

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. സമാധാനപരമായ ജീവിതത്തിന് ആരോഗ്യകരമായ ഹൃദയം കൂടിയേതീരു. ദൗർഭാഗ്യവശാൽ നമ്മളിൽ ഭൂരിഭാഗം പേരും ഹൃദയാരോഗ്യത്തിനായി കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ലോകമെമ്പാടുമുള്ള മരണങ്ങളിൽ നല്ലൊരു ശതമാനവും ഹൃദയസംബന്ധിയായ അസുഖങ്ങൾ കാരണമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ നിത്യജീവതത്തിലെ ചെറിയ ചില മാറ്റങ്ങൾക്കൊണ്ട് തന്നെ ഹൃദയത്തിനാവശ്യമായ പരിചരണം നൽകാനാകും. ജീവിതശൈലി മാറ്റങ്ങളിലൂടെയും സജീവമായ ശീലങ്ങളിലൂടെയും പല ഹൃദ്രോഗങ്ങളും തടയാനാകും. അതിനായി എന്തെല്ലം മാറ്റങ്ങൾ വരുത്താമെന്ന് നോക്കാം.
ഹൃദ്രോഗങ്ങൾ തടയുന്നതിൽ ആരോഗ്യകരമായ ജീവിതശൈലിക്ക് നിർണായക പങ്കുണ്ട്. ഭക്ഷണരീതി, വ്യായാമം, ഉറക്കം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സാധിക്കും. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ദൈനംദിന ജീവിതത്തിൽ ശീലമാക്കേണ്ട എട്ട് കാര്യങ്ങൾ ഇവയാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കാം; ജീവിതശൈലിയിൽ വരുത്തേണ്ട 8 പ്രധാന മാറ്റങ്ങൾ
ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമം പിന്തുടരുക. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ എന്നിവയ്ക്ക് ഭക്ഷണത്തിൽ പ്രാധാന്യം നൽകണം. അമിതമായി കൊഴുപ്പും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതും ഗുണകരമാണ്. ആരോഗ്യകരമായ ഭക്ഷണരീതി രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകവലി. പുകവലിക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. പുകവലി ഉപേക്ഷിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന നടപടിയാണ്. പുകവലിക്കാത്തവർ പോലും മറ്റുള്ളവർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് ഒഴിവാക്കണം. പുകയിലയുടെ ഉപയോഗം പൂർണമായും അവസാനിപ്പിക്കുന്നത് ദീർഘകാല ആരോഗ്യത്തിന് ഗുണകരമാണ്.
ശാരീരികമായി സജീവമായിരിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണ്. പതിവായ വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹം ഉൾപ്പെടെയുള്ള ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തടയാനും വ്യായാമം പ്രയോജനപ്പെടും. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടക്കുകയോ മറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് നല്ലതാണ്. വ്യായാമം ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്തും.
അമിതവണ്ണം, പ്രത്യേകിച്ച് വയറിനു ചുറ്റുമുള്ള കൊഴുപ്പ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. ശരീരഭാരം കൂടുന്നത് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കണം. ചെറിയ തോതിൽ ഭാരം കുറയ്ക്കുന്നതുപോലും ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരഭാരം കുറയുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിച്ചേക്കാം. ഇതിലൂടെ രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാനും സാധിക്കും.
അമിതമായ മദ്യപാനം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് രക്തസമ്മർദം ഉയരുന്നതിനും ശരീരഭാരം വർധിക്കുന്നതിനും കാരണമായേക്കാം. ദീർഘകാലത്തെ അമിത മദ്യപാനം ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാം. അതിനാൽ മദ്യപാനം ഒഴിവാക്കുകയോ പരമാവധി നിയന്ത്രിക്കുകയോ ചെയ്യുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ആരോഗ്യകരമായ ജീവിതശൈലിയിൽ ഉറക്കത്തിനും വലിയ പ്രാധാന്യമുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിച്ചേക്കാം. മിക്ക മുതിർന്നവർക്കും ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ശീലം വളർത്തിയെടുക്കണം. ഉറക്കത്തിന്റെ ഗുണനിലവാരത്തിനും ആവശ്യമായ വിശ്രമത്തിനും പ്രാധാന്യം നൽകുക.
തുടർച്ചയായ മാനസിക സമ്മർദം ഹൃദയാരോഗ്യത്തെ ബാധിക്കാം. ഇത് രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത കൂട്ടുന്ന മറ്റ് ഘടകങ്ങൾക്കു കാരണമാകുന്നതിനും ഇടയാക്കാം. സമ്മർദം നേരിടാൻ അമിതമായി ഭക്ഷണം കഴിക്കുക, പുകവലിക്കുക, മദ്യപിക്കുക തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കണം. പകരം വ്യായാമം, ധ്യാനം, ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടൽ, ആവശ്യത്തിന് വിശ്രമം എന്നിവയിലൂടെ മാനസിക സമ്മർദം കുറയ്ക്കാൻ ശ്രമിക്കാം.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യസ്ഥിതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തേണ്ടതുണ്ട്. രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുന്നത് ഇതിന് സഹായിക്കും. ഇത്തരം പരിശോധനകളിലൂടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും ആവശ്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കാനും സാധിക്കും. പ്രായം, കുടുംബത്തിലെ രോഗചരിത്രം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനകൾ നടത്തണം.
ആരോഗ്യകരമായ ഭക്ഷണശീലം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, പുകവലി ഒഴിവാക്കൽ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സാധിക്കും. ചെറിയ ജീവിതശൈലി മാറ്റങ്ങൾ പോലും ദീർഘകാല ഹൃദയാരോഗ്യത്തിന് സഹായകമാകും.
The article highlights that protecting the heart, one of the most vital organs in the human body, does not require extraordinary efforts. Its key message is that the risk of heart disease can be significantly reduced through a balanced diet, regular exercise, maintaining a healthy weight, avoiding smoking and excessive alcohol consumption, getting adequate sleep, managing stress, and undergoing regular health check-ups.