‘പിസിഒഎസ് അല്ല, പിഎംഒഎസ്’; രോഗാവസ്ഥയുടെ പേരുമാറ്റത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഹോർമോൺ-മെറ്റബോളിക് പ്രശ്നങ്ങൾക്ക് പുതിയ പേര്; പിസിഒഎസ് ഇനി പിഎംഒഎസ്
‘പിസിഒഎസ് അല്ല, പിഎംഒഎസ്’; രോഗാവസ്ഥയുടെ പേരുമാറ്റത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
Published on

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന പേര് കേള്‍ക്കുമ്പോള്‍ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. ആഹാരരീതിയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും വ്യായാമക്കുറവുമൊക്കെ പിസിഒഎസിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. പിസിഒഎസ് സംബന്ധിച്ച അവബോധം കൂടുതല്‍ ഗൗരവമുള്ളതാക്കണം എന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുവരുന്നതാണ്. ഈ വാദത്തിന് ആഗോള തലത്തിൽ അംഗീകാരമാവുകയാണ്. സ്ത്രീകളിൽ വ്യാപകമായി കണ്ടെത്തിക്കൊണ്ടിരിക്കുന്ന പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ പേര് ആഗോളതലത്തിൽ മാറ്റാൻ ആണ് തീരുമാനം. ഇനി മുതൽ ഈ ആരോഗ്യപ്രശ്നം ‘പോളിസിസ്റ്റിക് മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം’ ‘പിഎംഒഎസ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ആർത്തവ തകരാറുകളുമായി മാത്രം ബന്ധപ്പെടുത്തി പലപ്പോഴും നിസാരവൽക്കരിക്കപ്പെടുന്ന രോഗാവസ്ഥയുടെ യഥാർത്ഥ ഗൗരവം കൂടുതൽ വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പേരുമാറ്റ നിർദേശം വന്നിരിക്കുന്നത്. ശരീരത്തിന്റെ മെറ്റബോളിക് ആരോഗ്യത്തെയും ഹോർമോൺ അസന്തുലിതാവസ്ഥകളെയും കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തുന്ന പേരാണ് ‘പിഎംഒഎസ്’ എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

‘പിസിഒഎസ് അല്ല, പിഎംഒഎസ്’; രോഗാവസ്ഥയുടെ പേരുമാറ്റത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
യൂറിനറി ഇൻഫെക്ഷൻ: ചെറിയ ലക്ഷണങ്ങൾ വലിയ അപകടമായേക്കാം! ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ

ഇൻസുലിൻ പ്രതിരോധം, ശരീരഭാരം വർധിക്കൽ, രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം, ഹൃദയാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഈ രോഗാവസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്ന തിരിച്ചറിവാണ് പുതിയ പേരിലേക്കുള്ള മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. രോഗനിർണയത്തിലും ചികിത്സാരീതികളിലും ഇതിലൂടെ കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയും ആരോഗ്യവിദഗ്ധർ പങ്കുവെക്കുന്നു. ഈ വിഷയത്തിൽ നടത്തിയ അന്താരാഷ്ട്ര പഠനത്തിന് നേതൃത്വം നൽകിയത് മോണാഷ് യൂണിവേഴ്സിറ്റി ആണ്. പഠന റിപ്പോർട്ട് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏകദേശം എട്ടിൽ ഒരാൾക്ക് പിസിഒഎസ് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ‘പോളിസിസ്റ്റിക് ഓവറി സിൻഡ്രോം’ എന്ന പേര് കേൾക്കുമ്പോൾ അണ്ഡാശയത്തിൽ സിസ്റ്റുകൾ രൂപപ്പെടുന്ന അവസ്ഥ മാത്രമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

‘പിസിഒഎസ് അല്ല, പിഎംഒഎസ്’; രോഗാവസ്ഥയുടെ പേരുമാറ്റത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ലോകത്തിനു വെല്ലുവിളിയായി ഉപാപചയ കരള്‍ രോഗം, 2050ല്‍ 200 കോടിയോളം രോഗികള്‍; കാരണങ്ങള്‍ ഇതാണ്

