പോപ്പ് ലിയോ പതിനാലാമന് ബാധിച്ചത് 'അഡിനോകാർസിനോമ' ശ്വാസകോശ അർബുദം; രോഗത്തെ കുറിച്ച് അറിയാം

പുകവലിയാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം. എന്നാൽ രോഗബാധിതരിൽ അഞ്ചിൽ ഒരാൾ പുകവലിക്കാത്തവരാണെന്നാണ് വിദഗ്ദർ പറയുന്നത്.
പോപ്പ് ലിയോ പതിനാലാമന് ബാധിച്ചത് 'അഡിനോകാർസിനോമ' ശ്വാസകോശ അർബുദം; രോഗത്തെ കുറിച്ച് അറിയാം
Published on: 

ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും സാധാരണ വിഭാഗമായ അഡിനോകാർസിനോമ സ്ഥിരീകരിച്ചതിനെ തുടർന്ന് പോപ്പ് ലിയോ പതിനാലാമന്റെ ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സയിലൂടെ രോഗമുക്തി നേടാനുള്ള സാധ്യത കൂടുതലുള്ള കാന്‍സര്‍ ആണിത്. ശ്വാസകോശ അർബുദം പൊതുവേ ഗുരുതര രോഗമാണെങ്കിലും തുടക്കത്തിൽതന്നെയുള്ള രോഗനിർണയവും വിദഗ്‌ധ ചികിത്സയും രോഗിയുടെ അതിജീവനസാധ്യത കൂട്ടും.

എന്താണ് ലങ് അഡിനോകാർസിനോമ?

ശരീരത്തിലെ ഗ്രന്ഥി കലകളിൽ ഉണ്ടാവുന്ന ഒരു തരം കാൻസറാണ് അഡിനോകാർസിനോമ. ഈ കോശങ്ങൾ സാധാരണയായി മ്യൂക്കസ്, ദഹനനീര് അല്ലെങ്കിൽ മറ്റ് ശരീരദ്രവങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നവയാണ്. ശ്വാസകോശ അർബുദത്തെ പ്രധാനമായും സ്മോൾ സെൽ, നോൺ സ്മോൾ സെൽ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഇതിൽ ഭൂരിഭാഗം കേസുകളും നോൺ സ്മോൾ സെൽ വിഭാഗത്തിലാണ്. ഈ വിഭാഗത്തിലെ ഏറ്റവും സാധാരണമായ ഉപവിഭാഗമാണ് അഡിനോകാർസിനോമ. രോഗത്തിന്റെ ചില വകഭേദങ്ങൾ വേഗത്തിൽ വളരുമ്പോൾ മറ്റുചിലത് സാവധാനത്തിലായിരിക്കും വളരുക.

പുകവലിയാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം. എന്നാൽ രോഗബാധിതരിൽ അഞ്ചിൽ ഒരാൾ പുകവലിക്കാത്തവരാണെന്നാണ് വിദഗ്ദർ പറയുന്നത്. ഇവരിൽ രോഗം ഉണ്ടാകാനുള്ള കാരണം എല്ലായിപ്പോഴും വ്യക്തമായിരിക്കണമെന്നില്ല. റഡോൺ വാതകം, ആസ്ബസ്റ്റോസ്, റേഡിയേഷൻ, പരോക്ഷ പുകവലി, വായുമലിനീകരണം എന്നിവയും രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനികളാണ്.

പ്രധാന ലക്ഷങ്ങൾ

രോഗം പുരോഗമിക്കുന്നതുവരെ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാറില്ല. തുടർച്ചയായ ചുമ, നെഞ്ചുവേദന, ശബ്ദത്തിൽ പരുപരുപ്പ്, ശ്വാസതടസ്സം, ആവർത്തിച്ചുള്ള ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ പതിവിൽനിന്ന് വ്യത്യസ്തമായി അനുഭവപ്പെടുകയോ ചെയ്താൽ വൈദ്യപരിശോധന തേടണം.

