ശരീരഭാരം കൂടുന്നത് മെറ്റബോളിസം കുറഞ്ഞിട്ടല്ല; വില്ലൻ നമ്മുടെ ജീവിതശൈലി തന്നെ

30-കളിലോ 40-കളിലോ മെറ്റബോളിസം കുറയുന്നു എന്ന ചിന്തയ്ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല.
ശരീരഭാരം കൂടുന്നത് മെറ്റബോളിസം കുറഞ്ഞിട്ടല്ല; വില്ലൻ നമ്മുടെ ജീവിതശൈലി തന്നെ
Published on

പ്രായം കൂടുന്നതിനനുസരിച്ച് ശരീരഭാരം കൂടുന്നത് മെറ്റബോളിസം കുറയുന്നത് കൊണ്ടാണെന്ന ചിന്ത പലർക്കുമുണ്ട്. എന്നാൽ, ഇത് പൂർണ്ണമായും ശരിയല്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നമ്മുടെ ശരീരത്തിൽ ഊർജ്ജം വിനിയോഗിക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ശരീരഘടന, ശാരീരിക പ്രവർത്തനങ്ങൾ, ജീവൻ നിലനിർത്താൻ ശരീരത്തിനാവശ്യമായ ഊർജ്ജം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ശാസ്ത്ര മാസികയായ 'സയൻസിൽ' പ്രസിദ്ധീകരിച്ച ഈ പഠനം ഹെർമൻ പോണ്ട്സറുടെ നേതൃത്വത്തിലാണ് നടന്നത്. മനുഷ്യന്റെ ജനനം മുതൽ വാർധക്യം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ഊർജ്ജ വിനിയോഗം എങ്ങനെ മാറുന്നു എന്നാണ് അവർ പ്രധാനമായും പഠനവിധേയമാക്കിയത്. പ്രായമാകുമ്പോൾ മെറ്റബോളിസത്തിന് പെട്ടെന്ന് എന്ത് സംഭവിക്കുന്നുവെന്ന് ഈ പഠനം പറയുന്നു. 20 മുതൽ 60 വയസ്സ് വരെയുള്ള കാലയളവിൽ മെറ്റബോളിസത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല. അറുപത് വയസ്സിന് ശേഷമാണ് ഇതിൽ കാര്യമായ കുറവ് വരുന്നത്. അതായത്, 30-കളിലോ 40-കളിലോ മെറ്റബോളിസം കുറയുന്നു എന്ന ചിന്തയ്ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല.

ശരീരഭാരം കൂടുന്നത് മെറ്റബോളിസം കുറഞ്ഞിട്ടല്ല; വില്ലൻ നമ്മുടെ ജീവിതശൈലി തന്നെ
ആസ്ത്മയെന്ന് തെറ്റിദ്ധരിക്കേണ്ട; ശ്വാസകോശ കാൻസറിന്റെ മറഞ്ഞിരിക്കുന്ന മുന്നറിയിപ്പുകൾ

പിന്നെ എന്തുകൊണ്ടാണ് പലർക്കും ഈ പ്രായത്തിൽ ശരീരഭാ​രം കുടൂന്നത്? ഇതിന് പ്രധാന കാരണം ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ്. പ്രായം കൂടുമ്പോൾ ആളുകൾക്ക് വ്യായാമം കുറയാം, കൂടുതൽ നേരം ഇരിക്കേണ്ടി വരാം, പേശികളുടെ ബലം കുറയാം, അല്ലെങ്കിൽ ഭക്ഷണരീതി മാറാം. ഈ മാറ്റങ്ങളാണ് ശരീരഭാരം വർധിപ്പിക്കുന്നത്. അതുകൊണ്ടാണ് പേശികളെ സംരക്ഷിക്കുന്നതിനായി ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ വളരെ പ്രധാനമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പേശികളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ്. ഇതിനൊപ്പം ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകുകയും ദിവസവും ഏഴോ എട്ടോ മണിക്കൂർ നല്ല ഉറക്കം ഉറപ്പാക്കുകയും വേണം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഒരുപാട് സഹായിക്കും.

നമ്മുടെ പ്രായം, പാരമ്പര്യം തുടങ്ങിയ ചില കാര്യങ്ങൾ നമുക്ക് മാറ്റാൻ കഴിയില്ല എന്നത് സത്യമാണ്. എന്നാൽ, നമ്മുടെ ദൈനംദിന ശീലങ്ങളും ജീവിതരീതിയും പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് ഭാരം കൂടുന്നതിന് മെറ്റബോളിസത്തെ മാത്രം കുറ്റപ്പെടുത്തി വ്യായാമത്തിൽ നിന്നും ആരോഗ്യകരമായ ഭക്ഷണരീതിയിൽ നിന്നും ഒഴിഞ്ഞുമാറാതെ, കൂടുതൽ സജീവമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ശരീരത്തെ കൂടുതൽ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിച്ചാൽ ഏത് പ്രായത്തിലും നല്ല ആരോഗ്യം നിലനിർത്താൻ സാധിക്കും.

A landmark scientific study reveals that human metabolism remains completely stable between the ages of 20 and 60, debunking the popular myth that middle-aged weight gain is caused by a slowing metabolism. The research highlights that the actual reasons for weight gain during these years are lifestyle changes—such as decreased physical activity, prolonged sitting, and muscle loss. Rather than seeking quick fixes for a "broken" metabolism, maintaining a healthy weight requires focusing on factors within our control: regular exercise, strength training, a balanced protein-rich diet, and adequate sleep.

Madism Digital
madismdigital.com