‘വെളുപ്പ് നിറം’ എന്ന ഒരൊറ്റ വാഗ്ദാനത്തിൽ കുടുങ്ങി, എഫ് ട്യൂൺ ഫെയർനെസ് ക്രീം ഉപയോഗിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച വാർത്ത കേരളത്തിൽ വലിയ ആശങ്കയ്ക്കും ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ 1.25 ശതമാനം (12,500 പിപിഎം) മെർക്കുറി കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ ഗായകൻ സലിം കോടത്തൂരും മലപ്പുറം സ്വദേശിയായ മറ്റൊരു യുവാവും സമാനമായി ഫെയർനെസ് ക്രീമുകളുടെ ഉപയോഗത്തിലൂടെ വൃക്ക തകരാറിലായെന്ന അനുഭവം പങ്കുവെച്ചതോടെ വിഷയത്തിന്റെ ഗൗരവം വർധിച്ചിരിക്കുകയാണ്.
എന്നാൽ, എഫ് ട്യൂൺ ക്രീമുമായി ബന്ധപ്പെട്ട ഈ സംഭവത്തെ ഒറ്റപ്പെട്ട ഒരു ഉൽപ്പന്നത്തിന്റെ പ്രശ്നമായി മാത്രം ചുരുക്കിക്കാണാനാകില്ല. വെളുത്ത നിറത്തെ സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും അളവുകോലായി പ്രതിഷ്ഠിക്കുന്ന കാലങ്ങളായുള്ള പൊതുബോധമാണ് ഫെയർനെസ് ഉൽപ്പന്നങ്ങളുടെ വിപണിക്ക് വളമാകുന്നത്. സമൂഹത്തിന്റെ ഈ അരക്ഷിതബോധത്തെ കൃത്യമായി മുതലെടുത്ത് അതിനെ കോടികളുടെ ലാഭവിപണിയാക്കി മാറ്റുകയാണ് സൗന്ദര്യവ്യവസായം. പരസ്യങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും വഴി വെളുപ്പിനെ ഒരു നേട്ടമായും സ്വാഭാവിക നിറവ്യത്യാസത്തെ തിരുത്തേണ്ട ഒരു കുറവായും അവതരിപ്പിക്കുമ്പോൾ, ഉപഭോക്താക്കളിലേക്ക് എത്തുന്ന ഇത്തരം ഉൽപ്പന്നങ്ങളുടെ രാസഘടകങ്ങളോ സുരക്ഷയോ പലപ്പോഴും ചർച്ചയാകാതെ പോകുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമാണോ എന്ന ചോദ്യത്തിന് കേരളത്തിൽ നിന്നുതന്നെയുള്ള ആശങ്കപ്പെടുത്തുന്ന ശാസ്ത്രീയ പഠനങ്ങൾ വ്യക്തമായ മറുപടി നൽകുന്നുണ്ട്. 2024-ൽ മെഡിക്കൽ ജേണലായ ‘കിഡ്നി ഇന്റർനാഷണലിൽ’ പ്രസിദ്ധീകരിച്ച പഠനപ്രകാരം, വൃക്കരോഗമായ മെംബ്രനസ് നെഫ്രോപതി സ്ഥിരീകരിച്ച 15 പേരിൽ 13 പേരും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അന്ന് പരിശോധിച്ച അഞ്ച് ക്രീമുകളിലും അനുവദനീയമായതിലും പലമടങ്ങ് അധികം മെർക്കുറിയുടെ സാന്നിധ്യവുമുണ്ടായിരുന്നു.
വിവാഹ പരസ്യങ്ങളിൽ 'ഫെയര്‍', 'വെരി ഫെയര്‍' തുടങ്ങിയ വിശേഷണങ്ങൾ ഇന്നും ഉപയോഗിക്കപ്പെടുന്നു. വിവാഹാലോചനകളിൽ സാധാരണയായി പെൺകുട്ടികളുടെ നിറം ഒരു പ്രധാന പരിഗണനയാകുന്ന സാഹചര്യം പല കുടുംബങ്ങളിലും നിലനിൽക്കുന്നു.
മനുഷ്യന്റെ ആഗ്രഹത്തെ വിപണിയാക്കി മാറ്റുന്ന ഈ വ്യവസായം എത്രത്തോളം സുരക്ഷിതമാണ്? നിയമങ്ങളും പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ടായിട്ടും ഇത്തരം വിഷാംശം കലർന്ന ഉൽപ്പന്നങ്ങൾ യാതൊരു തടസ്സവുമില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തുന്നത് എങ്ങനെയാണ്? വെളുക്കാനുള്ള ആഗ്രഹത്തിന്റെ, അല്ലെങ്കിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന ‘നിർബന്ധങ്ങളുടെ’ വില സ്വന്തം ആരോഗ്യവും ജീവിതവുമാകുമ്പോൾ, അതിന്റെ യഥാർത്ഥ ഉത്തരവാദിത്തം ആർക്കാണ്? പരിശോധിക്കാം.
നിറം തീരുമാനിക്കുന്ന സൗന്ദര്യവും സാമൂഹിക പദവിയും
സ്വന്തം ചർമനിറത്തിൽ അതൃപ്തിയുള്ള യുവതലമുറയെ സൃഷ്ടിക്കുന്നതിൽ സമൂഹത്തിനും മാധ്യമങ്ങൾക്കും പരസ്യവ്യവസായത്തിനും ഒരുപോലെ പങ്കുണ്ട്. വെളുത്ത നിറത്തെ സൗന്ദര്യത്തിന്റെയും വിജയത്തിന്റെയും സാമൂഹിക സ്വീകാര്യതയുടെയും അടയാളമാക്കി മാറ്റുന്ന ഈ ബോധത്തെ സൗന്ദര്യവർധക കമ്പനികൾ വലിയൊരു വിപണിയാക്കി മാറ്റുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് കേവലം ഒരു ഉൽപ്പന്നത്തിന്റെ ഉപയോഗമല്ല, നിറത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന സാമൂഹിക വ്യവസ്ഥ കൂടിയാണ്.
