പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത

നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രധാന പ്രവേശന കവാടമായ കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത
Published on

കേരളത്തെയാകെ നടുക്കിയ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് മുന്‍പ് തന്നെ വയനാട്ടില്‍ വീണ്ടുമൊരു ഭൗമദുരന്തം കൂടി സംഭവിച്ചിരിക്കുന്നു. നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രധാന പ്രവേശന കവാടമായ കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപമുണ്ടായ വന്‍ മണ്ണിടിച്ചില്‍ മൂന്ന് നിര്‍മാണ തൊഴിലാളികളുടെ ജീവനാണ് കവര്‍ന്നത്. കനത്ത മഴയെത്തുടര്‍ന്ന് പദ്ധതി പ്രദേശത്ത് കുന്നുകൂട്ടിയിട്ടിരുന്ന മണ്ണും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണായിരുന്നു അപകടം. പ്രദേശവാസികളും അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഏതാനും പേരെ രക്ഷപ്പെടുത്താനായെങ്കിലും മനുഷ്യനിര്‍മിതമായ ഇത്തരം ഇടപെടലുകള്‍ വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ആവര്‍ത്തനമാണ് കള്ളാടിയില്‍ കണ്ടത്.

ഇതൊരു മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഭരണകൂടത്തിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അപകടസാധ്യത കൃത്യമായി അറിഞ്ഞിട്ടും എന്തുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല? പാറ കാണുന്നത് വരെ, ഏകദേശം 45 മീറ്ററോളം ആഴത്തിലാണ് ഇവിടെ മണ്ണ് നീക്കം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വയനാട് ജില്ലയിലും കോഴിക്കോടിന്റെ കിഴക്കന്‍ മലയോരങ്ങളിലും ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഗൌരവമായി പരിഗണിക്കപ്പെടേണ്ട ദുരന്തമാണിത്. ദുരന്തസാധ്യത മുന്‍കൂട്ടി കണ്ട് ജൂണ്‍ 25-ന് ചേര്‍ന്ന അവലോകന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പും തുടര്‍ന്ന് ജില്ലാ കളക്ടറും മണ്ണ് നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി തുടങ്ങിയ പ്രതിഭാസങ്ങള്‍ വഴി അപകടമുണ്ടാകാം എന്ന മുന്നറിയിപ്പ് ഇവിടെ പൂര്‍ണമായും അവഗണിക്കപ്പെട്ടു.

മേപ്പാടി കള്ളാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം
മേപ്പാടി കള്ളാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം

വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചന മാത്രമാണ് കള്ളാടിയില്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് എന്ന് വയനാട് സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.കെ രാംദാസ് മാഡിസം ഡിജിറ്റലിനോട് പറഞ്ഞു. ഭരണകൂടത്തിന്റെ വിനാശകരമായ വികസന നയങ്ങളെയും ഉദാസീനതയെയും അദ്ദേഹം ശക്തമായി വിമര്‍ശിക്കുന്നു. "തെറ്റായ വികസനത്തിന്റെ ഭാഗമായി ഉണ്ടായ ദുരന്തമാണ് ഇപ്പോള്‍ നടത്തിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റികള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഈ പ്രദേശം അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. 1984 ലും 2018 ലും ഇവിടെ വലിയ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായി. പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും നിരന്തരം എതിര്‍പ്പും മുന്നറിയിപ്പും നല്‍കിയിട്ടും വളരെ വിചിത്രമായ ന്യായീകരണങ്ങള്‍ നിരത്തിയാണ് സര്‍ക്കാര്‍ തുരങ്കപാത പദ്ധതിയുമായി മുന്നോട്ടുപോയത്. ഇതിന്റെ ഫലമായി ഇപ്പോള്‍ പൊലിഞ്ഞിരിക്കുന്നത് പാവപ്പെട്ട സാധാരണക്കാരായ തൊഴിലാളികളുടെ ജീവനാണ്", സി.കെ രാംദാസ് പറഞ്ഞു.

പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത
കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മരണം സ്ഥിരീകരിച്ചു; അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു
എംകെ രാംദാസ്
എംകെ രാംദാസ്

"ഇതൊരു മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഭരണകൂടത്തിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അപകടസാധ്യത കൃത്യമായി അറിഞ്ഞിട്ടും എന്തുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല? പാറ കാണുന്നത് വരെ, ഏകദേശം 45 മീറ്ററോളം ആഴത്തിലാണ് ഇവിടെ മണ്ണ് നീക്കം ചെയ്തിരിക്കുന്നത്. വയനാട്ടില്‍ അതിശക്തമായി മഴ പെയ്യുന്ന സമയമായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ചൂരല്‍മല ദുരന്തത്തിന് ശേഷവും ഭരണകൂടത്തിന്റെ സമീപനത്തില്‍ ഒരു വ്യത്യാസവും വന്നിട്ടില്ലെന്നത് ഖേദകരമാണ്. സര്‍ക്കാരുകള്‍ നിയോഗിച്ച നിരവധി സര്‍വേകളില്‍ ഈ മേഖല 'റെഡ് സോണില്‍' ആണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ദുരന്തത്തിന്റെ വലിപ്പം എത്ര ആളുകള്‍ മരിച്ചു എന്നതിലല്ല, അത് ഭൂമിയില്‍ ഉണ്ടാക്കിയ ആഘാതം എത്രത്തോളം ഉണ്ട് എന്നതിലാണ്. വയനാട്ടില്‍ ഇനി വരാനിരിക്കുന്ന കനത്ത മഴയെ ഈ പ്രദേശം എങ്ങനെ അതിജീവിക്കും എന്നതാണ് ഞങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നത്", സി.കെ രാംദാസ് കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി ലോല മേഖലയിലെ വന്‍കിട നിര്‍മാണം, ആശങ്കകള്‍

പശ്ചിമഘട്ട മലനിരകളെ തുരന്ന് ഇന്ത്യയിലെ തന്നെ മൂന്നാമത്തെ വലിയ തുരങ്കപ്പാത നിര്‍മിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠനങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ നടന്നിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. 7500 അടി ഉയരമുള്ള വാവുല്‍ മല, ചേമ്പ്ര മല തുടങ്ങിയ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കുന്നുകള്‍ക്ക് അടിയിലൂടെയാണ് 8.6 കിലോമീറ്റര്‍ നീളമുള്ള ഈ പാത കടന്നുപോകുന്നത്. ഇതില്‍ 5.76 കിലോമീറ്ററും കടന്നുപോകുന്നത് വനഭൂമിയിലൂടെയാണ്. ഇതിനായി 17.263 ഹെക്ടര്‍ വനഭൂമിയാണ് വിട്ടുനല്‍കേണ്ടി വരുന്നത്. 16.269 ഹെക്ടര്‍ ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണത്തിനും 0.994 ഹെക്ടര്‍ അധിക ഭൂവിനിയോഗത്തിനുമായാണ് കണക്കാക്കിയിരിക്കുന്നത്. ഭോപ്പാല്‍ ആസ്ഥാനമായ 'ദിലിപ് ബില്‍ഡ്‌കോണ്‍', കൊല്‍ക്കത്ത ആസ്ഥാനമായ 'റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍' എന്നീ കമ്പനികളാണ് 2134 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ വന്‍കിട പദ്ധതിയുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയുടെ റെഡ് ലിസ്റ്റില്‍ ഇടംപിടിച്ച, വംശനാശഭീഷണി നേരിടുന്ന അഞ്ച് പക്ഷികളും പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ബാണാസുര ചിലപ്പന്‍, നീലഗിരി ഷോലക്കിളി എന്നിവയുള്‍പ്പെടെയുള്ള അപൂര്‍വ ജീവികളും ഈ കാടുകളിലുണ്ട്. കൂടാതെ, രാജ്യത്തെ വന്യജീവി സംരക്ഷണ നിയമത്തിന്റെ (1972) ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന 29 ജീവിവര്‍ഗങ്ങളുടെയും രണ്ടാം പട്ടികയിലുള്ള 155 ജീവിവര്‍ഗങ്ങളുടെയും നിലനില്‍പ്പിനെക്കൂടിയാണ് ഈ വന്‍കിട നിര്‍മാണം അപകടത്തിലാക്കുന്നത്.

