വീട്ടമ്മമാരുടെ ഗാര്‍ഹിക അധ്വാനത്തെ വിലമതിച്ച് സുപ്രീം കോടതി; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വര്‍ഷത്തില്‍ 365 ദിവസവും അവധിയില്ലാതെ തുടരുന്ന ഈ ഓട്ടപ്പന്തയത്തിന്റെ പേരാണ് 'വീട്ടമ്മ'
വീട്ടമ്മമാരുടെ ഗാര്‍ഹിക അധ്വാനത്തെ വിലമതിച്ച് സുപ്രീം കോടതി; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Published on

പുലര്‍ച്ചെ അലാറം അടിക്കുന്നതിനും മുന്‍പേ ഇന്ത്യയിലെ കോടിക്കണക്കിന് വീടുകളില്‍ ഉയരുന്ന ചില ശബ്ദങ്ങളുണ്ട്. പാത്രങ്ങള്‍ കഴുകുന്ന ഒച്ച, ചായ തിളയ്ക്കുന്ന മണം, വീടുവൃത്തിയാക്കുന്ന തിരക്കുകള്‍... വര്‍ഷത്തില്‍ 365 ദിവസവും അവധിയില്ലാതെ തുടരുന്ന ഈ ഓട്ടപ്പന്തയത്തിന്റെ പേരാണ് 'വീട്ടമ്മ'. കുടുംബത്തിന് വേണ്ടി അവര്‍ ചെയ്യുന്ന ഈ ജോലികള്‍ക്ക് ആരെങ്കിലും ശമ്പളം കൊടുക്കാറുണ്ടോ? ഇല്ല, കാരണം നമ്മളതിനെ വിളിക്കുന്നത് 'സ്നേഹവും കടമയും' എന്നാണ്. എന്നാല്‍, ഇതേ സ്നേഹത്തിന്റേയും കടമയുടേയും മറവില്‍ അവരുടെ ചോരനീരാക്കുന്ന അധ്വാനത്തിന് സാമ്പത്തിക ലോകം പൂജ്യം വിലയാണ് നല്‍കിയിരുന്നത്.

എന്നാല്‍ ഈ പതിറ്റാണ്ടുകളായുള്ള അനീതിക്കാണ് രാജ്യത്തെ പരമോന്നത കോടതി ഇപ്പോള്‍ വിപ്ലവകരമായ ഒരു വിധിയിലൂടെ തിരുത്തു കുറിച്ചിരിക്കുന്നത്. 'വീട്ടമ്മമാരുടെ ഗാര്‍ഹിക അധ്വാനത്തിന് കൃത്യമായ സാമ്പത്തിക മൂല്യമുണ്ട്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി ഒരു ചരിത്രപരമായ വഴിത്തിരിവിന് തുടക്കമിട്ടിരിക്കുന്നു.

രാജ്യത്തെ വലിയ വലിയ ബിസിനസ്സുകാര്‍, രാഷ്ട്രീയക്കാര്‍, പ്രശസ്തരായ കലാകാരന്മാര്‍, മിടുക്കരായ വക്കീലന്മാര്‍ എന്നിവരെല്ലാം ദിവസവും രാവിലെ കോട്ടും സൂട്ടുമിട്ട് ഓഫീസുകളിലേക്ക് ഇറങ്ങുന്നത് വീട്ടില്‍ ഒരു സ്ത്രീ അവരുടെ കാര്യങ്ങള്‍ നോക്കാനുണ്ട് എന്ന ഉറപ്പിലാണ്.

