

ലിപിഡ് പ്രൊഫൈൽ പരിശോധനയിൽ കൊളസ്ട്രോൾ അളവ് കൃത്യമാണെന്ന് കാണുന്നത് പലരിലും വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ എല്ലായ്പ്പോഴും ഹൃദയത്തിന്റെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തണമെന്നില്ല . ഇന്ത്യയിൽ ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. ഹൃദയാഘാതം സംഭവിക്കുന്നവരിൽ വലിയൊരു വിഭാഗം യുവാക്കളാണെന്നത് ആശങ്കാജനകമാണ്.പഠനങ്ങൾ പ്രകാരം ഇന്ത്യയിലെ ഹൃദയാഘാത ബാധിതരിൽ 25 ശതമാനം പേർ 40 വയസ്സിൽ താഴെയുള്ളവരും, പകുതിയോളം പേർ 50 വയസ്സിൽ താഴെയുള്ളവരുമാണ്. റിപ്പോർട്ടുകൾ നോർമലാണെന്ന വിശ്വാസത്തിൽ പലരും പ്രാഥമിക ലക്ഷണങ്ങൾ പോലും അവഗണിക്കുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.
ലിപിഡ് പ്രൊഫൈലിലെ എൽ.ഡി.എൽ (ചീത്ത കൊളസ്ട്രോൾ) അളവ് മാത്രം നോക്കി ഹൃദയാരോഗ്യം വിലയിരുത്തുന്നത് തെറ്റായ രീതിയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതം സംഭവിക്കുന്നവരിൽ 75 ശതമാനം ആളുകൾക്കും എൽ.ഡി.എൽ നില 100 mg/dL-ൽ താഴെയാണെന്നാണ് കണ്ടെത്തലുകൾ. ഇന്ത്യക്കാരിൽ സാധാരണയായി കണ്ടുവരുന്ന 'അതെറോജെനിക് ഡിസ്ലിപിഡീമിയ' എന്ന അവസ്ഥയിൽ ചീത്ത കൊളസ്ട്രോൾ നോർമലാണെങ്കിലും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ കുറവായും ട്രൈഗ്ലിസറൈഡുകൾ കൂടുതലായും കാണപ്പെടാം. ഇത് റിപ്പോർട്ടിൽ വലിയ അപകടങ്ങൾ കാണിക്കില്ലെങ്കിലും ഹൃദയധമനികളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്.
കൊളസ്ട്രോളിന് പുറമെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന മറ്റ് നിർണ്ണായക ഘടകങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ആവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകയില ഉപയോഗം, ശാരീരിക വ്യായാമമില്ലായ്മ, അമിതമായ മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. നിലവിലെ പല ഹൃദ്രോഗ നിർണ്ണയ ഉപാധികളും യുവാക്കളിലെ യഥാർത്ഥ അപകടസാധ്യതകൾ തിരിച്ചറിയാൻ പരാജയപ്പെടുന്നുണ്ട്. പ്രായത്തെയും കൊളസ്ട്രോളിനെയും മാത്രം അടിസ്ഥാനമാക്കി കണക്കാക്കുന്ന രീതി ഇന്ത്യൻ സാഹചര്യങ്ങളിൽ പലപ്പോഴും പാളിപ്പോകാറുണ്ട്. അതിനാൽ ലിപോപ്രോട്ടീൻ(എ), എച്ച്.എസ്-സി.ആർ.പി (hs-CRP) തുടങ്ങിയ നൂതന പരിശോധനകളിലൂടെ മാത്രമേ മറഞ്ഞിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാൻ സാധിക്കൂ.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന മാറ്റങ്ങൾ ഹൃദയാഘാത സാധ്യത 30 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കും. സമീകൃതമായ ഇന്ത്യൻ ഭക്ഷണരീതി ആരോഗ്യകരമാണെങ്കിലും, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മൈദ ചേർത്ത വിഭവങ്ങൾ, മധുരം എന്നിവയുടെ അമിത ഉപയോഗം ധമനികളിൽ വീക്കമുണ്ടാക്കാൻ കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം. അതിനാൽ, റിപ്പോർട്ടിലെ കൊളസ്ട്രോൾ നിലയിൽ മാത്രം വിശ്വസിക്കാതെ, കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുകയും വിദഗ്ധ നിർദ്ദേശപ്രകാരം പരിശോധനകൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
English Summary: Normal cholesterol and lipid profile results do not always mean the heart is healthy. Experts warn that hidden risk factors such as low HDL, high triglycerides, blood pressure, diabetes and stress can increase the chances of heart attack, especially among young Indians