എന്താണ് 'ഡിജിറ്റല്‍ അറസ്റ്റ്'? ലക്ഷക്കണക്കിന് ആളുകളെ കുരുക്കുന്ന സൈബര്‍ തട്ടിപ്പിന് തടയിടാന്‍ റിസര്‍വ് ബാങ്ക്

എന്താണ് ഈ ഇരകള്‍ക്ക് സംഭവിക്കുന്നതെന്നും ലളിതമായി ആ ഫോണ്‍ കോള്‍ കട്ട് ചെയ്യാവുന്നതേയുള്ളൂ എന്നിരിക്കെ മൊബൈല്‍ ഫോണിലൂടെയുള്ള അറസ്റ്റിനെ കുറിച്ച് എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി
എന്താണ് 'ഡിജിറ്റല്‍ അറസ്റ്റ്'? ലക്ഷക്കണക്കിന് ആളുകളെ കുരുക്കുന്ന സൈബര്‍ തട്ടിപ്പിന് തടയിടാന്‍ റിസര്‍വ് ബാങ്ക്
Published on: 

സൈബര്‍ ലോകത്തെ ഏറ്റവും പുതിയതും അപകടകരവുമായ ഭീഷണികളിലൊന്നാണ് 'ഡിജിറ്റല്‍ അറസ്റ്റ്'. വന്‍ തുകകള്‍ നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന ഈ സാമ്പത്തിക ചതിക്കുഴിയെക്കുറിച്ച് സുപ്രീം കോടതി അടുത്തിടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളിലൂടെ ഇന്ത്യയിലുടനീളമുള്ള ഇരകള്‍ക്ക് ആകമാനം 3,000 കോടി രൂപയിലധികം നഷ്ടപ്പെട്ടതായി കരുതപ്പെടുന്നു. ഇതാണ് 2025 ഒക്ടോബറില്‍ വിഷയം സ്വമേധയാ പരിഗണിക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.

പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമ്പോഴും എന്തുകൊണ്ടാണ് ഇരകള്‍ ഇത്തരം ചതിക്കുഴികളില്‍ വീഴുന്നത് എന്ന് കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. 'എന്താണ് ഈ ഇരകള്‍ക്ക് സംഭവിക്കുന്നത്? എങ്ങനെയാണ് ഇവര്‍ ഇത്തരത്തില്‍ കെണിയില്‍പ്പെടുന്നത്? ഈ ഒരു അടിസ്ഥാന കാര്യം പോലും അവര്‍ക്ക് മനസ്സിലാകുന്നില്ലേ? മൊബൈല്‍ ഫോണിലൂടെയുള്ള അറസ്റ്റിനെ കുറിച്ച് എന്ത് ഭയമാണ് ഉള്ളത്?' എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

എന്താണ് ഡിജിറ്റല്‍ അറസ്റ്റ്?

പ്രതികള്‍ തങ്ങളെ ഗൗരവമേറിയ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇരകളെ വിശ്വസിപ്പിക്കുന്നതിനായി പൊലീസുകാരെന്നോ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥരെന്നോ അല്ലെങ്കില്‍ ജഡ്ജിമാരെന്നോ വ്യാജേന ചമയുന്ന ഒരുതരം സൈബര്‍ തട്ടിപ്പാണിത്. ഇരയുടെ ആധാര്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവ കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ച് വരുന്ന ഒരു വീഡിയോകോളിലൂടെയാണ് സാധാരണയായി തട്ടിപ്പിന്റെ തുടക്കം.

എന്താണ് 'ഡിജിറ്റല്‍ അറസ്റ്റ്'? ലക്ഷക്കണക്കിന് ആളുകളെ കുരുക്കുന്ന സൈബര്‍ തട്ടിപ്പിന് തടയിടാന്‍ റിസര്‍വ് ബാങ്ക്
ഇസ്രായേലില്‍ നെതന്യാഹുവിന് തിരിച്ചടി; ഭൂരിപക്ഷം ലഭിച്ചില്ല, വോട്ട് തട്ടിയെടുത്തു എന്ന് ലിക്വിഡ് പാര്‍ട്ടി

തുടര്‍ന്ന് വ്യാജ അറസ്റ്റ് വാറന്റുകള്‍, കോടതി ഉത്തരവുകള്‍, കൃത്രിമമായി സൃഷ്ടിച്ച പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലങ്ങള്‍ എന്നിവ കാണിച്ച് ഇവര്‍ ഇരകളില്‍ ഭയം സൃഷ്ടിക്കുന്നു. അന്വേഷണം നടക്കുകയാണെന്നും മറ്റാരുമായും ആശയവിനിമയം നടത്തരുതെന്നും പറഞ്ഞ് ഇരകളെ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ വീഡിയോ കോളുകളില്‍ തന്നെ നിര്‍ബന്ധിച്ച് നിര്‍ത്തുകയും ഒടുവില്‍ പരിശോധനയ്‌ക്കെന്ന പേരിലോ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കാനോ പറഞ്ഞ് നിശ്ചിത അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ 'ഡിജിറ്റല്‍ അറസ്റ്റ്' എന്നൊരു സംവിധാനമേയില്ലെന്നും ഒരു നിയമപാലക ഏജന്‍സിക്കും വീഡിയോ കോളിലൂടെ ഒരാളെ അറസ്റ്റ് ചെയ്യാനോ പണം ആവശ്യപ്പെടാനോ നിയമപരമായ അധികാരമില്ലെന്നും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

