അമിതമായി മെലിയുന്നത് അപകടം; ശരീരത്തിൽ കൊഴുപ്പ് തീരെ ഇല്ലാതാകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ

കൊഴുപ്പ് വെറുതെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന ഒന്നല്ല.
അമിതമായി മെലിയുന്നത് അപകടം; ശരീരത്തിൽ കൊഴുപ്പ് തീരെ ഇല്ലാതാകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ
Published on: 

ആരോഗ്യത്തിന് കൊഴുപ്പ് വില്ലനാണെന്ന ധാരണയിൽ പൂർണ്ണമായും കൊഴുപ്പ് കുറച്ച് മെലിയാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ. അമിതവണ്ണം പോലെ തന്നെ ശരീരത്തിൽ കൊഴുപ്പ് തീരെ ഇല്ലാതാകുന്നതും ആരോഗ്യത്തിന് കനത്ത വെല്ലുവിളിയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയയിലെ വ്യായാമ രീതികളും ശരീരഭാ​രം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോ​ഗവും വർധിച്ചതോടെ അതിതീവ്രമായി മെലിയാനുള്ള പ്രവണത യുവാക്കൾക്കിടയിൽ കൂടിവരികയാണ്. എന്നാൽ ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഭക്ഷണം എങ്ങനെ കൊഴുപ്പാകുന്നു?

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ ​ഗ്ലൂക്കോസായും, പ്രോട്ടീനുകൾ അമിനോ ആസിഡുകളായും, കൊഴുപ്പുകൾ ഫാറ്റി ആസിഡുകളായും വിഘടിച്ചാണ് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നത്. എന്നാൽ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി നമ്മൾ കഴിക്കുമ്പോൾ, അധികമുള്ളവ അഡിപ്പോസൈറ്റുകൾ (Adipocytes) എന്ന കൊഴുപ്പുകോശങ്ങളിൽ ലിപിഡുകളായി സംഭരിക്കപ്പെടുന്നു. ഇതോടെ ഈ കോശങ്ങളുടെ വലിപ്പം വർധിക്കുന്നു.

കൊഴുപ്പ് വെറുതെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന ഒന്നല്ല. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ മൈക്കൽ റൈഡന്റെ അഭിപ്രായത്തിൽ, കൊഴുപ്പ് എന്നത് ഒരു പ്രത്യേക സംഭരണ അറ പോലെയാണ്. പണ്ടുകാലത്ത് മനുഷ്യർക്ക് ഭക്ഷണമില്ലാത്ത സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിച്ചത് ഈ സംവിധാനമാണ്.

അമിതമായി മെലിയുന്നത് അപകടം; ശരീരത്തിൽ കൊഴുപ്പ് തീരെ ഇല്ലാതാകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ
പുതിയ സ്കിൻ കെയർ ഉപയോഗിക്കുമ്പോൾ മുഖക്കുരു വരാറുണ്ടോ? 'സ്കിൻ പർജിങ്' ആണോ എന്ന് തിരിച്ചറിയാം

കൊഴുപ്പിന്റെ വകഭേദങ്ങളും ധർമ്മങ്ങളും

ശരീരത്തിൽ പലതരം കൊഴുപ്പുകളുണ്ട്. വെള്ള കൊഴുപ്പ് അധികമുള്ള ഊ‍ർജം സംഭരിക്കുന്നതിനൊപ്പം ശരീരത്തിന് ഒരു താപകവചമായും പ്രവർത്തിക്കുന്നു. ബ്രൗൺ, ബീജ് കൊഴുപ്പുകൾ ശരീരത്തിന്റെ താപനില കൃത്യമായി നിലനിർത്താൻ ഊർജം കത്തിച്ച് ചൂട് ഉത്പാദിപ്പിക്കുന്നു. കൂടാതെ, ശരീരത്തിൽ ആവശ്യത്തിന് ഊർജമുണ്ടെന്ന് തലച്ചോറിന് സന്ദേശം നൽകുന്ന 'ലെപ്റ്റിൻ' എന്ന സുപ്രധാന ഹോർമോൺ ഉത്പാദിപ്പിക്കുന്നതും കൊഴുപ്പുകോശങ്ങളാണ്. ഇതുള്ളതുകൊണ്ടാണ് അണുബാധകളെ ചെറുക്കുന്നതിലും മറ്റും തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നത്.

കൊഴുപ്പ് കുറഞ്ഞാലുള്ള പ്രശ്‌നങ്ങൾ

കൊഴുപ്പ് ക്രമാതീതമായി കുറയുമ്പോൾ ശരീരം പട്ടിണി കിടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് മാറും. ഇത്തരം സാഹചര്യങ്ങളിൽ ഊർജത്തിനായി ശരീരം പേശികളെ ഉപയോഗിച്ചു തുടങ്ങുകയും എല്ലുകൾക്ക് വലിയ തോതിൽ ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. എന്തെങ്കിലും അണുബാധയോ ആരോഗ്യ അടിയന്തരാവസ്ഥയോ വന്നാൽ നേരിടാൻ ശരീരത്തിൽ ഊർജം ബാക്കിയുണ്ടാകില്ല. ഇത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയാനും, ഊർജമില്ലായ്മക്കും കാരണമാകുന്നു.

