

ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ക്ഷീണം തോന്നാറുണ്ടോ? അൽപം ദൂരം നടക്കുമ്പോൾ കിതപ്പോ ഇടയ്ക്കിടെ തലചുറ്റലോ അനുഭവപ്പെടുന്നുണ്ടോ? തിരക്കുപിടിച്ച ജീവിതത്തിനിടയിലെ സാധാരണ ക്ഷീണമാണെന്ന് കരുതി ഇത്തരം ബുദ്ധിമുട്ടുകളെ അവഗണിക്കരുത്. ശരീരത്തിൽ രക്തക്കുറവുണ്ടെന്നതിന്റെ സൂചനകളാകാം ഇവ. അനീമിയ അഥവാ വിളർച്ച എന്നറിയപ്പെടുന്ന ഈ അവസ്ഥ കുട്ടികൾ മുതൽ മുതിർന്നവർ വരെ പലരിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് അനീമിയയുടെ പ്രധാന കാരണം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ ഹീമോഗ്ലോബിന് നിർണായക പങ്കുണ്ട്. ഇതിന്റെ അളവ് കുറയുമ്പോൾ ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുകയും വിവിധ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യാം.
ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെ?
ക്ഷീണവും തളർച്ചയുമാണ് അനീമിയയുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. എന്നാൽ ഇതിനു പുറമേയും ശരീരം ചില സൂചനകൾ നൽകാം.
ഇടയ്ക്കിടെയുള്ള തലചുറ്റലും തലകറക്കവും
നടക്കുമ്പോഴും പടികൾ കയറുമ്പോഴും കിതപ്പ്
പേശികളിലെ വേദനയും തളർച്ചയും
ശ്രദ്ധക്കുറവും ഓർമക്കുറവും
മുടികൊഴിച്ചിൽ
ചർമത്തിലെ വരൾച്ച
ചെവിയിൽ മൂളൽ
അമിതമായ വിയർപ്പ്
കാലുകളിൽ നീര്
മുഖത്തും കണ്ണുകളുടെ ഉൾഭാഗത്തും വിളർച്ച കാണുന്നതും ചിലരിൽ രക്തക്കുറവിന്റെ സൂചനയാകാം. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും ഉണ്ടാകാം. അതിനാൽ ലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം അനീമിയയാണെന്ന് ഉറപ്പിക്കാനാവില്ല. സമ്പൂർണ രക്തപരിശോധനയായ സിബിസി വഴി ഹീമോഗ്ലോബിന്റെ അളവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിക്കാം. അനീമിയ കണ്ടെത്തിയാൽ അതിന്റെ കാരണം എന്താണെന്ന് തിരിച്ചറിയുന്നതും പ്രധാനമാണ്. ഇരുമ്പിന്റെ കുറവാണോ, വിറ്റാമിൻ ബി12ന്റെയോ ഫോളേറ്റിന്റെയോ കുറവാണോ എന്നറിയാൻ ഡോക്ടർ കൂടുതൽ പരിശോധനകൾ നിർദേശിച്ചേക്കാം.
ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ് അനീമിയയ്ക്ക് കാരണമാകാം. ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തവരിൽ പോഷകാഹാരക്കുറവിനുള്ള സാധ്യതയുണ്ട്. കൂടാതെ വയറിലെ അൾസർ, പൈൽസ് തുടങ്ങിയ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന രക്തനഷ്ടവും വിളർച്ചയ്ക്ക് കാരണമാകാം. ഇരുമ്പിന്റെ കുറവ് മാത്രമല്ല അനീമിയയ്ക്ക് കാരണം. വിറ്റാമിൻ ബി12, ഫോളേറ്റ് എന്നിവയുടെ കുറവ്, ചില ജനിതക രോഗങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയും ഇതിലേക്ക് നയിക്കാം.
ഭക്ഷണക്രമത്തിൽ ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തുന്നത് അനീമിയ തടയുന്നതിലും നിയന്ത്രിക്കുന്നതിലും പ്രധാനമാണ്. അയൺ അടങ്ങിയ ഭക്ഷണങ്ങൾ ഹീമോഗ്ലോബിൻ ഉൽപാദനത്തിന് സഹായിക്കുന്നു. ചീര, മുരിങ്ങയില, പയറുവർഗങ്ങൾ, ബീൻസ്, മത്സ്യം, മാംസം, മുട്ട, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഈത്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. അയൺ ശരീരത്തിൽ നന്നായി ആഗിരണം ചെയ്യപ്പെടാൻ വിറ്റാമിൻ സി സഹായിക്കും. അതിനാൽ ഓറഞ്ച്, നാരങ്ങ, തക്കാളി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അതേസമയം, ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതുകൊണ്ടുമാത്രം എല്ലാ തരത്തിലുള്ള അനീമിയയും പരിഹരിക്കാനാവില്ല. അയണിന്റെ കുറവാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം അയൺ ഗുളികകൾ ആവശ്യമായി വന്നേക്കാം. മറ്റ് പോഷകങ്ങളുടെ കുറവോ രോഗങ്ങളോ കാരണമാണെങ്കിൽ അതിനനുസരിച്ചുള്ള ചികിത്സയും വേണ്ടിവരും.
തുടർച്ചയായ ക്ഷീണം, തലചുറ്റൽ, ശ്വാസംമുട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യപരിശോധന നടത്തണം. പ്രത്യേകിച്ച് അമിതമായ ആർത്തവരക്തസ്രാവമുള്ളവരും ഗർഭിണികളും കുട്ടികളും രക്തക്കുറവിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
കൃത്യമായ പരിശോധനയിലൂടെ അനീമിയയുടെ കാരണം കണ്ടെത്തുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യുന്നതാണ് പ്രധാനം. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾക്കൊപ്പം ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കാനും മറക്കരുത്.
Anaemia is a condition caused by low hemoglobin levels in the blood, affecting the body's ability to carry oxygen. The article explores its common symptoms, including fatigue, dizziness and breathlessness, along with possible causes, high-risk groups, diagnosis and treatment. It also highlights iron-rich foods and dietary measures that can help prevent and manage anaemia.