കരാറോ അതോ കനത്ത തീരുവയോ? ഇന്ത്യയ്ക്ക് മുന്നില്‍ 17% - 25% ഉപാധികളുമായി അമേരിക്ക

അമേരിക്കയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇറക്കുമതി തീരുവ 17 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍
കരാറോ അതോ കനത്ത തീരുവയോ? ഇന്ത്യയ്ക്ക് മുന്നില്‍ 17% - 25% ഉപാധികളുമായി അമേരിക്ക
Published on: 

അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന ഇറക്കുമതി തീരുവ (താരിഫ്) 17 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍. കരാറില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ തീരുവ 25 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമിത ഉത്പ്പാദനം ആരോപിച്ച് ഇന്ത്യയടക്കം 14 വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പുതിയ തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

യുഎസിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും

പന്ത്രണ്ടിലധികം സമ്പദ്വ്യവസ്ഥകളുടെ അമിത ഉത്പ്പാദന ശേഷിയെക്കുറിച്ച് മാര്‍ച്ചില്‍ ആരംഭിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് വ്യാപാര പ്രതിനിധി പുതിയ ശുപാര്‍ശകള്‍ പുറത്തുവിട്ടത്. 25% വരെ തീരുവ നിര്‍ദ്ദേശിക്കപ്പെട്ടതോടെ, വിയറ്റ്‌നാമിന്റെ 35 ശതമാനത്തിന് പിന്നിലായി ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തീരുവ നേരിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയെക്കുറിച്ചുള്ള 189 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ യുഎസ് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

ജിഡിപിയില്‍ നിര്‍മ്മാണ മേഖലയുടെ ശരാശരിയിലധികമുള്ള പങ്കും ആഭ്യന്തര ഉപഭോഗത്തിലെ കുറവും അമേരിക്കയുമായുള്ള വലിയ വ്യാപാര മിച്ചവും യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് ദോഷകരമാകുന്നുവെന്നതാണ് ഇതില്‍ പ്രധാനം. ഇതിനുപുറമെ, ഇന്ത്യയുടെ വ്യാവസായിക വികസന നയങ്ങള്‍, അപര്യാപ്തമായ തൊഴില്‍ സംരക്ഷണം, സാമ്പത്തിക നിയന്ത്രണങ്ങള്‍, വിപണി പ്രവേശന തടസങ്ങള്‍ തുടങ്ങിയ അന്യായമായ വ്യാപാര രീതികള്‍ യുഎസ് ഉല്‍പ്പാദകരെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, സ്റ്റീല്‍, സോളാര്‍, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ കമ്പോളേതര സമ്പദ്വ്യവസ്ഥകളില്‍ നിന്നുള്ള ഇറക്കുമതിയെയും നിക്ഷേപത്തെയും ഇന്ത്യ ആശ്രയിക്കുന്നത് അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും യുഎസ് ചൂണ്ടിക്കാട്ടുന്നു.

കരാറോ അതോ കനത്ത തീരുവയോ? ഇന്ത്യയ്ക്ക് മുന്നില്‍ 17% - 25% ഉപാധികളുമായി അമേരിക്ക
വംശീയബോധം വിറ്റഴിക്കുന്ന സൗന്ദര്യവിപണി; ഫെയർനെസ് ക്രീമുകൾ ഉയർത്തുന്ന ആരോഗ്യ-സാമൂഹിക ചോദ്യങ്ങൾ

ഇന്ത്യയുടെ പ്രതികരണം

വ്യാപാര പ്രതിനിധിയുടെ നോട്ടീസും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഒരു മേഖലയിലും ഇന്ത്യയ്ക്ക് ഘടനാപരമായ അമിത ഉത്പ്പാദന ശേഷി ഇല്ലെന്ന് അന്വേഷണ വേളയില്‍ തന്നെ യുഎസിനെ വ്യക്തമായി അറിയിച്ചിരുന്നതായി മന്ത്രാലയം ആവര്‍ത്തിച്ചു. വ്യാപാര സംബന്ധമായ എല്ലാ ആശങ്കകളും ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് തന്നെ പരിഹരിക്കപ്പെടണമെന്നാണ് കേന്ദ്ര നിലപാട്. കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മറ്റ് രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവ നിരക്കുകള്‍

