ആയുർദൈർഘ്യം ഉയർന്നത് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. എന്നാൽ ദീർഘകാലം ജീവിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ ആരോഗ്യസംവിധാനത്തിന് പുതിയ ഉത്തരവാദിത്തങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, സന്ധിരോഗങ്ങൾ, കാഴ്ച-കേൾവി പ്രശ്നങ്ങൾ, ഓർമക്കുറവ് തുടങ്ങിയ അവസ്ഥകൾ കൂടുതലായി കാണപ്പെടാം. ഇവയെല്ലാം വാർധക്യത്തിന്റെ അനിവാര്യമായ ഭാഗങ്ങളല്ലെങ്കിലും, പ്രായം കൂടുന്നതിനൊപ്പം അവയുടെ സാധ്യത ഉയരുന്നു.
1956 നവംബർ ഒന്നിന് ഐക്യകേരളം പിറവിയെടുക്കുമ്പോൾ വസൂരിയും മലമ്പനിയും കോളറയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ജനജീവിതത്തെ ഭീതിയിലാഴ്ത്തിയിരുന്ന ഒരു നാടായിരുന്നു കേരളം. ശിശുമരണവും പ്രസവസംബന്ധമായ സങ്കീർണതകളും വലിയ ആശങ്കയായിരുന്നു. ഒരു കുട്ടിയുടെ ജനനവും ഒരു അമ്മയുടെ പ്രസവവും സുരക്ഷിതമായി പൂർത്തിയാകുമോ എന്നത് ഇന്നത്തെപ്പോലെ ഉറപ്പുള്ള കാര്യമായിരുന്നില്ല. രോഗം വന്നാൽ ചികിത്സ ലഭിക്കുമോ, ലഭിച്ചാൽ ജീവൻ തിരിച്ചുകിട്ടുമോ എന്നൊക്കെ പലപ്പോഴും ആശങ്കയോടെ കാത്തിരിക്കേണ്ടിയിരുന്ന കാലം.
അവിടെനിന്ന് ഏഴു പതിറ്റാണ്ടുകൾക്കിപ്പുറം, ശിശുമരണനിരക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായും ആയുർദൈർഘ്യം ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിലയിലൊന്നായും എത്തിയിരിക്കുന്നു നമ്മൾ. മാതൃമരണനിരക്ക് ഗണ്യമായി കുറഞ്ഞു. ആശുപത്രികളിൽ പ്രസവിക്കുന്നത് സാധാരണമായി. നവജാതശിശുക്കൾക്കുള്ള തീവ്രപരിചരണം മുതൽ അവയവമാറ്റ ശസ്ത്രക്രിയകളും ആധുനിക കാൻസർ ചികിത്സയും വരെ ലഭ്യമാകുന്ന ആരോഗ്യസംവിധാനം ഇവിടെ വളർന്നു.
നമ്മൾ പലർക്കും കേട്ടുകേൾവി മാത്രമായ ഒരു രോഗമായിരുന്നു വസൂരി. ഒരുകാലത്തത് ഒരു രോഗം മാത്രമായിരുന്നില്ല, മരണഭീതിയുടെ പര്യായമായിരുന്നു. രോഗം വന്നാൽ അതിജീവിക്കുമോ എന്ന ആശങ്കയ്ക്കൊപ്പം അതിജീവിച്ചവരിൽ ഗുരുതരമായ വൈകല്യങ്ങളും അവശേഷിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. ആ മാരക വിപത്തിനെ പിടിച്ചു കെട്ടിയത് വാക്സിനേഷൻ എന്ന പ്രക്രിയയിലൂടെയായിരുന്നു.
എന്നാൽ ഇതിനെ കേവലം മെഡിക്കൽ സയൻസിന്റെ വിജയകഥയായി മാത്രം വായിച്ചാൽ കേരളത്തിന്റെ യഥാർഥ ചരിത്രം നമുക്ക് മനസ്സിലാകില്ല. ഇത് മലയാളിയുടെ കുടുംബജീവിതത്തിലും ഭക്ഷണശീലങ്ങളിലും സ്ത്രീ സ്വാതന്ത്ര്യത്തിലും മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും സാമൂഹിക ഉത്തരവാദിത്തബോധത്തിലും ഉണ്ടായ വലിയ മാറ്റത്തിന്റെ കൂടി ചരിത്രമാണ്. കേരളത്തിന്റെ ആരോഗ്യവികസനത്തിന്റെ കഥ ഈ വിശാലമായ പശ്ചാത്തലത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്.
ആധുനിക വൈദ്യശാസ്ത്രത്തോടുള്ള കേരളത്തിന്റെ ബന്ധം 1956-ൽ സംസ്ഥാനരൂപീകരണത്തോടെ തുടങ്ങിയതല്ല. അതിനും വളരെ മുൻപ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വ്യത്യസ്ത രീതികളിൽ ആധുനിക ചികിത്സാസംവിധാനങ്ങൾ വളർന്നുതുടങ്ങിയിരുന്നു.
1813-ൽ തിരുവിതാംകൂറിൽ വസൂരിക്കെതിരായ വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. എഡ്വേർഡ് ജെന്നർ വസൂരി വാക്സിൻ അവതരിപ്പിച്ചതിന് പതിനഞ്ചു വർഷങ്ങൾക്കുള്ളിൽത്തന്നെ അതിന്റെ പ്രയോജനം ഇവിടെ എത്തിയത് ശ്രദ്ധേയമാണ്. രോഗപ്രതിരോധം എന്ന ആശയം അന്നുതന്നെ ഭരണകൂടത്തിന്റെ പൊതുജനാരോഗ്യ ഇടപെടലുകളിൽ ഇടംപിടിച്ചു തുടങ്ങിയിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ആശുപത്രികൾ, ഡിസ്പെൻസറികൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ, കുഷ്ഠരോഗ ചികിത്സാകേന്ദ്രങ്ങൾ തുടങ്ങിയവ ഇവിടെ രൂപപ്പെട്ടു. പിന്നീട് കണ്ണുരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും പ്രത്യേക ചികിത്സാസംവിധാനങ്ങൾ വളർന്നു. ഇവയുടെ വ്യാപ്തിയും ഗുണനിലവാരവും അന്നത്തെ ജനസംഖ്യയുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമായിരുന്നെങ്കിലും, പൊതുജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കുക എന്ന ആശയം ക്രമേണ സ്ഥാപനവൽക്കരിക്കപ്പെട്ടു.
