മനസ്സിന്റെ ആരോഗ്യം: നാം മറന്നുപോകുന്ന ജീവിതത്തിന്റെ അടിത്തറ

മാനസികാരോഗ്യമെന്നാൽ മാനസികരോഗങ്ങൾ ഇല്ലാത്ത അവസ്ഥ മാത്രമാണെന്ന ധാരണ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
മനസ്സിന്റെ ആരോഗ്യം: നാം മറന്നുപോകുന്ന ജീവിതത്തിന്റെ അടിത്തറ
Published on: 

ശരീരത്തിന്റെ ഓരോ ചെറിയ വേദനയ്ക്കു പോലും ചികിത്സ തേടുന്ന നാം, മനസ്സിന്റെ വേദനയും ക്ഷീണവും തിരിച്ചറിയാത്തതെന്തുകൊണ്ട്? രോഗമില്ലായ്മയ്ക്കപ്പുറം മനസ്സിന്റെ സൗഖ്യവും സന്തോഷവും ഉറപ്പാക്കുന്നതല്ലേ യഥാർത്ഥ ആരോഗ്യം?

പനി വന്നാൽ ഡോക്ടറെ കാണാനും ചെറിയൊരു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ പോലും പരിശോധനകൾ നടത്താനും നാം തയ്യാറാണ്. ശാരീരികരോഗങ്ങളുടെ ചികിത്സയ്ക്കായി സമയവും പണവും ചെലവഴിക്കാൻ മടിക്കാറില്ല. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, പതിവ് ആരോഗ്യപരിശോധനകൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും നാം ബോധവാന്മാരാണ്. എന്നാൽ നമ്മുടെ മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇതേ പരിഗണന നൽകുന്നുണ്ടോ? ജീവിതത്തിലെ അസ്വസ്ഥതകളും വൈകാരിക സംഘർഷങ്ങളും മനസ്സിന്റെ ക്ഷീണവുമെല്ലാം പലപ്പോഴും നാം അവഗണിക്കുകയാണ് ചെയ്യുന്നത്. ശാരീരികാരോഗ്യത്തിന് നൽകുന്ന പ്രാധാന്യത്തിന്റെ ഒരു ഭാഗമെങ്കിലും മാനസികാരോഗ്യത്തിന് നൽകാൻ നാം തയ്യാറാകേണ്ടതുണ്ട്.

രോഗമില്ലായ്മയ്ക്കപ്പുറം മാനസികാരോഗ്യം

മാനസികാരോഗ്യമെന്നാൽ മാനസികരോഗങ്ങൾ ഇല്ലാത്ത അവസ്ഥ മാത്രമാണെന്ന ധാരണ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മാനസികാരോഗ്യം അതിനേക്കാൾ വിശാലമായ ആശയമാണ്. നമ്മുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ, സാമൂഹികബന്ധങ്ങൾ, ജീവിതത്തോടുള്ള സമീപനം എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയാനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും അർത്ഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സമൂഹവുമായി ആരോഗ്യകരമായ ബന്ധം പുലർത്താനും കഴിയുന്നത് നല്ല മാനസികാരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളാണ്.

മനസ്സിന്റെ ആരോഗ്യം: നാം മറന്നുപോകുന്ന ജീവിതത്തിന്റെ അടിത്തറ
കേരളത്തിലെ സ്പാ വ്യവസായം: കെട്ടറ്റ നിയമങ്ങളും നിയന്ത്രണമില്ലാത്ത വളര്‍ച്ചയും

സന്തോഷത്തോടെ ജീവിക്കുക എന്നതിനർത്ഥം എല്ലായ്പ്പോഴും സന്തോഷം മാത്രം അനുഭവിക്കുക എന്നല്ല. ദുഃഖവും നിരാശയും ഭയവും പരാജയവുമെല്ലാം മനുഷ്യജീവിതത്തിന്റെ സ്വാഭാവിക അനുഭവങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും അവയെ ആരോഗ്യകരമായി കൈകാര്യം ചെയ്യാനും പ്രതിസന്ധികളിൽനിന്ന് തിരിച്ചുവരാനും കഴിയുന്നതാണ് മാനസികമായ കരുത്ത്. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ, ആത്മവിശ്വാസം, സ്വയം അംഗീകരിക്കാനുള്ള കഴിവ്, ആരോഗ്യകരമായ ബന്ധങ്ങൾ, ജീവിതലക്ഷ്യങ്ങൾ എന്നിവയെല്ലാം മാനസികസൗഖ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.