മുഖത്തെ പാടുകൾ മാറ്റണം, ചർമത്തിന് തിളക്കം വേണം, മുഖം കൂടുതൽ തിളക്കമുള്ളതാകണം. ചർമസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരം ആഗ്രഹങ്ങൾ സ്വാഭാവികമാണ്. എന്നാൽ ചർമത്തിന്റെ സ്വാഭാവിക നിറം തന്നെ മാറ്റണമെന്ന ആഗ്രഹം എവിടെ നിന്നാണ് രൂപപ്പെടുന്നത്? എന്തുകൊണ്ടാണ് വെളുത്ത നിറം സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയത്തിന്റെയും അടയാളമായി ഇന്നും വലിയൊരു വിഭാഗം ആളുകൾ കാണുന്നത്? പ്രത്യേകിച്ച് യുവതലമുറയ്ക്കിടയിൽ വെളുക്കാനുള്ള ക്രീമുകളോടും ചർമത്തിന്റെ നിറം മാറ്റുമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങളോടുമുള്ള താൽപര്യം നിലനിൽക്കുന്നതിന് പിന്നിൽ കേവലം വ്യക്തിപരമായ സൗന്ദര്യബോധം മാത്രമല്ല ഉള്ളത്. അതിനു പിന്നിൽ ചരിത്രപരമായ മുൻവിധികളും സാമൂഹിക സമ്മർദങ്ങളും വിപണിയുടെ താൽപര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.
ഇന്ത്യൻ സമൂഹത്തിൽ വെളുത്ത നിറത്തിന് ലഭിക്കുന്ന മുൻഗണനയ്ക്ക് ആഴത്തിലുള്ള സാമൂഹിക വേരുകളുണ്ട്. ജാതി, വർഗം, തൊഴിൽ വിഭജനം, കൊളോണിയൽ ഭരണകാലത്തെ സൗന്ദര്യസങ്കൽപ്പങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ നിറത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക അധികാരക്രമത്തെ രൂപപ്പെടുത്തുന്നതില്‍ സ്വാധീനിച്ചിട്ടുണ്ട്. അധ്വാനവുമായി ഇരുണ്ട നിറത്തെ ബന്ധിപ്പിക്കുകയും വെളുത്ത നിറത്തെ ഉയർന്ന സാമൂഹിക പദവിയുടെയും സൗന്ദര്യത്തിന്റെയും അടയാളമായി അവതരിപ്പിക്കുകയും ചെയ്ത മുൻവിധികൾ കാലങ്ങളായി നിലനിൽക്കുന്നു.
ഇത്തരം ധാരണകൾ കാലക്രമത്തിൽ സിനിമയിലൂടെയും പരസ്യങ്ങളിലൂടെയും ജനപ്രിയ സംസ്കാരത്തിലൂടെയും കൂടുതൽ ശക്തിപ്പെട്ടു. നായികമാരുടെയും നായകന്മാരുടെയും സൗന്ദര്യത്തെ വെളുത്ത നിറവുമായി ബന്ധിപ്പിച്ചുള്ള സിനിമാ അവതരണങ്ങൾ സ്വാഭാവികമായ ചർമവൈവിധ്യത്തെ അംഗീകരിക്കുന്നതിനുപകരം ഒരു പ്രത്യേക നിറത്തെ സൗന്ദര്യത്തിന്റെ പൊതുമാനദണ്ഡമാക്കി മാറ്റി.
ഉപഭോക്താവിന്റെ ശരീരത്തെക്കുറിച്ചുള്ള അസംതൃപ്തിയെ ഉൽപ്പന്നത്തിന്റെ ആവശ്യകതയാക്കി മാറ്റുന്ന വിപണനതന്ത്രമാണ് ഫെയർനെസ് ക്രീമുകളുടെ വളർച്ചയ്ക്ക് പിന്നിലുള്ള പ്രധാന ഘടകങ്ങളിലൊന്ന്.
ഇതിന്റെ പ്രതിഫലനം വിവാഹവിപണിയിലും കാണാം. വിവാഹ പരസ്യങ്ങളിൽ 'ഫെയര്‍', 'വെരി ഫെയര്‍' തുടങ്ങിയ വിശേഷണങ്ങൾ ഇന്നും ഉപയോഗിക്കപ്പെടുന്നു. വിവാഹാലോചനകളിൽ സാധാരണയായി പെൺകുട്ടികളുടെ നിറം ഒരു പ്രധാന പരിഗണനയാകുന്ന സാഹചര്യം പല കുടുംബങ്ങളിലും നിലനിൽക്കുന്നു. വെളുത്ത നിറമുള്ളവർക്ക് കൂടുതൽ വിവാഹസാധ്യതകളുണ്ടെന്ന ധാരണയും ഇരുണ്ട നിറമുള്ളവരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നു. എന്നാൽ ഈ സമ്മർദം സ്ത്രീകളിൽ മാത്രം ഒതുങ്ങുന്നില്ല. പുരുഷന്മാർക്കിടയിലും വെളുത്ത നിറത്തിനായുള്ള താൽപര്യവും നിറം മാറ്റാനുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗവും വർധിക്കുന്നുണ്ട്.
നിറവിവേചനം അഥവാ 'കളറിസം' എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഒരാളുടെ രൂപത്തെക്കുറിച്ചുള്ള വിലയിരുത്തലിൽ മാത്രം ഒതുങ്ങുന്നില്ല. സാമൂഹിക അംഗീകാരം, അവസരങ്ങൾ, ആത്മവിശ്വാസം, തൊഴിൽ തുടങ്ങിയ മേഖലകളിലേക്കും അത് വ്യാപിക്കുന്നു. ചർമത്തിന്റെ നിറത്തിന്റെ പേരിൽ ഒരാൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയോ മറ്റൊരാൾ വിവേചനം നേരിടുകയോ ചെയ്യുന്ന സാഹചര്യം സാമൂഹിക അസമത്വത്തിന്റെ മറ്റൊരു രൂപമാണ്.