1951-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ മെഡിക്കൽ കോളജ് കേരളത്തിന്റെ ആധുനിക വൈദ്യവിദ്യാഭ്യാസ ചരിത്രത്തിലെ നിർണായക ചുവടുവയ്പായിരുന്നു. തുടർന്ന് കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും മെഡിക്കൽ വിദ്യാഭ്യാസം വ്യാപിച്ചു. 1976-ൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്ഥാപിതമായതോടെ ഉയർന്ന നിലവാരത്തിലുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള മറ്റൊരു പ്രധാന കേന്ദ്രംകൂടി കേരളത്തിന് ലഭിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ആശുപത്രികൾ സ്ഥാപിക്കപ്പെട്ടതുകൊണ്ടു മാത്രം ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടില്ല. അവിടേക്ക് എത്താൻ വഴിയും യാത്രാസൗകര്യവും വേണം, ചികിത്സയുടെ പ്രാധാന്യം തിരിച്ചറിയാനുള്ള അറിവ് വേണം, ചികിത്സ തേടാനുള്ള സാമ്പത്തികശേഷിയും സാമൂഹിക അനുമതിയും വേണം. കേരളത്തിന്റെ തുടർന്നുള്ള മുന്നേറ്റം ഈ തടസ്സങ്ങളെ ഓരോന്നായി മറികടക്കാനുള്ള ശ്രമങ്ങളുടെ ചരിത്രംകൂടിയാണ്.
ലോകശ്രദ്ധ നേടിയ കേരള മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്, സാമ്പത്തിക വരുമാനത്തിലെ വളർച്ചയ്ക്കൊപ്പമല്ലാതെ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികനീതി, പൊതുസേവനങ്ങൾ എന്നിവയിൽ കൈവരിച്ച പുരോഗതിയാണ്.
കേരളം രൂപംകൊണ്ട കാലത്ത് ആധുനിക ചികിത്സാസൗകര്യങ്ങൾ നഗരങ്ങളിലും പ്രധാന പട്ടണങ്ങളിലുമാണ് കൂടുതലായി കേന്ദ്രീകരിച്ചിരുന്നത്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ദൂരയാത്രകൾ വേണ്ടിവന്നിരുന്നു. പ്രസവസങ്കീർണതകളോ പാമ്പുകടിയോ പകർച്ചവ്യാധികളോ ഉണ്ടായാൽ സമയബന്ധിതമായ ചികിത്സ ലഭിക്കാത്തത് മരണസാധ്യത വർധിപ്പിച്ചു.
ഐക്യകേരളപ്പിറവി കഴിഞ്ഞ ആദ്യ പതിറ്റാണ്ടുകളിൽ തന്നെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സർക്കാർ ആശുപത്രികളും ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചത് നിർണായകമായ മാറ്റമായി. ഒരു രോഗി ഗുരുതരാവസ്ഥയിലായശേഷം മാത്രം ആശുപത്രിയിലെത്തുന്ന രീതിയിൽനിന്ന് രോഗം തടയാനും നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്ന പൊതുജനാരോഗ്യ സംവിധാനത്തിലേക്ക് അന്നേ കേരളം നീങ്ങിത്തുടങ്ങിയിരുന്നു.
വാക്സിനേഷൻ, ഗർഭിണികളുടെ പരിശോധന, കുട്ടികളുടെ വളർച്ചാനിരീക്ഷണം, കുടുംബാസൂത്രണം, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ ആശുപത്രികളുടെ ചുവരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ആളുകളെ ബോധവൽക്കരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്തു.
നമ്മൾ പലർക്കും കേട്ടുകേൾവി മാത്രമായ ഒരു രോഗമായിരുന്നു വസൂരി. ഒരുകാലത്തത് ഒരു രോഗം മാത്രമായിരുന്നില്ല, മരണഭീതിയുടെ പര്യായമായിരുന്നു. രോഗം വന്നാൽ അതിജീവിക്കുമോ എന്ന ആശങ്കയ്ക്കൊപ്പം അതിജീവിച്ചവരിൽ ഗുരുതരമായ വൈകല്യങ്ങളും അവശേഷിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. ആ മാരക വിപത്തിനെ പിടിച്ചു കെട്ടിയത് വാക്സിനേഷൻ എന്ന പ്രക്രിയയിലൂടെയായിരുന്നു. അക്കാലത്ത് വാക്സിനേഷൻ പരിപാടികൾ വ്യാപിപ്പിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ നേരിട്ട സാമൂഹിക പ്രതിരോധം ചരിത്രത്തിന്റെ ഭാഗമാണ്. വാക്സിൻ എടുക്കാനുള്ള ഭയവും തെറ്റിദ്ധാരണകളും മതപരവും സാംസ്കാരികവുമായ ധാരാളം എതിർപ്പുകളും മറികടക്കേണ്ടിവന്നു. ആളുകളെ ബോധവൽക്കരിക്കുകയും വീടുകളിലെത്തി ചിലപ്പോഴൊക്കെ നിർബന്ധപൂർവ്വം പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും ചെയ്യേണ്ടിവന്നു. ഒരുപാട് പണിപ്പെട്ടാണ് വസൂരിയെ നമ്മൾ ഉന്മൂലനം ചെയ്തത്.
