'മാച്ചാകുന്നു, ചാറ്റ് ചെയ്യുന്നു, പിന്നെ ഒന്നും സംഭവിക്കുന്നില്ല'; ജെൻ സിയുടെ ഡയൽ ടോണിങ്

തിരക്കുപിടിച്ച നഗരജീവിതത്തിൽ ആഴത്തിലുള്ള ബന്ധങ്ങൾക്ക് സമയമില്ലാത്തവരാണ് ഇതിൽ കൂടുതലും.
'മാച്ചാകുന്നു, ചാറ്റ് ചെയ്യുന്നു, പിന്നെ ഒന്നും സംഭവിക്കുന്നില്ല'; ജെൻ സിയുടെ ഡയൽ ടോണിങ്
Published on

സ്മാർട്ട്ഫോൺ സ്ക്രീനുകളിൽ വിരൽത്തുമ്പിൽ വിരിയുന്ന പ്രണയം, ഇടയ്ക്കിടെയുള്ള ചാറ്റുകൾ, പെട്ടെന്നൊരു നിശബ്ദത.. പക്ഷേ, കാര്യങ്ങൾ അവിടെയൊന്നും അവസാനിക്കുന്നില്ല. ബ്ലോക്ക് ചെയ്യുകയോ അൺമാച്ച്ചെയ്ത് പിരിയുകയോ ഇല്ല. പകരം, അവരുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾ കാണും, ഒരു ലൈക്ക് നൽകും, ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ പെട്ടെന്നൊരു ഇമോജി അയക്കും. ബന്ധം പൂർണമായി അവസാനിക്കുകയുമില്ല, എന്നാൽ മുന്നോട്ട് പോവുകയും ഇല്ല. പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ ഈ വിചിത്രമായ ബ്രേക്കിന് ഇന്നത്തെ ജെൻ സി തലമുറ നൽകിയിരിക്കുന്ന പേരാണ് ഡയൽ ടോണിങ്.

ആധുനിക ഡേറ്റിങ് സംസ്കാരത്തിൽ അതിവേ​ഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു പുതിയ പ്രവണതയാണിത്. പങ്കാളിയെ കണ്ടെത്താനുള്ള ആപ്ലിക്കേഷനുകളിൽ മാച്ച് ആവുകയും കുറച്ചുനാൾ ചാറ്റ് ചെയ്യുകയും ചെയ്ത ശേഷം, കാര്യങ്ങൾ മുന്നോട്ട് പോകാതെ സ്തംഭനാവസ്ഥയിലാകുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, ആ വ്യക്തിയെ ജീവിതത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാനും ഇവർ തയ്യാറല്ല. ഫോണിൽ ഡയൽടോൺ കേട്ടുനിൽക്കുന്നതുപോലെ, അരികിൽ ആരോ ഉണ്ടെന്ന തോന്നൽ മാത്രം നിലനിർത്തുകയാണിവിടെ.

പുതിയ തലമുറയുടെ ശീലങ്ങൾ

പ്രമുഖ ഡേറ്റിങ് പ്ലാറ്റ്‌ഫോമായ ക്വാക്ക്-ക്വാക്ക് നടത്തിയ സർവേ പ്രകാരം, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിലെ 45 ശതമാനത്തോളം ആളുകളും ഡയൽ-ടോണിങ് ശീലമാക്കിയവരാണ്. തിരക്കുപിടിച്ച നഗരജീവിതത്തിൽ ആഴത്തിലുള്ള ബന്ധങ്ങൾക്ക് സമയമില്ലാത്തവരാണ് ഇതിൽ കൂടുതലും.

ഈ സർവേയിലെ ഞെട്ടിക്കുന്ന മറ്റൊരു കണക്ക്, 18 നും 26 നും ഇടയിൽ പ്രായമുള്ള ജെൻ-സി വിഭാഗത്തിൽപ്പെട്ട 55 ശതമാനം പേരും തങ്ങൾ പലതവണ ഇത്തരത്തിൽ മാസങ്ങളോളം ആളുകളെ ഡയൽ-ടോൺ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നു എന്നതാണ്. ഇത്തരം ശീലങ്ങൾ തിരിച്ചറിയുമ്പോൾ അവർ ഈ സൈക്ലിൽ നിന്ന് പുറത്തുകടക്കാറുമുണ്ട്. എന്നാൽ 26 വയസ്സിന് മുകളിലുള്ളവരിൽ 19 ശതമാനം പേരും പറയുന്നത്, സമയം അനുയോജ്യമല്ലാത്തതുകൊണ്ടാണ് തങ്ങൾ ഈ രീതി തുടരുന്നതെന്നാണ്. ഭാവിയിൽ സാഹചര്യങ്ങൾ മാറിയേക്കാം എന്ന പ്രതീക്ഷയാണ് ഇത്തരക്കാരെ മുന്നോട്ട് നയിക്കുന്നത്.

'മാച്ചാകുന്നു, ചാറ്റ് ചെയ്യുന്നു, പിന്നെ ഒന്നും സംഭവിക്കുന്നില്ല'; ജെൻ സിയുടെ ഡയൽ ടോണിങ്
കത്തുകൾ കാത്ത് ഇന്നത്തെ തലമുറ; ഡിജിറ്റൽ യുഗത്തിലെ 'സ്നെയിൽ മെയിൽ' ട്രെൻഡ്

എന്തുകൊണ്ട് ഈ മാനസികാവസ്ഥ?

