കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇതരസംസ്ഥാന തൊഴിലാളികൾ

മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ എന്നിവരാണ് മരിച്ചത്.
കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇതരസംസ്ഥാന തൊഴിലാളികൾ
Published on

മേപ്പാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ എന്നിവരാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട 18 പേരിൽ 10 പേരെ പരുക്കുകളോടെ മേപ്പാടി വിംസ് (WIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശേഷിക്കുന്ന അഞ്ച് പേർക്കായി വിവിധ സുരക്ഷാ സേനകളുടെ നേതൃത്വത്തിൽ പ്രദേശത്ത് തീവ്രമായ തിരച്ചിൽ പുരോഗമിക്കുകയാണ്.

പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ഇതേതുടർന്ന് മേപ്പാടി-ചൂരൽമല റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇതരസംസ്ഥാന തൊഴിലാളികൾ
വയനാടിന്റെ കണ്ണീര്‍ക്കാഴ്ചകള്‍: ശാസ്ത്രത്തെ അവഗണിക്കുന്നതിന്റെ വില നല്‍കുന്നത് ഇനിയുമെത്ര കാലം?

വിവിധ സേനാംഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പാലത്തിലേക്ക് പതിച്ച വലിയ തോതിലുള്ള മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസിന്റെ സ്നിഫർ നായകളെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തുന്നുണ്ട്.

പ്രദേശത്ത് കനത്ത മഴയുള്ളതിനാൽ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിരുന്നു. അതിനാൽ അപകടസമയത്ത് നിർമ്മാണ ജോലികൾ നടക്കുന്നുണ്ടായിരുന്നില്ല എന്നത് വലിയൊരു ദുരന്തമൊഴിവാക്കി.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കള്ളാടിയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര അവലോകന യോഗം ചേർന്നു. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്.

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇതരസംസ്ഥാന തൊഴിലാളികൾ
വയനാടിനെ വിറപ്പിച്ച് കള്ളാടി: അപകടത്തിന് ശേഷം 'റെഡ് അലർട്ട്', മണ്ണിടിച്ചിലിൽ ഒരു മരണം

അതിനിടെ, കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും നിർണായക രേഖകളും പുറത്തുവന്നു. തുരങ്കപാതയുടെ നിർമ്മാണ പ്രദേശത്തുനിന്ന് മണ്ണ് പൂർണമായും നീക്കാൻ നിർദേശം നൽകിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ അവലോകന യോഗ മിനിട്സാണ് പുറത്തുവന്നത്.

കൂട്ടിയിട്ട മണ്ണ് നീക്കാൻ 17 ദിവസം മുൻപ് തന്നെ നിർദേശം നൽകിയിരുന്നുവെന്നും, കഴിഞ്ഞ മാസം 20-ന് ജില്ലാ കളക്ടർ ഇതിനായി ഉത്തരവിറക്കിയിട്ടും കരാറുകാർ അത് പാലിച്ചില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ രേഖകൾ. കൂട്ടിയിട്ട മണ്ണിന്റെ ഉയരം കുറയ്ക്കാൻ മാത്രമാണ് നിർദേശം നൽകിയിരുന്നതെന്നും, മണ്ണ് പൂർണ്ണമായും മാറ്റുന്നത് കൂടുതൽ അപകടം ചെയ്യുമെന്നായിരുന്നു വിലയിരുത്തലെന്നും മിനിട്സിൽ വ്യക്തമാക്കുന്നു.

രേഖകൾ പുറത്തുവന്നതോടെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ചർച്ചയാകുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Madism Digital
madismdigital.com