വിശക്കുമ്പോൾ വയറ്റിൽ നിന്നുള്ള ആ ശബ്ദത്തിന് കാരണം വിശപ്പല്ല; ഇതിന് പിന്നിലുണ്ട് ഒരു കിടിലൻ സയൻസ്!

വിശക്കുമ്പോൾ മാത്രം എന്തിനാണ് ഈ ശബ്ദം ഇത്ര ഉച്ചത്തിൽ കേൾക്കുന്നത്
വിശക്കുമ്പോൾ വയറ്റിൽ നിന്നുള്ള ആ ശബ്ദത്തിന് കാരണം വിശപ്പല്ല; ഇതിന് പിന്നിലുണ്ട് ഒരു കിടിലൻ സയൻസ്!
Published on

ഒരു പ്രധാനപ്പെട്ട മീറ്റിങിലോ അല്ലെങ്കിൽ ക്ലാസിലോ ഇരിക്കുമ്പോഴായിരിക്കും വയറ്റിൽ നിന്നൊരു മുരൾച്ച കേൾക്കുന്നത്. കൂടെ ഇരിക്കുന്നവർ കേൾക്കുമോ എന്നോർത്ത് അപ്പോൾ വലിയ നാണക്കേടും തോന്നും. ഉടനെ നമ്മൾ ചിന്തിക്കും, 'ഓഹ്, വിശക്കാൻ തുടങ്ങി, അതാണ് ഈ ശബ്ദം' എന്ന്. എന്നാൽ നമ്മൾ വിശപ്പ് കൊണ്ടാണെന്ന് കരുതുന്ന ഈ ശബ്ദത്തിന് പിന്നിൽ നമ്മുടെ ശരീരത്തിന്റെ വളരെ ബുദ്ധിപരമായ മറ്റൊരു പ്രക്രിയയാണ് നടക്കുന്നത്. ‍ഡോക്ടർമാർ ഇതിനെ വിളിക്കുന്നത് ബോർബോറി​ഗ്മി എന്നാണ്.

നമ്മുടെ ആമാശയവും കുടലും എപ്പോഴും ഒരു ജോലിയും ഇല്ലാതെ വെറുതെ ഇരിക്കാറില്ല. വയറ്റിൽ ഭക്ഷണുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ ഒന്നര, രണ്ട് മണിക്കൂർ കൂടുമ്പോഴും ആമാശയത്തിലും ചെറുകുടലിലുമായി ഒരു പ്രത്യേകതരം പേശീസങ്കോചങ്ങൾ നടക്കും. ഇതിനെ മൈഗ്രേറ്റിങ് മോട്ടോർ കോംപ്ലക്സ് എന്നാണ് വൈദ്യശാസ്ത്രത്തിൽ പറയുന്നത്. അതായത്, നമ്മൾ ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷമുണ്ടാകുന്ന ഭക്ഷണ അവശിഷ്ടങ്ങളും ബാക്ടീരിയകളും ഗ്യാസുമെല്ലാം അടിച്ചുവാരുന്ന ഒരു ക്ലീനിങ് പരിപാടിയാണിത്. വയർ എപ്പോഴും വൃത്തിയാക്കി വെക്കാൻ ദഹനവ്യവസ്ഥ തന്നെ കണ്ടെത്തിയ സൂത്രപ്പണിയാണിത്.

വിശക്കുമ്പോൾ വയറ്റിൽ നിന്നുള്ള ആ ശബ്ദത്തിന് കാരണം വിശപ്പല്ല; ഇതിന് പിന്നിലുണ്ട് ഒരു കിടിലൻ സയൻസ്!
മറവിരോഗത്തെ തടയാന്‍ കൊളസ്‌ട്രോള്‍ മരുന്ന്; ഹൃദയാരോഗ്യവും മസ്തിഷ്‌കാരോഗ്യവും കൈകോര്‍ക്കുന്ന പുതിയ പഠനം

അപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരും, വിശക്കുമ്പോൾ മാത്രം എന്തിനാണ് ഈ ശബ്ദം ഇത്ര ഉച്ചത്തിൽ കേൾക്കുന്നത് എന്ന്. ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്. വയറ്റിൽ ​ഭക്ഷണമുള്ളപ്പോൾ ഈ ക്ലീനിങ് നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം ആ ഭക്ഷണം തന്നെ വലിച്ചെടുക്കും. അതുകൊണ്ട് പുറത്തേക്ക് വലിയ ശബ്ദമൊന്നും കേൾക്കില്ല. എന്നാൽ വയർ കാലിയായിരിക്കുമ്പോൾ അവിടെ ഭക്ഷണം ഇല്ലാത്തതിനാൽ ഈ ശബ്ദത്തെ തടഞ്ഞുനിർത്താൻ ആരുമുണ്ടാകില്ല. അങ്ങനെ ആമാശയത്തിലുള്ള വായുവും ദ്രാവകങ്ങളും ഒന്നിച്ചു ചേരുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു വലിയ ഹാളിൽ എക്കോ അടിക്കുന്നത് പോലെ ഉച്ചത്തിൽ പുറത്തേക്ക് കേൾക്കുന്നു. അതുകൊണ്ടാണ് വിശക്കുമ്പോൾ വയറ്റിലെ ശബ്ദം കൂടുതലായി അനുഭവപ്പെടുന്നത്.

ഇത് കൂടാതെ ചിലപ്പോൾ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ ദഹനപ്രക്രിയയുടെ ഭാ​ഗമായോ വയറ്റിൽ നിന്ന് ഇത്തരം ശബ്ദ​ങ്ങൾ ഉണ്ടായേക്കാം. അതുപോലെ തന്നെ ചെറിയ ടെൻഷനോ സ്ട്രെസ്സോ വരുമ്പോൾ ശരീരത്തിലുണ്ടാകുന്ന സ്ട്രെസ് ഹോർമോണുകൾ കാരണവും വയറ്റിൽ നിന്ന് ശബ്ദം കേൾക്കാം. അതുകൊണ്ട് വയറ്റിൽ നിന്ന് ശബ്ദമില്ലാത്തത് ദഹനം നടക്കാത്തത് കൊണ്ടാണെന്ന ചിന്തയും തെറ്റാണ്. മിക്കവാറും വയറ്റിൽ അത്യാവശ്യം ഭക്ഷണം ഉള്ളതുകൊണ്ടാകും അത്തരം സമയങ്ങളിൽ ശബ്ദം പുറത്തേക്ക് കേൾക്കാത്തത്.

അതായത്, വയറ്റിൽ നിന്നുള്ള ഈ മുരളൽ കേട്ട് ഇനി ആരും പേടിക്കുകയോ നാണിക്കുകയോ വേണ്ട. നിങ്ങളുടെ ദഹനപ്രക്രിയ ഏറ്റവും മികച്ച രീതിയിൽ, കൃത്യമായി നടക്കുന്നുണ്ട് എന്നതിന്റെ തെളിവ് മാത്രമാണിത്. എന്നാൽ, ഈ ശബ്ദത്തിനൊപ്പം അമിതമായ വയറുവേദന, ഗ്യാസ് വന്ന് വയർ വീർക്കുക, പെട്ടെന്ന് വണ്ണം കുറയുക തുടങ്ങിയ ബുദ്ധിമുട്ടുകൾ കൂടി ഉണ്ടെങ്കിൽ മാത്രം ഒരു ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, ആ ശബ്ദം കേൾക്കുമ്പോൾ നിങ്ങളുടെ വയർ അതിന്റെ ഡ്യൂട്ടി വളരെ വൃത്തിയായി ചെയ്യുന്നുണ്ടെന്ന് ഓർത്ത് സന്തോഷിക്കാം.

Summary

The stomach growling sound, medically known as borborygmi, is not just a sign of hunger but a natural digestive cleaning process. Muscular contractions called the migrating motor complex sweep through the stomach and intestines every few hours to clear leftover food, bacteria, and gas. The sound is simply louder and more noticeable when the stomach is empty because there is no food to muffle the echoes.

Madism Digital
madismdigital.com