ആത്മവിശ്വാസത്തിന്റെ പേരിൽ വളരുന്ന അരക്ഷിതബോധം
വെളുത്ത നിറമുള്ളവർ കൂടുതൽ സുന്ദരരും ആകർഷകരുമാണെന്ന ധാരണ യുവാക്കളുടെ ശരീരബോധത്തെ സ്വാധീനിക്കുന്നുണ്ട്. ഇരുണ്ട നിറമുള്ളവർ സ്വന്തം രൂപത്തെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടുകയും മറ്റുള്ളവരുമായി നിരന്തരം സ്വയം താരതമ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഇതിലൂടെ രൂപപ്പെടുന്നു. സോഷ്യൽ മീഡിയയുടെ വ്യാപനം ഈ പ്രവണതയ്ക്ക് പുതിയൊരു തലം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന സൗന്ദര്യവീഡിയോകളും ഫിൽട്ടറുകളും എഡിറ്റിങ്ങിലൂടെ മാറ്റിയ ചിത്രങ്ങളും ചർമത്തിന്റെ നിറത്തെക്കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നു. തിളക്കമുള്ളതും പാടുകളില്ലാത്തതുമായ ചർമം മാത്രമാണ് സൗന്ദര്യമെന്ന ധാരണ നിരന്തരം ആവർത്തിക്കപ്പെടുന്നതും ആളുകളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
ഇൻഫ്ലുവൻസർമാരുടെ ഉൽപ്പന്ന പ്രചാരണങ്ങളും ഇതിന്റെ ഭാഗമാണ്. ഒരു ക്രീം ഉപയോഗിച്ചതോടെ മുഖം കൂടുതൽ തിളക്കമുള്ളതായി, പാടുകൾ മാറിയതായി, ആത്മവിശ്വാസം വർധിച്ചതായി അവതരിപ്പിക്കുന്ന വീഡിയോകൾ ആളുകളെ ഉൽപ്പന്നങ്ങളിലേക്ക് ആകർഷിക്കുന്നു. ഇത്തരം പണം വാങ്ങിയുള്ള പ്രചാരണങ്ങളും വ്യക്തിപരമായ അനുഭവങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തമ്മിലുള്ള വ്യത്യാസം പലപ്പോഴും വ്യക്തമാകാറില്ല. ഇതോടെ ചർമത്തിന്റെ സ്വാഭാവിക നിറം ഒരു കുറവായി അനുഭവപ്പെടുകയും അതു മാറ്റേണ്ടതുണ്ടെന്ന ചിന്ത ശക്തിപ്പെടുകയും ചെയ്യുന്നു.
കോഴിക്കോട് ആസ്റ്റർ മിംസിലെ നെഫ്രോളജിസ്റ്റ് ഡോ. ഇസ്മയില്‍ എന്‍എയും പരസ്യങ്ങൾ സൃഷ്ടിക്കുന്ന ഈ സാമൂഹിക ബോധത്തിലേക്കാണ് വിരൽചൂണ്ടുന്നത്. "പരസ്യങ്ങളാണ് ഇതിന്റെ പിന്നിൽ. ഒരു ആശുപത്രിയുടെ പരസ്യം നോക്കിയാൽ പോലും അതിൽ കാണുന്ന ഡോക്ടറും നഴ്സും വെളുത്ത നിറമുള്ളവരായിരിക്കും. എല്ലാ പരസ്യങ്ങളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ ആളുകളുടെ സ്വാഭാവിക ചർമനിറമുള്ളവർ പരസ്യങ്ങളിൽ ഉണ്ടോ? ഇതാണല്ലോ കുട്ടികളും കാണുന്നത്. ഡോക്ടറോ എൻജിനീയറോ ശാസ്ത്രജ്ഞനോ ആകണമെങ്കിൽ വെളുത്ത ചർമം വേണമെന്നാണ് അവർ ആഗ്രഹിക്കുന്നത്", അദ്ദേഹം പറയുന്നു.
അരക്ഷിതബോധം ലാഭമാക്കുന്ന കോർപറേറ്റ് വിപണി
ഈ സാമൂഹിക സാഹചര്യമാണ് സൗന്ദര്യവർധക കമ്പനികൾക്ക് വലിയൊരു വിപണി തുറന്നുകൊടുക്കുന്നത്. ഉപഭോക്താവിന്റെ ശരീരത്തെക്കുറിച്ചുള്ള അസംതൃപ്തിയെ ഉൽപ്പന്നത്തിന്റെ ആവശ്യകതയാക്കി മാറ്റുന്ന വിപണനതന്ത്രമാണ് ഫെയർനെസ് ക്രീമുകളുടെ വളർച്ചയ്ക്ക് പിന്നിലുള്ള പ്രധാന ഘടകങ്ങളിലൊന്ന്. ആദ്യം ഒരു പ്രശ്നം സൃഷ്ടിക്കപ്പെടുന്നു. ഇരുണ്ട നിറം സൗന്ദര്യത്തിന് തടസ്സമാണെന്നും കൂടുതൽ വെളുത്ത നിറം ആത്മവിശ്വാസവും സാമൂഹിക അംഗീകാരവും നൽകുമെന്നും പരസ്യങ്ങളിലൂടെ ആവർത്തിക്കുന്നു. പിന്നീട് ആ പ്രശ്നത്തിനുള്ള പരിഹാരമായി ഒരു ഉൽപ്പന്നം അവതരിപ്പിക്കുന്നു. ചർമത്തിന്റെ നിറം മാറ്റാമെന്ന പ്രതീക്ഷ നൽകി ഉപഭോക്താവിനെ ഉൽപ്പന്നത്തിന്റെ സ്ഥിരം ഉപയോക്താവാക്കി മാറ്റുകയാണ് ഈ വിപണനത്തിന്റെ അടിസ്ഥാനം.
ഇന്ത്യൻ പരസ്യചരിത്രത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഒരുകാലത്ത് ഫെയർനെസ് ക്രീമുകളുടെ പരസ്യങ്ങളിൽ ഇരുണ്ട നിറമുള്ള സ്ത്രീകൾക്ക് വിവാഹം, ജോലി, പ്രണയം, സാമൂഹിക അംഗീകാരം തുടങ്ങിയവ ലഭിക്കാത്തതായും ഉൽപ്പന്നം ഉപയോഗിച്ചതിനുശേഷം ജീവിതത്തിൽ വിജയം നേടുന്നതായും ചിത്രീകരിച്ചിരുന്നു. ചർമത്തിന്റെ നിറവും വ്യക്തിയുടെ കഴിവും വിജയവും തമ്മിൽ ബന്ധമുണ്ടെന്ന തെറ്റായ സന്ദേശമാണ് ഇത്തരം പരസ്യങ്ങൾ നൽകിയത്.
