ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്സ് കോഴക്കേസിലെ നിയമനടപടികൾക്ക് ഔദ്യോഗികമായി വിരാമമായി. മൂന്ന് ഹിന്ദുജ സഹോദരന്മാർക്കും സ്വീഡിഷ് ആയുധ നിർമ്മാതാവ് എ ബി ബൊഫോഴ്‌സിനുമെതിരായ എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിയ, 2005 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരായ ഏക അപ്പീൽ തള്ളിക്കൊണ്ടാണ് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ബോഫോഴ്‌സ് കേസിന് സുപ്രീം കോടതി വ്യാഴാഴ്ച തിരശ്ശീല വീഴ്ത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയ അഴിമതി കേസുകളിലൊന്നിനാണ് നിയമപരമായി അന്ത്യം കുറിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത അഭിഭാഷകനും ബിജെപി നേതാവുമായ അജയ് കെ അഗർവാൾ നൽകിയ ഹർജി തള്ളിയത്. അഗർവാളിന് കൂടുതൽ സമയം അനുവദിക്കാൻ ബെഞ്ച് വിസമ്മതിച്ചു. കേസിൽ ഉൾപ്പെട്ട ശ്രീചന്ദ് പി ഹിന്ദുജ, ഗോപിചന്ദ് പി ഹിന്ദുജ എന്നിവർ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ അവരുടെ പേരുകൾ ഹർജിയിൽ നിന്ന് ഒഴിവാക്കാൻ നാലാഴ്ചത്തെ സമയം വേണമെന്ന് അഗർവാൾ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി നിരസിച്ചു. 2018 മുതൽ കെട്ടിക്കിടക്കുന്ന കേസിൽ ഇനിയും സമയം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണ ഏജൻസിയുടെ വെല്ലുവിളി തള്ളിക്കളഞ്ഞതിന് ശേഷം ഒരു സ്വകാര്യ വ്യക്തി നൽകിയ ഹർജി ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് നിരീക്ഷിച്ചു. 2018 മുതൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന ഒരു വിഷയം മാറ്റിവയ്ക്കാൻ താൽപ്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ അഴിമതി
1437 കോടി രൂപയുടെ ബോഫോഴ്സ് തോക്ക് ഇടപാടിൽ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് ഏകദേശം നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1986 മാർച്ച് 24നാണ് ഇന്ത്യൻ സൈന്യത്തിനായി 400 155-mm ഹൊവിറ്റ്സർ തോക്കുകൾ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയായ എ ബി ബോഫോഴ്സുമായി ഇന്ത്യൻ സർക്കാർ 1,437 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ രാഷ്ട്രീയക്കാർക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും കമ്പനി അനധികൃതമായി കോഴ നൽകിയെന്ന് 1987 ഏപ്രിലിൽ സ്വീഡിഷ് റേഡിയോ വെളിപ്പെടുത്തി. ഇത് വലിയ രാഷ്ട്രീയ വിവദമായി മാറി.
ബൊഫോഴ്‌സ് മുൻ പ്രസിഡന്റ് മാർട്ടിൻ ആർഡ്‌ബോ, ആരോപണവിധേയനായ ഇടനിലക്കാരൻ വിൻ ഛദ്ദ, ഹിന്ദുജ സഹോദരന്മാർ എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അഴിമതി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി 1990 ജനുവരിയിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 2000 ഒക്ടോബറിൽ ഒരു അനുബന്ധ കുറ്റപത്രത്തിലൂടെ ഹിന്ദുജ സഹോദരന്മാരെ കൂടി ഉൾപ്പെടുത്തുന്നതിന് മുൻപ്, ഇറ്റാലിയൻ വ്യവസായി ഒട്ടാവിയോ ക്വാട്രോച്ചി ഉൾപ്പെടെ നിരവധി പ്രതികൾക്കെതിരെ കേന്ദ്ര ഏജൻസി പിന്നീട് കുറ്റപത്രം സമർപ്പിച്ചു.
പിന്നീട്, വർഷങ്ങൾ കടന്നുപോകവെ പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ ക്രമേണ ദുർബലമാവുകയായിരുന്നു. ജസ്റ്റിസ് സോധി 2005ൽ വിധി പുറപ്പെടുവിക്കുന്നതിന് മുൻപ് ഡൽഹി ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ജെ ഡി കപൂർ 2004 ഫെബ്രുവരിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു. കൂടാതെ, ബോഫോഴ്സ് കമ്പനിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ കുറ്റം ചുമത്താനും അദ്ദേഹം നിർദേശിച്ചിരുന്നു.