പോപ്പ് ലിയോ പതിനാലാമന് ബാധിച്ചത് 'അഡിനോകാർസിനോമ' ശ്വാസകോശ അർബുദം; രോഗത്തെ കുറിച്ച് അറിയാം
ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം

മറ്റ് ആവശ്യങ്ങൾക്കായി നടത്തുന്ന പരിശോധനകളിൽ ശ്വാസകോശത്തിലെ മുഴ യാദൃച്ഛികമായി കണ്ടെത്തുന്നതിലൂടെയും രോഗം തിരിച്ചറിയാം. പോപ്പ് ലിയോ പതിനാലാമന്റെ കാര്യത്തിലും മറ്റൊരു വൈദ്യപരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തിലെ മുഴ കണ്ടെത്തിയത്. രോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന ഇത്തരം പരിശോധനകൾ ചികിത്സയുടെ വിജയസാധ്യത വർധിപ്പിക്കാം. ശ്വാസകോശ അർബുദസാധ്യത കൂടുതലുള്ള ചില വിഭാഗക്കാർക്ക് കുറഞ്ഞ അളവിലുള്ള റേഡിയേഷൻ ഉപയോഗിച്ചുള്ള സി.ടി സ്കാനിങ് പരിശോധനയിലൂടെ രോഗനിർണയം നടത്താൻ ശുപാർശ ചെയ്യുന്നുണ്ട്.

ശ്വാസകോശ അർബുദത്തിന് എന്താണ് ചികിത്സ?

രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാല്‍ ശസ്ത്രക്രിയയിലൂടെ രോഗം ബാധിച്ച ഭാഗം നീക്കം ചെയ്യാം. പ്രധാന ചികിത്സാരീതികളിലൊന്നുകൂടിയാണ് ശസ്ത്രക്രിയ. പോപ്പിന്റെ വലത് ശ്വാസകോശത്തിലെ താഴത്തെ ലോബാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്.

വലത് ശ്വാസകോശത്തിന് മൂന്ന് ലോബുകളും ഇടത് ശ്വാസകോശത്തിന് രണ്ട് ലോബുകളുമാണുള്ളത്. ഒരു ലോബ് നീക്കം ചെയ്താൽ ശേഷിക്കുന്ന ഭാഗങ്ങൾ ക്രമേണ ശ്വാസോച്ഛ്വാസത്തിന്റെ പ്രവർത്തനം ഏറ്റെടുക്കും. ശസ്ത്രക്രിയയ്ക്കുശേഷമുള്ള സുഖം പ്രാപിക്കൽ രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, ശാരീരികക്ഷമത, വേദനയുടെ തീവ്രത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

രോഗത്തിന്റെ ഘട്ടം, മുഴയുടെ വലുപ്പം, ലിംഫ് നോഡുകളിലേക്ക് അർബുദം വ്യാപിച്ചിട്ടുണ്ടോ, കോശങ്ങളിൽ ആക്രമണസ്വഭാവം സൂചിപ്പിക്കുന്ന ഘടകങ്ങളുണ്ടോ എന്നിവ വിലയിരുത്തിയാണ് തുടർ ചികിത്സ തീരുമാനിക്കുക. ആവശ്യാനുസരണം കീമോതെറാപ്പി, റേഡിയേഷൻ, ഇമ്യൂണോതെറാപ്പി, അർബുദകോശങ്ങളിലെ പ്രത്യേക തന്മാത്രകളെ ലക്ഷ്യമിടുന്ന മരുന്നുകൾ എന്നിവയും ഉപയോഗിക്കാം.

ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കുന്നതിൽ പുകവലി ഒഴിവാക്കുന്നതും അപകടസാധ്യതയുള്ള സാഹചര്യങ്ങളിലെ സമ്പർക്കം കുറയ്ക്കുന്നതും പ്രധാനമാണ്. രോഗലക്ഷണങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി പരിശോധന നടത്തുന്നതും നേരത്തെയുള്ള രോഗനിർണയത്തിന് സഹായിക്കും.

Summary

Pope Leo XIV underwent surgery to remove the lower section of his right lung after being diagnosed with lung adenocarcinoma, the most common type of lung cancer. The article explores its symptoms, causes, risk factors, early detection and treatment options, highlighting the importance of timely diagnosis and appropriate medical care.

Madism Digital
madismdigital.com