ആരോഗ്യ രംഗത്ത് സ്വകാര്യമേഖല വളരുന്നു; ആളോഹരി ആരോഗ്യ ചെലവിലും വര്‍ധന

സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളില്‍ ചെലവഴിക്കുന്നതിന്റെ ഏകദേശം ഇരട്ടിയാണ് സ്വകാര്യ ജനറല്‍ ആശുപത്രികളില്‍ ചെലവിടുന്നത്
ആരോഗ്യ രംഗത്ത് സ്വകാര്യമേഖല വളരുന്നു;  ആളോഹരി ആരോഗ്യ ചെലവിലും വര്‍ധന
Published on: 

രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്കായി ചെലവഴിക്കുന്ന വിഹിതം കുറയുന്നതായി ദേശീയ ആരോഗ്യ അക്കൗണ്ട് എസ്റ്റിമേറ്റ്സ് 2023-24 റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ജിഡിപിയുടെ 3.3 ശതമാനം മാത്രമാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മേഖലയ്ക്കായി ചെലവഴിച്ചത്. കോവിഡ് മഹാമാരിയുടെ കാലമായ 2021-22ല്‍ ഇത് 3.8 ശതമാനമായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചെലവ്, ഇന്‍ഷുറന്‍സ് പരിരക്ഷ, വ്യക്തികള്‍ നേരിട്ട് വഹിക്കുന്ന ചികിത്സാ ചെലവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളില്‍ ചെലവഴിക്കുന്നതിന്റെ ഏകദേശം ഇരട്ടിയാണ് സ്വകാര്യ ജനറല്‍ ആശുപത്രികളില്‍ ചെലവിടുന്നത്. ആകെ നിലവിലെ ആരോഗ്യ ചെലവിന്റെ 31.8 ശതമാനവും സ്വകാര്യ ആരോഗ്യ സേവനദാതാക്കള്‍ക്കാണ് ലഭിക്കുന്നത്.

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ചെലവ് ജിഡിപിയുടെ 2.5 ശതമാനം ഉയര്‍ത്തണമെന്നായിരുന്നു 2017ലെ ദേശീയ ആരോഗ്യ നയത്തിന്റെ ലക്ഷ്യം. 2025ഓടെ ഈ ലക്ഷ്യം കൈവരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ 2023-24ലും സര്‍ക്കാര്‍ ചെലവ് രണ്ട് ശതമാനത്തില്‍ താഴെ തുടരുകയാണ്. സമ്പദ്വ്യവസ്ഥ വളരുന്നതിനനുസരിച്ച് ആരോഗ്യ മേഖലേക്കുള്ള നീക്കിയിരിപ്പ് വര്‍ധിക്കുന്നില്ലെന്നതും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ആളോഹരി ആരോഗ്യ ചെലവില്‍ രാജ്യത്ത് വര്‍ധനയുണ്ടായിട്ടുണ്ട്. 2023-24ല്‍ ഒരാള്‍ക്ക് ശരാശരി 6,801 രൂപയാണ് ആരോഗ്യത്തിനായി ചെലവഴിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 6,602 രൂപയും 6,373 രൂപയുമായിരുന്നു.

ആരോഗ്യ രംഗത്ത് സ്വകാര്യമേഖല വളരുന്നു;  ആളോഹരി ആരോഗ്യ ചെലവിലും വര്‍ധന
അവരുടെ നോട്ടം നമ്മുടെ ആരോഗ്യ ബോധത്തിലോ?

ആകെ ആരോഗ്യ ചെലവില്‍ സര്‍ക്കാരിന്റെ വിഹിതം 43.5 ശതമാനമാണ്. വ്യക്തികള്‍ സ്വന്തം പോക്കറ്റില്‍നിന്ന് വഹിക്കുന്ന ചെലവ് 42.7 ശതമാനവുമാണ്. കോവിഡ് കാലത്തിന് മുമ്പ്, 2019-20ല്‍ സര്‍ക്കാര്‍ വിഹിതം 41.4 ശതമാനവും വ്യക്തികളുടെ നേരിട്ടുള്ള ചെലവ് 47.1 ശതമാനവുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ വിഹിതം വ്യക്തികളുടെ നേരിട്ടുള്ള ചെലവിനേക്കാള്‍ കൂടുതലാണെന്നത് ശ്രദ്ധേയമാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയിലും വര്‍ധനയുണ്ടായി. ആകെ ആരോഗ്യ ചെലവില്‍ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വിഹിതം 2019-20ലെ ഏഴ് ശതമാനത്തില്‍നിന്ന് 2023-24ല്‍ 10.2 ശതമാനത്തിലധികമായി ഉയര്‍ന്നു. ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിഹിതം 9.3 ശതമാനത്തില്‍നിന്ന് 11 ശതമാനമായും വര്‍ധിച്ചു.

Summary

India's healthcare expenditure has declined to 3.3% of GDP in 2023–24, down from 3.8% in 2021–22 during the COVID-19 pandemic, according to the National Health Accounts Estimates 2023–24 report. The figures include spending by central and state governments, insurance coverage and out-of-pocket medical expenses. The report also highlights India's growing dependence on private hospitals for healthcare. Expenditure on private general hospitals is nearly twice that of government general hospitals, while private healthcare providers account for 31.8% of the country's total current health expenditure.