എന്താണ് സോറിയാസിസ്? ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം

ശരീരത്തിന്റെ പ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിക്കുകയും സ്വന്തം ചർമകോശങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതാണ് സോറിയാസിസിന് കാരണം.
എന്താണ് സോറിയാസിസ്? ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം
Published on: 

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ചർമത്തിൽ ചുവന്ന പാടുകളും വെളുത്ത പൊടികളും ഉണ്ടാകുന്ന അവസ്ഥയാണ് സോറിയാസിസ്. ഇത് ഒരു പകർച്ചവ്യാധിയല്ല. രോഗമുള്ള ഒരാളുടെ ശരീരത്തിൽ സ്പർശിക്കുന്നതുകൊണ്ടോ ഒരുമിച്ച് താമസിക്കുന്നതുകൊണ്ടോ പകരുകയും ചെയ്യില്ല. സോറിയാസിസ് ഉള്ളവരിൽ ചർമകോശങ്ങൾ വേഗത്തിൽ വളരുന്നു. സാധാരണയായി ചർമത്തിലെ പഴയ കോശങ്ങൾ മാറി പുതിയ കോശങ്ങൾ ഉണ്ടാകാൻ ഏതാനും ആഴ്ചകൾ എടുക്കും. എന്നാൽ സോറിയാസിസ് ഉള്ളവരിൽ ഈ പ്രക്രിയ വളരെ വേഗത്തിൽ നടക്കുന്നു. ഇതോടെ ചർമത്തിന് പുറത്ത് കോശങ്ങൾ അടിഞ്ഞുകൂടി കട്ടിയുള്ള ചുവന്ന പാടുകളും വെളുത്ത പൊടികളും ഉണ്ടാകുന്നു.

ശരീരത്തിന്റെ ഏത് ഭാഗത്തും സോറിയാസിസ് ഉണ്ടാകാം. എന്നാൽ തല, കൈമുട്ട്, കാൽമുട്ട്, പുറം, കൈപ്പത്തി, കാൽപ്പാദം എന്നിവിടങ്ങളിലാണ് സാധാരണയായി ഈ അവസ്ഥ ഉണ്ടാകുന്നത്. ചർമത്തിൽ ചുവന്ന പാടുകൾ, വെളുത്ത പൊടികൾ, ചൊറിച്ചിൽ, വരൾച്ച എന്നിവയാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ചർമം പൊട്ടി രക്തം വരാനും സാധ്യതയുണ്ട്. തലയോട്ടിയിൽ സോറിയാസിസ് ഉണ്ടാകുമ്പോൾ താരൻ പോലെ തോന്നാം. നഖങ്ങളിൽ ചെറിയ കുഴികൾ രൂപപ്പെടുക, നഖം കട്ടിയാകുക, നിറം മാറുക തുടങ്ങിയ മാറ്റങ്ങളും ഉണ്ടാകാം. ചിലരിൽ കൈകാലുകളിലെ സന്ധികളിൽ വേദനയും വീക്കവും അനുഭവപ്പെടാം.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിക്കുകയും സ്വന്തം ചർമകോശങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതാണ് സോറിയാസിസിന് കാരണം. പാരമ്പര്യവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും സോറിയാസിസ് ഉണ്ടെങ്കിൽ മറ്റുള്ളവർക്കും വരാനുള്ള സാധ്യതയുണ്ട്. മാനസിക സമ്മർദം, ഉറക്കക്കുറവ്, അണുബാധകൾ, ചർമത്തിലെ മുറിവുകൾ എന്നിവ രോഗം വർധിപ്പിക്കാം. പുകവലി, അമിതമായ മദ്യപാനം, അമിതവണ്ണം എന്നിവയും ചിലരിൽ രോഗം കൂടുതൽ വഷളാക്കും. എന്നാൽ ഈ കാരണങ്ങൾകൊണ്ടല്ല രോഗം വരുന്നത്.