വിദ്യാഭ്യാസമുള്ള ആളുകള്‍ പോലും ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴുന്നത് ഞെട്ടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. എന്താണ് ഈ ഇരകള്‍ക്ക് സംഭവിക്കുന്നതെന്നും ലളിതമായി ആ ഫോണ്‍ കോള്‍ കട്ട് ചെയ്യാവുന്നതേയുള്ളൂ എന്നിരിക്കെ മൊബൈല്‍ ഫോണിലൂടെയുള്ള അറസ്റ്റിനെ കുറിച്ച് എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിക്കുകയുണ്ടായി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായി ഡിജിറ്റല്‍ അറസ്റ്റിനെ വിശേഷിപ്പിച്ച കോടതി, മുതിര്‍ന്ന പൗരന്മാരുടെ അക്കൗണ്ടുകളില്‍ നിന്നടക്കം വലിയ തുകകളുടെ അസാധാരണ ഇടപാടുകള്‍ നടക്കുമ്പോള്‍ ആവശ്യമായ പരിശോധന നടത്താത്ത ബാങ്കുകളുടെ നിലപാടിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ഡിജിറ്റല്‍ അറസ്റ്റുകള്‍ ഇന്ത്യയില്‍ എത്രത്തോളം വ്യാപകമാണ്?

ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ അറസ്റ്റ് വഴിയുള്ള സാമ്പത്തിക നഷ്ടവും പരാതികളും വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2022-ല്‍ 39,925 പരാതികളാണ് ലഭിച്ചതെങ്കില്‍, 2024 ആയപ്പോഴേക്കും ഇത് 1,23,672 ആയി ഉയരുകയും ഏകദേശം 1,935 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. 2025-ല്‍ 58,239 പരാതികളിലൂടെ 1,211 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍, 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 21,928 പരാതികളിലായി 647 കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, പല സംഭവങ്ങളും അപമാനം ഭയന്ന് ആളുകള്‍ പുറത്തുപറയാത്തതിനാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും വലുതായിരിക്കാം എന്നാണ് വ്യവസായ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

എന്താണ് 'ഡിജിറ്റല്‍ അറസ്റ്റ്'? ലക്ഷക്കണക്കിന് ആളുകളെ കുരുക്കുന്ന സൈബര്‍ തട്ടിപ്പിന് തടയിടാന്‍ റിസര്‍വ് ബാങ്ക്
അഞ്ച് വർഷത്തിനിടെ വിപണിയിലെത്തിയത് 30 ലക്ഷം എസികൾ, വൈദ്യുതി ഉപഭോ​ഗം കുതിക്കുന്നു; കേരളം നേരിടുന്നത് കടുത്ത ഊർജ്ജ പ്രതിസന്ധി

ഇവ തടയാന്‍ ആര്‍ബിഐയും ബാങ്കുകളും എന്താണ് ചെയ്യുന്നത്?

സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഉപഭോക്താവിന്റെ സാധാരണ ബാങ്കിംഗ് ശീലങ്ങള്‍ക്ക് നിരക്കാത്ത സംശയാസ്പദമായ ഇടപാടുകള്‍ താല്‍ക്കാലികമായി തടയാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന പുതിയ കെ.വൈ.സി ചട്ടങ്ങള്‍ തയ്യാറാക്കുന്നുണ്ട്. കൂടാതെ, മണി മ്യൂള്‍ അക്കൗണ്ടുകള്‍ സംശയിക്കുന്ന ഇടങ്ങളില്‍ അക്കൗണ്ട് മുഴുവനായി മരവിപ്പിക്കുന്നതിന് പകരം സംശയാസ്പദമായ തുകയില്‍ മാത്രം താല്‍ക്കാലികമായി ഡെബിറ്റ് ഹോള്‍ഡ് ഏര്‍പ്പെടുത്താനും ബാങ്കുകള്‍ക്ക് സാധിക്കും. ഇതിനെല്ലാം പുറമെ, അടിയന്തിര ഘട്ടങ്ങളില്‍ ഉപഭോക്താവിന് തന്നെ ബാങ്കിംഗ് ആപ്പുകളിലൂടെ ഒരൊറ്റ ക്ലിക്കില്‍ അക്കൗണ്ടിലെ എല്ലാ ഇടപാടുകളും ഉടനടി മരവിപ്പിക്കാന്‍ സാധിക്കുന്ന 'കില്‍ സ്വിച്ച്' എന്നൊരു സംവിധാനം അവതരിപ്പിക്കുന്നതും ആര്‍ബിഐയുടെയും സര്‍ക്കാരിന്റെയും പരിഗണനയിലാണ്.

ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊലീസ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ ഒരിക്കലും വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ഇല്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഭയപ്പെടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള അജ്ഞാത കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ കോള്‍ വിച്ഛേദിക്കുക. ഏതെങ്കിലും തരത്തില്‍ തട്ടിപ്പിനിരയായാല്‍ കാലതാമസം കൂടാതെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ cybercrime.gov.in എന്ന പോര്‍ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്.

Summary

The Supreme Court of India has strongly criticised the Reserve Bank of India (RBI) and banks over their failure to effectively prevent digital arrest scams, which have caused thousands of crores of rupees in losses. A three-judge bench headed by Chief Justice Surya Kant questioned why victims, including educated people, continue to fall for such scams despite awareness campaigns. The court also raised concerns about banks allowing large and unusual transactions, including those involving senior citizens, without adequate scrutiny. Digital arrest scams involve fraudsters impersonating police officers, CBI, ED officials or judges through video calls. They falsely accuse victims of being involved in criminal activities and use fake warrants and court documents to intimidate them into transferring money. The article emphasises that digital arrest is not a legal procedure in India and no law enforcement agency can arrest someone or demand money through a video call.