പുത്തുമലയും മുണ്ടക്കൈയും ചൂരല്‍മലയും വിതച്ച ഉരുള്‍പൊട്ടല്‍ ഭീതിയുടെ കനലുകള്‍ വയനാടിന്റെ മനസ്സില്‍ ഇനിയും അണഞ്ഞിട്ടില്ല. ആ നടുക്കമാറും മുന്‍പാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 'ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി' തുരങ്കപ്പാതയുടെ പ്രധാന കവാടമായ കള്ളാടിയില്‍ വീണ്ടുമൊരു മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. എന്നാല്‍, ഈ അപകടത്തെ വെറുമൊരു 'മനുഷ്യനിര്‍മ്മിത' വീഴ്ചയായി ചിത്രീകരിച്ച് തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കരാര്‍ കമ്പനി മണ്ണ് യഥാസമയം മാറ്റാത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് സര്‍ക്കാരിന്റെ മുഖ്യവാദം.
എന്നാല്‍ ദുരന്തഭൂമിയില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നുണ്ട്. കേവലമൊരു മണ്‍തിട്ട ഇടിഞ്ഞു വീണതല്ല, മറിച്ച് മലയുടെ മുകളില്‍ നിന്ന് മണ്ണും വെള്ളവും പ്രവഹിച്ചെത്തിയ ശക്തമായ മലയിടിച്ചില്‍ തന്നെയാണ് അവിടെ സംഭവിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം അതീവ പരിസ്ഥിതി ലോല മേഖലയിലാണെന്നും (ഇഎസ്എ), ഉയര്‍ന്ന ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണെന്നും സംസ്ഥാന വിദഗ്ദ്ധ വിലയിരുത്തല്‍ സമിതി (എസ്ഇഎസി) നേരത്തെ തന്നെ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
'വടക്കേ ഇന്ത്യന്‍' ഫോര്‍മുലകളും കേരളത്തിന്റെ ശാസ്ത്രമേഖലയും
കേരളത്തിലെ നിര്‍മാണങ്ങളെയും പാരിസ്ഥിതിക പഠനങ്ങളെയും കുറിച്ച് കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (കെഎഫ്ആര്‍ഐ) ചീഫ് സയന്റിസ്റ്റ് ഡോ. ടിവി സജീവ് ഗൗരവമേറിയ ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ധാരാളം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് നാറ്റ്പാക്ക് (NATPAC), ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍, കോഴിക്കോട് ജല വിഭവ വിനിയോഗത്തെ കുറിച്ച് പഠിക്കാന്‍ സിഡബ്ല്യുആര്‍ഡിഎം (CWRDM), തൃശൂരില്‍ കെഎഫ്ആര്‍ഐ (KFRI), കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, കോട്ടയത്ത് കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം തുടങ്ങി ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി ആണ്. അതായത് വിവരങ്ങള്‍ ശേഖരിക്കാന്‍ കേരള സര്‍ക്കാരിനു സാധ്യമാകുന്ന സ്ഥാപനങ്ങള്‍ ആണ് ഇവയെല്ലാം. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ വിഭവ വിനിയോഗവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളില്‍ നിന്നെല്ലാം ഈ സ്ഥാപനങ്ങള്‍ പൂര്‍ണമായും പുറത്താക്കപ്പെട്ടിരിക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'വയനാട് വെള്ളരിമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ആദ്യം ചെയ്തത് കേരളത്തിലെ ശാസ്ത്രജ്ഞര്‍ ആരും അങ്ങോട്ട് പോകരുത് എന്ന് ഉത്തരവിറക്കുകയായിരുന്നു. പിന്നീട് അത് പിന്‍വലിച്ചു. ആ സമയത്ത് പഠനത്തിന് വന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ്. സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെ തടയാം എന്നതായിരുന്നു അവര്‍ മുന്നോട്ടുവെച്ച പരിഹാരം. എന്നാല്‍ അവര്‍ തിരിച്ചുപോയ ഉടനെയുള്ള മഴക്കാലത്താണ് റോഡ് പണിത പല സ്ഥലങ്ങളിലും അത് ഇടിഞ്ഞുപോയത്,' ഡോ. ടിവി സജീവ് ചൂണ്ടിക്കാണിക്കുന്നു.
