

ഡോക്ടറുടെ നിർദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും പതിവായി ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഇത്തരം മരുന്നുകളുടെ നിരന്തര ഉപയോഗം വൃക്കയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനും ആന്റിമൈക്രോബയൽ പ്രതിരോധത്തിന് വഴിവെക്കാനും സാധ്യതയുണ്ടെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പറയുന്നു.
സ്വയംചികിത്സയുടെ ഭാഗമായി വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിർദേശിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളായ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
വൃക്കരോഗമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം
രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതി, മറ്റ് രോഗങ്ങൾ, കഴിക്കുന്ന മരുന്നുകൾ, മറ്റ് അപകടസാധ്യതകൾ എന്നിവ വിലയിരുത്തിയ ശേഷമേ നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളും ആന്റിബയോട്ടിക്കുകളും നിർദേശിക്കാവൂവെന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.
വൃക്കസംബന്ധമായ അസുഖങ്ങൾ, നിർജലീകരണം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ നൽകുമ്പോൾ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശത്തിൽ പറയുന്നു. വൃക്കരോഗമുള്ളവർ ഏതെങ്കിലും ഇത്തരം മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് രോഗാവസ്ഥയെക്കുറിച്ച് ഡോക്ടറെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ആന്റിബയോട്ടിക്കുകൾ നിർദേശിക്കപ്പെട്ടിട്ടുള്ളവർ ഡോക്ടർ നിർദേശിച്ച അളവിലും കാലയളവിലും മാത്രമേ അവ ഉപയോഗിക്കാവൂ. സ്വമേധയാ മരുന്നിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതും ചികിത്സയ്ക്കിടെ മരുന്ന് മാറ്റുന്നതും ഒഴിവാക്കണം.
ഫാർമസികൾക്കും കർശന നിർദേശം
കുറിപ്പടി ആവശ്യമായ മരുന്നുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഫാർമസിസ്റ്റുകളും റീട്ടെയിൽ വ്യാപാരികളും വിതരണക്കാരും കൃത്യമായി പാലിക്കണമെന്നും സിഡിഎസ് സിഒ നിർദേശിച്ചു. പ്രത്യേകിച്ച് ഷെഡ്യൂൾഡ് എച്ച്, എച്ച്1 വിഭാഗങ്ങളിൽപ്പെടുന്ന മരുന്നുകളുടെ വിൽപ്പനയും വിതരണവും നിയമാനുസൃതമായിരിക്കണം.
കുറിപ്പടി ആവശ്യമായ നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളുടെയും ആന്റിബയോട്ടിക്കുകളുടെയും സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും മരുന്നുകളുടെ പാക്കറ്റിൽ നൽകിയിട്ടുള്ള മുന്നറിയിപ്പുകളും വിൽപ്പന സംബന്ധമായ നിർദേശങ്ങളും പാലിക്കണമെന്നും ഫാർമസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആന്റിബയോട്ടിക്കുകളുടെയും നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളുടെയും യുക്തിസഹമായ ഉപയോഗം ഉറപ്പാക്കുന്നതിനായി ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും മരുന്ന് കുറിപ്പടി, ഉപയോഗം, നിരീക്ഷണം എന്നിവ കൂടുതൽ ശക്തമാക്കണമെന്നും സിഡിഎസ് സിഒ ആവശ്യപ്പെട്ടു.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ആശങ്ക
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന പ്രവണത നേരത്തെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യമായ രോഗനിർണയമില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും തെറ്റായ അളവിൽ കഴിക്കുന്നതും രോഗാണുക്കൾക്ക് മരുന്നിനെതിരായ പ്രതിരോധശേഷി വികസിപ്പിക്കാൻ കാരണമാകാം.
ഇത്തരം ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് വർധിക്കുന്നതോടെ സാധാരണ മരുന്നുകൾ ഫലപ്രദമാകാതെ വരാനും ചില സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായ മരുന്നുകൾ ആവശ്യമായി വരാനും സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
വേദനാസംഹാരികളുടെ അമിത ഉപയോഗം കരളിനും ദോഷകരം
വേദനാസംഹാരികളുടെ അമിത ഉപയോഗം വൃക്കകളെ മാത്രമല്ല, കരളിന്റെ ആരോഗ്യത്തെയും ബാധിക്കാമെന്ന് നേരത്തെയുള്ള പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. വേദനസംഹാരികളുടെ ഉപയോഗത്തെ തുടർന്ന് കരളിന് ഉണ്ടാകുന്ന തകരാറിനെ ഡ്രഗ്-ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി എന്നാണ് വിശേഷിപ്പിക്കുന്നത്.
പ്രത്യേകിച്ച് പാരസീറ്റമോൾ അമിത അളവിൽ കഴിക്കുന്നത് കരളിന് ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കാം. നേരത്തെ കരൾരോഗമുള്ളവർ, അമിതമായി മദ്യം ഉപയോഗിക്കുന്നവർ, പാരസീറ്റമോൾ അടങ്ങിയ ഒന്നിലധികം മരുന്നുകൾ ഒരേസമയം കഴിക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യത കൂടുതലായിരിക്കാം.
അതിനാൽ വേദനയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ സ്വയം മരുന്ന് കഴിക്കുന്നതിന് പകരം ഡോക്ടറുടെ നിർദേശം തേടുന്നതാണ് സുരക്ഷിതമായ മാർഗം. കുറിപ്പടി ആവശ്യമുള്ള മരുന്നുകൾ നിയമാനുസൃതമായി മാത്രം വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ അനാവശ്യ മരുന്നുപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്.
The Central Drugs Standard Control Organisation (CDSCO) has issued a stern warning against the regular use of painkillers and antibiotics without a doctor’s prescription. Authorities stated that prolonged use of such medicines could seriously affect kidney and liver health and contribute to increased antimicrobial resistance. The public has been advised to avoid self-medication and use medicines only as directed by a doctor.