ആധുനിക വൈദ്യശാസ്ത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണ് 'ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റ്' (എഫ്എംടി-സ്റ്റൂള് ട്രാന്‍സ്പ്ലാന്റ്) അഥവാ മലം മാറ്റിവെക്കല്‍ (ആരോഗ്യമുള്ള ഒരാളുടെ മലത്തിൽ നിന്നുള്ള നല്ല ബാക്ടീരിയകളെ രോഗബാധിതനായ ഒരാളുടെ കുടലിലേക്ക് മാറ്റിവയ്ക്കുന്ന നൂതന ചികിത്സാരീതി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗമോ അസുഖങ്ങളോ കാരണം കുടലിലെ നല്ല ബാക്ടീരിയകൾ നശിക്കുമ്പോൾ അവയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനാണ് ഈ ചികിത്സ നടത്തുന്നത്.) ചികിത്സ.
കഠിനമായ ഉദരരോഗങ്ങള്‍ മുതല്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വരെ പരിഹരിക്കാന്‍ മറ്റൊരാളുടെ ആരോഗ്യകരമായ മലം ഉപയോഗിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാല്‍, ലോകജനസംഖ്യയില്‍ വെറും മൂന്നു ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ ചികിത്സയ്ക്കായി ദാനം ചെയ്യാന്‍ യോഗ്യമായ മലം ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. അതിലും എത്രയോ അപൂര്‍വ്വമാണ് 'സൂപ്പര്‍ പൂപ്പര്മാര്' (ഉത്തമ മലവിസര്‍ജ്ജനം നടത്തുന്നവര്‍) എന്നറിയപ്പെടുന്ന സവിശേഷ ദാതാക്കള്‍.
ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ അസാധാരണ പരീക്ഷണം
2013-ല്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ആദം ഫെയുടെ അനുഭവത്തില്‍ നിന്നാണ് ഈ ചികിത്സയുടെ പ്രാധാന്യം നമുക്ക് കൂടുതല്‍ വ്യക്തമാവുക. ആന്റിബയോട്ടിക്കുകളെപ്പോലും പ്രതിരോധിക്കുന്ന ക്ലോസ്ട്രിഡിയോയിഡ്സ് ഡിഫിസൈല്‍ എന്ന ബാക്ടീരിയല്‍ അണുബാധ മൂലം കടുത്ത ദുരിതത്തിലായിരുന്ന ഒരു വയോധികയെ ചികിത്സിക്കുകയായിരുന്നു അദ്ദേഹം. അണുബാധ ആവര്‍ത്തിച്ചതോടെ അവരുടെ ജീവന് രക്ഷിക്കാന്‍ ഫീക്കല്‍ ട്രാന്‍സ്പ്ലാന്റ് മാത്രമായിരുന്നു ഏക പോംവഴി. ആരോഗ്യമുള്ള ഒരാളുടെ മലം രോഗിയുടെ വന്‍കുടലിലേക്ക് നിക്ഷേപിച്ച്, അവിടെ നല്ല ബാക്ടീരിയകളുടെ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാല്‍, അക്കാലത്ത് 'സ്റ്റൂള് ബാങ്കുകള്‍' (മല ബാങ്കുകള്‍) വിരളമായിരുന്നതിനാല്‍ ദാതാവിനെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒടുവില്‍ ആദം ഫെയ് തന്നെ ദാതാവാകാന്‍ തീരുമാനിച്ചു. തലേന്ന് രാത്രി അത്താഴത്തിന് ഒരു 'ബറിറ്റോ' (മെക്സിക്കന്‍ വിഭവം) കഴിച്ച അദ്ദേഹം, പിറ്റേന്ന് രാവിലെ തന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ശേഖരിച്ച മലം ഉപ്പുവെള്ളത്തില്‍ കലക്കി പരുത്തിത്തുണിയിലൂടെ അരിച്ചെടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ കൊളോനോസ്കോപ്പിയിലൂടെ അത് രോഗിയുടെ കുടലിലേക്ക് നല്കി. ചികിത്സ വന്‍ വിജയമായിരുന്നു. ആ രോഗിക്ക് പിന്നീടൊരിക്കലും ആ അണുബാധ ഉണ്ടായിട്ടില്ല. ന്യൂയോര്‍ക്കിലെ എന്‍.വൈ.യു ലാംഗോണ്‍ ഹെല്‍ത്തില്‍ പ്രശസ്ത ഗ്യാസ്ട്രോഎന്ട്രോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ് ഡോ. ആദം ഫെയ് ഇപ്പോള്‍.