അതുപോലെ പോളിയോ നിർമാർജനത്തിനായുള്ള ആവർത്തിച്ചുള്ള ദേശീയ പ്രതിരോധദിനങ്ങളും കേരളത്തിന്റെ പൊതുജനാരോഗ്യചരിത്രത്തിൽ പ്രധാനപ്പെട്ടതാണ്. ഒരേ കുട്ടിക്ക് പലതവണ വാക്സിൻ നൽകുന്നതും വീടുതോറും കുട്ടികളെ കണ്ടെത്തുന്നതും ബോധവൽക്കരണവും ജനകീയ പങ്കാളിത്തവും ചേർന്നാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. വേറെയും എത്രയോ രോഗങ്ങൾ വാക്സിനേഷൻ കൊണ്ട് നമ്മൾ നിയന്ത്രിച്ചു നിർത്തിയിരിക്കുന്നു.
ഒരു സ്ത്രീക്ക് വായിക്കാനും എഴുതാനും കഴിയുന്നത് അവളുടെ വ്യക്തിപരമായ നേട്ടം മാത്രമല്ല. ഗർഭകാലത്തെ പരിശോധനകൾ എന്തിനാണെന്നും കുട്ടിക്ക് വാക്സിൻ നൽകേണ്ടത് എന്തിനാണെന്നും പോഷകാഹാരത്തിന്റെ പ്രാധാന്യം എന്താണെന്നും രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എപ്പോൾ ആശുപത്രിയിലെത്തണമെന്നും മനസ്സിലാക്കാനുള്ള അവസരമാണത്.
എന്നുവച്ചാൽ കേരള മോഡൽ ആരോഗ്യത്തിന്റെ അടിത്തറ പലപ്പോഴും ആശുപത്രികൾക്ക് പുറത്തായിരുന്നു എന്ന് സാരം. ലോകശ്രദ്ധ നേടിയ കേരള മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്, സാമ്പത്തിക വരുമാനത്തിലെ വളർച്ചയ്ക്കൊപ്പമല്ലാതെ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികനീതി, പൊതുസേവനങ്ങൾ എന്നിവയിൽ കൈവരിച്ച പുരോഗതിയാണ്. 1990-ലെ ഐക്യരാഷ്ട്ര വികസന പരിപാടിയുടെ മനുഷ്യവികസന റിപ്പോർട്ട് വികസനത്തെ വരുമാനത്തിന്റെയോ ഉത്പ്പാദനത്തിന്റെയോ വളർച്ചയായി മാത്രം കാണാതെ, മനുഷ്യർക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും വിദ്യാഭ്യാസം നേടാനും ജീവിതാവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന സാഹചര്യങ്ങളുടെ വിപുലീകരണമായി അവതരിപ്പിച്ചു. കേരളത്തിന്റെ അനുഭവം ഈ വിശാലമായ മനുഷ്യവികസന കാഴ്ചപ്പാടുമായി ചേർത്തുവായിക്കാവുന്നതാണ്.
കേരളത്തിന്റെ ആരോഗ്യവികസനത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച ഘടകങ്ങൾ പലതാണ്.
1. പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനം.
2. സ്ത്രീകളുടെ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഉണ്ടായ പുരോഗതി.
3. ഭൂമിയുടെ അവകാശങ്ങളിലും സാമൂഹിക അധികാരഘടനയിലും ഉണ്ടായ മാറ്റങ്ങൾ.
4. പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയതും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തിയതും.
5. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സർക്കാർ ആശുപത്രികളും വ്യാപിപ്പിച്ചത്.
6. വാക്സിനേഷൻ, മാതൃ-ശിശു പരിചരണം, കുടുംബാസൂത്രണം എന്നിവയുടെ വ്യാപനം.
7. ശുദ്ധജലം, ശുചിത്വം, പോഷകാഹാരം എന്നിവയ്ക്ക് ലഭിച്ച വർധിച്ച പ്രാധാന്യം.
8. ജനകീയ പ്രസ്ഥാനങ്ങളും വായനശാലകളും ശാസ്ത്രബോധ പ്രചാരണവും.
9. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പങ്കാളിത്തം.
ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിച്ച ഘടകങ്ങളാണ്. വിദ്യാഭ്യാസം ആരോഗ്യബോധം വളർത്തി, ആരോഗ്യബോധം പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി, ഭക്ഷ്യലഭ്യതയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചു, ചികിത്സ ലഭ്യമാകുന്നത് രോഗം മൂലമുള്ള മരണങ്ങൾ കുറച്ചു. അതുകൊണ്ടുതന്നെ കേരളത്തിന്റെ ആരോഗ്യവികസനത്തെ ഒരു ആശുപത്രിയുടെ വിജയമായോ ഒരു സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ നേട്ടമായോ വിശദീകരിക്കാനാവില്ല. അത് പതിറ്റാണ്ടുകളായി രൂപപ്പെട്ട സാമൂഹിക നിക്ഷേപത്തിന്റെ ഫലമാണ്.
കേരളത്തിന്റെ ആരോഗ്യചരിത്രത്തിൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയ ഘടകങ്ങളിലൊന്ന് സ്ത്രീവിദ്യാഭ്യാസത്തിന്റെ വ്യാപനമാണ്. ഒരു സ്ത്രീക്ക് വായിക്കാനും എഴുതാനും കഴിയുന്നത് അവളുടെ വ്യക്തിപരമായ നേട്ടം മാത്രമല്ല. ഗർഭകാലത്തെ പരിശോധനകൾ എന്തിനാണെന്നും കുട്ടിക്ക് വാക്സിൻ നൽകേണ്ടത് എന്തിനാണെന്നും പോഷകാഹാരത്തിന്റെ പ്രാധാന്യം എന്താണെന്നും രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എപ്പോൾ ആശുപത്രിയിലെത്തണമെന്നും മനസ്സിലാക്കാനുള്ള അവസരമാണത്.
വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് കുടുംബത്തിലെ ആരോഗ്യകാര്യങ്ങളിൽ അഭിപ്രായം പറയാനും ചികിത്സ തേടാനുള്ള തീരുമാനങ്ങളിൽ പങ്കാളികളാകാനും കൂടുതൽ സാധ്യത ലഭിച്ചു. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും തീരുമാനാധികാരവും ലഭിക്കുന്നതോടെ സ്വന്തം ശരീരത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും കുടുംബത്തിന്റെ വലുപ്പത്തെക്കുറിച്ചും തീരുമാനമെടുക്കാനുള്ള സാധ്യതയും വർധിച്ചു.
ഇതിന്റെ പ്രതിഫലനം മാതൃ-ശിശു ആരോഗ്യ സൂചികകളിൽ കാണാം. കേരളത്തിന്റെ ചരിത്രം കാണിച്ചുതരുന്നത്, സ്ത്രീയുടെ ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും വേർതിരിച്ചുനിർത്താനാവില്ല എന്നതാണ് ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ വിശപ്പും പോഷകാഹാരക്കുറവും ഒരു സമൂഹത്തിന്റെ ആരോഗ്യത്തെ നിർണയിക്കുന്ന അടിസ്ഥാന ഘടകങ്ങളാണെന്ന കാര്യവും ഓർക്കേണ്ടതുണ്ട്.
കേരളത്തിൽ പൊതുവിതരണ സംവിധാനത്തിന്റെ വ്യാപനവും റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയതും ഭക്ഷ്യസുരക്ഷയിൽ പ്രധാന പങ്കുവഹിച്ചു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകുന്നത് അവരുടെ ഭക്ഷണച്ചെലവിന്റെ സമ്മർദം കുറയ്ക്കാനും കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും സഹായിച്ചു.
കുട്ടികളുടെ പോഷണത്തിലും ആരോഗ്യത്തിലും അംഗൻവാടികൾക്ക് നിർണായക സ്ഥാനമുണ്ട്. സംയോജിത ശിശുവികസന സേവനപദ്ധതിയുടെ ഭാഗമായി പോഷകാഹാരപിന്തുണ, വളർച്ചാനിരീക്ഷണം, പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യബോധവൽക്കരണം എന്നിവ കുട്ടികളിലേക്കും അമ്മമാരിലേക്കും എത്തുന്നതും അരോഗ്യ വിദ്യാഭ്യാസത്തിൻ്റെ കൂടി ഭാഗമാണ്.
കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ വലിയ മാറ്റമുണ്ടാക്കിയ മേഖലകളിലൊന്നാണ് പ്രത്യുൽപാദനാരോഗ്യം. ഒരു കാലത്ത് വലിയ കുടുംബങ്ങൾ സാധാരണമായിരുന്നു. കുട്ടികളിൽ പലരും ശൈശവത്തിൽ മരിച്ചുപോകാനുള്ള സാധ്യതയുണ്ടായിരുന്നു. സ്ത്രീകൾക്ക് ആവർത്തിച്ചുള്ള ഗർഭധാരണങ്ങളും പ്രസവങ്ങളും ആരോഗ്യപരമായ അപകടസാധ്യതകൾ സൃഷ്ടിച്ചു.
കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവും ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യതയും ആദ്യകാലത്ത് പരിമിതമായിരുന്നു. ക്രമേണ കുടുംബാസൂത്രണ സേവനങ്ങൾ വ്യാപിക്കുകയും സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിൽപങ്കാളിത്തവും വർധിക്കുകയും ശിശുമരണനിരക്ക് കുറയുകയും ചെയ്തു. കുട്ടികൾ ആരോഗ്യത്തോടെ വളരാനുള്ള സാധ്യത വർധിച്ചതോടെ ചെറിയ കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ സാധാരണമായി.
എന്നാൽ കുടുംബത്തിന്റെ വലുപ്പം കുറയുന്നതിനെ ആരോഗ്യരംഗത്തെ മാത്രം വിജയമായി കാണാനാവില്ല. നഗരവൽക്കരണം, തൊഴിൽ, വിവാഹത്തിന്റെ പ്രായം, താമസച്ചെലവ്, കുട്ടികളെ വളർത്താനുള്ള സാമ്പത്തിക ബാധ്യത, സ്ത്രീകളുടെ ജീവിതലക്ഷ്യങ്ങൾ തുടങ്ങിയവയും ഇതിനെ സ്വാധീനിക്കുന്നു.
പ്രധാനപ്പെട്ട മറ്റൊരു മാറ്റം സ്ത്രീകളുടെ പ്രത്യുൽപാദനാവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലാണ്. എപ്പോൾ ഗർഭം ധരിക്കണം, എത്ര കുട്ടികൾ വേണം, കുട്ടികൾ വേണ്ടെന്നു തീരുമാനിക്കാമോ തുടങ്ങിയ ചോദ്യങ്ങളിൽ സ്ത്രീയുടെ സമ്മതവും സ്വാതന്ത്ര്യവും കേന്ദ്രസ്ഥാനത്ത് വരേണ്ടതുണ്ട്. ആരോഗ്യസംവിധാനത്തിന്റെ പുരോഗതി എന്നത് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കുക മാത്രമല്ല. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് അറിവോടെയും സമ്മർദമില്ലാതെയും തീരുമാനമെടുക്കാനുള്ള സാഹചര്യം ഉറപ്പാക്കുക കൂടിയാണല്ലോ.