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഫെയര്‍ ആന്‍ഡ് ലവ്ലി എന്ന ബ്രാൻഡ് 2020-ൽ ഗ്ലോ ആന്‍ഡ് ലവ്ലി എന്ന് പുനർനാമകരണം ചെയ്തത് ഈ വിപണിയിലെ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു. നിറവിവേചനത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിലായിരുന്നു പേര് മാറ്റം. എന്നാൽ 'ഫെയര്‍നസ്' എന്ന വാക്കിന് പകരം 'ഗ്ലോ', 'റേഡിയന്‍സ്', 'ആന്റി ഡള്‍നെസ്' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം വിപണനത്തിന്റെ അടിസ്ഥാന സമീപനം മാറിയോ എന്ന ചോദ്യം നിലനിൽക്കുന്നു. പേരുകളിലും പരസ്യഭാഷയിലും മാറ്റം വരുത്തിയെങ്കിലും ചർമത്തിന്റെ നിറവുമായി ബന്ധപ്പെട്ട സാമൂഹിക മുൻവിധികളെ ഉൽപ്പന്നങ്ങൾ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.
ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചിരുന്ന 13 പേരിൽ ഏഴുപേർ സ്ത്രീകളും ആറുപേർ പുരുഷന്മാരുമായിരുന്നു. 14 മുതൽ 44 വയസ്സുവരെയുള്ളവരാണ് ഇവർ. ശരാശരി 30 വയസ്സാണ് രോഗബാധിതരുടെ പ്രായം. ഏറ്റവും കുറഞ്ഞത് ഒന്നരമാസവും പരമാവധി രണ്ടുവർഷവും ക്രീമുകൾ ഉപയോഗിച്ചവരുണ്ട്. ശരാശരി നാലുമാസമായിരുന്നു ഉപയോഗദൈർഘ്യം.
2024-ൽ എക്കണോമിക്സ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഫെയർനെസ് ക്രീമുകളുടെ വിൽപ്പന 2023-ൽ അളവിന്റെ അടിസ്ഥാനത്തിൽ മൂന്ന് ശതമാനം കുറഞ്ഞിരുന്നു. അതേസമയം, ചർമത്തിന് തിളക്കം നൽകുമെന്നും നിറം മെച്ചപ്പെടുത്തുമെന്നും അവകാശപ്പെടുന്ന ഉൽപ്പന്നവിഭാഗങ്ങളിലേക്ക് വിപണി ശ്രദ്ധ തിരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇവിടെ പ്രധാനപ്പെട്ടത് വിപണിയുടെ ഭാഷയിലെ മാറ്റം മാത്രമല്ല. ഉപഭോക്താക്കളുടെ മനോഭാവത്തിലെ മാറ്റങ്ങളോട് കമ്പനികൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്. വെളുപ്പിക്കുമെന്ന നേരിട്ടുള്ള വാഗ്ദാനങ്ങൾ വിമർശനങ്ങൾക്ക് വിധേയമാകുമ്പോൾ അതേ ആവശ്യകതയെ പുതിയ വാക്കുകളിലൂടെ അവതരിപ്പിക്കുന്നുണ്ട്. അതിനാൽ ഉൽപ്പന്നത്തിന്റെ പേര് മാറിയതുകൊണ്ട് അതിന്റെ വിപണനലക്ഷ്യവും മാറിയെന്ന് കരുതാനാകില്ല.
വെളുപ്പിക്കാനുള്ള ക്രീമുകൾ വൃക്കകളെ തകർക്കുമ്പോൾ
'വെളുത്ത നിറ'ത്തിന് പിന്നിലെ ആരോഗ്യപ്രത്യാഘാതങ്ങൾ എത്രത്തോളം ഗുരുതരമാകാമെന്നതിന്റെ തെളിവാണ് കേരളത്തിൽ നിന്നുള്ള മെഡിക്കൽ പഠനം. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരായ സജീഷ് ശിവദാസ്, രഞ്ജിത് നാരായണൻ എന്നിവരും ചെന്നൈയിലെ റെനോപാത്ത് പാത്തോളജി വിഭാഗവും സംയുക്തമായാണ് 2024-ൽ പ്രസിദ്ധീകരിച്ച പഠനം നടത്തിയത്. ഫെയർനെസ് ക്രീമുകളിലെ അമിതമായ മെർക്കുറിയുടെ സാന്നിധ്യവും നെല്‍-1 (NELL-1 (Neural Epidermal Growth Factor-Like 1) പോസിറ്റീവ് മെംബ്രനസ് നെഫ്രോപതിയെന്ന വൃക്കരോഗാവസ്ഥയും തമ്മിലുള്ള ബന്ധമാണ് പഠനം പരിശോധിച്ചത്.
2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെ കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ മെംബ്രനസ് നെഫ്രോപതി സ്ഥിരീകരിച്ച 22 രോഗികളുടെ വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ 15 പേരിൽ നെല്‍-1 എന്ന പ്രോട്ടീനുമായി ബന്ധപ്പെട്ട രോഗാവസ്ഥ കണ്ടെത്തി. ഇവരിൽ 13 പേരും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ചർമം വെളുപ്പിക്കുന്ന ക്രീമുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചിരുന്ന 13 പേരിൽ ഏഴുപേർ സ്ത്രീകളും ആറുപേർ പുരുഷന്മാരുമായിരുന്നു. 14 മുതൽ 44 വയസ്സുവരെയുള്ളവരാണ് ഇവർ. ശരാശരി 30 വയസ്സാണ് രോഗബാധിതരുടെ പ്രായം. ഏറ്റവും കുറഞ്ഞത് ഒന്നരമാസവും പരമാവധി രണ്ടുവർഷവും ക്രീമുകൾ ഉപയോഗിച്ചവരുണ്ട്. ശരാശരി നാലുമാസമായിരുന്നു ഉപയോഗദൈർഘ്യം.
രോഗികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫെയർനെസ് ക്രീമുകൾ രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറിയുടെ അനുവദനീയമായ പരിധി ഒരു പി.പി.എം (Parts Per Million) ആണ്. എന്നാൽ പരിശോധിച്ച അഞ്ച് ക്രീമുകളിലും ഈ പരിധിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് അധികം മെർക്കുറി കണ്ടെത്തി.