കര്‍ശനമായ പരിശോധനകളും കടമ്പകളും
ഇന്ന് ക്ലോസ്ട്രിഡിയോയിഡ്സ് ഡിഫിസൈല്‍ അണുബാധയ്ക്ക് പുറമെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, പ്രമേഹം, ഓട്ടിസം, ഓസ്റ്റിയോപൊറോസിസ്, വിഷാദരോഗം എന്നിവയ്ക്കുള്ള ചികിത്സയായും മലം മാറ്റിവെക്കല്‍ പരീക്ഷിച്ചുവരുന്നുണ്ട്. നേരിട്ട് കുടലിലേക്ക് നല്‍കുന്നതിന് പുറമെ, മലം ഗുളിക രൂപത്തിലാക്കി നല്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഒരു മലദാതാവാകുക എന്നത് അവയവദാനം പോലെ തന്നെ കര്‍ശനമായ പരിശോധനകള്‍ ആവശ്യമുള്ള കാര്യമാണ്. ഏറ്റവും മികച്ച ആരോഗ്യമുള്ള വ്യക്തികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
മലദാതാവിനുള്ള പ്രധാന പരിശോധനകള്‍
30-ലധികം രോഗാണുക്കള്‍, പരാദങ്ങള്‍, മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍, കോവിഡ്-19, ഫ്ളൂ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന രക്ത-മല പരിശോധനകള്‍ എന്നിവ ദാതാവിന് നടത്തും. ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളോ മാനസികാരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവരായിരിക്കണം ദാതാക്കള്‍. സാധാരണയായി 18-നും 48-നും ഇടയില്‍ പ്രായമുള്ളവരും അമിതവണ്ണമില്ലാത്തവരുമായിരിക്കണം ദാതാക്കള്‍. (അമിതവണ്ണമുള്ള ദാതാവില്‍ നിന്ന് മലം സ്വീകരിച്ച മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു സ്ത്രീ പിന്നീട് അമിതവണ്ണത്തിലേക്ക് മാറിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്).
നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നവരായിരിക്കണം. സസ്യാഹാരികളേക്കാള്‍, സസ്യ-മാംസാഹാരങ്ങള്‍ ഒരുപോലെ കഴിക്കുന്നവരുടെ കുടലിലാണ് കൂടുതല്‍ ബാക്ടീരിയല്‍ വൈവിധ്യം കാണപ്പെടുന്നത്. മദ്യപാനം, യാത്രകള്‍, കഴിക്കുന്ന മരുന്നുകള്‍ എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. ഈ കര്‍ശന പരിശോധനകള്‍ കാരണം അപേക്ഷകരില്‍ 1.6% മുതല്‍ 3% വരെ ആളുകള്‍ മാത്രമാണ് പ്രാഥമിക ഘട്ടം കടക്കുന്നത്. സ്ഥിരം ദാതാക്കളായി തിരഞ്ഞെടുക്കപ്പെടുന്നത് വെറും 0.6% പേര് മാത്രമാണ്. യു.എസിലെ സ്റ്റൂള് ബാങ്കുകള്‍ ഒരു തവണ മലം ദാനം ചെയ്യുന്നതിന് 25 മുതല്‍ 100 ഡോളര്‍ വരെ പ്രതിഫലം നല്‍കുന്നുണ്ട്.
ആരാണ് 'സൂപ്പര്‍ പൂപ്പര്മാര്'?
സാധാരണ ദാതാക്കളില്‍ നിന്നും വ്യത്യസ്തമായി, ചില പ്രത്യേക ദാതാക്കളുടെ മലം രോഗികളില്‍ അവിശ്വസനീയമാംവിധം വേഗത്തില്‍ രോഗശമനം ഉണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെയാണ് 'സൂപ്പര്‍ പൂപ്പര്മാര്' എന്ന് വിളിക്കുന്നത്. 2015-ല്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് (വന്‍കുടലിന്റെ ഉള്‍ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട്, വീക്കം) രോഗികളില്‍ നടത്തിയ ഒരു പഠനത്തില്‍, രോഗം ഭേദമായ ഒമ്പത് പേരില്‍ ഏഴ് പേര്‍ക്കും ലഭിച്ചത് ഒരേ ദാതാവിന്റെ മലമായിരുന്നു.