ഡൽഹിയിലെ ഐഎസ്ഐസി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് പ്രേരണ പന്ത് വ്യക്തമാക്കുന്നത് അനുസരിച്ച്, ഡയൽ-ടോണിങ് എന്നത് അനിശ്ചിതത്വത്തിന്റെയും വൈകാരികമായ സന്ദേഹത്തിന്റെയും ലക്ഷണമാണ്. "ആളുകൾ ഒരു ബന്ധത്തിന് പൂർണ്ണമായി തയ്യാറായിട്ടുണ്ടാകില്ല, എന്നാൽ അവരെ പൂർണ്ണമായി കൈവിടാനും അവർ ആഗ്രഹിക്കുന്നില്ല. ഇത് യാതൊരു വ്യക്തമായ ഉത്തരവാദിത്തവുമില്ലാതെ ഒരു ബന്ധത്തിന്റെ സാധ്യത നിലനിർത്താൻ അവരെ സഹായിക്കുന്നു," അവർ പറയുന്നു.

ഏകാന്തത, കൗതുകം, വൈകാരികമായ അടുപ്പം, അല്ലെങ്കിൽ ഭാവിയിൽ സാഹചര്യങ്ങൾ മാറിയേക്കാം എന്ന പ്രതീക്ഷ എന്നിവയെല്ലാം ഇത്തരം ബന്ധങ്ങൾ നിലനിർത്താൻ ആളുകളെ പ്രേരിപ്പിക്കുന്നു. ബന്ധം പൂർണ്ണമായി അവസാനിപ്പിക്കുക എന്നത് ഒരു വാതിൽ സ്ഥിരമായി കൊട്ടിയടയ്ക്കുന്നത് പോലെ പലർക്കും മാനസികമായി അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്.

ഒരു ചെറിയ 'ലൈക്ക്' അല്ലെങ്കിൽ 'ഇമോജി' ഉണ്ടാക്കുന്ന ആഘാതം

ഡയൽ-ടോണിങിൽ ഇടപെടലുകൾ വളരെ കുറവായിരിക്കും. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി വ്യൂ, ഒരു ചെറിയ ലൈക്ക്, അല്ലെങ്കിൽ വല്ലപ്പോഴുമുള്ള ഒരു ഇമോജി മറുപടി. എന്നാൽ മനശാസ്ത്രപരമായി ഈ ചെറിയ സിഗ്നലുകൾ വലിയ സ്വാധീനം ചെലുത്തുന്നു.

ഈ ചെറിയ ഇടപെടലുകൾ മറുഭാ​ഗത്തുള്ളയാളിൽ പ്രതീക്ഷയും ആകാംക്ഷയും നിലനിർത്തുന്നു. "അവർക്ക് ഇനിയുമെന്നോട് താല്പര്യമുണ്ടോ? തിരിച്ചു വരുമോ? ഞാൻ കാത്തിരിക്കണോ?" തുടങ്ങിയ ചോദ്യങ്ങൾ മറ്റേയാളെ വൈകാരികമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല. ഇത് സാങ്കേതികമായി നിലനിൽക്കാത്ത ഒരു ബന്ധത്തെക്കുറിച്ചോർത്ത് നിരന്തരം വിശകലനം ചെയ്യാൻ കാരണമാകുന്നു.

'മാച്ചാകുന്നു, ചാറ്റ് ചെയ്യുന്നു, പിന്നെ ഒന്നും സംഭവിക്കുന്നില്ല'; ജെൻ സിയുടെ ഡയൽ ടോണിങ്
ഒന്നിച്ച് ഭക്ഷണം എന്നൊരു ഏർപ്പാടേ ഇല്ല! വയ്ക്കലും വിളമ്പലും എല്ലാം വേറെ; ട്രെൻഡായി 'ഫൂഡ് ഡിവോഴ്സ്'

സ്വയം ചോദിക്കേണ്ട ചോദ്യം

ഈ ആശയക്കുഴപ്പത്തിൽ നിന്ന് പുറത്തുകടക്കാൻ വിദഗ്ധർ നൽകുന്ന ഉപദേശം വളരെ ലളിതമാണ്. നിങ്ങളോട് തന്നെ ഈ ചോദ്യം ചോദിക്കുക, "ഇനി അവസരം ലഭിച്ചാൽ ഞാൻ ഈ വ്യക്തിയെ സജീവമായി പിന്തുടരുമോ?"

ഉത്തരം അതെ എന്നാണെങ്കിൽ അവിടെ യഥാർത്ഥ താല്പര്യമുണ്ട്. എന്നാൽ വെറും സുരക്ഷിതത്വത്തിനോ, ആശ്വാസത്തിനോ, ഏകാന്തത മാറ്റാനോ, അല്ലെങ്കിൽ ഒരു ബാക്ക്-അപ്പ് ഓപ്ഷൻ മാത്രമായി ഒരാളെ കൂടെക്കൂട്ടുകയാണെങ്കിൽ, അത് മറ്റേയാളെ മുൻഗണനയല്ല മറിച്ച് ഒരു സാധ്യതയായി മാത്രം കാണുന്നതിന് തുല്യമാണ്. ബന്ധങ്ങൾ അനന്തമായി ഒരു ഡയൽ-ടോണിൽ നിർത്തുന്നതിനേക്കാൾ, തങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് സ്വയം തീരുമാനിക്കുന്നതാണ് ഇരുവർക്കും നല്ലത്.

Summary

Gen Z is embracing "dial-toning," a new dating trend where romantic connections are kept in an emotional middle ground without pursuing a relationship or completely unmatching. Through occasional likes, story views, and emojis, people keep the possibility alive without commitment, a behavior often driven by uncertainty, loneliness, or emotional ambivalence.

Madism Digital
madismdigital.com