

ന്യൂഡൽഹിയിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനിടെ ഇന്ത്യൻ താരം പി വി സിന്ധുവിന്റെ നെറ്റിയിൽ കണ്ട ടെംപിള്‍ എന്ന കുഞ്ഞൻ ഉപകരണം ഏറെ ശ്രദ്ധനേടിയിരുന്നു. സൊമാറ്റൊ സഹ-സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ വികസിപ്പിച്ചെടുത്ത ഒരു പരീക്ഷണാത്മക ആരോഗ്യ-സാങ്കേതിക മോണിറ്ററിങ് സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തലച്ചോറിലേക്കുള്ള രക്തയോട്ടം, മാനസിക സമ്മര്‍ദം, ഏകാഗ്രത എന്നിവ തത്സമയം നിരീക്ഷിക്കാന്‍ സഹായിക്കുന്നതായിരുന്നു. അന്ന് മുതല്‍ ടെക് ലോകത്തെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ടെംപിള്‍ എന്ന കുഞ്ഞന്‍ ഡിവൈസ് ഇപ്പോള്‍ വൈദ്യശാസ്ത്ര രംഗത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.
തലച്ചോറിലെ രക്തയോട്ടം അളക്കും എന്ന അവകാശവാദമാണ് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ അതിവേഗം വളരുന്ന വെല്‍നസ്-ടെക് വിപണിയിലെ കിടമത്സരമാണ് ഡിവൈസിനെ ചര്‍ച്ചയാക്കുന്ന മറുവശം. തലച്ചോറിന്റെ ആരോഗ്യത്തെക്കുറിച്ച് നിങ്ങളോട് പറയുമെന്ന് അവകാശപ്പെടുന്ന ഉപകരണത്തിന് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ 70,000 മുതല്‍ 80,000 വരെയാണ് ഈ ഉപകരണത്തിന്റെ വില. എന്നാല്‍ മസ്തിഷ്കത്തിലെ രക്തയോട്ടം കൃത്യമായി അളക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന ക്ലിനിക്കല്‍ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ടെംപിളിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കുഞ്ഞന്‍ ഡിവൈസിലെ ഒരു സെന്‍സര്‍ വഴി മസ്തിഷ്കത്തിലെ സങ്കീര്‍ണമായ രക്തയോട്ടം വിലയിരുത്തുമെന്ന് അവകാവാദം അവിശ്വസനീയമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ടെമ്പറല്‍ ആര്‍ട്ടറിയില്‍ നിന്നുള്ള പ്രതികരണത്തിന് തലച്ചോറിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസനീയമായി പറയാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
തലയോട്ടിയിലേക്കും ചുറ്റുമുള്ള പേശികളിലേക്കും രക്തം വിതരണം ചെയ്യുകയാണ് സൂപ്പര്‍ഫിഷ്യല്‍ ടെമ്പറല്‍ ആര്‍ട്ടറിയുടെ പ്രവര്‍ത്തനം. ഈ ധമനിയില്‍ രക്തയോട്ടം അളക്കുന്നതിലൂടെ തലച്ചോറിനുള്ളിലെ രക്തചംക്രമണത്തെക്കുറിച്ച് വിലയിരുത്താന്‍ കഴിയില്ല. ഇത് മനസിലാക്കാന്‍ സിടി / എംആര്‍ഐ/ ആന്‍ജിയോഗ്രാഫി പോലുള്ള പരിശോധനകളിലൂടെ കരോട്ടിഡ്, വെര്‍ട്ടെബ്രല്‍ ധമനികള്‍ പരിശോധിക്കേണ്ടതുണ്ട്.
'ടെംപിള്‍ ഡിവൈസിന് സെറിബ്രല്‍ രക്തയോട്ടം കൃത്യമായി അളക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന ശക്തമായ, പിയര്‍-റിവ്യൂഡ് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നിരിക്കെ ഇതിനെ ആശ്രയിക്കുന്നത് ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യുമെന്നും പ്രമുഖ ന്യൂറോളജിസ്റ്റുകള്‍ പറയുന്നു. ഡിവൈസ് നല്കുന്ന വിവരങ്ങളെ അമിതമായി ആശ്രയിക്കുന്ന നിലയുണ്ടായാല്‍ യഥാര്‍ത്ഥ ന്യൂറോളജിക്കല്‍ ലക്ഷണങ്ങളെ അവഗണിക്കുന്ന നിലയുണ്ടാകും. ഇത് രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ചികിത്സ നേടുന്നത് വൈകിപ്പിക്കുകയും ചെയ്തേക്കാം. നിലവാരമുള്ള ശാസ്ത്രീയ സ്ഥിരീകരണം കൂടാതെ ടെംപിള്‍ പോലുള്ള ഉപകരണം പൊതു ഉപയോഗത്തിനായി ശുപാര്‍ശ ചെയ്യുന്നത് ദോഷം ചെയ്തേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അശാസ്ത്രീയവും ക്ലിനിക്കല്‍ ഡാറ്റയോ ഗവേഷണമോ ഇല്ലാത്ത ഒരു മാര്‍ക്കറ്റിങ് കളിപ്പാട്ടം മാത്രമാണിതെന്നും ഈ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ധമനികളുടെ പള്‍സ് അളവുകള്‍ക്ക് ഹൃദയമിടിപ്പിനപ്പുറം ഗണ്യമായ ഫിസിയോളജിക്കല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്ന് വാദിക്കുന്ന ആരോഗ്യവിദഗ്ധരുമുണ്ട്. പള്‍സ്-തരംഗത്തിന്റെ രീതി, ഹൃദയമിടിപ്പിന്റെ വ്യതിയാനം, എന്‍ട്രോപ്പി ഉള്‍പ്പെടെയുള്ള സിഗ്നല്‍ സങ്കീര്‍ണ്ണതയുടെ അളവുകള്‍ എന്നിവയ്ക്ക് ഹൃദയ, ഓട്ടോണമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചനകള്‍ നല്കാന് സാധിക്കുന്നവയാണ്. 'ഹൃദയമിടിപ്പിനപ്പുറം പള്‍സില്‍ ഗണ്യമായ ഫിസിയോളജിക്കല്‍ വിവരങ്ങളുണ്ട്. കൈത്തണ്ട അല്ലെങ്കില്‍ വിരല്‍ എന്നിവയില്‍ നിന്നുള്ള അളവുകളെക്കാള്‍ ആര്ട്ടിറിയിലെ ഇത്തരം സ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നതിന് ശാത്രീയ അടിത്തറയുണ്ടെന്നും ഇവര്‍ വാദിക്കുന്നു.
Temple, a wearable health-monitoring device developed by Zomato co-founder Deepinder Goyal, has sparked controversy over its claims of measuring blood flow to the brain. While doctors question the lack of strong clinical evidence supporting its accuracy, some health experts believe arterial pulse measurements could offer valuable physiological insights. The device, priced at around ₹70,000–₹80,000, has raised concerns about its scientific reliability and potential health risks.