പല സ്ത്രീകളിലും രോഗനിർണയ സമയത്ത് അണ്ഡാശയത്തിൽ അസാധാരണ സിസ്റ്റുകൾ കണ്ടെത്താത്ത സാഹചര്യവും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രത്യുത്പാദന ആരോഗ്യത്തിനപ്പുറം ശരീരത്തിലെ വിവിധ സംവിധാനങ്ങളെ ബാധിക്കുന്ന സങ്കീർണ്ണമായ ഹോർമോൺ-മെറ്റബോളിക് പ്രശ്നമാണിത്. ഈ യാഥാർത്ഥ്യം കൂടുതൽ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന പേരായിരിക്കണം ഉപയോഗിക്കേണ്ടതെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായി ഉയർന്നു. രോഗാവസ്ഥയെ ലഘുവായി കാണുന്നത് രോഗനിർണയം വൈകുന്നതിനും ആരോഗ്യസങ്കീർണതകൾ വർധിക്കുന്നതിനും കാരണമാകുന്നുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആർത്തവ ക്രമക്കേടുകൾക്ക് പുറമെ വന്ധ്യതാ പ്രശ്നങ്ങൾ, അമിതവണ്ണം, ചർമ സംബന്ധമായ ബുദ്ധിമുട്ടുകൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹസാധ്യത, ഹൃദയാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായും ഈ അവസ്ഥ ബന്ധപ്പെട്ടു കിടക്കുന്നു.

‘പോളിഎൻഡോക്രൈൻ’ എന്നത് ശരീരത്തിലെ വിവിധ ഹോർമോണുകളെ ബാധിക്കുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ‘മെറ്റബോളിക്’ എന്നത് ഇൻസുലിൻ, ശരീരഭാരം, രക്തത്തിലെ പഞ്ചസാര, ഹൃദയാരോഗ്യം തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ‘ഓവേറിയൻ’ എന്നത് അണ്ഡാശയ പ്രവർത്തനങ്ങളെയും പ്രത്യുത്പാദന ആരോഗ്യത്തെയും അടയാളപ്പെടുത്തുമ്പോൾ, ‘സിൻഡ്രോം’ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളുടെ കൂട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പിഎംഒഎസിനെ അണ്ഡാശയവുമായി മാത്രം ബന്ധപ്പെട്ട രോഗമായി കാണാതെ ശരീരത്തിന്റെ സമഗ്ര ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയായി സമീപിക്കണമെന്നാണ് ഗവേഷകരുടെ നിർദേശം.

‘പിസിഒഎസ് അല്ല, പിഎംഒഎസ്’; രോഗാവസ്ഥയുടെ പേരുമാറ്റത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
എപ്പോഴും ക്ഷീണം, അനാവശ്യ ദേഷ്യം, ‘ബേൺഔട്ട്’ ആകാം കാരണം

22,000-ലധികം സർവേ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി 14 വർഷം നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് പേരുമാറ്റം അനിവാര്യമാണെന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ പേര് ലോകമെമ്പാടും ഘട്ടംഘട്ടമായി അവതരിപ്പിക്കാനാണ് പദ്ധതി. 2028ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത് പൂർണമായി ഉൾപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഇന്ത്യയിലും യുവതികൾക്കിടയിൽ പിസിഒഎസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഏകദേശം 44 ദശലക്ഷം സ്ത്രീകൾ ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായും പിസിഒഎസിന് ബന്ധമുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചറുടെ ടാസ്ക് ഫോഴ്സിന് കീഴിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Polycystic Ovary Syndrome will now be globally renamed as Polycystic Metabolic Ovarian Syndrome to better reflect its hormonal and metabolic impact on women’s health. Experts say the new term highlights risks linked to insulin resistance, obesity, diabetes, and heart health.

Madism Digital
madismdigital.com