ആരോഗ്യരംഗത്തെ പുരോഗതിയുടെ മറ്റൊരു വലിയ സാമൂഹികഫലങ്ങളിലൊന്ന് രോഗത്തോടുള്ള മനുഷ്യന്റെ സമീപനം മാറിയതാണ്. ഒരു കാലത്ത് പനി വന്നാൽ, പ്രസവത്തിൽ രക്തസ്രാവമുണ്ടായാൽ, കുട്ടിക്ക് ശ്വാസതടസ്സമുണ്ടായാൽ, തലയിൽ പരിക്കേറ്റാൽ എന്തു സംഭവിക്കുമെന്നത് വലിയ അനിശ്ചിതത്വമായിരുന്നു. ഇന്ന് ഇത്തരം സാഹചര്യങ്ങളിൽ പലതിനും ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
ആംബുലൻസ് സേവനങ്ങൾ, തീവ്രപരിചരണ വിഭാഗങ്ങൾ, രക്തബാങ്കുകൾ, ശസ്ത്രക്രിയാസൗകര്യങ്ങൾ, ആധുനിക പരിശോധനാമാർഗങ്ങൾ എന്നിവ രോഗിയുടെ അതിജീവനസാധ്യത വർധിപ്പിച്ചു. ഇതിന്റെ ഫലമായി ചികിത്സയെ ഒരു ഭാഗ്യമായി കാണുന്ന മനോഭാവത്തിൽനിന്ന് ചികിത്സ ലഭിക്കേണ്ടത് ഒരു അടിസ്ഥാന സാമൂഹിക ആവശ്യമാണ് എന്ന ബോധത്തിലേക്ക് കേരളം നീങ്ങി എന്നതിൽ കഴിഞ്ഞ 70 വർഷത്തെ മുഴുവൻ നമുക്ക് സംഗ്രഹിക്കാം.
ആയുർദൈർഘ്യം ഉയർന്നത് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. എന്നാൽ ദീർഘകാലം ജീവിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ ആരോഗ്യസംവിധാനത്തിന് പുതിയ ഉത്തരവാദിത്തങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, സന്ധിരോഗങ്ങൾ, കാഴ്ച-കേൾവി പ്രശ്നങ്ങൾ, ഓർമക്കുറവ് തുടങ്ങിയ അവസ്ഥകൾ കൂടുതലായി കാണപ്പെടാം. ഇവയെല്ലാം വാർധക്യത്തിന്റെ അനിവാര്യമായ ഭാഗങ്ങളല്ലെങ്കിലും, പ്രായം കൂടുന്നതിനൊപ്പം അവയുടെ സാധ്യത ഉയരുന്നു.
ഇത്തരം രോഗങ്ങൾക്ക് പലപ്പോഴും ദീർഘകാല ചികിത്സയും നിരന്തരമായ നിരീക്ഷണവും ആവശ്യമായി വരുന്നു.
ഇവിടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ നിർവചനം തന്നെ വിപുലീകരിക്കേണ്ടതുണ്ട്. ആരോഗ്യകരമായ വാർധക്യം എന്നത് രോഗങ്ങളില്ലാതെ ജീവിക്കുക എന്നതിലൊതുങ്ങുന്നില്ല. കഴിയുന്നത്ര സ്വതന്ത്രമായി ജീവിക്കാനും തീരുമാനങ്ങളെടുക്കാനും സാമൂഹികബന്ധങ്ങൾ നിലനിർത്താനും ജീവിതത്തിൽ അർഥവും പങ്കാളിത്തവും കണ്ടെത്താനും കൂടി കഴിയണം.
ഇതിനായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ വയോധിക പരിചരണം, വീടുകളിലെ ആരോഗ്യപരിശോധന, ഫിസിയോതെറാപ്പി, വീഴ്ചകൾ തടയാനുള്ള ഇടപെടലുകൾ, ഓർമക്കുറവിനുള്ള വിലയിരുത്തൽ, മാനസികാരോഗ്യ പിന്തുണ, സാമൂഹിക ഇടപെടലുകൾ എന്നിവയെ ഏകോപിപ്പിക്കണം. വാർധക്യം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമാകരുത്. കുടുംബത്തോടൊപ്പം സമൂഹവും തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യസംവിധാനവും പങ്കാളികളാകണം.
കേരളത്തിന്റെ ആരോഗ്യവികസനത്തിൽ പ്രത്യേകമായി പരാമർശിക്കേണ്ട മറ്റൊരു മേഖലയാണ് പാലിയേറ്റീവ് പരിചരണം. എല്ലാ രോഗങ്ങളെയും പൂർണമായി സുഖപ്പെടുത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയില്ല. ചില രോഗങ്ങൾ ദീർഘകാലം നീണ്ടുനിൽക്കും, ചിലത് രോഗിയുടെ പ്രവർത്തനശേഷി കുറയ്ക്കും, ചിലത് ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് നയിക്കും. അത്തരം സാഹചര്യങ്ങളിൽ ചികിത്സയുടെ ലക്ഷ്യം രോഗം പൂർണമായി മാറ്റുക എന്നതിൽ മാത്രം ഒതുങ്ങാതെ വേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കുക, രോഗിക്കും കുടുംബത്തിനും മാനസിക-സാമൂഹിക പിന്തുണ നൽകുക, ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയിലേക്കും മാറണം.
70 വർഷം പിന്നിടുമ്പോൾ ആരോഗ്യകേരളത്തിന് മുന്നിലെ മറ്റൊരു വെല്ലുവിളി സുഖപ്പെടുത്താൻ കഴിയാത്ത സാഹചര്യങ്ങളിലും മനുഷ്യന്റെ അന്തസ്സും വേദനയില്ലാത്ത ജീവിതത്തിനുള്ള അവകാശവും സംരക്ഷിക്കുക കൂടിയാണ്.