ഒട്ടാവിയോ ക്വാട്രോച്ചിയെ വിട്ടുകിട്ടാനുള്ള നിരന്തര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് 2011ൽ ഡൽഹി വിചാരണ കോടതി അദ്ദേഹത്തെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി. 2013ൽ അദ്ദേഹം അന്തരിച്ചു. ഇതിനുപുറമെ വർഷങ്ങൾ നീണ്ട നിയമനടപടികൾക്കിടയിൽ വിൻ ഛദ്ദ, മാർട്ടിൻ ആർഡ്ബോ, മുൻ പ്രതിരോധ സെക്രട്ടറി എസ് കെ ഭട്നാഗർ തുടങ്ങി കേസിലെ മറ്റ് പല പ്രതികളും മരിച്ചിരുന്നു. വ്യാഴാഴ്ച അഗർവാളിന്റെ അപ്പീൽ തള്ളിയതോടെ, 2005 ലെ കുറ്റവിമുക്തനാക്കലിനെതിരായ അവസാന ജുഡീഷ്യൽ വെല്ലുവിളി അവസാനിച്ചു, ഏകദേശം 40 വർഷത്തിനുശേഷം ബൊഫോഴ്‌സ് പ്രോസിക്യൂഷൻ നിയമപരമായി അവസാനിപ്പിച്ചു.
രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ ഈ അഴിമതി വിവാദം അദ്ദേഹത്തിന്റെ ക്ലീൻ ഇമേജിന് കനത്ത മങ്ങലേൽപ്പിച്ചു. 1989ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യ വിഷയമായിരുന്ന ഈ ആരോപണം, ആ വർഷം കോൺഗ്രസിന് അധികാരം നഷ്ടപ്പെടാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
2005 ലെ വിധി
2005 മെയ് 31ന് ജസ്റ്റിസ് ആർ എസ് സോധിയുടെ നേതൃത്വത്തിലുള്ള ഡൽഹി ഹൈക്കോടതി ബെഞ്ചാണ് ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാതാക്കളായ എ ബി ബോഫേഴ്സ് കമ്പനിയെയും കേസിൽ നിന്ന് പൂർണമായും ഒഴിവാക്കിയത്. സിബിഐ ഹാജരാക്കിയ രേഖകൾ ഒറിജിനലോ സ്വീഡിഷ് അധികാരികൾ സാക്ഷ്യപ്പെടുത്തിയതോ അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി. കൃത്യമായ തെളിവുകളില്ലാതെ കേസ് നടത്തി സിബിഐ പൊതുഖജനാവിൽ നിന്ന് 250 കോടി രൂപയോളം പാഴാക്കിയെന്ന് പ്രോസിക്യൂഷൻ നടപടികളെ ഹൈക്കോടതി അന്ന് രൂക്ഷമായി വിമർശിച്ചിരുന്നു.
2018 നവംബറിൽ, ഇതേ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 4,522 ദിവസത്തെ കാലതാമസത്തിന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല. അഗർവാളിന്റെ തീർപ്പുകൽപ്പിക്കാത്ത അപ്പീലിൽ സിബിഐക്ക് അവരുടെ വാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാമെന്ന് നിരീക്ഷിച്ചെങ്കിലും, അസാധാരണമായ കാലതാമസം ക്ഷമിക്കുന്നതിനുള്ള കാരണങ്ങൾ കോടതിക്ക് "വിശ്വാസ്യമല്ല" എന്ന് അന്ന് വിധിച്ചിരുന്നു.
അന്വേഷണ ഏജൻസി പോലും പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകാത്തപ്പോൾ ഒരു സ്വകാര്യ വ്യക്തിക്ക് എങ്ങനെ ഒരു ക്രിമിനൽ കേസിൽ അപ്പീലുമായി മുന്നോട്ട് പോകാൻ സാധിക്കുമെന്ന് 2018 ജനുവരിയിൽ സുപ്രീം കോടതി ചോദിച്ചിരുന്നു. കേസിൽ അഗർവാളിന്റെ ഇടപെടാനുള്ള അർഹതയെയാണ് പരമോന്നത കോടതി അന്ന് ആദ്യം ചോദ്യം ചെയ്തത്.
The Supreme Court of India has effectively closed the nearly four-decade-long Bofors payoff scandal by dismissing the last surviving petition that challenged the 2005 Delhi High Court order acquitting the Hinduja brothers. A bench comprising Justices JB Pardiwala and K Vinod Chandran refused to entertain the plea filed by advocate and BJP leader Ajay K Agrawal, citing the prolonged pendency of the case and the fact that the CBI's own appeal had already been dismissed in 2018. The ₹1,437-crore gun deal controversy, which erupted in 1987, had severely impacted the Rajiv Gandhi government. With this dismissal, the Bofors prosecution has reached its final legal closure.