

ഇന്ത്യയിൽ 50 വയസിന് മുകളിലുള്ള സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് മൂലം അസ്ഥികൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അസ്ഥികളുടെ സാന്ദ്രത കുറയുകയും അവ ക്രമേണ ദുർബലമാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ രോഗം ഉണ്ടാവുന്നതിനാൽ അസ്ഥി പൊട്ടുമ്പോഴായിരിക്കും പലരും രോഗാവസ്ഥ തിരിച്ചറിയുന്നത്. പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഈ രോഗസാധ്യത വർധിക്കുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് അസ്ഥികളുടെ സാന്ദ്രത വേഗത്തിൽ കുറയാനും കാരണമാകുന്നു.
ഇന്റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്റെ 2021-ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ സ്ത്രീകളിൽ പ്രതിവർഷം ഏകദേശം 14 ലക്ഷം ഓസ്റ്റിയോപൊറോസിസ് സംബന്ധമായ അസ്ഥി പൊട്ടലുകൾ സംഭവിക്കുന്നുണ്ട്. ഓസ്റ്റിയോപൊറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്തെ മുതിർന്നവരിൽ 22.9 ശതമാനം പേർക്ക് ഈ രോഗമുണ്ട്. ഏകദേശം 33 കോടി ആളുകളെ രോഗം ബാധിക്കുന്നതായാണ് കണക്ക്. അസ്ഥി പൊട്ടലുകൾ മൂലമുള്ള ചികിത്സാ ചെലവ് ഇന്ത്യയിൽ മൊത്തം പ്രതിവർഷം 14,000 കോടി മുതൽ 20,000 കോടി രൂപ വരെയാണ്.
ഈ സാഹചര്യത്തിലാണ് രോഗസാധ്യത നേരത്തേ തിരിച്ചറിയുന്നതിനായി ഓസ്റ്റിയോപൊറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയും സൺ ഫാർമയും ചേർന്ന് പുതിയ ബോൺ ഹെൽത്ത് സ്കോർകാർഡ് അവതരിപ്പിച്ചത്. 'വൈ വെയ്റ്റ്? ടിൽ ഇറ്റ് ബ്രേക്ക്സ്' എന്ന ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്ക്രീനിങ് സംവിധാനം. പ്രായം, ഭാരം, പാരമ്പര്യ രോഗങ്ങൾ, പുകവലി, സ്റ്റിറോയിഡ് ഉപയോഗം, സ്തനാർബുദ ചികിത്സ, കാൻസർ ചികിത്സകൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള എട്ട് ഘടകങ്ങളാണ് ഇതിലൂടെ വിലയിരുത്തുന്നത്.
എട്ട് ഘടകങ്ങൾക്കും ലഭിക്കുന്ന പോയിന്റുകൾ കൂട്ടിയാണ് ആകെ സ്കോർ കണക്കാക്കുന്നത്. പൂജ്യം മുതൽ മൂന്ന് വരെ സ്കോർ കുറഞ്ഞ അപകടസാധ്യതയെയും 12-ന് മുകളിലുള്ള സ്കോർ വളരെ ഉയർന്ന അപകടസാധ്യതയെയും സൂചിപ്പിക്കുന്നു. 40 വയസിന് ശേഷം അസ്ഥി പൊട്ടിയിട്ടുണ്ടെങ്കിൽ ആകെ സ്കോർ പരിഗണിക്കാതെ തന്നെ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തും.
സ്കോർകാർഡ് രോഗനിർണയത്തിനുള്ള ഉപകരണമല്ല, മറിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമുള്ളവരെ കണ്ടെത്താനുള്ള പ്രാഥമിക സ്ക്രീനിങ് സംവിധാനമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം DEXA സ്കാൻ, ക്വാണ്ടിറ്റേറ്റീവ് സി ടി തുടങ്ങിയ പരിശോധനകൾ ആവശ്യമായി വരാം. കാൽസ്യം, വിറ്റാമിൻ ഡി, പാരാതൈറോയ്ഡ് ഹോർമോൺ എന്നിവയുടെ അളവ് പരിശോധിക്കുന്ന രക്തപരിശോധനകളും നിർദേശിച്ചേക്കാം.
ഓസ്റ്റിയോപൊറോസിസിനൊപ്പം ഓസ്റ്റിയോമലേഷ്യ, സാർകോപീനിയ തുടങ്ങിയ അവസ്ഥകളും ചിലരിൽ ഉണ്ടാകാം. ശരീരത്തിന് ആവശ്യത്തിന് കാൽസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കൾ ആഗിരണം ചെയ്യാൻ കഴിയാതെ വരുമ്പോള് അസ്ഥികൾ മൃദുവാകുകയും ബലഹീനമാകുകയും ചെയ്യുന്ന ആരോഗ്യാവസ്ഥയാണ് ഓസ്റ്റിയോമലേഷ്യ. പേശികളുടെ അളവും ശക്തിയും കുറയുന്ന അവസ്ഥയാണ് സാർകോപീനിയ. ഇവ ഒരുമിച്ചുണ്ടാകുന്നത് അസ്ഥി പൊട്ടലിന് ശേഷമുള്ള ചികിത്സയും വീണ്ടെടുക്കലും കൂടുതൽ സങ്കീർണമാക്കാം.
A new Bone Health Scorecard launched by the Osteoporosis Society of India and Sun Pharma aims to identify people at risk of osteoporosis before fractures occur. The tool assesses eight risk factors, including age, BMI, family history, smoking and medication use. It helps doctors identify individuals who may need further tests, such as bone density scans. The digital version is expected to be available free of cost from December 2026. The scorecard is a screening tool, not a diagnostic test.