സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്

ലോകത്തെമ്പാടും ഉന്നത വിദ്യാഭ്യാസ രംഗത്ത് 46.4% സ്ത്രീ പങ്കാളിത്തമുള്ളപ്പോള്‍, മാനേജ്മെന്റ് തസ്തികകളില്‍ 30.5% പങ്കാളിത്തം മാത്രമേ സ്ത്രീകള്‍ക്കുള്ളൂ. ദക്ഷിണേഷ്യയില്‍ 9.2% സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ ഉന്നത മാനേജര്‍ പദവിയിലുള്ളത്.
സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്
Published on: 

ആഗോളതലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ മുന്നേറുമ്പോഴും തൊഴില്‍ മേഖലയിലെ നിര്‍ണായക തസ്തികകളില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) പുതിയ റിപ്പോര്‍ട്ട്. 'വിമന്‍ ഇന്‍ ബിസിനസ് ആന്‍ഡ് മാനേജ്മെന്റ്: സ്‌കേലിങ് സക്‌സസ്' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേഷ്യയിലെ പത്തിലൊന്ന് സ്ഥാപനങ്ങളെപ്പോലും നയിക്കുന്നത് സ്ത്രീകളല്ല. മാനേജ്മെന്റ് നിരയിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെത്തട്ടിലാണ്. 2025 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ 99 രാജ്യങ്ങളിലെ 11,957 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേ, തൊഴില്‍ വിപണി വിവരങ്ങള്‍ എന്നിവ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് ഇന്ത്യയില്‍ നിന്നാണ് (768 പേര്‍).

ഏഷ്യ-പസഫിക്കില്‍ ഇന്ത്യ പിന്നില്‍

മാനേജ്മെന്റ് തലത്തിലെ സ്ത്രീ പങ്കാളിത്തത്തില്‍ ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരെ പിന്നിലാണ്. പാകിസ്താനും ബംഗ്ലാദേശിനും തൊട്ടുമുകളില്‍ താഴെനിന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ലോകത്തെമ്പാടും ഉന്നത വിദ്യാഭ്യാസ രംഗത്ത് 46.4% സ്ത്രീ പങ്കാളിത്തമുള്ളപ്പോള്‍, മാനേജ്മെന്റ് തസ്തികകളില്‍ 30.5% പങ്കാളിത്തം മാത്രമേ സ്ത്രീകള്‍ക്കുള്ളൂ. ദക്ഷിണേഷ്യയില്‍ 1995-ന് ശേഷം ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ പ്രവേശനം എട്ടിരട്ടിയായി വര്‍ധിച്ചെങ്കിലും 9.2% സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ ഉന്നത മാനേജര്‍ പദവിയിലുള്ളത്.

വേതനത്തില്‍ വിവേചനം

ഉന്നതവിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുന്നുണ്ടെങ്കിലും (46.4% സ്ത്രീകള്‍ക്ക് സര്‍വകലാശാലാ പ്രവേശനം ലഭിക്കുമ്പോള്‍ പുരുഷന്മാരിലിത് 40.3% മാത്രമാണ്), തൊഴില്‍ വിപണിയില്‍ അര്‍ഹമായ പ്രാതിനിധ്യമോ തുല്യ വേതനമോ ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ 30.5% മാനേജ്മെന്റ് ജോലികളും 22.8% ബിസിനസ് ഉടമസ്ഥതയും മാത്രമാണ് സ്ത്രീകള്‍ക്കുള്ളത്. യോഗ്യതയുള്ള സ്ത്രീകളുടെ ലഭ്യതക്കുറവല്ല, മറിച്ച് ആ ലഭ്യതയെ തുല്യ അവസരങ്ങളാക്കി മാറ്റാനുള്ള തൊഴില്‍ വിപണികളുടെയും സ്ഥാപനങ്ങളുടെയും ശേഷിക്കുറവാണ് പ്രധാന തടസ്സം.

സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്
നിത്യജീവിതത്തിന് തിരിച്ചടി; അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു, കുടുംബ ബജറ്റ് താളംതെറ്റി സാധാരണക്കാര്‍

സി.ഇ.ഒ (28.2%), ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ (30.9%) എന്നീ ഉന്നത പദവികളില്‍ സ്ത്രീ പ്രാതിനിധ്യം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നത് ചില പുരോഗതികള്‍ കാണിക്കുന്നുണ്ടെങ്കിലും ദക്ഷിണേഷ്യ പോലുള്ള മേഖലകളില്‍ ഇത് വലിയ ജനസംഖ്യാപരമായ അപകടസാധ്യത ഉയര്‍ത്തുന്നു. യുവാക്കളുടെ എണ്ണത്തിനനുസരിച്ച് ജോലി സാദ്ധ്യതകള്‍ ഇല്ലെങ്കില്‍ അത് അസംഘടിത മേഖല വര്‍ധിക്കുന്നതിനും ദാരിദ്ര്യത്തിനും കാരണമായേക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വേതനത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 28% കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വേതന വ്യത്യാസമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിരുന്നാലും മാനേജര്‍ തസ്തികകളില്‍ എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇന്ത്യയില്‍ തുല്യ വേതനമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ തസ്തികകളിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി.

കമ്പനികളിലെ താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്ന തസ്തികകളിലേക്ക് പോകുന്തോറും സ്ത്രീകളുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2025-ലെ കണക്കനുസരിച്ച് 69% സ്ഥാപനങ്ങളിലും ജൂനിയര്‍ മാനേജര്‍ തലത്തില്‍ സ്ത്രീകളുണ്ടെങ്കിലും ചീഫ് എക്‌സിക്യൂട്ടീവ് തലത്തില്‍ ഇത് 35.5% മാത്രമായി ചുരുങ്ങുന്നു. കൂടാതെ സി.ഇ.ഒ, ബോര്‍ഡ് സ്ഥാനങ്ങള്‍ എന്നിവയിലേയ്ക്ക് ഉയരാന്‍ സഹായിക്കുന്ന റോളുകളിലും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിലും സ്ത്രീകളുടെ സാന്നിധ്യം കുറവാണ്. ഭൂരിഭാഗം സ്ത്രീകളും എച്ച്.ആര്‍ (62.5% സ്ഥാപനങ്ങളില്‍ സ്ത്രീ സീനിയര്‍ മാനേജര്‍മാരുണ്ട്), ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ (55.4%) എന്നിവയിലാണ് സ്ത്രീകള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്.

സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്
തെരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ അധികാരം കുറയ്ക്കുമോ? ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

തൊഴില്‍രംഗത്തെ സ്ത്രീ പങ്കാളിത്തത്തിന്റെ തുടക്കവും റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. ഇന്ത്യന്‍ ബിരുദധാരികളില്‍ 23.1% സ്ത്രീകളാണ് സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (എസ്ടിഇഎം) വിഷയങ്ങള്‍ പഠിച്ചത്, പുരുഷന്മാരില്‍ ഇത് 31.4% ആണ്. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വ്യത്യാസം കുറവാണ്. ലോകത്തെമ്പാടും ഏകദേശം 35% പുരുഷ ബിരുദധാരികള്‍ എസ്ടിഇഎം വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ വെറും 15% മാത്രമാണ്.