ഫൈസ- 21,900 പിപിഎം മെർക്കുറി, യൂത്ത് ഫെയ്സ്- 13,200 പിപിഎം മെർക്കുറി, ലൂക്ക- 13,000 പിപിഎം മെർക്കുറി, പേരില്ലാത്ത ക്രീം- 10,800 പിപിഎം മെർക്കുറി, അയ്ന- 10,500 പിപിഎം മെർക്കുറി എന്നിങ്ങനെയാണ് കണ്ടെത്തിയ മെര്‍ക്കുറിയുടെ അളവ്. അതായത്, പരിശോധിച്ച ഉൽപ്പന്നങ്ങളിൽ മെർക്കുറിയുടെ അളവ് അനുവദനീയമായ പരിധിയുടെ 10,500 മുതൽ 21,900 മടങ്ങുവരെയായിരുന്നു. ചില ക്രീമുകളിൽ കാഡ്മിയം, ലെഡ് തുടങ്ങിയ മറ്റ് ഘനലോഹങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. പേരില്ലാത്ത ഒരു ക്രീമിൽ 269.27 മില്ലിഗ്രാം/കിലോഗ്രാം ലെഡും 33.8 മില്ലിഗ്രാം/കിലോഗ്രാം കാഡ്മിയവും കണ്ടെത്തിയതായി പഠനം രേഖപ്പെടുത്തുന്നു. ക്രീമുകളിൽ മാത്രമല്ല, രോഗികളുടെ ശരീരത്തിലും മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. രക്തത്തിലും മൂത്രത്തിലും മെർക്കുറിയുടെ അളവ് പരിശോധിച്ച 11 രോഗികളിൽ ഒമ്പതു പേരിൽ ഉയർന്ന അളവ് കണ്ടെത്തി.
എന്താണ് മെംബ്രനസ് നെഫ്രോപതി?
വൃക്കകളിലെ രക്തം അരിച്ചെടുക്കുന്ന ഗ്ലോമെറുലി എന്ന സൂക്ഷ്മ ഘടനകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് മെംബ്രനസ് നെഫ്രോപതി. ഇതുമൂലം മൂത്രത്തിലൂടെ വലിയ അളവിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നു. ശരീരത്തിൽ നീർക്കെട്ട്, മൂത്രത്തിൽ പത, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. നെല്‍-1 എന്ന പ്രോട്ടീനുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണ് പഠനത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സാധാരണ മെംബ്രനസ് നെഫ്രോപതിയിൽ പ്ലാര്‍ 2 (PLA2R) എന്ന ആന്റിബോഡിയാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നാൽ പഠനത്തിലെ ചില രോഗികളിൽ പ്ലാര്‍ 2 നെഗറ്റീവായിരിക്കെ നെല്‍-1 പോസിറ്റീവായിരുന്നു.
മെർക്കുറി പോലുള്ള വിഷവസ്തുക്കളുമായുള്ള സമ്പർക്കം ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാമെന്നതാണ് ഗവേഷകരുടെ നിരീക്ഷണം. മെർക്കുറി ശരീരത്തിന്റെ പ്രതിരോധപ്രതികരണത്തെ ബാധിച്ച് വൃക്കകളിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ മെർക്കുറിയുമായി സമ്പർക്കം പുലർത്തുന്ന എല്ലാവർക്കും ഈ രോഗം ഉണ്ടാകണമെന്നില്ല. ചിലരിലെ ജനിതക പ്രത്യേകതകളും രോഗസാധ്യതയെ സ്വാധീനിച്ചേക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ക്രീമുകളുടെ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ പ്രയാസമുണ്ടാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. "40 വയസ്സിനുശേഷം കാണുന്ന രോഗമാണ് മെംബ്രനസ് നെഫ്രോപതി. എന്നാൽ 20 വയസ്സിനു താഴെയുള്ളവരിൽ ഈ അസുഖം കാണുമ്പോൾ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കും. എന്റെ അടുത്ത് ചികിത്സ തേടിയെത്തിയ നാല് പേരും 20 വയസ്സിനു താഴെയുള്ളവരായിരുന്നു. ഇവരിൽ പ്ലാര്‍ 2 നെഗറ്റീവും നെല്‍-1 പോസിറ്റീവുമായിരുന്നു. നെല്‍-1 പോസിറ്റീവാകുന്നത് ചില വിഷാംശമുള്ള മരുന്നുകളോ ഘടകങ്ങളോ ശരീരത്തിൽ എത്തുമ്പോഴാണ്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇവർ ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്", ഡോ. ഇസ്മയിൽ പറയുന്നു.
"ഇവര്‍ ആറു മാസം മുതല്‍ ഒരു വര്‍ഷമായി ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗികളിലും അവർ ഉപയോഗിച്ചിരുന്ന ക്രീമുകളിലും മെർക്കുറിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ചികിത്സാനുഭവത്തിൽ ഉൾപ്പെട്ട ഈ നാല് രോഗികളും പെൺകുട്ടികളായിരുന്നു. രോഗികളിൽ ചിലരുടെ രക്തത്തിലെ മെർക്കുറിയുടെ അളവ് മൂന്നക്ക സംഖ്യയിലെത്തിയിരുന്നുവെന്നും" അദ്ദേഹം പറയുന്നു.
"ഒരു കുട്ടിക്ക് ഏകദേശം ഒരു വർഷത്തെ ചികിത്സയ്ക്കുശേഷമാണ് മെർക്കുറിയുടെ അളവ് സാധാരണ നിലയിലായത്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം നിർത്തിയാൽ മെർക്കുറിയുടെ അളവ് കുറഞ്ഞുതുടങ്ങും. എന്നാൽ ശരീരത്തിലെ കലകളിൽ മെർക്കുറി സംഭരിക്കപ്പെടുന്നതിനാൽ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ആറുമാസം മുതൽ ഒരു വർഷം വരെ എടുത്തേക്കാം", അദ്ദേഹം വിശദീകരിച്ചു.
ക്രീമുകളുടെ ഉപയോഗം നിർത്തിയതോടെ കോട്ടക്കല്‍ മിംസ് നടത്തിയ പഠനത്തിലെ രോഗികളിൽ ഭൂരിഭാഗത്തിനും ആരോഗ്യനില മെച്ചപ്പെട്ടതും ശ്രദ്ധേയമാണ്. 13 പേരിൽ ആറുപേർ പൂർണമായും ഏഴുപേർ ഭാഗികമായും രോഗമുക്തി നേടി. ആവശ്യമായ ചികിത്സയ്ക്കൊപ്പം ക്രീമുകളുടെ ഉപയോഗം നിർത്തിയതോടെ മിക്കവർക്കും ശക്തമായ മരുന്നുകൾ ആവശ്യമായി വന്നില്ല.