അമേരിക്കന്‍ വ്യാപാര നിയമത്തിലെ സെക്ഷന്‍ 301 പ്രകാരമുള്ള പുതിയ നിര്‍ദേശങ്ങള്‍ മറ്റ് പ്രധാന വ്യാപാര പങ്കാളികളെയും ബാധിക്കുന്നുണ്ട്. ജപ്പാന്‍, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്ക് 15% തീരുവയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 18% വരെയാണ് തീരുവ നിര്‍ദേശിച്ചിട്ടുള്ളത്. ട്രംപ് ഭരണകൂടവുമായി ഇതിനകം വ്യാപാര കരാറുകളില്‍ ഒപ്പുവെച്ച രാജ്യങ്ങളാണ് ഇവയെല്ലാം. സിംഗപ്പൂരിന് 20% വരെ തീരുവയാണ് നേരിടേണ്ടി വരുന്നത്, എന്നാല്‍ വ്യാപാര കരാറിലെത്തിയാല്‍ ഇത് 10% ആയി കുറയും. ചൈനയുടെ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കും 20% വരെ തീരുവ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം, വിയറ്റ്‌നാമിന് 35% വരെ തീരുവയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും കരാറിലെത്തിയാല്‍ ഇത് 20% ആയി കുറയ്ക്കാന്‍ സാധ്യതയുണ്ട്.

തീരുവ തര്‍ക്കങ്ങളുടെ നാള്‍വഴികള്‍

2025 ഏപ്രിലില്‍ ട്രംപ് ഭരണകൂടം 'പരസ്പര തീരുവ' പ്രഖ്യാപിച്ചതോടെയാണ് വ്യാപാര തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ 50 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വ്യാപാര കരാര്‍ ചട്ടക്കൂടിന് ധാരണയായതോടെ ഇത് 18 ശതമാനമായി കുറഞ്ഞു. പിന്നീട്, ട്രംപിന്റെ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചുള്ള തീരുവകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതോടെ 10% അടിസ്ഥാന നിരക്കിലേക്ക് മാറി.

കരാറോ അതോ കനത്ത തീരുവയോ? ഇന്ത്യയ്ക്ക് മുന്നില്‍ 17% - 25% ഉപാധികളുമായി അമേരിക്ക
സമ്പത്ത് ആയുസ്സ് കൂട്ടും; അതിസമ്പന്നരായ ഇന്ത്യക്കാര്‍ക്ക് അകാലമരണ സാധ്യത 62% കുറവെന്ന് പഠനം

ജൂലൈയില്‍ നിര്‍ബന്ധിത തൊഴിലാളി ചൂഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ ഈ 10% തീരുവ യുഎസ് നിലനിര്‍ത്തിയെങ്കിലും ജനറിക് മരുന്നുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിരുന്നു. ഇതിന് പുറമെ, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100% വരെ തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന 'ലിന്‍ഡ്സെ ഗ്രഹാം നിയമം' യുഎസ് കോണ്‍ഗ്രസ് പാസാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ അത് മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

അതേസമയം, പുതിയതായി നിര്‍ദേശിച്ച 25% തീരുവ നിലവിലുള്ള 10% അടിസ്ഥാന തീരുവയ്ക്കോ, സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ പ്രത്യേക തീരുവകള്‍ക്കോ മുകളില്‍ അധികമായി ചുമത്തില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടമായി, ബാധിക്കപ്പെടുന്ന വ്യവസായ മേഖലകളില്‍ നിന്ന് വൈറ്റ് ഹൗസ് അഭിപ്രായങ്ങള്‍ തേടുകയും ജനുവരി 25-ന് ഹിയറിങ് നടത്തുകയും ചെയ്യും. അതിനാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാത്രമേ ഈ പുതിയ തീരുവകള്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുള്ളൂ.

Summary

The United States has proposed imposing import tariffs of up to 25% on Indian goods unless India reaches a bilateral trade agreement with Washington. US Trade Representative Jamieson Greer said the tariff rate could be capped at 17% if a deal is finalised. The proposal follows a US investigation into alleged excess manufacturing capacity and trade practices involving 14 trading partners, including India. A 189-page US investigation report has raised concerns over India's manufacturing capacity, low domestic consumption and trade surplus with the United States. It has also criticised India's industrial policies, labour protections, financial regulations and market access restrictions, alleging that these practices disadvantage American producers and jobs.