അപ്രൈസല്‍ കമ്മിറ്റിയുടെ മുന്നറിയിപ്പും 25 വ്യവസ്ഥകളും

തുരങ്കപാത നിര്‍മാണത്തിനായി അനുമതി നല്‍കിയ അപ്രൈസല്‍ കമ്മിറ്റി തന്നെ ഈ പദ്ധതി വരുത്തിവെക്കാവുന്ന അതീവ ഗുരുതരമായ പാരിസ്ഥിതിക-സാമൂഹിക അപകടസാധ്യതകള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. പരിസ്ഥിതിലോല മേഖലയായി അടയാളപ്പെടുത്തിയ ഈ പ്രദേശത്തിന്റെ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ വന്‍കിട വികസന പദ്ധതികള്‍ ഇവിടെ ഒട്ടും അനുയോജ്യമല്ലെന്നാണ് സമിതിയുടെ പ്രധാന കണ്ടെത്തല്‍. 2019- ലും 2024- ലും വലിയ തോതില്‍ ജീവഹാനിയും കടുത്ത സ്വത്തുനാശവും വരുത്തിവെച്ച അതിശക്തമായ ഉരുള്‍പൊട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ച മേഖലയിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നത്. കൂടാതെ, ആനത്താരകള്‍ ഉള്‍പ്പെടുന്ന 17.26 ഹെക്ടര്‍ വനഭൂമിയെ ഈ നിര്‍മാണം നേരിട്ട് ബാധിക്കുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം വന്‍തോതില്‍ വര്‍ധിക്കുമെന്ന ഭീഷണിയുമുണ്ട്.

വയനാട് ജില്ല മണ്ണിടിച്ചിൽ സാധ്യത ഭൂപടം
വയനാട് ജില്ല മണ്ണിടിച്ചിൽ സാധ്യത ഭൂപടം

പശ്ചിമഘട്ടത്തിന്റെ മാത്രം സവിശേഷതയായ അതിസമ്പന്നമായ ജൈവവൈവിധ്യത്തിന്മേല്‍ ഈ പദ്ധതി ഏല്‍പ്പിക്കുന്ന ആഘാതവും ചെറുതല്ല. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയുടെ റെഡ് ലിസ്റ്റില്‍ ഇടംപിടിച്ച, വംശനാശഭീഷണി നേരിടുന്ന അഞ്ച് പക്ഷികളും പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ബാണാസുര ചിലപ്പന്‍, നീലഗിരി ഷോലക്കിളി എന്നിവയുള്‍പ്പെടെയുള്ള അപൂര്‍വ ജീവികളും ഈ കാടുകളിലുണ്ട്. കൂടാതെ, രാജ്യത്തെ വന്യജീവി സംരക്ഷണ നിയമത്തിന്റെ (1972) ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന 29 ജീവിവര്‍ഗങ്ങളുടെയും രണ്ടാം പട്ടികയിലുള്ള 155 ജീവിവര്‍ഗങ്ങളുടെയും നിലനില്‍പ്പിനെക്കൂടിയാണ് ഈ വന്‍കിട നിര്‍മാണം അപകടത്തിലാക്കുന്നത്.

