

ഇന്ത്യയിലെ പുരുഷന്മാരിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് വായയിലെ കാൻസർ (Oral Cancer). ലോകാരോഗ്യ സംഘടനയുടെയും (WHO) ഐസിഎംആറിന്റെയും (ICMR) കണക്കുകൾ പ്രകാരം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓറൽ ക്യാൻസർ കേസുകളിൽ വലിയൊരു ശതമാനവും ഇന്ത്യയിലാണ്. പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, യാതൊരുവിധ ദുശീലങ്ങളും ഇല്ലാത്ത യുവാക്കളിൽ പോലും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ബാധ മൂലം ഇന്ന് ഈ രോഗം പടരുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗം ഏത് ഘട്ടത്തിൽ തിരിച്ചറിയുന്നു എന്നതിനെ ആശ്രയിച്ചാണ് അതിജീവന സാധ്യതകൾ നിലനിൽക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിൽ രോഗം കണ്ടെത്താൻ കഴിഞ്ഞാൽ ലളിതമായ ശസ്ത്രക്രിയയിലൂടെ മാത്രം 80 മുതൽ 90 ശതമാനം വരെ രോഗികളെയും പൂർണമായി സുഖപ്പെടുത്താൻ സാധിക്കും. എന്നാൽ, രോഗം നാലാം ഘട്ടത്തിലേക്ക് കടന്നാൽ തീവ്രമായ ചികിത്സ നൽകിയാലും അതിജീവന സാധ്യത 40 ശതമാനത്തിലേക്ക് താഴുന്നു. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾ അവഗണിക്കാതെ തുടക്കത്തിലേ ചികിത്സ തേടുക എന്നത് ജീവൻ നിലനിർത്തുന്നതിൽ നിർണായകമാണ്.
വായയിലെ ക്യാൻസറിന്റെ തുടക്കകാല ലക്ഷണങ്ങൾ പലപ്പോഴും വേദനയില്ലാത്തവയായിരിക്കും. ഇത് പലരെയും രോഗം തിരിച്ചറിയുന്നതിൽ നിന്ന് പിന്നോട്ടുവലിക്കുന്നു. വായയിൽ കാണപ്പെടുന്ന ചുവന്നതോ വെള്ളയോ ആയ പാടുകൾ, മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വായ പുണ്ണ്, ഭക്ഷണം വിഴുങ്ങാനോ ചവയ്ക്കാനോ ഉള്ള പ്രയാസം, വിട്ടുമാറാത്ത വേദന എന്നിവ ഗൗരവമായി കാണണം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ദന്തപരിശോധനകളും സ്വയം നിരീക്ഷണവും ഇതിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
കൃത്യസമയത്തുള്ള രോഗനിർണയം വഴി മരണനിരക്ക് വൻതോതിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധപക്ഷം. പുകയിലയുടെ എല്ലാവിധ ഉപയോഗങ്ങളും പൂർണമായും ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക, വായയുടെ ശുചിത്വം കൃത്യമായി പാലിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. കൂടാതെ, വിദഗ്ധ നിർദ്ദേശപ്രകാരം എച്ച്.പി.വി (HPV) വാക്സിനേഷൻ സ്വീകരിക്കുന്നതും നല്ലതാണ്. ലഘുവായ ലക്ഷണങ്ങൾ പോലും അവഗണിക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് വഴി വായയിലെ ക്യാൻസറിനെ ഒരു പരിധിവരെ തടയാനും അതിജീവിക്കാനും സാധിക്കും.
English Summary: Oral cancer is rapidly increasing among Indian men, with tobacco, alcohol and HPV infection identified as major causes. Experts say early detection in the first stage can improve survival rates up to 90 percent and urge people not to ignore symptoms.