മനസ്സിന്റെ ആരോഗ്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും

നല്ല മാനസികാരോഗ്യം വ്യക്തിയുടെ ജീവിതനിലവാരത്തെ മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തെയും സ്വാധീനിക്കുന്നു. മാനസികമായി ആരോഗ്യമുള്ള വ്യക്തിക്ക് മറ്റുള്ളവരുമായി ഗുണകരമായ ബന്ധങ്ങൾ സ്ഥാപിക്കാനും അഭിപ്രായവ്യത്യാസങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനും തൊഴിൽമേഖലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സാധിക്കും . തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ജീവിതത്തിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാനും മാനസികസൗഖ്യം സഹായകമാകുന്നു.

ശരീരവും മനസ്സും പരസ്പരം സ്വാധീനിക്കുന്നവയാണ്. തുടർച്ചയായ മാനസികസമ്മർദം ഉറക്കത്തെയും വിശപ്പിനെയും ശാരീരികപ്രവർത്തനങ്ങളെയും ബാധിക്കാം. അതുപോലെ, ശാരീരികരോഗങ്ങളും വേദനകളും വ്യക്തിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കാം. അതുകൊണ്ടുതന്നെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും രണ്ടായി വേർതിരിച്ചുകാണുന്നത് ആരോഗ്യത്തെക്കുറിച്ചുള്ള അപൂർണമായ സമീപനമാണ്.

കുട്ടികളുടെ മനസ്സിനും വേണം പരിചരണം

കുട്ടികൾക്ക് പോഷകാഹാരവും നല്ല വസ്ത്രങ്ങളും മികച്ച വിദ്യാഭ്യാസവും നൽകുന്നതിൽ മാതാപിതാക്കൾ വലിയ ശ്രദ്ധ പുലർത്തുന്നു. എന്നാൽ കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾക്കും മാനസികസൗഖ്യത്തിനും അത്രതന്നെ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. കുട്ടികൾക്ക് സ്നേഹവും സുരക്ഷിതത്വവും അംഗീകാരവും ലഭിക്കണം. അവരുടെ ആശങ്കകൾ കേൾക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും പരാജയങ്ങളെ നേരിടാനും അവസരമുണ്ടാകണം.

പഠനത്തിലെ മികവ് മാത്രം കുട്ടികളുടെ ക്ഷേമത്തിന്റെ അളവുകോലാക്കരുത്. അമിതമായ പ്രതീക്ഷകളും നിരന്തരമായ താരതമ്യപ്പെടുത്തലുകളും വൈകാരിക അവഗണനയും കുട്ടികളിൽ സമ്മർദം സൃഷ്ടിച്ചേക്കാം. പെരുമാറ്റത്തിലെ മാറ്റങ്ങൾ, സാമൂഹികമായി ഒറ്റപ്പെടൽ, പഠനത്തിൽ താൽപര്യം കുറയൽ, സ്കൂളിൽ പോകാൻ മടികാണിക്കൽ തുടങ്ങിയവയ്ക്ക് പിന്നിലുള്ള കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. കുട്ടികളുടെ മാനസികാരോഗ്യസംരക്ഷണം പ്രശ്നങ്ങൾ ഉണ്ടായശേഷം ആരംഭിക്കേണ്ട ഒന്നല്ല. ജീവിതനൈപുണ്യങ്ങളും വൈകാരികനിയന്ത്രണശേഷിയും ആത്മവിശ്വാസവും വളർത്തിക്കൊണ്ട് ചെറുപ്പംമുതൽ ആരംഭിക്കേണ്ട തുടർച്ചയായ പ്രക്രിയയാണത്.

മനസ്സിന്റെ ആരോഗ്യം: നാം മറന്നുപോകുന്ന ജീവിതത്തിന്റെ അടിത്തറ
തോറ്റ തെയ്യം | Visual Biopic |

മാറുന്ന ലോകം, മാറുന്ന മാനസിക വെല്ലുവിളികൾ

സാങ്കേതികവിദ്യയും സാമൂഹികമാധ്യമങ്ങളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറിയിരിക്കുന്നു. ആശയവിനിമയത്തിനും പഠനത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അമിതമായ ഡിജിറ്റൽ ഉപയോഗം, സാമൂഹിക താരതമ്യം, ഉറക്കക്കുറവ്, നേരിട്ടുള്ള മനുഷ്യബന്ധങ്ങളുടെ കുറവ് തുടങ്ങിയ വെല്ലുവിളികളും ഉയരുന്നുണ്ട്. തിരക്കേറിയ ജീവിതത്തിൽ സ്വന്തം മനസ്സിനെ കേൾക്കാനും മറ്റുള്ളവരുമായി ആത്മാർത്ഥമായി സംസാരിക്കാനും പലർക്കും സമയം കണ്ടെത്താൻ കഴിയുന്നില്ല.

