

ഭക്ഷണത്തിൽ ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് പലവിധ പ്രശ്നങ്ങളുണ്ടാക്കാം. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് അമിതമായ ഉപ്പിന്റെ ഉപയോഗം. അതിനാൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിച്ച് മിതമായി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഉപ്പില്ലാതെ കറികൾക്ക് രുചിയുണ്ടാകില്ലെന്നത് ശരിയാണെങ്കിലും അമിതമായ ഉപ്പിന്റെ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തെ ബാധിക്കാം.
ശരീരത്തിൽ ഉപ്പിന്റെ അളവ് അമിതമാകുമ്പോൾ ചില ലക്ഷണങ്ങൾ പ്രകടമാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം.
വയറുവേദനയും അസ്വസ്ഥതയും
ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂടുമ്പോൾ അത് ജലത്തിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. അധിക സോഡിയത്തെ നേർപ്പിക്കാനായി ശരീരം കൂടുതൽ വെള്ളം നിലനിർത്താൻ ശ്രമിക്കും. ഇത് വയറുവീക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാം.
അമിതമായി മൂത്രമൊഴിക്കൽ
ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ വൃക്കകൾക്ക് പ്രധാന പങ്കുണ്ട്. അധിക സോഡിയം പുറന്തള്ളാൻ വൃക്കകൾ പ്രവർത്തിക്കുമ്പോൾ മൂത്രമൊഴിക്കുന്നതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് ഉപ്പ് അധികമായി കഴിക്കുന്നതിന്റെ മാത്രം ലക്ഷണമല്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമാകാം.
കൈകാലുകളിൽ വീക്കം
അമിതമായ ഉപ്പിന്റെ ഉപയോഗം ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമാകാം. പ്രത്യേകിച്ച് കൈകൾ, കാലുകൾ, കണങ്കാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ വീക്കം അനുഭവപ്പെടാം. എഡിമ (Edema) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ശരീരത്തിൽ അധികമായി നിലനിൽക്കുന്ന ദ്രാവകം മൂലം കൈകാലുകൾ വീർത്തതായി കാണപ്പെടാം.
അമിതമായ ദാഹം
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാകുമ്പോൾ രക്തത്തിലെ സോഡിയത്തിന്റെ സാന്ദ്രത വർധിക്കാം. ഇതിന്റെ ഫലമായി അധിക സോഡിയത്തെ നേർപ്പിക്കാൻ കൂടുതൽ വെള്ളം കുടിക്കണമെന്ന സന്ദേശം തലച്ചോറിന് ലഭിക്കുന്നു. അതിനാൽ ഉപ്പുള്ള ഭക്ഷണം കഴിച്ചതിനുശേഷം അമിതമായ ദാഹം അനുഭവപ്പെടാം.
ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാം
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ആരോഗ്യസംരക്ഷണത്തിന് പ്രധാനമാണ്. അച്ചാറുകൾ, പപ്പടം, ചിപ്സ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയിൽ ഉപ്പിന്റെ അളവ് കൂടുതലായിരിക്കാം. അതിനാൽ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ദൈനംദിന ഭക്ഷണത്തിൽ ഉപ്പ് മിതമായി ഉൾപ്പെടുത്തുകയും ചെയ്യുക.
അമിതമായ ദാഹം, തുടർച്ചയായ വീക്കം, മൂത്രമൊഴിക്കുന്നതിലെ അസാധാരണമായ മാറ്റങ്ങൾ തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിൽ സ്വയം രോഗനിർണയം നടത്താതെ ഡോക്ടറുടെ ഉപദേശം തേടുക.
Excessive salt consumption can increase the risk of high blood pressure, heart disease and kidney problems. Learn about the warning signs of excess sodium in the body and why limiting salt intake is important for good health.