മാധ്യമങ്ങളുടെ സ്വാധീനം ചെറുതല്ല
ഫെയർനെസ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനു പിന്നിൽ മാധ്യമങ്ങളും പരസ്യങ്ങളും വഹിക്കുന്ന പങ്ക് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. മുംബൈയിൽ 16 മുതൽ 60 വയസ്സുവരെയുള്ള 1,992 പേരെ ഉൾപ്പെടുത്തി ഹേമൽ ഷ്രോഫ്, ഫിലിപ്പ സി. ഡീഡ്രിക്ക്സ്, നാദിയ ക്രാഡോക്ക് എന്നിവര്‍ പഠനം നടത്തിയിരുന്നു. 2018-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പങ്കെടുത്തവരിൽ 37.6 ശതമാനം പേർ ഫെയർനെസ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരായിരുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ 44.6 ശതമാനം പേർ മാധ്യമങ്ങളും പരസ്യങ്ങളും ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി വ്യക്തമാക്കി. 20.6 ശതമാനം പേർ സുഹൃത്തുക്കളിൽനിന്നുള്ള സ്വാധീനവും ചൂണ്ടിക്കാട്ടി. ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനെത്തുടർന്ന് 17 ശതമാനം പേർ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ട് ചെയ്തു.
ഈ പഠനം ഇന്ത്യയിലെ മുഴുവൻ ജനസംഖ്യയെയും പ്രതിനിധീകരിക്കുന്നതല്ല. എങ്കിലും മാധ്യമങ്ങൾ, പരസ്യങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയ സാമൂഹിക ഘടകങ്ങൾ ഫെയർനെസ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലേക്ക് ഇത് ശ്രദ്ധ ക്ഷണിക്കുന്നു. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ഉൾക്കൊള്ളുന്ന ഈ വിപണി, സൗന്ദര്യസങ്കൽപ്പങ്ങൾ ലിംഗഭേദമില്ലാതെ വ്യാപിക്കുന്നതിന്റെ സൂചന കൂടിയാണ്.
ഇന്ത്യയിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമാണവും വിൽപ്പനയും നിയന്ത്രിക്കുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടും കോസ്മെറ്റിക്സ് നിയമങ്ങൾ, 2020-ഉം അടിസ്ഥാനമാക്കിയാണ്. ഈ നിയമപ്രകാരം സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറി സംയുക്തങ്ങൾ ചേർത്ത് നിർമിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പരസ്യങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്കും വിവേചനപരമായ അവതരണങ്ങൾക്കും എതിരെ വിവിധ നിയന്ത്രണ സംവിധാനങ്ങളുണ്ട്. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്സിഐ) ഫെയർനെസ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുണ്ട നിറമുള്ളവരെ അപകർഷതയുള്ളവരായി ചിത്രീകരിക്കരുത്, ചർമത്തിന്റെ നിറം കാരണം ഒരാൾക്ക് ജോലി, വിവാഹം, പ്രണയം തുടങ്ങിയ അവസരങ്ങൾ നഷ്ടപ്പെടുന്നതായി അവതരിപ്പിക്കരുത്, ഇരുണ്ട നിറത്തെ പരാജയത്തിന്റെയോ അസന്തുഷ്ടിയുടെയോ പ്രതീകമാക്കരുത് തുടങ്ങിയ നിർദേശങ്ങൾ ഇതിലുണ്ട്.
ദേശീയതലത്തിലുള്ള പഠനങ്ങൾക്കപ്പുറം കേരളത്തിലെ യുവാക്കൾക്കിടയിൽ ഫെയർനെസ് ഉൽപ്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണ്. കൗമാരക്കാര്‍, വിദ്യാർഥികൾ എന്നിവര്‍ക്കിടയിലെ ഉപയോഗം, യുവതികളും യുവാക്കളും തമ്മിലുള്ള വ്യത്യാസം, വിവാഹാലോചനകളിൽ നിറത്തിനുള്ള പ്രാധാന്യം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സ്വാധീനം തുടങ്ങിയവ പരിശോധിക്കപ്പെടേണ്ട മേഖലകളാണ്.
ബ്യൂട്ടി പാർലറുകൾ, സ്കിൻ ക്ലിനിക്കുകൾ, ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ പ്രചരിക്കുന്ന ഉൽപ്പന്നങ്ങളും അവയുടെ അവകാശവാദങ്ങളും അന്വേഷണവിധേയമാക്കണം. ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്താണ് അവകാശപ്പെടുന്നത്? ഉപഭോക്താക്കൾ എന്താണ് പ്രതീക്ഷിക്കുന്നത്? ഡോക്ടർമാർ ഇത്തരം ഉൽപ്പന്നങ്ങളെ എങ്ങനെ വിലയിരുത്തുന്നു? നിയന്ത്രണ ഏജൻസികൾക്ക് ലഭിക്കുന്ന പരാതികൾ എത്രയാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
നിയമങ്ങളുണ്ട് എന്നിട്ടും വിപണിയിൽ വിഷക്ക്രീമുകൾ കൂടുന്നു
ഫെയർനെസ് ക്രീമുകളിലെ മെർക്കുറിയുടെ സാന്നിധ്യം നിയന്ത്രിക്കാൻ ഇന്ത്യയിൽ കർശനമായ നിയമങ്ങളുണ്ട്. എന്നാൽ ഇത്തരം അപകടകാരികളായ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നതും യഥേഷ്ടം വിൽക്കപ്പെടുന്നതും തടയാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഇന്ത്യയിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമാണവും വിൽപ്പനയും നിയന്ത്രിക്കുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടും കോസ്മെറ്റിക്സ് നിയമങ്ങൾ, 2020-ഉം അടിസ്ഥാനമാക്കിയാണ്. ഈ നിയമപ്രകാരം സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറി സംയുക്തങ്ങൾ ചേർത്ത് നിർമിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കണ്ണിന്റെ ഭാഗത്ത് ഉപയോഗിക്കുന്ന ചില ഉൽപ്പന്നങ്ങളിൽ പ്രിസർവേറ്റീവായി അനുവദിച്ചിട്ടുള്ള പ്രത്യേക ഇളവ് മാത്രമാണ് ഇതിനുള്ള അപവാദം. എന്നാൽ ഈ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും അനുവദനീയമായതിന്റെ ആയിരക്കണക്കിന് മടങ്ങ് മെർക്കുറിയടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമായി എത്തുന്ന സാഹചര്യമാണുള്ളത്.
