നിത്യജീവിതത്തിന് തിരിച്ചടി; അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു, കുടുംബ ബജറ്റ് താളംതെറ്റി സാധാരണക്കാര്‍

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മട്ട അരിയുടെ ചില്ലറവില കിലോയ്ക്ക് 50 രൂപയില്‍നിന്ന് ഒറ്റയടിക്ക് 65 രൂപയായി ഉയര്‍ന്നു. സോന അരിയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 50 രൂപയായിരുന്നത് ഇപ്പോള്‍ 70 രൂപ വരെയായി.
നിത്യജീവിതത്തിന് തിരിച്ചടി; അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു, കുടുംബ ബജറ്റ് താളംതെറ്റി സാധാരണക്കാര്‍
Published on: 

സംസ്ഥാനത്ത് അരി, പലവ്യഞ്ജനം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. ചിലയിടങ്ങളിലെ അപ്രതീക്ഷിത മഴ കൃഷിനാശത്തിന് ഇടയാക്കിയപ്പോള്‍ മറ്റു ചില മേഖലകളില്‍ മഴ ലഭിക്കാത്തതും വരള്‍ച്ചയുമാണ് വിളവിനെ ബാധിച്ചത്. ഇതിനുപുറമേ ഖാരിഫ് നെല്‍കൃഷിയുടെ വിസ്തൃതിയിലും ഉല്‍പാദനക്ഷമതയിലും വന്ന കുറവും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതങ്ങളും വിപണിയിലെ വിലവര്‍ധനവിന് ആക്കം കൂട്ടി.

അരിവിലയില്‍ വന്‍ കുതിച്ചുചാട്ടം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്ന അരിയിനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മട്ട അരിയുടെ ചില്ലറവില കിലോയ്ക്ക് 50 രൂപയില്‍നിന്ന് ഒറ്റയടിക്ക് 65 രൂപയായി ഉയര്‍ന്നു. സോന അരിയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 50 രൂപയായിരുന്നത് ഇപ്പോള്‍ 70 രൂപ വരെയായി. മൊത്തവിപണിയില്‍ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 10 രൂപ കൂടി 53 രൂപയായപ്പോള്‍ ചില്ലറവില്പനയില്‍ 8 മുതല്‍ 10 രൂപ വരെ കൂടുതല്‍ നല്‍കേണ്ടി വരുന്നു.

സുലേഖ അരി 45-ല്‍നിന്ന് 55 രൂപയായും ജയ അരി 45-ല്‍നിന്ന് 54 രൂപയായും വര്‍ധിച്ചു. ഒരു വര്‍ഷം 40 ലക്ഷം ടണ്‍ അരി ഉപഭോഗം ചെയ്യുന്ന കേരളത്തില്‍ അഞ്ചു ലക്ഷം ടണ്‍ മാത്രമാണ് പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നത്. അതിനാല്‍ അരിവിലയിലുണ്ടാകുന്ന ഈ വര്‍ധനവ് കുടുംബങ്ങളെയും ഹോട്ടല്‍ മേഖലയെയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അരിവില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഊണിന് വില കൂട്ടേണ്ടിവരുമെന്നാണ് സൂചന.

നിത്യജീവിതത്തിന് തിരിച്ചടി; അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു, കുടുംബ ബജറ്റ് താളംതെറ്റി സാധാരണക്കാര്‍
തെരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ അധികാരം കുറയ്ക്കുമോ? ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

പൊള്ളുന്ന പലവ്യഞ്ജന വിപണി

അരിക്കൊപ്പം പയറുവര്‍ഗങ്ങള്‍ക്കും മറ്റ് അത്യാവശ്യ സാധനങ്ങള്‍ക്കും തീവിലയാണ് അനുഭവപ്പെടുന്നത്. ദീപാവലി സീസണ്‍ കൂടിയായതോടെ ഉഴുന്നിന്റെ വില വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കിടെ 12 രൂപ വര്‍ധിച്ച് മൊത്തവില 138 ആയതോടെ പലയിടത്തും ഉഴുന്നിന്റെ ചില്ലറവില 150 രൂപ കടന്നു. മുന്‍പ് 230 രൂപയായിരുന്ന മുളക് വില 360 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. 180 രൂപയായിരുന്ന മഞ്ഞളിന് ഇപ്പോള്‍ 300 രൂപയാണ് വില.

തുവരപ്പരിപ്പിന് 170 രൂപയും വന്‍പയറിന് 120 രൂപയും കടലയ്ക്ക് 10 രൂപ വര്‍ധിച്ച് 95 രൂപയുമായി. സാധാരണ പരിപ്പിന് 70 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഓണക്കാലത്ത് 70 രൂപയായിരുന്ന പഞ്ചസാര വില പിന്നീട് 50-ലേക്ക് താഴ്ന്നിരുന്നെങ്കിലും വീണ്ടും ഉയര്‍ന്ന് മൊത്തവിപണിയില്‍ 54 രൂപയിലെത്തി. റവയ്ക്ക് കിലോയ്ക്ക് 47 രൂപയും ഗോതമ്പ് പൊടിക്ക് 38 രൂപയുമാണ് ഇപ്പോഴത്തെ മൊത്തവില. പുതിയ സ്റ്റോക്ക് എത്തുന്നതോടെ ഗോതമ്പിന് രണ്ടു രൂപ വരെ വില വര്‍ധിക്കും.

ആഗോള-കാലാവസ്ഥാ ആഘാതവും ഭക്ഷ്യസുരക്ഷയും

കേന്ദ്ര ഉപഭോക്തൃവകുപ്പിന്റെ നിരീക്ഷണ സെല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അരിക്ക് മാത്രമല്ല, എണ്ണ, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ എന്നിവയ്‌ക്കൊക്കെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്യമായ വിലവര്‍ധനവുണ്ട്. എല്‍നിനോ പ്രതിഭാസം കാരണം നെല്ലൊഴികെയുള്ള വിളകളുടെ ഉല്‍പാദനത്തില്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ ഉള്ളിക്ക് 100 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നിത്യജീവിതത്തിന് തിരിച്ചടി; അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു, കുടുംബ ബജറ്റ് താളംതെറ്റി സാധാരണക്കാര്‍
15,515 അറസ്റ്റ്, 14,369 കേസുകൾ: ഓപ്പറേഷന്‍ തൂഫാന്റെ 5 മാസം

കഴിഞ്ഞ സെപ്റ്റംബറില്‍ അരിയുടെ വിലക്കയറ്റം 8.25 ശതമാനമായിരുന്നു. അരിയുടെ ശരാശരി വാര്‍ഷിക വിലവര്‍ധനവ് 12 ശതമാനമായി ഉയര്‍ന്ന് കിലോയ്ക്ക് 48.23 രൂപയിലെത്തി. രാജ്യത്തെ ഗോഡൗണുകളില്‍ ധാന്യ ശേഖരമുള്ളതിനാല്‍ പ്രതിസന്ധി ഒഴിവാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലെങ്കിലും കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ വരുമാനത്തെ മാത്രമല്ല രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയെയും സാധാരണക്കാരന്റെ അടുക്കളയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.

Summary

Prices of rice, pulses and other essential commodities have surged across Kerala, putting additional financial pressure on ordinary households. Traders attribute the increase mainly to adverse weather conditions in neighbouring states, including Tamil Nadu, Andhra Pradesh and Karnataka, which have affected agricultural production. Unseasonal rainfall, drought, declining Kharif paddy cultivation and the impact of tensions in West Asia have further contributed to rising prices.