വീടുകള്‍ പോലും സുരക്ഷിതമല്ല; 2025-ല്‍ ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകള്‍ പങ്കാളിയാലോ ബന്ധുക്കളാലോ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്

2025-ല്‍ മാത്രം ലോകമെമ്പാടുമായി 47,000 സ്ത്രീകളും പെണ്‍കുട്ടികളും പങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെട്ടു.
വീടുകള്‍ പോലും സുരക്ഷിതമല്ല; 2025-ല്‍ ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകള്‍ പങ്കാളിയാലോ ബന്ധുക്കളാലോ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്
Published on: 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന സ്വന്തം വീടുകള്‍ തന്നെയാണ് അവര്‍ക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്. യുഎന്‍ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം, യുഎന്‍ വിമന്‍ എന്നിവര്‍ സംയുക്തമായി പുറത്തുവിട്ട '2026 ഫെമിസൈഡ് ബ്രീഫ്' റിപ്പോര്‍ട്ട് പ്രകാരം, 2025-ല്‍ മാത്രം ലോകമെമ്പാടുമായി 47,000 സ്ത്രീകളും പെണ്‍കുട്ടികളും പങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025-ല്‍ ആകെ 78,000 സ്ത്രീഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 60 ശതമാനവും നടന്നത് വീടിനുള്ളില്‍ വെച്ചോ അടുത്ത ബന്ധുക്കളാലോ ആണ്. അതായത്, ശരാശരി ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകള്‍ വീതം (പ്രതിദിനം 129 പേര്‍) സ്വന്തം പങ്കാളിയാലോ കുടുംബാംഗത്താലോ കൊല്ലപ്പെടുന്നു.

ഭൂഖണ്ഡങ്ങളിലെ സാഹചര്യം

ലോകത്ത് ഒരിടത്തും സ്ത്രീകള്‍ ഈ വിപത്തില്‍ നിന്ന് പൂര്‍ണ്ണമായും സുരക്ഷിതരല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പങ്കാളിയാലോ കുടുംബാംഗത്താലോ കൊല്ലപ്പെടുന്നവരുടെ നിരക്ക് ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ആഫ്രിക്കയാണ് (ഒരു ലക്ഷം സ്ത്രീകളില്‍ 2.9 പേര്‍). അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ (1.4), ഓഷ്യാനിയ (1.1), ഏഷ്യ (0.6), യൂറോപ്പ് (0.5) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

ആഗോളതലത്തില്‍ പൊതുവായ കൊലപാതക നിരക്കുകള്‍ കുറയുന്നുണ്ടെങ്കിലും സ്ത്രീഹത്യകളുടെ നിരക്ക് കുറയുന്നത് വളരെ മന്ദഗതിയിലാണ്. 2010-നും 2025-നും ഇടയില്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ പൊതുവായ കൊലപാതക നിരക്ക് കുറഞ്ഞതിന്റെ പകുതി വേഗതയില്‍ മാത്രമാണ് സ്ത്രീഹത്യകള്‍ കുറഞ്ഞത്. യൂറോപ്പിലാകട്ടെ, സാധാരണ കൊലപാതക നിരക്ക് സ്ത്രീഹത്യകളേക്കാള്‍ 1.5 മടങ്ങ് വേഗത്തില്‍ കുറഞ്ഞു.

വീടുകള്‍ പോലും സുരക്ഷിതമല്ല; 2025-ല്‍ ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകള്‍ പങ്കാളിയാലോ ബന്ധുക്കളാലോ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്
സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്

ഭയവും സാമൂഹിക വ്യവസ്ഥിതിയും

സ്ത്രീഹത്യ എന്നത് പെട്ടെന്നുണ്ടാകുന്ന ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പീഡനങ്ങളുടെയും ഭീഷണികളുടെയും അവസാന ഘട്ടമാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സാമൂഹികമായ പ്രതിബന്ധങ്ങളും ഭയവും കാരണം ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ നേരിടുന്ന ഭൂരിഭാഗം സ്ത്രീകളും കുടുംബത്തില്‍ നിന്നോ അധികാരികളില്‍ നിന്നോ സഹായം തേടാറില്ല.

ഭയവും സുരക്ഷാ സംവിധാനങ്ങളുടെ പരാജയവും സാമൂഹിക വ്യവസ്ഥിതികളും സ്വന്തം കുടുംബത്തിലെ സ്ത്രീകളെ കൊല്ലുന്നത് 'സഹിക്കാവുന്ന' ഒന്നാക്കി മാറ്റുന്നുവെന്ന് യുഎന്‍ഒഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണിക്ക ജുമ പറഞ്ഞു. സാമൂഹിക പെരുമാറ്റങ്ങളില്‍ മാറ്റം വരുത്താന്‍ പ്രതിരോധ തന്ത്രങ്ങള്‍ ശക്തമാക്കുകയും ഗാര്‍ഹിക പീഡകര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അപായസൂചനകള്‍ അവഗണിക്കപ്പെടുന്നതും കേസുകള്‍ കൃത്യമായി അന്വേഷിക്കാത്തതും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൗസ് വ്യക്തമാക്കി. സുരക്ഷിതമായി ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന കടമയുടെ പരാജയമാണ്. ഒരു അതിജീവിതയും സംരക്ഷണമില്ലാതെ പോകരുതെന്നും ഒരു കുറ്റവാളിയും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീടുകള്‍ പോലും സുരക്ഷിതമല്ല; 2025-ല്‍ ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകള്‍ പങ്കാളിയാലോ ബന്ധുക്കളാലോ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്
വര്‍ധിച്ചുവരുന്ന കൊടുംചൂട്: ഇന്ത്യയിലെ ഗര്‍ഭിണികളും നവജാത ശിശുക്കളും കടുത്ത ആരോഗ്യ ഭീഷണിയില്‍, പഠന റിപ്പോര്‍ട്ട്
Summary

A new UN report has revealed that 47,000 women and girls were killed by their intimate partners or family members worldwide in 2025. This means an average of five women and girls were murdered every hour, or 129 every day, often in places considered safest – their own homes. According to the 2026 Femicide Brief, jointly released by the UN Office on Drugs and Crime (UNODC) and UN Women, around 78,000 women and girls were victims of homicide in 2025, with 60 per cent killed by intimate partners or family members.