പ്രകൃതിയെ മാത്രമല്ല, ഈ മണ്ണിലെ മനുഷ്യരെയും പദ്ധതി ദോഷകരമായി ബാധിക്കും. തുരങ്കപാതയുടെ കേവലം 500 മീറ്റര്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ മാത്രം ചുറ്റളവിലാണ് ആദിവാസി വിഭാഗങ്ങളുടെ നാല് പ്രധാന ആവാസകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പദ്ധതി ഇവരുടെ പരമ്പരാഗത ജീവിതസാഹചര്യങ്ങളെ തകിടം മറിക്കുകയും ഇവരെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും. ഇതിനെല്ലാം പുറമെ, തുരങ്ക നിര്‍മാണത്തിനായി നടത്തുന്ന വന്‍ സ്‌ഫോടനങ്ങള്‍ ഭൂമിയുടെ ഘടനയെ അസ്ഥിരപ്പെടുത്തുമെന്നും ഇത് ഭൂചലന സാധ്യതകള്‍ക്കും അപ്രതീക്ഷിതമായ നീരൊഴുക്കുകള്‍ക്കും വഴിവെച്ചേക്കാമെന്നും സമിതി തന്നെ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇത്രയും സങ്കീര്‍ണമായ അവസ്ഥയായിട്ടും പദ്ധതി നടപ്പാക്കുന്ന പൊതുമരാമത്ത് വകുപ്പ് ആവശ്യമായ ഭൗമശാസ്ത്ര-ജലശാസ്ത്ര പഠനങ്ങള്‍ കൃത്യമായി നടത്തിയിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത
വയനാടിന്റെ കണ്ണീര്‍ക്കാഴ്ചകള്‍: ശാസ്ത്രത്തെ അവഗണിക്കുന്നതിന്റെ വില നല്‍കുന്നത് ഇനിയുമെത്ര കാലം?

ചുരുക്കത്തില്‍, വന്‍കിട പദ്ധതികള്‍ക്ക് ഒരു തരത്തിലും അനുമതി നല്‍കാന്‍ പാടില്ലാത്ത വിധം ശക്തമായ വാദങ്ങളാണ് സമിതി തന്നെ നിരത്തുന്നത്. എന്നാല്‍, ഈ വന്‍ അപകടസാധ്യതകളെല്ലാം തല്‍കാലം മറികടക്കാന്‍ വേണ്ടി സമിതിതന്നെ 25 കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. നിര്‍മാണ ഘട്ടങ്ങളില്‍ പരമാവധി സുരക്ഷ ഉറപ്പാക്കുക, ടണല്‍ റോഡിന്റെ ഇരുവശങ്ങളിലും അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മേല്‍നോട്ടത്തിനായി ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കുക, അപ്പന്‍കാട് ആനത്താരയുടെ സംരക്ഷണത്തിനായി 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, 'ബാണാസുര ചിലപ്പന്‍' പക്ഷിയുടെ സംരക്ഷണത്തിനായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുക സമിതി മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍.

എന്നാല്‍, വെള്ളരിമല വില്ലേജിലും തിരുവമ്പാടി വില്ലേജിലും ഉണ്ടാകാന്‍ സാധ്യതയുള്ള മണ്ണൊലിപ്പ്, ഉരുള്‍പൊട്ടല്‍, വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ എന്നിവ തടയാന്‍ പ്രായോഗികമായ എന്ത് പ്രത്യേക നിയന്ത്രണങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാന്‍ ഈ വ്യവസ്ഥകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സിയാക്കിന്റെ നിര്‍ദേശങ്ങള്‍ എങ്ങനെയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന് കൃത്യമായൊരു രൂപരേഖ പോലുമില്ലാതെയാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.