ഒരു കുടുംബത്തിന്റെ നീണ്ട പോരാട്ടവും രേഷ്മ എന്ന സ്ത്രീയും

ഈ ചരിത്രവിധിക്ക് പിന്നില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും കഥയുണ്ട്. 2001 നവംബറിലെ ഒരു പുലരിയിലാണ് പഞ്ചാബ് സ്വദേശിയായ രേഷ്മ എന്ന വീട്ടമ്മ ഒരു റോഡപകടത്തില്‍ ദാരുണമായി മരണപ്പെടുന്നത്. അമ്മയും ഭാര്യയുമായി ആ കുടുംബത്തെ താങ്ങിനിര്‍ത്തിയ രേഷ്മയുടെ അപ്രതീക്ഷിത വിയോഗം ആ വീട്ടിലെ വെളിച്ചം കെടുത്തിക്കളഞ്ഞു.നഷ്ടപരിഹാരത്തിനായി ഭര്‍ത്താവും മൂന്ന് മക്കളും കോടതി കയറിത്തുടങ്ങി. എന്നാല്‍, നിയമവ്യവസ്ഥ അവരെ സ്വാഗതം ചെയ്തത് തികച്ചും നിരാശാജനകമായ രീതിയിലായിരുന്നു. സ്വന്തമായി വരുമാനമില്ലാത്ത ഒരു 'വെറും വീട്ടമ്മ' മരിച്ചതിന് 2003-ല്‍ മോട്ടോര്‍ അപകട ക്ലെയിംസ് ട്രിബ്യൂണല്‍ വിധി എഴുതിയത് വെറും 2.42 ലക്ഷം രൂപ! കുടുംബം തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ ഹൈക്കോടതിയെ സമീപിച്ചു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത് 2024 ഡിസംബറിലാണ് ഹൈക്കോടതി ഈ തുക 8.43 ലക്ഷമായി ഉയര്‍ത്തിയത്. എങ്കിലും ആ തുക ഒരു അമ്മയുടെ, ഭാര്യയുടെ സ്ഥാനത്തിന് പകരമാവില്ലെന്ന് ഉറച്ചുവിശ്വസിച്ച കുടുംബം ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വാതിലില്‍ മുട്ടി. അവിടെയാണ് നീതിയുടെ ഒരു പുതിയ അധ്യായം പിറന്നത്.

വീട്ടമ്മമാരുടെ ഗാര്‍ഹിക അധ്വാനത്തെ വിലമതിച്ച് സുപ്രീം കോടതി; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
'ഇത്തരമൊരു ദാരുണ സംഭവത്തേക്കാൾ വിവാഹമോചിതയായ മകൾ ഉണ്ടാകുന്നതാണ് നല്ലത്'; ട്വിഷ ശർമ്മ കേസിൽ സുപ്രീം കോടതി

അവര്‍ വെറും വീട്ടമ്മമാരല്ല, രാഷ്ട്ര നിര്‍മ്മാതാക്കള്‍

കേസ് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കാര്യങ്ങളെ നോക്കിക്കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെയായിരുന്നു. ഒരു വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കോടതി അക്കമിട്ടു നിരത്തി. കോടതി നിരീക്ഷിച്ചത് ഇങ്ങനെയായിരുന്നു: രാജ്യത്തെ വലിയ വലിയ ബിസിനസ്സുകാര്‍, രാഷ്ട്രീയക്കാര്‍, പ്രശസ്തരായ കലാകാരന്മാര്‍, മിടുക്കരായ വക്കീലന്മാര്‍ എന്നിവരെല്ലാം ദിവസവും രാവിലെ കോട്ടും സൂട്ടുമിട്ട് ഓഫീസുകളിലേക്ക് ഇറങ്ങുന്നത് വീട്ടില്‍ ഒരു സ്ത്രീ അവരുടെ കാര്യങ്ങള്‍ നോക്കാനുണ്ട് എന്ന ഉറപ്പിലാണ്. അതുകൊണ്ട് തന്നെ വീട്ടമ്മമാര്‍ കേവലം വീടുനോക്കുന്നവരല്ല, മറിച്ച് രാജ്യത്തിന്റെ 'മാനവ മൂലധനം' (Human Capital) കെട്ടിപ്പടുക്കുന്ന 'രാഷ്ട്ര നിര്‍മ്മാതാക്കള്‍' (Nation Builders) ആണ്.

ജിഡിപി പോലുള്ള വലിയ സാമ്പത്തിക കണക്കുകളില്‍ ഇവരുടെ പാചകവും വൃത്തിയാക്കലും പരിചരണവും ഒന്നും വരാറില്ലായിരിക്കാം, പക്ഷേ അവരാണ് രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമതയുടെ യഥാര്‍ത്ഥ ഇന്ധനം.