'എപ്പോഴാണ് മല പൊട്ടി വരിക എന്ന പേടിയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇവിടെ തീരെ സുരക്ഷിതമല്ല. രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ ഞങ്ങള്‍ക്ക് പേടിയാണ്. വാടകയ്ക്ക് പോകാനൊന്നും പൈസയില്ല'
'കേരളത്തിന്റെ തനത് മഴയെക്കുറിച്ചും മണ്‍സൂണിനെക്കുറിച്ചും ഇവിടുത്തെ മണ്ണിന്റെയും ജലത്തിന്റെയും ഒഴുക്കിനെക്കുറിച്ചും വടക്കേ ഇന്ത്യയില്‍ നിന്നും വരുന്ന ശാസ്ത്രജ്ഞര്‍ക്കോ എന്‍ജിനീയര്‍മാര്‍ക്കോ കോണ്ട്രാക്ടര്‍മാര്‍ക്കോ വലിയ ധാരണകള്‍ ഉണ്ടാകില്ല. പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ മാത്രം താല്‍പര്യമുള്ള ആളുകളെ ആശ്രയിക്കുന്ന രീതി മാറി, 50 വര്‍ഷത്തോളമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ശാസ്ത്ര സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരോടു പഠനം നടത്താന്‍ ആവശ്യപ്പെടണം, അവര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കണം. എങ്കില്‍ മാത്രമേ ഇനി അപകടങ്ങളില്ലാത്ത അവസ്ഥയിലേക്ക് നമുക്ക് പോകാന്‍ സാധിക്കൂ', ഡോ. ടിവി സജീവ് പറഞ്ഞു.
കള്ളാടിയിലെ യാഥാര്‍ത്ഥ്യം
കള്ളാടിയില്‍ ഉണ്ടായത് മണ്ണിടിച്ചില്‍ തന്നെയാണെന്ന് പറയുകയാണ് ഡോ. സജീവ്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം. 'കൂട്ടിയിട്ട മണ്ണ് ഒഴുകി പോകണമെങ്കില്‍, മഴപെയ്ത് അതിനടുത്തായി വെള്ളം ധാരാളമായി കെട്ടിനില്‍ക്കണം. വെള്ളം ഉയര്‍ന്നുവന്ന് ഒരു പ്രത്യേക ലെവലില്‍ എത്തിയാലെ മണ്ണ് തള്ളിപ്പോവൂ. എന്നാല്‍ അവിടെ അങ്ങനെയല്ല സംഭവിച്ചത്. മണ്ണിടിച്ചില്‍ ആവും സംഭവിച്ചിട്ടുണ്ടാവുക. മുകളില്‍ നിന്നുണ്ടായ മണ്ണിടിച്ചിലിനൊപ്പം വെള്ളം ഉണ്ടാവുകയും ഒരുമിച്ച് വലിയ പ്രഷറില്‍ തള്ളി വരികയുമാണുണ്ടായത്', ഡോ. ടിവി സജീവ് മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.
ഭീതിയുടെ നിഴലില്‍ കഴിയുന്ന ജീവിതങ്ങള്‍
ജീവനില്‍ ഭയന്ന് കഴിയുന്ന മനുഷ്യരുടെ വിലാപങ്ങള്‍ കള്ളാടിയുടെ പരിസര പ്രദേശത്ത് നിന്നും കേള്‍ക്കാം. 'മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പരിഗണിക്കാത്ത പ്രദേശത്താണ് ഞങ്ങള്‍ കിടക്കുന്നത്. കുട്ടികളും പ്രായമായവരും വീടുകളിലുണ്ട്. സ്‌കൂളുകളോ ആശുപത്രികളോ ഇവിടെയില്ല. കള്ളാടിയില്‍ മണ്ണിടിഞ്ഞതോടെ വാഹന സൗകര്യവുമില്ല. മണ്ണിടിഞ്ഞുവീണ പാലത്തിലൂടെയാണ് ഞങ്ങളുടെ പ്രദേശത്തേക്ക് വരിക, ആകെയുള്ള വഴി അതാണ്,' ദുരന്തബാധിത മേഖലയിലുള്ള പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത യുവതി തന്റെ അവസ്ഥ വിവരിക്കുന്നു.
ചൂരല്‍മലയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഒറ്റപ്പെട്ടുപോയ പത്തോളം കുടുംബങ്ങള്‍ ഇപ്പോഴും വലിയ ഭീതിയിലാണ് ജീവിക്കുന്നത്. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയതിന്റെ രണ്ടാമത്തെ വര്‍ഷമാണ് അതിനോട് ചേര്‍ന്ന കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. 'എപ്പോഴാണ് മല പൊട്ടി വരിക എന്ന പേടിയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇവിടെ തീരെ സുരക്ഷിതമല്ല. രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ ഞങ്ങള്‍ക്ക് പേടിയാണ്. വാടകയ്ക്ക് പോകാനൊന്നും പൈസയില്ല', യുവതി പറയുന്നു. സര്‍ക്കാര്‍ തങ്ങള്‍ക്ക് വീട് വെച്ചുതരണം എന്നാണ് ഇവരുടെ ആവശ്യം. അതിന് സമയമെടുക്കുമെങ്കില്‍, മഴ കനക്കുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെങ്കിലും സര്‍ക്കാര്‍ ചിലവില്‍ തങ്ങളെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം എന്നാണ് ഈ മനുഷ്യര്‍ ആവശ്യപ്പെടുന്നത്.