വ്യാജവും അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി 2023-ലാണ് കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ സൗന്ദര്യ’ എന്ന പ്രത്യേക പരിശോധനാ പദ്ധതി ആരംഭിച്ചത്. കടകൾ, ഗോഡൗണുകൾ, വിതരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ലൈസൻസില്ലാതെ നിർമിച്ചതും വിൽക്കുന്നതുമായ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കേരള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഓപ്പറേഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 7,59,303 രൂപയുടെ വ്യാജവും തെറ്റായ ലേബലുകളുള്ളതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആദ്യ ഘട്ടത്തിൽ 18 കേസുകളും രണ്ടാം ഘട്ടത്തിൽ 22 കേസുകളും മൂന്നാം ഘട്ടത്തിൽ 12 കേസുകളുമടക്കം മൂന്ന് ഘട്ടങ്ങളിലായി ആകെ 52 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2025 ജനുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ രണ്ട് ഘട്ടങ്ങളിലെ പരിശോധനയിൽ ലിപ്സ്റ്റിക്കുകളിലും ഫെയർനെസ് ക്രീമുകളിലും അനുവദനീയമായതിലും ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയിരുന്നു. ചില സാമ്പിളുകളിൽ അനുവദനീയമായ പരിധിയുടെ 12,000 മടങ്ങുവരെ മെർക്കുറിയുടെ സാന്നിധ്യമുണ്ടായിരുന്നു.
എന്നാൽ, കർശനമായ പരിശോധനകൾക്കുശേഷവും സമാനമായ കണ്ടെത്തലുകൾ ആവർത്തിച്ചു എന്നതാണ് ആശങ്കാജനകം. 2026 ഓഗസ്റ്റ് 12-ന് പുറത്തുവന്ന റിപ്പോർട്ടുപ്രകാരം ഓപ്പറേഷൻ സൗന്ദര്യയുടെ നാല് ഘട്ടങ്ങളിലായി 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കായി ശേഖരിച്ച ലിപ്സ്റ്റിക്കുകളുടെയും ഫെയർനെസ് ക്രീമുകളുടെയും സാമ്പിളുകളിൽ വീണ്ടും ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തി. ഫൈസ, ഗോറീ തുടങ്ങിയ ക്രീമുകളുടെ ചില സാമ്പിളുകളിൽ 20,000 പിപിഎം വരെ മെർക്കുറി കണ്ടെത്തിയതായും സാധുവായ നിർമാണ ലൈസൻസില്ലാതെയാണ് ഇവ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽനിന്ന് പിൻവലിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും വകുപ്പ് നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും പരിശോധനകളും പിടിച്ചെടുക്കലുകളും ആവർത്തിക്കുമ്പോഴും സമാനമായ ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലെത്തുന്നത് നിലവിലെ നിരീക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തുന്നു.
പരിശോധനാ സംവിധാനങ്ങളുണ്ടെങ്കിലും നിരന്തര നിരീക്ഷണമുണ്ടോ?
കേരളത്തിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും എൻഎബിഎൽ അംഗീകാരമുള്ള ലബോറട്ടറികൾ ഉൾപ്പെടെ നാല് സർക്കാർ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറികളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. മരുന്നുകൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഗുണനിലവാര പരിശോധന നടത്താൻ ഇവയ്ക്ക് ശേഷിയുണ്ട്.
വിപണിയിൽനിന്നും നിർമാണകേന്ദ്രങ്ങളിൽനിന്നും ഡ്രഗ്സ് ഇൻസ്പെക്ടർമാർ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് നിശ്ചിത ഫീസ് നൽകി സ്വന്തം കൈവശമുള്ള ഉൽപ്പന്നങ്ങളും പരിശോധനയ്ക്ക് നൽകാൻ സാധിക്കും. നാല് ലബോറട്ടറികൾക്കും കൂടി പ്രതിവർഷം ഏകദേശം 11,500 സാമ്പിളുകൾ വിശകലനം ചെയ്യാനുള്ള ശേഷിയുണ്ടെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്.
എന്നാൽ പരിശോധനാ സംവിധാനത്തിന്റെ ശേഷിയും യഥാർഥത്തിൽ വിപണിയിൽ നടക്കുന്ന പരിശോധനകളുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടാകാം. പ്രതിവർഷം എത്ര സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പരിശോധിക്കുന്നുണ്ട്? ഫെയർനെസ് ക്രീമുകൾക്കായി പ്രത്യേക പരിശോധന നടത്തുന്നുണ്ടോ? അപകടസാധ്യതയുള്ള ഉൽപ്പന്നങ്ങളെ കേന്ദ്രീകരിച്ച് നിരന്തര സാമ്പിൾ ശേഖരണം നടക്കുന്നുണ്ടോ? പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ മറ്റൊരു പേരിലോ വഴിയിലൂടെയോ വീണ്ടും വിപണിയിലെത്തുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ആവശ്യമാണ്.
സോഷ്യൽ മീഡിയയും അനധികൃത വിൽപ്പനശൃംഖലകളും
നിയന്ത്രണ സംവിധാനങ്ങൾക്ക് മുന്നിലുള്ള മറ്റൊരു വലിയ വെല്ലുവിളി ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പനശൃംഖലയാണ്. ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും പ്രാദേശിക കടകൾ വഴിയും ലൈസൻസില്ലാത്ത ക്രീമുകൾ യാതൊരു തടസ്സവുമില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇവയിൽ പല ഉൽപ്പന്നങ്ങളിലും നിർമാതാവിന്റെ പേരോ വിലാസമോ ഇറക്കുമതി വിവരങ്ങളോ കൃത്യമായ ചേരുവകളുടെ പട്ടികയോ ഉണ്ടാകാറില്ല.