സൂപ്പര്‍ പൂപ്പര്മാരുടെ കുടലില്‍ സൂക്ഷ്മാണുക്കളുടെ എണ്ണവും വൈവിധ്യവും വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച്, കുടലിലെ വീക്കം കുറയ്ക്കാനും കുടലിന്റെ ഭിത്തികളെ സംരക്ഷിക്കാനും സഹായിക്കുന്ന 'ബ്യൂട്ടൈറേറ്റ്' ഉത്പാദിപ്പിക്കുന്ന ഫീക്കാലിബാക്ടീരിയം പ്രോസ്നിറ്റ്സി പോലുള്ള ബാക്ടീരിയകള്‍ ഇവരില്‍ ധാരാളമായി കാണപ്പെടുന്നു. എങ്കിലും എല്ലാ രോഗങ്ങള്‍ക്കും ഒരേ ദാതാവിന്റെ മലം ഫലപ്രദമാകണമെന്നില്ല. ഓരോ രോഗിക്കും അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്ന രീതിയിലേക്കാണ് ശാസ്ത്രം ഇപ്പോള്‍ നീങ്ങുന്നത്.
മലത്തില്‍ നിന്ന് ഗുളികകളിലേക്ക്
മലം മാറ്റിവെക്കല്‍ ചികിത്സ ഇപ്പോഴും പൂര്‍ണ്ണമായും പ്രവചനാതീതമായ ഒന്നാണെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. ഒരു സമ്പൂര്‍ണ്ണ സൂക്ഷ്മജീവി സമൂഹത്തെയാണ് ചികിത്സക്കായി ഉപയോഗിക്കുന്നത് എന്നതിനാല്‍ ഓരോ വ്യക്തിയിലും ഇത് വ്യത്യസ്ത ഫലങ്ങളാകും നല്‍കുക. ഇതിന് പരിഹാരമായി കൂടുതല്‍ കൃത്യതയാര്‍ന്ന മരുന്നുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍. മനുഷ്യമലത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഗുണകരമായ ബാക്ടീരിയകള്‍ അടങ്ങിയ 'റെബിയോട്ട' എന്ന എനിമ ഉല്‍പ്പന്നത്തിനും 'വൗസ്റ്റ്' എന്ന ഗുളികയ്ക്കും അമേരിക്കന്‍ എഫ്.ഡി.എ ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ലാബുകളില്‍ കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന ബാക്ടീരിയല്‍ ഗുളികകള്‍ വ്യാപകമാകാനും സാധ്യതയുണ്ട്.
എന്നാല്‍, ആധുനിക ജീവിതശൈലിയും അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിത ഉപയോഗവും മനുഷ്യന്റെ കുടലിലെ സ്വാഭാവിക സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതില്‍ ഗവേഷകര്‍ ആശങ്കാകുലരാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ അപൂര്‍വ്വ ഔഷധസസ്യങ്ങളെപ്പോലെ വിലപ്പെട്ടതാണ് നമ്മുടെ കുടലിലെ ഈ സൂക്ഷ്മജീവി ലോകം. ഭാവിയിലെ മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള ഈ പ്രകൃതിദത്ത കവചത്തെ നാം നിസ്സാരമായി കാണരുതെന്നും സംരക്ഷിക്കേണ്ടതുണ്ടെന്നും ഈ പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
Faecal Microbiota Transplantation (FMT), commonly known as stool transplantation, is emerging as a promising treatment in modern medicine, with researchers exploring its potential to treat a range of health conditions. The procedure involves transferring healthy gut bacteria from a donor's stool into a patient's intestine to restore the balance of the gut microbiome. However, finding suitable donors is extremely difficult, with fewer than three per cent of people qualifying for donation. Among them, a much smaller group, known as 'super poopers', appears to offer particularly effective results. The potential of FMT became evident in 2013 when medical student Adam Faye used his own stool to treat an elderly woman suffering from recurrent Clostridioides difficile infection, which had resisted antibiotic treatment. With no suitable stool banks available, he became the donor himself. The procedure successfully cured the infection, which never returned. Faye is now a gastroenterologist at NYU Langone Health in New York.