അത്‌ലറ്റുകളായ സ്ത്രീകളിൽ പോലും കൊഴുപ്പ് കുറയുന്നത് ആർത്തവം ക്രമം തെറ്റാനോ പൂർണ്ണമായും നിലച്ചുപോകാനോ കാരണമാകാറുണ്ട്. അനോറെക്സിയ നെർവോസ പോലുള്ള അവസ്ഥകളിൽ കൊഴുപ്പ് തീരെ ഇല്ലാതാകുന്നത് അവയവങ്ങളുടെ തകരാറിനും മരണത്തിനും വരെ കാരണമാകാം. മറിച്ച്, ഹൃദ്രോഗം പോലുള്ള ഗുരുതരമായ അസുഖങ്ങൾ വരുമ്പോൾ അതിജീവിക്കാനുള്ള ശേഷി മെലിഞ്ഞവരെ അപേക്ഷിച്ച് അൽപ്പം കൊഴുപ്പുള്ളവർക്കാണ് കൂടുതലെന്ന് പഠനങ്ങൾ പറയുന്നു. ഇതിനെ 'ഒബീസിറ്റി പാരഡോക്സ്' എന്നാണ് വിളിക്കുന്നത്.

എത്ര ശതമാനം കൊഴുപ്പ് ആവശ്യമുണ്ട്?

വ്യക്തികൾക്കും ലിം​ഗഭേ​ദത്തിനും അനുസരിച്ച് കൊഴുപ്പിന്റെ അളവിൽ വ്യത്യാസമുണ്ട്. സാധാരണയായി പുരുഷന്മാർക്ക് 10 മുതൽ 20 ശതമാനം വരെയും സ്ത്രീകൾക്ക് 20 മുതൽ 29 ശതമാനം വരെയുമാണ് കൊഴുപ്പ് വേണ്ടത്. ഡെട്രോയിറ്റിലെ വെയ്ൻ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷക 700-ലധികം അത്‌ലറ്റുകളിൽ നടത്തിയ പരിശോധനയിൽ, അവരിൽ ഏറ്റവും കുറഞ്ഞ കൊഴുപ്പ് പുരുഷന്മാരിൽ 10 ശതമാനവും സ്ത്രീകളിൽ 16 ശതമാനവുമാണെന്ന് കണ്ടെത്തി. എന്നാൽ തങ്ങളുടെ ശരീരത്തിൽ ഒന്ന് മുതൽ രണ്ട് ശതമാനം മാത്രമേ കൊഴുപ്പുള്ളൂ എന്ന് വിശ്വസിച്ചിരുന്ന അത്‌ലറ്റുകളെ ഈ ഫലം അത്ഭുതപ്പെടുത്തി. അതേസമയം, ആന്തരികാവയവങ്ങൾക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുമെന്നതിനാൽ അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.

അമിതമായി മെലിയുന്നത് അപകടം; ശരീരത്തിൽ കൊഴുപ്പ് തീരെ ഇല്ലാതാകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ
ഇന്ത്യയില്‍ 1.9 ലക്ഷം കാന്‍സര്‍ കേസുകള്‍ക്ക് കാരണം അണുബാധകള്‍; ലാന്‍സെറ്റ് പഠനം

ശരീരത്തിലെ കൊഴുപ്പ് കൃത്യമായി അളക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡെക്സ സ്കാൻ ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ്, പേശികൾ, എല്ലുകൾ എന്നിവ കൃത്യമായി അളക്കാൻ സാധിക്കും. എന്നാൽ തൊലി പിടിച്ചുനോക്കി കാലിപ്പറുകൾ ഉപയോഗിച്ച് കൊഴുപ്പ് അളക്കുന്ന സ്കിൻഫോൾഡ് ടെസ്റ്റ് വഴിയോ സ്മാർട്ട് സ്കെയിലുകൾ വഴിയോ ശരീരത്തിനുള്ളിലെ കൊഴുപ്പ് അളക്കാൻ കഴിയില്ല. കൂടാതെ സ്മാർട്ട് സ്കെയിലുകളുടെ ഫലം ശരീരത്തിലെ ജലാംശത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ കൃത്യമാകണമെന്നില്ല. ചുരുക്കത്തിൽ, ശരീരഭാരം കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഒരു നിശ്ചിത അളവ് കൊഴുപ്പ് നിലനിർത്തേണ്ടത് അനിവാര്യമാണ്.

Summary

While diet culture and social media often demonize body fat, health experts warn that having too little fat is just as dangerous as having too much. Extreme fat loss can trigger a "starvation mode" in the body, leading to the breakdown of muscle and bone, weakened immune function, and severe hormonal imbalances. Body fat is not merely passive storage; it is an active organ essential for regulating temperature, storing emergency energy, and producing vital hormones like leptin. Attempting to completely rid the body of fat for a "shredded" physique can lead to severe, long-term health consequences.

Madism Digital
madismdigital.com