ഓൺലൈൻ വിപണിയിലെ ഇത്തരം നിഗൂഢമായ വിൽപ്പനശൃംഖലകൾ കണ്ടെത്തുകയും അവയുടെ ഉറവിടം തിരിച്ചറിയുകയും ചെയ്യുന്നത് പരിശോധനാ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ഒരു കടയിൽനിന്ന് ഉൽപ്പന്നം പിടിച്ചെടുത്തതുകൊണ്ട് മാത്രം അതിന്റെ വിതരണശൃംഖല അവസാനിക്കുന്നില്ല; നിർമാണം, ഇറക്കുമതി, വിതരണം, ഓൺലൈൻ വിൽപ്പന തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ഒരുപോലെ കർശനമായ പരിശോധന ആവശ്യമാണ്.
ഉൽപ്പന്നം വാങ്ങുമ്പോൾ നിർമാതാവിന്റെ പേര്, വിലാസം, നിർമാണ ലൈസൻസ് തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉപഭോക്താക്കളോട് നിർദേശിക്കുന്നുണ്ട്. സംശയാസ്പദമായ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പരാതികൾ 1800-425-3182 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാനും സംവിധാനമുണ്ട്. എന്നാൽ ലേബലിൽ വിവരങ്ങളുണ്ടെന്നതുകൊണ്ട് മാത്രം ഒരു ഉൽപ്പന്നം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. ഉൽപ്പന്നങ്ങളുടെ യഥാർഥ ചേരുവകളും ഗുണനിലവാരവും ശാസ്ത്രീയമായി പരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ്.
നിയന്ത്രണങ്ങൾക്കപ്പുറം ആവശ്യമായത് ബോധവല്‍ക്കരണം
ഫെയർനെസ് ക്രീമുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കുന്നതിനെക്കാൾ പ്രധാനമാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നത്. പ്രത്യേകിച്ച് കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്.
"റെഗുലേഷനുകൾ കൃത്യമായി നടപ്പാക്കണം. യുവാക്കൾക്കിടയിലും സമൂഹത്തിലും ഇത്തരം ഉൽപ്പന്നങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. ഏത് ഉൽപ്പന്നമായാലും അത് വിഷാംശമുള്ളതാണോ എന്ന് പരിശോധിച്ചശേഷം മാത്രം വിൽപ്പന നടത്താനുള്ള സംവിധാനം ഉണ്ടാകണം", ഡോ. ഇസ്മയിൽ പറയുന്നു.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴേക്കും ആരോഗ്യപ്രശ്നം ഗുരുതരമായിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കണ്ണിനും മുഖത്തും നീര്, രക്തത്തിലെ ആൽബുമിൻ അളവ് ഗണ്യമായി കുറയുക തുടങ്ങിയവ രോഗം ഗുരുതരമാകുമ്പോൾ കാണുന്ന ലക്ഷണങ്ങളാണ്. തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങളില്ലാത്തതിനാൽ രോഗാവസ്ഥ തിരിച്ചറിയാൻ വൈകാനും ഇത് വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് മാറ്റേണ്ടത്?
സ്വന്തം ശരീരത്തെക്കുറിച്ച് ഓരോ വ്യക്തിക്കും തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. സൗന്ദര്യസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എന്നാൽ ആ തിരഞ്ഞെടുപ്പ് സാമൂഹിക സമ്മർദങ്ങളാലും നിറവിവേചനത്താലും നിർമിതമായ അരക്ഷിതബോധത്താലും സ്വാധീനിക്കപ്പെടുമ്പോൾ, അതിനെ കേവലം വ്യക്തിപരമായ താൽപര്യമായി മാത്രം കാണാനാകില്ല. വെളുത്ത നിറം സൗന്ദര്യത്തിന്റെയും വിജയത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും അടയാളമാണെന്ന ധാരണയെ ചോദ്യം ചെയ്യാതെ ഫെയർനെസ് ഉൽപ്പന്നങ്ങളുടെ വിപണിയെ മാത്രം വിമർശിച്ചാൽ പ്രശ്നത്തിന്റെ വേരുകളിലേക്ക് എത്താനാകില്ല. അതുപോലെ, പരസ്യങ്ങളുടെ ഭാഷയിലും പേരുകളിലും മാറ്റം വരുത്തിയതുകൊണ്ട് മാത്രം നിറവിവേചനത്തിന്റെ ലാഭക്കൊതി അവസാനിക്കുകയുമില്ല.
സ്വാഭാവികമായ ചർമനിറത്തെക്കുറിച്ച് അപകർഷതാബോധം പേറുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ സമൂഹത്തിനും മാധ്യമങ്ങൾക്കും പരസ്യവ്യവസായത്തിനും തുല്യ പങ്കുണ്ട്. ആ അരക്ഷിതബോധത്തെ ഉൽപ്പന്നങ്ങളുടെ ആവശ്യകതയാക്കി മാറ്റി, ഒടുവിൽ മനുഷ്യന്റെ ജീവനും ആരോഗ്യവും പണയം വെച്ച് ലാഭമുണ്ടാക്കുന്ന വിപണി സംവിധാനവും കർശനമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അവസാനം ഉയരുന്ന ചോദ്യം ഇതാണ്, സ്വന്തം ചർമനിറത്തിൽ തൃപ്തിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുന്നത് ആരാണ്? ആ അസംതൃപ്തിയെ വിപണിയാക്കി മാറ്റി ലാഭം കൊയ്യുന്നത് ആരാണ്? നിറം മാറ്റാനുള്ള വിഷക്കുപ്പികൾ വിപണിയിൽ വിറ്റഴിക്കുന്നതിന് മുമ്പ്, ഒരു പ്രത്യേക നിറം മാത്രമാണ് സൗന്ദര്യമെന്ന വികലമായ ധാരണ സമൂഹത്തിൽ എങ്ങനെ വേരൂന്നിയെന്ന് നാം അന്വേഷിക്കേണ്ടതില്ലേ?
The growing use of fairness creams in pursuit of lighter skin has raised serious concerns in Kerala following reports of kidney damage linked to products containing dangerously high levels of mercury. The case of a 17-year-old girl from Areekode, Malappuram, who reportedly developed a serious kidney condition after using F-Tune fairness cream, has brought renewed attention to the health risks associated with unregulated cosmetic products. However, the issue extends beyond a single product. Deep-rooted colourism, social pressure, media portrayals and beauty industry marketing continue to reinforce the perception that fair skin is associated with beauty, confidence and social acceptance. These insecurities are increasingly being exploited by cosmetic companies through advertisements, influencer promotions and products marketed as skin-brightening solutions.