ഉക്രെയ്ന്‍ യുദ്ധത്തില്‍ സാധാരണക്കാര്‍ക്കും യുദ്ധത്തടവുകാര്‍ക്കും എതിരെ റഷ്യന്‍ സൈന്യം വ്യാപകമായ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ. കൂട്ടബലാത്സംഗം, ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിക്കല്‍ തുടങ്ങി ക്രൂരമായ പീഡനമുറകളാണ് റഷ്യന്‍ സൈന്യം ഉപയോഗിക്കുന്നത്. ചെറിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഉക്രെയ്ന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കിലും അക്രമങ്ങളില്‍ ഭൂരിഭാഗത്തിനും ഉത്തരവാദികള്‍ റഷ്യന്‍ സൈന്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കുന്നു.
സ്ഥിരീകരിച്ച കേസുകളും റഷ്യയുടെ പങ്കും
2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്‌നില്‍ പൂര്‍ണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതു മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍, യുദ്ധവുമായി ബന്ധപ്പെട്ട 1,004 ലൈംഗികാതിക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 89 ശതമാനം കുറ്റകൃത്യങ്ങളും റഷ്യന്‍ സായുധ സേനാംഗങ്ങള്‍, ജയില്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. ബാക്കി 11 ശതമാനം കേസുകള്‍ ഉക്രെയ്ന്‍ സായുധ സേനയുമായി ബന്ധപ്പെട്ടവയാണ്. അധിനിവേശ പ്രദേശങ്ങളിലും റഷ്യയ്ക്കുള്ളിലെ തടങ്കല്‍പ്പാളയങ്ങളിലും വെച്ചാണ് ഉക്രേനിയന്‍ യുദ്ധത്തടവുകാരെയും സാധാരണക്കാരെയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്.
കൂട്ടബലാത്സംഗം, പീഡനം, ജനനേന്ദ്രിയങ്ങള്‍ വികൃതമാക്കല്‍, 'താപിക്' എന്നറിയപ്പെടുന്ന സോവിയറ്റ് കാലഘട്ടത്തിലെ ഫീല്‍ഡ് ടെലിഫോണ്‍ ഉപയോഗിച്ച് പുരുഷന്മാരുടെ ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിക്കല്‍ തുടങ്ങിയ ക്രൂര പീഡനങ്ങളാണ് റഷ്യന്‍ സൈന്യം നടത്തിയത്. ഇരുവിഭാഗം സൈനികരും നടത്തിയ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയായവരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഉക്രേനിയന്‍ യുദ്ധത്തടവുകാര്‍ക്കും സാധാരണക്കാര്‍ക്കും എതിരെ, തടവുകാലത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതായത് പിടികൂടുമ്പോഴും ചോദ്യം ചെയ്യുമ്പോഴും തടങ്കലില്‍ വയ്ക്കുമ്പോഴും റഷ്യന്‍ അധികൃതര്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്തുവന്ന കണക്കിനേക്കാള്‍ ഭയാനകരമായ യാഥാര്‍ത്ഥ്യം
നിലവില്‍ പുറത്തുവന്ന കണക്കുകളേക്കാള്‍ വളരെ വലുതാണ് യാഥാര്‍ത്ഥ്യമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ അധിനിവേശത്തിലുള്ള ഉക്രേനിയന്‍ പ്രദേശങ്ങളിലേക്കും തടങ്കല്‍പ്പാളയങ്ങളിലേക്കും പ്രവേശിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് റഷ്യ അനുമതി നിഷേധിച്ചിരിക്കുകയാണ്. മാത്രമല്ല, ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പലരും ഭയം മൂലവും നാണക്കേട് മൂലവും വിവരങ്ങള്‍ പുറത്തുപറയാറില്ല. സാധാരണയായി യുദ്ധകാല ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ബാധിക്കാറുള്ളതെങ്കില്‍, ഉക്രെയ്ന്‍ യുദ്ധത്തില്‍ അതിജീവിച്ചവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത. 'ഇവിടെ ഭൂരിഭാഗം ഇരകളും പുരുഷന്മാരാണ്. അതിനാല്‍ത്തന്നെ സ്ത്രീകളുടെയും പുരുഷന്മാരുടെയും മാനസികവും ശാരീരികവുമായ വീണ്ടെടുപ്പിന് വ്യത്യസ്തമായ പരിഹാരങ്ങളും സമീപനങ്ങളും ആവശ്യമാണ്,' എന്ന് ഉക്രെയ്‌നിലെ യുഎന്‍ മനുഷ്യാവകാശ നിരീക്ഷണ മിഷന്റെ തലവന്‍ ഡാനിയല്‍ ബെല്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് പ്രതികരിക്കാന്‍ ജനീവയിലെ റഷ്യന്‍ നയതന്ത്ര ദൗത്യസംഘം വിസമ്മതിച്ചു. സ്വന്തം സൈനികര്‍ നടത്തുന്ന അതിക്രമങ്ങള്‍ തടയാനോ, അന്വേഷിക്കാനോ, ശിക്ഷിക്കാനോ റഷ്യന്‍ ഭരണകൂടം തയ്യാറായിട്ടില്ലെന്ന് യുഎന്‍ കുറ്റപ്പെടുത്തി. യുഎന്‍ റിപ്പോര്‍ട്ടിനെ ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഈ റിപ്പോര്‍ട്ട് സഹായിക്കുമെന്ന് ഉക്രെയ്ന്‍ വ്യക്തമാക്കി. എന്നാല്‍, ഉക്രേനിയന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമൊന്നുമില്ല.
ഉക്രെയ്ന്‍ സര്‍ക്കാരിന്റെ കസ്റ്റഡിയിലുള്ള റഷ്യന്‍ യുദ്ധത്തടവുകാര്‍ക്ക് നേരെ ലൈംഗികാതിക്രമണ ഭീഷണികളും മര്‍ദ്ദനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് ബലാത്സംഗ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. തടവുകാരോട് മോശമായി പെരുമാറുന്നത് തടയാന്‍ ഉക്രെയ്ന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും യുഎന്നുമായി സഹകരിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള അതിക്രമങ്ങള്‍ അതീവ ഭീതിജനകമാണ്. അടങ്ങാത്ത ഈ അക്രമങ്ങള്‍ക്കിടയില്‍ ഇത്തരം പീഡനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഞാന്‍ ഭയപ്പെടുന്നത്,' എന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ തുര്‍ക്ക് ആശങ്ക പ്രകടിപ്പിച്ചു.
A United Nations report has documented widespread conflict-related sexual violence against civilians and prisoners of war in Ukraine since Russia’s full-scale invasion began in February 2022. The UN Human Rights Monitoring Mission recorded 1,004 cases of sexual violence between February 2022 and July 2026, with 89% attributed to Russian armed forces, prison officials and security agencies, while 11% were linked to Ukrainian armed forces. Reported abuses include rape, gang rape, genital mutilation and electric shocks to the genitals using a Soviet-era field telephone known as a “tapik."