അപൂര്‍ണ്ണമായ ഡിപിആറും സാമ്പത്തിക-പാരിസ്ഥിതിക വീഴ്ചകളും
2019-ലും 2024-ലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഉരുള്‍പൊട്ടലുകള്‍ നടന്ന, പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നതെന്ന് സംസ്ഥാന വിദഗ്ദ്ധ വിലയിരുത്തല്‍ സമിതി മുന്നറിയിപ്പ് നല്‍കിയതാണ്. അതിനാല്‍, നിര്‍മ്മാണ ഘട്ടത്തിലും പ്രവര്‍ത്തന ഘട്ടത്തിലും ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ആഘാതങ്ങളും ശാസ്ത്രീയമായ വിവരങ്ങളുടെയും മറ്റ് സമാന പദ്ധതികളുടെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്. സ്‌ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനം ചുറ്റുമുള്ള കെട്ടിടങ്ങളില്‍ വരുത്തുന്ന ആഘാതത്തെക്കുറിച്ച് അധിക രേഖകളില്‍ വ്യക്തതയില്ലെന്ന് സമിതി നിരീക്ഷിച്ചിരുന്നു. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ കാരണങ്ങളും ആഘാതങ്ങളും വിശദമായി പഠിച്ച് ഇവിടെ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളായി തരംതിരിച്ചിട്ടുള്ള തിരുവമ്പാടി, വെള്ളരിമല വില്ലേജുകളിലാണ് തുരങ്കം വരുന്നത്.
2043.74 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ വന്‍കിട പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ (ഇഎംപി) നടപ്പാക്കുന്നതിനുള്ള ചിലവുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് വലിയൊരു വീഴ്ചയായി സംസ്ഥാന വിദഗ്ദ്ധ വിലയിരുത്തല്‍ സമിതി ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതി മാനേജ്‌മെന്റ് പദ്ധതിക്കും നിരീക്ഷണത്തിനുമായി വെറും 1.02 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് എന്‍വയോണ്‍മെന്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ (സിഇആര്‍) ഭാഗമായി ആനക്കാംപൊയിലിലും മേപ്പാടിയിലുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതിനായി തുകയൊന്നും മാറ്റിവെച്ചിട്ടില്ല. ഇന്ത്യയിലെ പല തുരങ്കങ്ങളും തകരാന്‍ കാരണം തെറ്റായ അലൈന്‍മെന്റും അപ്രതീക്ഷിതമായ ജലപ്രവാഹവുമാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണിത്.
ജൈവവൈവിധ്യവും ആദിവാസി ജനവിഭാഗങ്ങളും ഭീഷണിയില്‍
തുരങ്ക പദ്ധതി പ്രദേശം അപൂര്‍വമായ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷികളായ 'ബാണാസുര ചിലപ്പന്‍', 'നീലഗിരി ചോലക്കിളി' എന്നിവയുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. ഐയുസിഎന്‍ (IUCN) റെഡ് ലിസ്റ്റ് പ്രകാരം ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള അഞ്ചു പക്ഷി ഇനങ്ങളും, പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 14 ഇനങ്ങളും ഇവിടെയുണ്ട്. നിര്‍ദ്ദിഷ്ട പാതയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗം വരുന്നുണ്ട്.
അതിശക്തമായ മഴയുണ്ടായാല്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തുന്നതിനുമായി തുരങ്കത്തിന്റെ ഇരുവശങ്ങളിലും ഓട്ടോമേറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ വലിയൊരു സാമൂഹിക പ്രതിസന്ധിയും ഈ പദ്ധതി ഉയര്‍ത്തുന്നുണ്ട്. തുരങ്ക പാതയുടെ വടക്കുഭാഗത്ത് 500 മീറ്റര്‍ മുതല്‍ 1.5 കി.മീറ്റര്‍ വരെ ദൂരത്തില്‍ നാല് ആദിവാസി കോളനികളുണ്ട്. വയനാട്ടിലെ അരണമല കാട്ടുനായ്ക്ക കോളനിയിലെ 27 കുടുംബങ്ങളെ പദ്ധതി നേരിട്ട് ബാധിക്കും. മാമ്മിക്ക്കുന്ന്, കുപ്പാച്ചി, കല്ലാടി, അരണമല കോളനികളിലെ 32 ആദിവാസികള്‍ നിര്‍ദ്ദിഷ്ട തുരങ്ക പാതയ്ക്ക് സമീപമാണ് താമസിക്കുന്നത്. പദ്ധതി വരുന്നതോടെ ഇവിടെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ രൂക്ഷമാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് സമിതി വിലയിരുത്തുന്നു. 8.753 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിന്റെ 5.76 കി.മീറ്റര്‍ ഭാഗവും കടന്നുപോകുന്നത് വനഭൂമിയിലൂടെയാണ്. പദ്ധതിക്കായി മൊത്തം 17.263 ഹെക്ടര്‍ വനഭൂമി ഉപയോഗിക്കേണ്ടതുണ്ട്. ഇതില്‍ 16.269 ഹെക്ടര്‍ ഭൂമിക്കടിയിലെ ആവശ്യങ്ങള്‍ക്കും 0.994 ഹെക്ടര്‍ ഉപരിതല ആവശ്യങ്ങള്‍ക്കുമാണ്.