വയനാട് തുരങ്കപാത (പ്രതീകാത്മക ചിത്രം)
വയനാട് തുരങ്കപാത (പ്രതീകാത്മക ചിത്രം)

മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുമ്പോള്‍

2020 ഡിസംബറില്‍ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജി, കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേര്‍ന്ന് 'വയനാട്ടില്‍ ഇനി വേണ്ടത് ജാഗ്രത' എന്ന പേരില്‍ ഒരു ഉരുള്‍പൊട്ടല്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയതായിരുന്നു ഇത്. കൂടാതെ ജില്ലാ ദുരന്തനിവാരണ സമിതി, മണ്ണുസംരക്ഷണ കേന്ദ്രം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സെസ് തുടങ്ങിയ വിവിധ ഔദ്യോഗിക ഏജന്‍സികളും പലപ്പോഴായി നടത്തിയ പഠനങ്ങളില്‍ മേപ്പാടി പഞ്ചായത്തിനെ 'അതീവ പാരിസ്ഥിതിക ദുര്‍ബല മേഖല'യായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും, ഇത്തരം ശാസ്ത്രീയ വിശകലനങ്ങളെയോ മുന്നറിയിപ്പുകളെയോ വകവെക്കാതെയാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് തുരങ്കപാത നിര്‍മാണവുമായി മുന്നോട്ട് പോകുന്നത്.

പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത
വയനാടിനെ വിറപ്പിച്ച് കള്ളാടി: അപകടത്തിന് ശേഷം 'റെഡ് അലർട്ട്', മണ്ണിടിച്ചിലിൽ ഒരു മരണം

കോഴിക്കോട്-വയനാട് യാത്രാദൈര്‍ഘ്യം കുറയ്ക്കുക, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെഐഎഫ്ബി ഫണ്ടിങില്‍ കൊങ്കണ്‍ റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ ഈ പദ്ധതി വിഭാവനം ചെയ്തത്. സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അന്തിമ പാരിസ്ഥിതിക അനുമതി നല്‍കിയതോടെയാണ് കഴിഞ്ഞ വര്‍ഷം വയനാട് തുരങ്കപാത നിര്‍മാണത്തിന് വഴിതുറന്നത്. എന്നാല്‍, നിലവില്‍ പ്രതിവര്‍ഷം 3000 മി.മീ മുതല്‍ 5000 മി.മീ വരെ അതിതീവ്ര മഴ ലഭിക്കുന്ന, റെഡ് സോണില്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശത്ത് നടത്തുന്ന നിര്‍മാണങ്ങള്‍ ഭൂമിയുടെ ഘടനയെതന്നെ മാറ്റിമറിക്കും. ഭാവിയില്‍ ഇത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല, ചാലിയാര്‍, കബനി തുടങ്ങിയ നദികളുടെ നീര്‍ത്തടങ്ങളെയും അസംഖ്യം നീരുറവകളെയും ഈ തുരങ്കനിര്‍മാണം ദോഷകരമായി ബാധിക്കും.

വികസനത്തിന്റെ പേരില്‍ പ്രകൃതിയുടെ സ്വാഭാവിക ഘടനയെ തകിടം മറിക്കുമ്പോള്‍ ദുരന്തത്തിന് ഇരയാകുന്നത് സാധാരണക്കാരായ തൊഴിലാളികളും പ്രദേശവാസികളുമാണ്. കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ശാസ്ത്രീയമായ ഭൗമ-ജലശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമായി മാത്രമേ ഇത്തരം വന്‍കിട പദ്ധതികളുമായി മുന്നോട്ട് പോകാവൂ എന്ന യാഥാര്‍ഥ്യം അധികൃതര്‍ തിരിച്ചറിയേണ്ടതുണ്ട്.

Summary

The recent landslide at Kalladi near the proposed Anakkampoyil–Kalladi–Meppadi tunnel road in Wayanad, which claimed the lives of three construction workers, has intensified concerns over large-scale infrastructure projects in the ecologically fragile Western Ghats. Environmentalists argue that the disaster was preventable, pointing to ignored warnings from officials and disaster management agencies regarding slope instability and heavy rainfall. The 8.6-km tunnel, expected to become India's third-largest road tunnel, will pass beneath environmentally sensitive regions, including forest land and wildlife habitats.

Madism Digital
madismdigital.com