ആധുനിക വൈദ്യശാസ്ത്രം മലയാളിയുടെ മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മാറ്റിയിട്ടുണ്ട്. പണ്ട് യുവാക്കളുടെ മരണങ്ങൾ പോലും സ്വാഭാവികമായിരുന്നപ്പോൾ ഇന്ന് പ്രായമായവർ മരിച്ചാലും അതിൽ അസ്വാഭാവികത കാണാൻ നമ്മൾ തുടങ്ങി. ഒപ്പം മരണം അവസാനമല്ലെന്ന് ചിന്തിപ്പിക്കാൻ മരണാനന്തര അവയവദാനങ്ങൾ കാരണമായി. ആഘോഷങ്ങൾ മാറിയതും ഇതിനോട് ഒപ്പം ചേർത്ത് വായിക്കാം. പഴയ ഷഷ്ഠിപൂർത്തി ഇന്നാരും കൊണ്ടാടാറില്ല. പകരം നവതിയായി. അതുപോലെ ലൈംഗിക ന്യൂനപക്ഷങ്ങളെ സാധാരണ മനുഷ്യരായി കാണാനും നമ്മൾ ശീലിച്ചു തുടങ്ങിയത് നമ്മുടെ ആരോഗ്യ സാക്ഷരതയുടെ മറ്റൊരു ഭാഗം തന്നെയാണ്.
കഴിഞ്ഞ ഒന്ന് രണ്ട് പതിറ്റാണ്ടുകളിൽ തീവ്രപരിചരണ ചികിത്സയും ജീവൻരക്ഷാ സാങ്കേതികവിദ്യകളും ഒരുപാട് വികസിച്ചതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൂടുതൽ കാലം പിന്തുണയ്ക്കാൻ നമുക്ക് കഴിയുന്നു. അതോടൊപ്പം മസ്തിഷ്കമരണം, അവയവദാനം, ജീവിതാവസാന പരിചരണം തുടങ്ങിയ സങ്കീർണമായ വിഷയങ്ങളെക്കുറിച്ചും സമൂഹം ചർച്ച ചെയ്യാൻ തുടങ്ങി.
കേരളത്തിന്റെ ആരോഗ്യചരിത്രം പറയുമ്പോൾ മാനസികാരോഗ്യത്തെ അവഗണിക്കാനാവില്ല. മുൻപ് മാനസികപ്രശ്നങ്ങളെ പലപ്പോഴും വ്യക്തിയുടെ ദൗർബല്യമായോ കുടുംബത്തിന്റെ അപമാനമായോ തെറ്റിദ്ധരിച്ചിരുന്നു. വിഷാദം, ഉത്കണ്ഠ, ലഹരിയോടുള്ള ആശ്രിതത്വം, ഗുരുതര മാനസികരോഗങ്ങൾ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു. ചികിത്സ തേടുന്നതിനെക്കുറിച്ചും പലർക്കും ഭയവും അപമാനബോധവും ഉണ്ടായിരുന്നു.
ഇന്ന് മാനസികാരോഗ്യത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ വർധിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, തൊഴിൽസ്ഥലങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, മാധ്യമങ്ങൾ എന്നിവിടങ്ങളിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കൂടുതൽ തിരിച്ചറിയപ്പെടുന്നു. എങ്കിലും ബോധവൽക്കരണം വർധിച്ചതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുമില്ല. കുട്ടികളിലും കൗമാരക്കാരിലും പഠനസമ്മർദം, സാമൂഹിക താരതമ്യം, സൈബർ പീഡനം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാണാം. മുതിർന്നവരിൽ സാമ്പത്തിക സമ്മർദം, തൊഴിൽഅസ്ഥിരത, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, ലഹരിയുപയോഗം എന്നിവ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. വയോധികരിൽ ഏകാന്തതയും ജീവിതപങ്കാളിയുടെയോ സുഹൃത്തുക്കളുടെയോ മരണവും ശാരീരികരോഗങ്ങളും മാനസികപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ച് സഹായം തേടുന്നത് അപമാനമല്ല, ചികിത്സ തേടുന്നത് ദൗർബല്യമല്ല എന്ന ബോധം സമൂഹത്തിൽ കൂടുതൽ ഉറപ്പിക്കേണ്ടതുണ്ട് ഇപ്പോഴും.
ആരോഗ്യകേരളത്തെ പറ്റി പറയുമ്പോൾ ജീവിതശൈലീ രോഗങ്ങളെയും പകർച്ചവ്യാധികളെയും ഒഴിവാക്കാനാവില്ലല്ലോ. ജീവിതശൈലീരോഗങ്ങൾ വർധിച്ചതോടെ പകർച്ചവ്യാധികൾ കേരളത്തിൽനിന്ന് അപ്രത്യക്ഷമായെന്ന് കരുതരുത്. ഡെങ്കിപ്പനി, എലിപ്പനി, ക്ഷയരോഗം, വിവിധ ജലജന്യരോഗങ്ങൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവ ഇപ്പോഴും പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണ്. കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രത, ശക്തമായ യാത്രാബന്ധങ്ങൾ, കാലാവസ്ഥ, മഴ, നഗരവൽക്കരണം, പരിസ്ഥിതിയിലെ മാറ്റങ്ങൾ എന്നിവ രോഗവ്യാപനത്തെ സ്വാധീനിക്കുന്നുണ്ട്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാവുന്ന രോഗങ്ങളും പരിസ്ഥിതിയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യഭീഷണികളും നേരിടാൻ നമ്മൾ കുറച്ചുകൂടി സജ്ജരാകേണ്ടതുണ്ട്. ശാസ്ത്രീയമായ അറിവ്, കാര്യക്ഷമമായ പൊതുസംവിധാനം, ജനപങ്കാളിത്തം എന്നിവ ഒരുമിച്ചുണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനാകൂ.
അതുപോലെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം, ചിലതരം കാൻസറുകൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ ഇന്ന് വലിയ വെല്ലുവിളികളാണ്. ശാരീരികപ്രവർത്തനം കുറഞ്ഞ ജീവിതരീതി, അമിതമായ ഉപ്പും പഞ്ചസാരയും കലോറിയും അടങ്ങിയ ഭക്ഷണം, പുകയില ഉപയോഗം, മദ്യത്തിന്റെ ദോഷകരമായ ഉപയോഗം, ഉറക്കക്കുറവ് തുടങ്ങിയ ഘടകങ്ങൾ പല രോഗങ്ങളുടെയും സാധ്യത വർധിപ്പിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം വ്യക്തിയുടെ തെറ്റായ തിരഞ്ഞെടുപ്പുകളുടെ ഫലമായി മാത്രം കാണുന്നതും ശരിയല്ല. തൊഴിൽരീതികൾ, ഗതാഗതസൗകര്യം, ഭക്ഷ്യവിപണി, നഗരാസൂത്രണം, വരുമാനവ്യത്യാസം എന്നിവയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.
ഉദാഹരണത്തിന്, നടക്കാൻ സുരക്ഷിതമായ നടപ്പാതകളില്ലാത്ത ഒരു നഗരത്തിൽ ശാരീരികപ്രവർത്തനം വർധിപ്പിക്കുക വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ല. ആരോഗ്യകരമായ ഭക്ഷണം ചെലവേറിയതും അനാരോഗ്യകരമായ ഭക്ഷണം വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സാഹചര്യത്തിൽ ഭക്ഷണശീലങ്ങൾ മാറ്റുക എന്നതും അത്ര ലളിതമല്ല. അതുകൊണ്ട് ജീവിതശൈലീരോഗങ്ങളെ നേരിടാൻ ആരോഗ്യബോധവൽക്കരണം മാത്രം മതിയാകില്ല. ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് യഥാർഥത്തിൽ നമ്മൾ ചെയ്യേണ്ടത്.
കേരളത്തിൽ ഇക്കാലത്ത് സർക്കാർ ആശുപത്രികൾക്കൊപ്പം സ്വകാര്യ ആശുപത്രികളും വലിയ തോതിൽ വളർന്നു എന്നതും നമുക്കറിയാം. വിവിധ സൂപ്പർ സ്പെഷ്യാലിറ്റികൾ, ആധുനിക പരിശോധനാസൗകര്യങ്ങൾ, തീവ്രപരിചരണ വിഭാഗങ്ങൾ, സങ്കീർണ ശസ്ത്രക്രിയകൾ എന്നിവയുടെ ലഭ്യതയും വർധിച്ചു. എന്നാൽ ഈ വളർച്ചയ്ക്കൊപ്പം ചികിത്സാച്ചെലവും പ്രധാനപ്പെട്ട ആശങ്കയായി മാറിയിട്ടുണ്ട്. ചികിത്സയുടെ ലഭ്യതയും ചികിത്സ താങ്ങാനാകാനുള്ള ശേഷിയും രണ്ടുതരം കാര്യങ്ങളാണ്. മികച്ച ചികിത്സ ലഭ്യമായിരിക്കുമ്പോഴും അതിന്റെ ചെലവ് കാരണം ചിലർ ചികിത്സ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.
ഇതിനെ നേരിടാൻ സർക്കാർ ആശുപത്രികളുടെ ഗുണനിലവാരവും സേവനലഭ്യതയും മെച്ചപ്പെടുത്തേണ്ടതുണ്ട്. പൊതുവാങ്ങൽ സംവിധാനങ്ങൾ, മരുന്നുകളുടെ തുടർച്ചയായ ലഭ്യത, ആവശ്യമായ പരിശോധനകൾ, രോഗിക്ക് അനുയോജ്യമായ റഫറൽ സംവിധാനം എന്നിവ ശക്തിപ്പെടുത്തണം. അതുപോലെ സ്വകാര്യചികിത്സയുടെ ചെലവുകൾ സുതാര്യമാക്കുകയും ആരോഗ്യ ഇൻഷുറൻസിന്റെ യഥാർത്ഥ പരിരക്ഷ ഉറപ്പാക്കുകയും വേണം. ചെറിയ അസുഖങ്ങൾക്ക് പോലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കുന്ന പ്രവണതയും ശ്രദ്ധിക്കേണ്ടതാണ്. ഓരോ രോഗത്തിനും ഏറ്റവും സങ്കീർണമായ ചികിത്സാകേന്ദ്രം ആവശ്യമില്ല. പരിശീലനം നേടിയവർ ഉള്ള പ്രാഥമികാരോഗ്യ സംവിധാനവും കുടുംബഡോക്ടറുടെ സേവനവും ശരിയായ റഫറൽ സംവിധാനവും ശക്തമായാൽ രോഗിക്ക് ആവശ്യമായ ചികിത്സ അനുയോജ്യമായ തലത്തിൽ ലഭിക്കും.
ഇനിയിപ്പോൾ ആരോഗ്യമേഖലയിൽ ശ്രദ്ധയൂന്നേണ്ട കാര്യങ്ങൾ കൂടി പറഞ്ഞിട്ട് ഇതവസാനിപ്പിക്കാം. കേരളത്തിന്റെ ആരോഗ്യവികസനത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന ദൗത്യം മരണങ്ങൾ കുറയ്ക്കുക, പകർച്ചവ്യാധികളെ നിയന്ത്രിക്കുക, പ്രസവവും ശിശുപരിചരണവും സുരക്ഷിതമാക്കുക എന്നിവയായിരുന്നു. ഇന്നും അവ പ്രധാനമാണ്. എന്നാൽ ഇപ്പോഴത്തെ ജനസംഖ്യ വർധനവിലും രോഗികളുടെ എണ്ണക്കൂടുതലിലും കൂടുതൽ വിപുലമായ സമീപനം ആവശ്യമാണ്.
ഒന്നാമതായി, പ്രാഥമികാരോഗ്യസംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണം. രോഗം ഗുരുതരമായശേഷം ആശുപത്രിയിലെത്തുന്നതിനു പകരം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും ദീർഘകാലം നിരീക്ഷിക്കാനും കഴിയണം.