വിദഗ്ദ്ധ സമിതിയുടെ നിബന്ധനകള്‍
ധന്‍ബാദിലെ സിഎസ്‌ഐആര്‍-സിഐഎംഎഫ്ആര്‍ റിപ്പോര്‍ട്ട് പ്രകാരം വന്‍തോതിലുള്ള നീരൊഴുക്കും പാറകള്‍ തകരുന്നതും ഇത്തരം തുരങ്ക പദ്ധതികളില്‍ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതിനാല്‍, അതീവ കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഇതിന് അനുമതി നല്‍കാവൂ എന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. ഇതിന്റെ ഭാഗമായി, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ കൃത്യമായ മൈക്രോ-സ്‌കെയില്‍ മാപ്പിങ് പരിചയസമ്പന്നരായ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നടത്തേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ഈ മാപ്പ് പ്രൊജക്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ, അതിശക്തമായ മഴയുണ്ടായാല്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തുന്നതിനുമായി തുരങ്കത്തിന്റെ ഇരുവശങ്ങളിലും ഓട്ടോമേറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്.
സ്‌ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനം കൃത്യമായി അളക്കാന്‍ ടണലിന്റെ വിവിധ ഭാഗങ്ങളില്‍ നാല് 'ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍' സജ്ജീകരിക്കുകയും, ഈ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സുതാര്യമായി ലഭ്യമാക്കുകയും വേണം. നിര്‍മ്മാണ വേളയില്‍ ഹെഡിങ് ആന്‍ഡ് ബെഞ്ചിങ് രീതിയിലൂടെ 2-2.5 മീറ്റര്‍ വരെ പരിമിതമായ ആഴത്തില്‍ മാത്രമേ നിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്താവൂ എന്നും ഭൂഗര്‍ഭ അവസ്ഥയ്ക്കനുസരിച്ച് പുതിയ ഓസ്ട്രിയന്‍ ടണലിങ് രീതിയോ ടണല്‍ ബോറിങ് മെഷീനോ മാത്രമേ ഉപയോഗിക്കാവൂ എന്നും സമിതി കര്‍ശനമായി നിര്‍ദേശിക്കുന്നു.
കള്ളാടിയില്‍ ഇപ്പോള്‍ പ്രകൃതി നല്‍കിയിരിക്കുന്ന അപായസൂചനകള്‍ ഭരണകൂടത്തിനു ലഭിച്ച ഒരു താക്കീതാണ്. പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകളും പുനര്‍വിചിന്തനങ്ങളും അടിയന്തരമായി ഉണ്ടായേ തീരൂ. അതിനൊപ്പം തന്നെ ഭീതിയുടെ നിഴലില്‍ കഴിയുന്ന മനുഷ്യരെ സുരക്ഷിതമായി പുനരധിവസിപ്പിക്കേണ്ടതുണ്ട്. പ്രകൃതിയെ അറിഞ്ഞും തദ്ദേശീയ അറിവുകളെ പരിഗണിച്ചുമുള്ള വികസന സംസ്‌കാരത്തിലേക്ക് കേരളം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
The recent landslide at Kalladi near the proposed Anakkampoyil–Kalladi–Meppadi tunnel project is not merely the collapse of excavated soil, but a genuine hillside landslide triggered by the movement of soil and water from higher elevations, argues KFRI Chief Scientist Dr. T.V. Sajeev. He criticises the Kerala government's reliance on external experts while sidelining the state's own scientific institutions, warning that Kerala's unique monsoon patterns and fragile ecology require locally informed research. The State Expert Appraisal Committee (SEAC) had already flagged the project area as environmentally sensitive and prone to landslides. It points to gaps in the project's DPR, inadequate environmental safeguards, risks to biodiversity and tribal communities, and urges authorities to adopt scientific recommendations while ensuring the safety and rehabilitation of residents living under constant threat.