സോറിയാസിസ് ശരീരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്ത രീതിയിലാണ് ഉണ്ടാവുക. തലയിൽ ഉണ്ടാകുമ്പോൾ സാധാരണ താരനാണെന്ന് തോന്നാം. കൈപ്പത്തികളിൽ വരുമ്പോൾ എക്സിമയാണെന്ന് തോന്നാം. ശരീരത്തിൽ വട്ടത്തിലുള്ള പാടുകൾ വന്നാൽ ഫംഗസ് ബാധയാണെന്നും കരുതാം. അതുകൊണ്ടുതന്നെ ചർമത്തിൽ കാണുന്ന പാടുകൾ മാത്രം നോക്കി രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. ഡോക്ടർ ചർമവും നഖങ്ങളും പരിശോധിച്ചാണ് രോഗം നിർണയിക്കുന്നത്. ആവശ്യമെങ്കിൽ ചർമത്തിന്റെ ചെറിയൊരു ഭാഗം എടുത്ത് പരിശോധന നടത്തും.

രോഗത്തിന്റെ തീവ്രത അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചർമത്തിലെ ചൊറിച്ചിലും ചുവപ്പും കുറയ്ക്കാൻ പ്രത്യേക ക്രീമുകളും ഓയിന്റ്മെന്റുകളും ഉപയോഗിക്കാം. രോഗം കൂടുതലുള്ളവർക്ക് കഴിക്കാനുള്ള മരുന്നുകളും കുത്തിവെപ്പുകളും നിർദേശിക്കാറുണ്ട്. ചിലരിൽ പ്രത്യേക അൾട്രാവയലറ്റ് വെളിച്ചം ഉപയോഗിച്ചുള്ള ലൈറ്റ് തെറാപ്പിയും ചെയ്യും. ചർമത്തിലെ വരൾച്ച കുറയ്ക്കാൻ മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും നല്ലതാണ്.

ചർമത്തിലെ പാടുകൾ ദിവസങ്ങളോളം മാറാതെ തുടരുകയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയോ ചെയ്താൽ നിർബന്ധമായും ഡോക്ടറെ കാണണം. അമിതമായ ചൊറിച്ചിൽ, വേദന, ചർമം പൊട്ടൽ, രക്തസ്രാവം എന്നിവ ഉണ്ടായാലും ചികിത്സ നിർബന്ധമാണ്. സന്ധികളിൽ വേദനയും വീക്കവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കരുത്. ശരീരം മുഴുവൻ പെട്ടെന്ന് ചുവക്കുക, പഴുപ്പ് നിറഞ്ഞ കുമിളകൾ ഉണ്ടാകുക, പനിയോടൊപ്പം ചർമത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിൽ ചികിത്സ ആവശ്യമാണ്.

സോറിയാസിസ് ഉള്ളവർ ചർമം വരണ്ടുപോകാതെ സൂക്ഷിക്കണം. ദിവസവും മോയ്സ്ചറൈസർ ഉപയോഗിക്കാം. ചർമം ശക്തമായി ഉരയ്ക്കുന്നതും ചൊറിയുന്നതും ഒഴിവാക്കണം. മാനസിക സമ്മർദം കുറയ്ക്കുക, നല്ല ഉറക്കം ഉറപ്പാക്കുക, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുകയും ചെയ്യുക .

Summary

Psoriasis is a long-term autoimmune skin condition that causes red patches, itching, dryness and white or silvery scales. It occurs when the immune system mistakenly attacks healthy skin cells, causing them to grow faster than normal. The condition can affect different parts of the body, including the scalp, elbows, knees, back, palms and feet. Scalp psoriasis may look like dandruff, while patches on the hands can resemble eczema or fungal infections. Some people may also experience nail changes and joint pain. Although the exact cause is not fully known, genetics, stress, infections, skin injuries, smoking and obesity may trigger or worsen psoriasis. It is not contagious and cannot spread through physical contact. There is no permanent cure, but treatments such as medicated creams, oral medicines, injections and light therapy can help control symptoms. Early diagnosis is important. People should consult a dermatologist if skin patches persist, spread, become painful or cause bleeding.