നല്ല വരുമാനവും ഉയർന്ന വിദ്യാഭ്യാസവും മികച്ച ജീവിതസൗകര്യങ്ങളും ഉണ്ടായതുകൊണ്ടു ഒരാൾ മാനസികമായി സന്തുഷ്ടനാകണമെന്നില്ല. നേട്ടങ്ങളുടെയും മത്സരങ്ങളുടെയും പിന്നാലെ സഞ്ചരിക്കുമ്പോൾ ജീവിതത്തിലെ സന്തോഷവും ബന്ധങ്ങളും സമാധാനവും നഷ്ടപ്പെടുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.

ചികിത്സയ്ക്കൊപ്പം പ്രതിരോധത്തിനും പ്രാധാന്യം

മാനസികാരോഗ്യസംരക്ഷണം മാനസികരോഗങ്ങളുടെ ചികിത്സയിൽ മാത്രം ഒതുങ്ങരുത്. രോഗപ്രതിരോധത്തിനും മാനസികസൗഖ്യത്തിന്റെ പരിപോഷണത്തിനും തുല്യപ്രാധാന്യം നൽകണം. ക്രമമായ ഉറക്കം, ശാരീരികവ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, വിശ്രമം, പ്രകൃതിയോടൊപ്പമുള്ള സമയം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള അർത്ഥവത്തായ ഇടപെടലുകൾ എന്നിവ മാനസികസൗഖ്യത്തിന് സഹായകമാണ്.

സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, സമ്മർദം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ പരിശീലിക്കുക, ആവശ്യമായപ്പോൾ സഹായം തേടുക എന്നിവയും പ്രധാനമാണ്. ജീവിതത്തിലെ പ്രതിസന്ധികൾ നേരിടുന്നവർക്ക് കരുതലോടെയുള്ള കേൾവിയും വൈകാരിക പിന്തുണയും പ്രാഥമിക മാനസികസഹായവും ലഭ്യമാക്കണം. മാനസികപ്രയാസങ്ങൾ ദീർഘകാലം തുടരുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ വിദഗ്ധസഹായം തേടാൻ മടിക്കരുത്.

മാനസികാരോഗ്യസംരക്ഷണം വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ല. കുടുംബങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴിലിടങ്ങളും സമൂഹവും അതിൽ പങ്കാളികളാകണം. മാനസികരോഗങ്ങളുള്ളവരെ മാറ്റിനിർത്തുന്നതിനുപകരം അവരെ അംഗീകരിക്കാനും ഉൾക്കൊള്ളാനും അവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും നമുക്ക് കഴിയണം. മാനസികപ്രയാസങ്ങളെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാത്ത സാമൂഹികാന്തരീക്ഷമാണ് നമുക്കാവശ്യം.

മനസ്സിന്റെ ആരോഗ്യം: നാം മറന്നുപോകുന്ന ജീവിതത്തിന്റെ അടിത്തറ
നാനാ പടേക്കർ, അഭിനയത്തിന്റെ തീക്ഷ്ണമുഖം

മനസ്സിനെ കരുതുന്നത് ജീവിതത്തെ കരുതലാണ്

ഈ ലോക മാനസികാരോഗ്യദിനം നമ്മെ ഓർമിപ്പിക്കുന്നത് ലളിതവും പ്രധാനപ്പെട്ടതുമായ ഒരു യാഥാർഥ്യമാണ്. മാനസികാരോഗ്യം മാനസികരോഗമുള്ളവരുടെ മാത്രം വിഷയമല്ല; ഓരോ മനുഷ്യന്റെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ മനസ്സിന്റെ സൗഖ്യം സംരക്ഷിക്കുന്നതുപോലെ നമുക്കുചുറ്റുമുള്ളവരുടെ മാനസികക്ഷേമത്തിലും ശ്രദ്ധ ചെലുത്തണം.

മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് രോഗം വരുമ്പോൾ മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലുമാണ്. മാനസികാരോഗ്യം ഒരു അധിക പരിഗണനയല്ല; ആരോഗ്യകരവും സന്തോഷകരവും അർത്ഥപൂർണവുമായ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്.

ശരീരത്തിന്റെ ആരോഗ്യം പോലെ മനസ്സിന്റെ ആരോഗ്യവും നമ്മുടെ മുൻഗണനയാകട്ടെ. കാരണം, മനസ്സിനെ മറന്നുകൊണ്ടുള്ള ഒരു ആരോഗ്യസങ്കൽപ്പവും പൂർണ്ണമല്ല.

Summary

This article highlights the critical importance of mental health, arguing that it deserves the same attention and care as physical health. It emphasizes that true well-being goes beyond the mere absence of mental illness; it includes emotional resilience, healthy relationships, and the ability to navigate life's challenges. The piece underlines the need to prioritize children's emotional needs over strict academic expectations, addresses the modern mental health challenges posed by the digital age, and advocates for preventive care and healthy lifestyle choices. Ultimately, it reminds us that mental health is a collective societal responsibility and the foundational pillar of a meaningful, happy life.

Madism Digital
madismdigital.com