

ലോക കരള്‍ ദിനമായ എപ്രില്‍ 19 അടുക്കാനിരിക്കെ, ദൈനംദിന ജീവിതത്തിലെ നമ്മുടെ ഭക്ഷണരീതികള്‍ കരളിനെ എങ്ങനെ ബാധിക്കുമെന്ന് തിരിച്ചറിയാം. വാരാന്ത്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതാണോ അതോ ദിവസവും അമിതമായി കഴിക്കുന്നതാണോ കൂടുതല്‍ അപകടമെന്നത് ഭൂരിഭാഗം പേരിലും കാണുന്ന സംശയങ്ങളിലൊന്നാണ്. എന്നാല്‍, ഈ രണ്ട് സാഹചര്യങ്ങളും ശരീരത്തിനെ ബാധിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും വിദഗ്ധര്‍ പറയുന്നു.
കരളിന്റെ ധര്‍മം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 'കെമിക്കൽ ഫാക്ടറി' എന്ന് വിശേഷിപ്പിക്കാവുന്ന അവയവമാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുക, പോഷകങ്ങൾ സംഭരിക്കുക, ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) നിയന്ത്രിക്കുക തുടങ്ങി അഞ്ഞൂറിലധികം സുപ്രധാന ജോലികളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ, അമിതഭക്ഷണത്തിന് പിന്നാലെ അനുഭവപ്പെടുന്ന വിട്ടുമാറാത്ത ക്ഷീണം, വയർ വീർക്കൽ, ഭാരക്കൂടുതൽ എന്നിവയെ നാം നിസ്സാരമായി കാണരുത്. കരൾ കോശങ്ങളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന 'നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്' (NAFLD) എന്ന അവസ്ഥയുടെ പ്രാരംഭ ലക്ഷണങ്ങളാകാം ഇവ. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
വാരാന്ത്യങ്ങളിലെ തീറ്റ
വാരാന്ത്യങ്ങളിൽ നാം നടത്തുന്ന നിയന്ത്രണമില്ലാത്ത ഭക്ഷണരീതി പലപ്പോഴും അമിതമായ കൊഴുപ്പും പഞ്ചസാരയും ആൽക്കഹോളും ശരീരത്തിലെത്താൻ കാരണമാകുന്നു. ഇവയെ സംസ്കരിക്കാൻ കരളിന് വലിയ രീതിയിലുള്ള അധ്വാനം ആവശ്യമാണ്. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിനും ക്രമാതീതമായി വർദ്ധിക്കുകയും, കരളിൽ താൽക്കാലികമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഈ 'താൽക്കാലിക' അവസ്ഥ തുടർച്ചയായാൽ അത് കരളിന്റെ ആരോഗ്യത്തെ എന്നന്നേക്കുമായി തകരാറിലാക്കിയേക്കാം.
സ്ഥിരമായ അമിതഭക്ഷണം
സ്ഥിരമായി അമിതഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് വളരെ വൈകിയായിരിക്കും. ഈ ശീലം ശരീരത്തിന് ഒരു നിശബ്ദ ഭിഷണിയാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. സ്ഥിരമായി കലോറികള്‍ കൂടുതല്‍ ഭക്ഷിക്കുന്നത് വഴി, കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നു. ഇത് ഫാറ്റി ലിവര്‍, ഫൈബ്രോസിസ്, ഗുരുതരമായ കേസുകളില്‍ സിറോസിസ് എന്നീ രോഗങ്ങളിലേക്ക് നയിച്ചേക്കാം.
ഏതാണ് കൂടുതല്‍ ഹാനികരം?
ഇവയില്‍ ഏതാണ് കൂടുതല്‍ പ്രശ്‌നമെന്ന് ചോദിച്ചാല്‍, രണ്ടും ഒരുപോലെ പ്രശ്‌നമാണെന്നാണ് ഉത്തരം. വാരാന്ത്യത്തിലെ ഭക്ഷണരീതി ശരീരത്തിനെ പെട്ടെന്ന് ബാധിക്കുന്നതാണെങ്കില്‍, സ്ഥിരമായ അമിതഭക്ഷണം കഴിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ പതിയെ മാത്രമേ അനുഭവപ്പെടൂ.
English Summary: Experts say both binge eating (like weekend overeating) and regular excessive eating harm the liver in different ways. While binge eating causes sudden stress on the liver, constant overeating gradually leads to fat buildup and increases the risk of fatty liver disease.