വീട്ടമ്മമാരുടെ ഗാര്‍ഹിക അധ്വാനത്തെ വിലമതിച്ച് സുപ്രീം കോടതി; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മകള്‍ എന്നാല്‍ വിവാഹിതയായ മകള്‍ കൂടിയാണ്! ലിംഗവിവേചനത്തെ പ്രഹരിച്ച സുപ്രീം കോടതി വിധി, ഒരു സാധാരണക്കാരിയുടെ നിയമപോരാട്ടം

നഷ്ടപരിഹാരം 62 ലക്ഷത്തിലേക്ക്; കോടതി കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍

ഈ കേസില്‍ രേഷ്മയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വെറും 8 ലക്ഷത്തില്‍ നിന്നും 62.78 ലക്ഷം രൂപയായി സുപ്രീം കോടതി കുത്തനെ ഉയര്‍ത്തി. ഒരു അമ്മയുടെ പരിചരണ നഷ്ടം, പങ്കാളിയുടെ സാമീപ്യമില്ലായ്മ എന്നിവയെല്ലാം പരിഗണിച്ചായിരുന്നു ഇത്.ഇനിമേല്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം കണക്കാക്കാന്‍ കോടതി ചില കര്‍ശന മാനദണ്ഡങ്ങളും കൊണ്ടുവന്നു:

പ്രതിമാസം 30,000 രൂപ വരുമാനം: സ്വന്തമായി വരുമാനമില്ലാത്ത ഒരു വീട്ടമ്മ മരണപ്പെട്ടാല്‍, അവര്‍ക്ക് പ്രതിമാസം 30,000 രൂപ വരുമാനമുണ്ടായിരുന്നു എന്ന് കണക്കാക്കണം. ഇതിനായി 'ഗാര്‍ഹിക പരിചരണത്തിന്റെ നഷ്ടം' (Loss of Domestic Care) എന്നൊരു പുതിയ തസ്തിക തന്നെ കോടതി നിര്‍മ്മിച്ചു.

ഓരോ 3 വര്‍ഷത്തിലും 10% വര്‍ദ്ധനവ്: ജീവിതച്ചെലവ് കൂടുന്നതിനനുസരിച്ച് ഈ 30,000 രൂപ എന്ന തുക ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പത്ത് ശതമാനം വീതം വര്‍ദ്ധിപ്പിച്ചു വേണം കണക്കാക്കാന്‍.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരട്ടി മധുരം: ഇനി മരിച്ച സ്ത്രീ പുറത്തുപോയി ജോലി ചെയ്ത് പണമുണ്ടാക്കുന്ന ആളാണെങ്കില്‍, അവരുടെ ശമ്പളത്തോടൊപ്പം ഈ 30,000 രൂപ കൂടി ചേര്‍ത്തുവേണം കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍.

നീതി വൈകരുത്; കോടതികള്‍ക്ക് താക്കീത്

കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്നതിലൂടെ അപകടത്തില്‍പ്പെട്ട കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതവും സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. നിലവില്‍ ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ ട്രിബ്യൂണലുകള്‍ ആറ് വര്‍ഷവും ഹൈക്കോടതികള്‍ എട്ട് വര്‍ഷവും എടുക്കുന്നുണ്ട്.

ഇത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, അപകട ക്ലെയിം കേസുകള്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കരുതെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ ജഡ്ജിമാരുള്ള പ്രത്യേക ബെഞ്ചുകള്‍ രൂപീകരിച്ച് ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ജസ്റ്റിസുമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Summary

On June 11, the Supreme Court ruled that unpaid domestic work performed by homemakers must be given independent economic value while calculating compensation in motor accident death cases. The court fixed a minimum notional income of ₹30,000 per month for homemakers and introduced a separate category of compensation called “loss of domestic care.”

A Bench comprising Justices Sanjay Karol and N. Kotiswar Singh described homemakers as “nation builders” and directed that the compensation amount under this category should increase by 10% every three years to reflect changing economic conditions.

Madism Digital
madismdigital.com