ നീക്കം ചെയ്യുന്നതിൽ നിർണ്ണായകമായിരുന്നു. പൊതുസ്വഭാവമുള്ള ഹിന്ദു ആരാധനാലയങ്ങൾ എല്ലാ വിഭാഗങ്ങൾക്കും തുറന്നുനൽകുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. പിൽക്കാലത്ത് 'ശ്രീ വെങ്കട്ടരമണ ദേവരു വേഴ്സസ് സ്റ്റേറ്റ് ഓഫ് മൈസൂർ' കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് ആധാരമായതും ഈ നിയമമാണ്.
2026 ഏപ്രിലിൽ ആരംഭിച്ച ശബരിമല പുനഃപരിശോധനാ ഹർജികളുടെ വാദത്തിനിടയിൽ ഈ കേസ് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ആരെയും ക്ഷേത്രങ്ങളിൽ നിന്ന് മാറ്റിനിർത്തരുതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചതോടെയാണ് വിഷയം പുതിയ തലത്തിലെത്തിയത്. എൻഎസ്എസ് , കേരള ക്ഷേത്ര സമിതിയുടെ മാതൃസംഘടന എന്നിവയുൾപ്പെടെ മൂന്ന് കക്ഷികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ, ക്ഷേത്രപ്രവേശന കാര്യത്തിൽ മതവിഭാഗങ്ങൾക്കാണ് അന്തിമ തീരുമാനമെടുക്കാൻ അവകാശമെന്ന് വാദിച്ചു. ഇതോടെയാണ് മതാചാരങ്ങളും സാമൂഹിക പരിഷ്കരണവും തമ്മിലുള്ള പൊരുത്തക്കേടുകൾക്ക് വിരാമമിട്ട വെങ്കട്ടരമണ ദേവരു കേസ് വീണ്ടും നിയമപോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായത്.
നിലവിൽ ശബരിമല റിവ്യൂ കേസ്, ആർട്ടിക്കിൾ 25, 26 എന്നിവയുടെ പരിധിയും, മറ്റു അടിസ്ഥാന അവകാശങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നല്ലാം ശബരിമല റിവ്യൂ കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ 9 അംഗ ബെഞ്ച് പരിശോധിക്കുന്നുണ്ട്. പൊതു സമാധാനവും, നിയമവും മൂല്യങ്ങളും, മാനദണ്ഡങ്ങളും, ക്രമവും, ഭരണഘടനയുടെ മൂല്യങ്ങളും കോടതി വിലയിരുത്തും. കൂടാതെ, അത്യാവശ്യ മതാചാരങ്ങൾ തിരിച്ചറിയുന്നതിലെ ന്യായാധിപത്യത്തിന്റെ പരിധി, ഹിന്ദുമതത്തിലെ വിവിധ ജാതികൾ, സമുദായങ്ങൾ, ഉപവിഭാഗങ്ങൾ, ആർട്ടിക്കിൾ 25(2)(b) പ്രകാരവും, ആചാരങ്ങൾ ആർട്ടിക്കിൾ 26 പ്രകാരവും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതും, ഒരു മതവിഭാഗത്തിൽപ്പെട്ട വ്യക്തിക്കല്ലത്തെ, മറ്റൊരു മതവിഭാഗത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്ത് പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.
English Summary: The Sabarimala Review Case revisits key constitutional questions on religious freedom, temple entry, and denominational rights. The landmark Sri Venkataramana Devaru v. State of Mysore judgment