രണ്ടാമതായി, ആരോഗ്യസേവനങ്ങളെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളുമായി ബന്ധിപ്പിക്കണം. ഗർഭിണികൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും തൊഴിൽപ്രായത്തിലുള്ളവർക്കും വയോധികർക്കും വ്യത്യസ്ത ആവശ്യങ്ങളുണ്ട്. ഓരോ ഘട്ടത്തിനും അനുയോജ്യമായ പ്രതിരോധം, പരിശോധന, ചികിത്സ, പുനരധിവാസം എന്നിവ ലഭ്യമാകണം.
കേരളത്തിന്റെ ആരോഗ്യവികസനത്തിന്റെ അടുത്ത അധ്യായം കൂടുതൽ രോഗികളെ ചികിത്സിക്കുന്നതിന്റെ കഥ മാത്രമാകരുത്. കുറച്ച് ആളുകൾക്ക് രോഗം വരുകയും രോഗം വന്നവർക്ക് സാമ്പത്തികമായും സാമൂഹികമായും തകർന്നുപോകാതെ ജീവിക്കാനാകുകയും വാർധക്യത്തിലും അന്തസ്സോടെ തുടരാനാകുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ കഥയായിരിക്കണം.
മൂന്നാമതായി, വീടുകളിലെ പരിചരണത്തിനും സാമൂഹിക പിന്തുണയ്ക്കും പ്രാധാന്യം നൽകണം. കിടപ്പുരോഗികൾ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ, ഗുരുതര മാനസികപ്രശ്നങ്ങളുള്ളവർ, ദീർഘകാല രോഗികളായവർ എന്നിവർക്കായി ആരോഗ്യപ്രവർത്തകരെയും കുടുംബങ്ങളെയും സാമൂഹിക ശൃംഖലകളെയും ബന്ധിപ്പിക്കുന്ന സംവിധാനം വേണം.
നാലാമതായി, ആരോഗ്യച്ചെലവ് മൂലം കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സാഹചര്യം കുറയ്ക്കണം. പൊതുജനാരോഗ്യത്തിനുള്ള നിക്ഷേപവും സർക്കാർ ചികിത്സാസംവിധാനങ്ങളുടെ ഗുണനിലവാരവും തുടർച്ചയായ മരുന്നുലഭ്യതയും ഇതിൽ നിർണായകമാണ്.
അഞ്ചാമതായി, ആരോഗ്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന തിരിച്ചറിവോടെ ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം, പരിസ്ഥിതി, സാമൂഹികസുരക്ഷ എന്നിവയുമായി ആരോഗ്യനയങ്ങളെ ബന്ധിപ്പിക്കണം.
ആറാമതായി, ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങളും ടെലിമെഡിസിനും പ്രയോജനപ്പെടുത്തുമ്പോൾ സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പാക്കണം. സാങ്കേതികവിദ്യ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കണം. സ്മാർട്ട്ഫോൺ ഉപയോഗിക്കാനറിയാത്തവരെയോ ഡിജിറ്റൽ സൗകര്യങ്ങളില്ലാത്തവരെയോ ആരോഗ്യസംവിധാനത്തിന് പുറത്താക്കരുത്.
അവസാനമായി, ആരോഗ്യരംഗത്തെ പുരോഗതി രോഗികളുടെ എണ്ണത്തിലോ ആശുപത്രികളുടെ വലുപ്പത്തിലോ മാത്രം അളക്കരുത്. ആളുകൾക്ക് എത്രകാലം ആരോഗ്യത്തോടെ ജീവിക്കാനാകുന്നു, രോഗം മൂലമുള്ള വൈകല്യങ്ങൾ എത്രത്തോളം തടയാനാകുന്നു, ചികിത്സയുടെ ചെലവ് കുടുംബത്തെ എത്രത്തോളം ബാധിക്കുന്നു, വാർധക്യത്തിൽ എത്രത്തോളം സ്വാതന്ത്ര്യത്തോടെ ജീവിക്കാനാകുന്നു എന്നതും വിലയിരുത്തണം.
ഏഴ് പതിറ്റാണ്ടുകൾക്കുമുൻപ് ജീവൻ നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇന്ന് ദീർഘായുസ്സ് മാത്രം പോരാ, ആ ജീവിതം ആരോഗ്യകരവും അന്തസ്സുള്ളതും സാമ്പത്തികമായി സുരക്ഷിതവും സാമൂഹികമായി അർഥവത്തുമായിരിക്കണം എന്ന തിരിച്ചറിവിലേക്ക് കേരളം വളർന്നിരിക്കുന്നു. കേരളത്തിന്റെ ആരോഗ്യവികസനത്തിന്റെ അടുത്ത അധ്യായം കൂടുതൽ രോഗികളെ ചികിത്സിക്കുന്നതിന്റെ കഥ മാത്രമാകരുത്. കുറച്ച് ആളുകൾക്ക് രോഗം വരുകയും രോഗം വന്നവർക്ക് സാമ്പത്തികമായും സാമൂഹികമായും തകർന്നുപോകാതെ ജീവിക്കാനാകുകയും വാർധക്യത്തിലും അന്തസ്സോടെ തുടരാനാകുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ കഥയായിരിക്കണം.
അതായിരിക്കും കേരളത്തിന്റെ അടുത്ത ആരോഗ്യവിപ്ലവം!
Kerala's healthcare has dramatically transformed since 1956, overcoming fatal infectious diseases and high mortality rates to achieve India's highest life expectancy and lowest infant mortality. While the aging population now presents new challenges with lifestyle and age-related diseases, this evolution is not merely a medical triumph, but a reflection of profound socio-cultural advancements in women's empowerment, family dynamics, dietary habits, and social responsibility.