ലിംഗസമത്വ നയങ്ങളിലെ പിന്മാറ്റം

2018-ല്‍ 37.4% കമ്പനികള്‍ ലിംഗസമത്വ-വൈവിധ്യ നയങ്ങള്‍ നപ്പാക്കിയിരുന്നെങ്കില്‍ 2025-ല്‍ അത് 26.5% ആയി കുറഞ്ഞു. തുല്യ വേതന നടപടികളില്‍ 19.6 ശതമാനത്തിന്റെയും, പ്രസവാനുകൂല്യ സൗകര്യങ്ങളിലും പിന്തുണ പദ്ധതികളിലും 11.3 ശതമാനത്തിന്റെയും കുറവ് ഇതില്‍ ഉള്‍പ്പെടുന്നു. ഭൂരിഭാഗം കമ്പനികള്‍ക്കും നയങ്ങള്‍ കടലാസില്‍ മാത്രമാണുള്ളത്. 74.8% സ്ഥാപനങ്ങളും 2025-ല്‍ തുല്യ അവസര അല്ലെങ്കില്‍ വൈവിധ്യ നയമുണ്ടെന്ന് അവകാശപ്പെട്ടപ്പോള്‍ 25.2% പേര്‍ക്ക് അതില്ലായിരുന്നു. ലിംഗസമത്വവും തുല്യ അവസരങ്ങളും നല്‍കുന്ന സ്ഥാപനങ്ങള്‍ 17.9% വരെ ഉയര്‍ന്ന ലാഭം നേടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാതൃകയായി ഒരു ഇന്ത്യന്‍ കമ്പനി

റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്നുള്ള മാതൃകാപരമായ കേസ് സ്റ്റഡിയായി ചൂണ്ടിക്കാണിക്കുന്നത് 'ഹവാസ് ഇന്ത്യ' എന്ന മാധ്യമ-പരസ്യ ഗ്രൂപ്പിനെയാണ്. 2020 മുതല്‍ ജീവനക്കാരുടെ എണ്ണം 300-ല്‍ നിന്ന് 2,000-ത്തിലധികമായി ഉയര്‍ത്തിയപ്പോള്‍, കമ്പനിയിലെ സ്ത്രീ പങ്കാളിത്തം 19 ശതമാനത്തില്‍ നിന്ന് 43 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. 'വിമന്‍ ഹൂ ഇന്‍സ്പയര്‍' എന്ന സമിതി രൂപീകരിച്ച് നയങ്ങളിലെ ലിംഗപക്ഷപാതം ഒഴിവാക്കിയും പ്രസവാനുകൂല്യ അവധിക്ക് ശേഷം ഘട്ടംഘട്ടമായി ജോലിയിലേക്ക് മടങ്ങിയെത്താന്‍ സൗകര്യമൊരുക്കുന്ന 'മറ്റേണിറ്റി ബൗണ്‍സ് ബാക്ക്' പ്രോഗ്രാം വഴിയുമാണ് അവര്‍ ഇത് സാധ്യമാക്കിയത്.

സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്
15,515 അറസ്റ്റ്, 14,369 കേസുകൾ: ഓപ്പറേഷന്‍ തൂഫാന്റെ 5 മാസം

മാറ്റം സ്വയം സംഭവിക്കില്ലെന്നും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണെന്നും ഐ.എല്‍.ഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ മികച്ച ശിശുപരിപാലന സൗകര്യങ്ങളും കുടുംബസൗഹൃദ തൊഴില്‍ നയങ്ങളും ഉറപ്പാക്കണമെന്നും, സ്ഥാപനങ്ങള്‍ കടലാസ് പ്രഖ്യാപനങ്ങള്‍ക്കപ്പുറം കൃത്യമായ ലക്ഷ്യങ്ങളോടെ നടപ്പിലാക്കല്‍ ഘട്ടത്തിലേക്ക് കടക്കണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.

Summary

Women continue to make significant progress in higher education globally, but their representation in senior management and leadership positions remains disproportionately low, according to a new report by the International Labour Organization (ILO). The report, titled Women in Business and Management: Scaling Success, highlights the persistent gender gap in corporate leadership, particularly in South Asia. Only 9.2% of businesses in the region are led by women in top management positions. The report is based on a survey of 11,957 enterprises across 99 countries, conducted between June and September 2025, along with labour market data. India contributed the highest number of respondents, with 768 participants.