ആധുനിക ഡേറ്റിങ് ലോകത്ത് ഫിഫ ലോകകപ്പ് ആവേശം കളം നിറയുകയാണ്. ലോകകപ്പ് യുവാക്കള്‍ക്കിടയില്‍ പുതിയൊരു പ്രണയ തരംഗത്തിന് വഴിയൊരുക്കുന്നു എന്നാണ് പുതിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഡേറ്റിങ് ആപ്പായ 'ഹാപ്പന്‍' നടത്തിയ പഠനമനുസരിച്ച്, ലോകകപ്പ് ഡേറ്റിങ് രംഗത്തും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഒരു ഫുട്‌ബോള്‍ മത്സരം പുതിയൊരു പ്രണയത്തിന്റെ തുടക്കമായി മാറുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കള്‍ ഇതിന് പൂര്‍ണ്ണമായും തയ്യാറാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം പേരും പുലര്‍ച്ചെ മൂന്നു മണിക്ക് ഒരുമിച്ച് ലോകകപ്പ് മത്സരം കാണാനുള്ള ക്ഷണം നിരസിക്കില്ലെന്ന് വ്യക്തമാക്കി. നല്ലൊരു പങ്കാളിയുടെ കൂട്ടുണ്ടെങ്കില്‍ ഉറക്കം വേണ്ടെന്നുവെക്കാന്‍ പോലും ഇവര്‍ തയ്യാറാണ്. ഇതില്‍ 32 ശതമാനം പേര്‍ ഇങ്ങനെയൊരു ക്ഷണത്തിന് ഉടനടി സമ്മതം മൂളുമെന്ന് പറഞ്ഞു. 34 ശതമാനം പേര്‍ കൂടെയുള്ള വ്യക്തി ആരാണെന്നതിനെ ആശ്രയിച്ച് തീരുമാനമെടുക്കുമെന്നും സര്‍വേ പറയുന്നു.
ടീം വൈരങ്ങള്‍ പ്രണയത്തിന് വഴിമാറുമ്പോള്‍
കളി സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഉണ്ടാകുന്ന മത്സരബുദ്ധി പലപ്പോഴും തര്‍ക്കങ്ങളിലേക്കല്ല, മറിച്ച് പ്രണയപൂര്‍വ്വമായ സംഭാഷണങ്ങള്‍ക്കും പരസ്പരം അടുക്കാനുമുള്ള മികച്ച കാരണങ്ങളുമായി മാറുകയാണ് ചെയ്യുന്നത്. പങ്കെടുത്തവരില്‍ പത്തില്‍ എട്ടുപേരും പറയുന്നത്, തങ്ങളുടെ ക്രഷ് എതിര്‍ ടീമിനെയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ രസകരമാക്കുമെന്നാണ്. കൃത്യമായി പറഞ്ഞാല്‍, 53 ശതമാനം പേരും ഈ ടീം വൈരത്തെ പ്രണയത്തിന്റെ ഒരു സ്പാര്‍ക്ക് ആയാണ് കാണുന്നത്. 18-നും 35-നും ഇടയില്‍ പ്രായമുള്ള, നഗരങ്ങളില്‍ താമസിക്കുന്ന 3,800-ഓളം ഹാപ്പന്‍ ഉപഭോക്താക്കള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഫുട്‌ബോളിനോട് കടുത്ത ആരാധനയുള്ളവരെ മികച്ച പങ്കാളികളായാണ് യുവാക്കള്‍ കണക്കാക്കുന്നത്.
കോസി ഇന്‍ഡോര്‍ ഡേറ്റുകള്‍ക്ക് പ്രിയമേറുന്നു
പരമ്പരാഗതമായി ഫുട്‌ബോള്‍ ആരാധന എന്ന് പറയുന്നത് ആളുകള്‍ തിങ്ങിനിറഞ്ഞ സ്‌പോര്‍ട്‌സ് ബാറുകളും, ബഹളം നിറഞ്ഞ വാച്ച് പാര്‍ട്ടികളും, സുഹൃത്തുക്കള്‍ ഒത്തുകൂടി ആര്‍ത്തുവിളിക്കുന്നതും ഒക്കെയാണ്. എന്നാല്‍ പ്രണയത്തിലേക്ക് വരുമ്പോള്‍ യുവാക്കള്‍ തിരഞ്ഞെടുക്കുന്നത് വീടിനുള്ളിലെ സുഖകരമായ അന്തരീക്ഷമാണ്. ഇതാണ് കോസി ഡേറ്റുകള്‍. ഏകദേശം 40 ശതമാനം പേരും സോഫയിലിരുന്ന് ഒരുമിച്ച് കളി കാണാനോ, അല്ലെങ്കില്‍ പിസ്സയും സ്‌നാക്കുകളും ഡ്രിങ്ക്സും ഒക്കെ ഒരുക്കി അതൊരു തീം നൈറ്റ് ആക്കി മാറ്റാനോ ആണ് ഇഷ്ടപ്പെടുന്നത്.
ദീര്‍ഘകാല പങ്കാളികള്‍ മാത്രമല്ല, പുതിയ ക്രഷുകളും ഈ ലിസ്റ്റിലുണ്ട്. 47 ശതമാനം പേര്‍ തങ്ങളുടെ സ്ഥിരപങ്കാളിക്കൊപ്പം ഫിഫ മത്സരം കാണാന്‍ ഉറക്കമിളയ്ക്കുമെന്ന് പറയുമ്പോള്‍, 44 ശതമാനം പേര്‍ തങ്ങള്‍ക്ക് പുതുതായി തോന്നിയ ക്രഷിന് വേണ്ടിയും ഉറക്കമിളയ്ക്കാന്‍ തയ്യാറാണ്. പരസ്പരം കുറച്ചു സമയം കൂടുതല്‍ ചെലവഴിക്കാന്‍ ഒരു കാരണം കണ്ടെത്തുന്നതിനാണ് യുവാക്കള്‍ പ്രാധാന്യം കൊടുക്കുന്നത്. ഇഷ്ടമുള്ള ഒരാളോടൊപ്പം പുലര്‍ച്ചെ സൂര്യോദയം വരെ സമയം ചെലവഴിക്കുന്നതിനേക്കാള്‍ മികച്ചൊരു 'ലവ് ലാംഗ്വേജ്' വേറെന്തുണ്ട്?.
The FIFA World Cup is not only bringing football fever but also reshaping the modern dating scene, according to a new survey by dating app Happn. The study found that 93% of young Indians would happily accept an invitation to watch a World Cup match together at 3 a.m., while 32% said they would say yes immediately. Another 34% said their decision would depend on who invited them.