മധുരം പതിവാണോ? സ്തനാർബുദത്തിന് സാധ്യതയെന്ന് പഠനം, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ജനിതക ഘടകങ്ങൾ, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങി നിരവധി ഘടകങ്ങൾ രോഗസാധ്യതയുണ്ടാക്കുന്നവയാണ്.
മധുരം പതിവാണോ?
സ്തനാർബുദത്തിന് സാധ്യതയെന്ന്  പഠനം, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Published on: 

പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ നിരന്തരമായി കഴിക്കുന്നത് സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. മധുരം അധികമുള്ള ഭക്ഷണങ്ങൾ, ഐസ്ക്രീം എന്നിവ ആഴ്ചയിൽ രണ്ടിലധികം തവണ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത 28 ശതമാനം കൂടുതലാണെന്നാണ് പുതിയ കണ്ടെത്തൽ. യൂറോപ്യൻ ജേർണൽ ഓഫ് ന്യൂട്രീഷൻ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

2004 മുതൽ 2013 വരെ ദക്ഷിണ കൊറിയയിൽ നടന്ന ഹെൽത്ത് എക്‌സാമിനീസ്- ജെം പഠനത്തിൽ പങ്കെടുത്ത 40 മുതൽ 69 വയസ്സിനിടയിലുള്ള 92,000ത്തിലധികം സ്ത്രീകളുടെ ആരോഗ്യവിവരങ്ങളാണ് ഗവേഷകർ പഠന വിധേയമാക്കിയത്. ഭക്ഷണ രീതികളും ശീലങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇതിനായി അവർ ശേഖരിച്ചു. മാസത്തിൽ ഒരു തവണ മാത്രം അതിമധുര ഭക്ഷണങ്ങൾ കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍, ആഴ്ചയിൽ രണ്ടിലധികം തവണ കഴിച്ചവരിൽ സ്തനാർബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

എന്നാല്‍, പഴങ്ങൾ കഴിക്കുന്നതും സ്തനാർബുദ സാധ്യത വർധിക്കുന്നതും തമ്മിൽ ബന്ധമൊന്നും കണ്ടെത്താനായില്ല. പഴങ്ങളിൽ സ്വാഭാവിക പഞ്ചസാരയും മറ്റ് ഭക്ഷണങ്ങളിൽ കൃത്രിമമായി ചേർക്കുന്ന പഞ്ചസാരയുമാണുള്ളത്. ഇവ രണ്ടും ഒരുപോലെയല്ല. പഴങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതേസമയം, ഉയർന്ന അളവിൽ പഞ്ചസാര ചേർത്ത ഭക്ഷണങ്ങളിൽ പോഷകങ്ങൾ കുറവായിരിക്കും. അതുകൊണ്ട് പഞ്ചസാര അടങ്ങിയെന്ന കാരണംകൊണ്ട് പഴങ്ങൾ ഒഴിവാക്കേണ്ടതില്ലെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

ഒറ്റ കാരണംകൊണ്ട് മാത്രം ഉണ്ടാകുന്ന രോഗമല്ല സ്തനാർബുദം. ജനിതക ഘടകങ്ങൾ, ജീവിത ചുറ്റുപാട്, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങി നിരവധി ഘടകങ്ങൾ രോഗസാധ്യതയുണ്ടാക്കുന്നവയാണ്. ഭക്ഷണത്തിലെ അമിത പഞ്ചസാര വിവിധ അർബുദങ്ങള്‍ക്ക് കാരണമാകുമെങ്കിലും പഞ്ചസാര നേരിട്ട് സ്തനാർബുദത്തിന് കാരണമാകുന്നില്ല.

ദിവസവും മധുരം ചേർത്ത ഭക്ഷണം കഴിക്കുന്നതിന് പകരം ഓട്സ്, പഞ്ചസാര കുറഞ്ഞ തൈര്, മുട്ട, ധാന്യങ്ങൾ കൊണ്ടുള്ള ബ്രെഡ് എന്നിവ കഴിക്കാം. പഴങ്ങൾ, നട്സ്, വിത്തുകൾ എന്നിവ ചേർക്കുന്നത് നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും പോഷകങ്ങളുടെയും ലഭ്യത വർധിപ്പിക്കും. ഓരോ നേരത്തെ ഭക്ഷണത്തിലും വിവിധ പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, പരിപ്പ്, എന്നിവ ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് പകരം വെള്ളം, പഞ്ചസാര ചേർക്കാത്ത ചായ എന്നിവ തെരഞ്ഞെടുക്കാം.

ഭക്ഷണത്തിന്റെ പാക്കറ്റുകളിലെ ലേബലുകൾ പരിശോധിച്ച് അധികമായി ചേർത്ത പഞ്ചസാരയുടെ അളവ് മനസ്സിലാക്കുന്നതും നല്ലതാണ്. മധുരപലഹാരങ്ങൾ പൂർണമായി ഒഴിവാക്കണമെന്നല്ല പക്ഷേ, അവയുടെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ദീർഘകാലം പിന്തുടരാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം.

Summary

A new study published in the European Journal of Nutrition found that women who consume high-sugar foods, such as sugary cereals and ice cream, more than twice a week may have a 28% higher risk of breast cancer. The study analysed health data from over 92,000 women in South Korea. Researchers found no link between fruit consumption and increased breast cancer risk. Experts recommend reducing added sugar, eating more fruits and vegetables, and following a balanced, nutrient-rich diet. However, the findings show an association, not proof that sugar directly causes breast cancer.