

സീരിയൽ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ, പ്രായപൂർത്തിയായ വ്യക്തികളാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ മിക്കതും ഏർപ്പെടുന്നത് എന്നതാണ് പൊതുവായ കണ്ടെത്തൽ. സാമൂഹിക പശ്ചാത്തലത്തിലെ പ്രശ്നങ്ങൾ, മാനസിക അസ്വാസ്ഥ്യങ്ങൾ, ക്രൂരമായ പ്രവണതകൾ എന്നിവയാണ് ഇത്തരം കുറ്റവാളികളുടെ പ്രധാന മോട്ടീവുകള്‍. സിനിമകളിലും വാർത്തകളിലും പ്രത്യക്ഷപ്പെടുന്ന സീരിയൽ കില്ലർമാരുടെ പരമ്പരാഗത രൂപവും സമാനതലത്തിലായിരിക്കും. എന്നാൽ, ഈ പൊതുചിന്തകളെ അട്ടിമറിച്ച സംഭവമാണ് ബിഹാറിലെ ഒരു ചെറുഗ്രാമത്തിൽ 2007-ഓടെ പുറത്തുവന്ന അമർജീത് സദ സീരിയല്‍ കൊലപാതക കേസ്. വെറും എട്ടുവയസ്സുള്ള ബാലൻ മൂന്ന് കുട്ടികളുടെ കൊലപാതകത്തിൽ പങ്കാളിയായിരുന്നുവെന്നതാണ് അന്വേഷണങ്ങളിൽ തെളിയിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറെന്ന നിലയിൽ ഖ്യാതിയോടെ കേസ് ആഗോള ശ്രദ്ധനേടുകയും ചെയ്തു.
2006-ന്റെ അവസാനവും 2007-ന്റെ തുടക്കത്തിലുമായി നടന്ന കൊലപാതകങ്ങളാണ് ഈ കേസിന്റെ അടിസ്ഥാനം. കുട്ടിക്കൊലയാളിയുടെ ആദ്യ ഇര ആറുമാസം പ്രായമുള്ള സ്വന്തം സഹോദരിയായിരുന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് കുഞ്ഞിനെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി അമർജീത് കല്ലുകൊണ്ടടിച്ച് കൊന്നു. മൃതദേഹം മറവു ചെയ്ത ശേഷം സാധാരണമായി വീട്ടിലെത്തി പെരുമാറി. വീട്ടിൽ എത്തിയ മാതാപിതാക്കൾ കുഞ്ഞിന്റെ കൊലപാതകത്തിന് കാരണം സ്വന്തം മകൻ ആണെന്നറിഞ്ഞിട്ടും ഭയവും നാണക്കേടും കാരണം പുറത്ത് പറഞ്ഞില്ല. ഈ അശ്രദ്ധയാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പ്രവൃത്തിക്കാന്‍ പ്രതിക്ക് പ്രചോദനമാകുന്നത്.
ഏതാനും മാസങ്ങൾക്കകം തന്റെ രണ്ടാമത്തെ ഇരയായി ബന്ധുവിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തിരഞ്ഞെടുത്തു. കുഞ്ഞിനെ ആരുമില്ലാത്ത സമയത്ത് പാടത്തേക്ക് കൊണ്ടുപോയി തലയ്ക്കടിച്ച് കൊന്ന ശേഷം പുല്ലുകൾക്കിടയിൽ ശരീരം മറവു ചെയ്തു. കുഞ്ഞിന്റെ വീട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ പ്രതിയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്നത് നാട്ടുകാർ അന്ന് സാക്ഷ്യം പറഞ്ഞിരുന്നു. കുട്ടിയെ അന്വേഷിക്കുന്ന സംഘങ്ങൾക്കൊപ്പം അമർജിത്തും ചേർന്നുനിന്നതോടെ ആരും സംശയിച്ചുമില്ല.
2007-ൽ മൂന്നാമത്തെയും അവസാനത്തെയും ഇരയായി അയൽവാസിയുടെ ആറുമാസം പ്രായമുള്ള ഖുഷ്ബൂ എന്ന പെൺകുഞ്ഞിനെ ലക്ഷ്യമിട്ടു. ഉച്ചസമയത്ത് കുഞ്ഞിന്റെ അമ്മ ഉറങ്ങിക്കിടക്കെ കുഞ്ഞിനെ എടുത്തുകൊണ്ട് സമീപത്തെ സ്കൂൾ പരിസരത്തേക്ക് കൊണ്ടുപോയി. തറയിൽ അടിച്ചും കല്ലുകൊണ്ട് ഇടിച്ചുമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മൃതദേഹം അവിടെ തന്നെ മണ്ണിൽ കുഴിച്ചിട്ടു.
കുഞ്ഞിനെ കാണാതായതോടെ ഗ്രാമവാസികൾ പരിഭ്രാന്തരായി തിരച്ചിൽ തുടങ്ങി. ചിലർ അതിന് തൊട്ടുമുന്‍പ് അമർജീത് സദയുടെ സ്വഭാവത്തെക്കുറിച്ച് നല്‍കിയ സംശയസൂചനകള്‍ നാട്ടുകാർ ഇതോടെ ഗൌരവത്തോടെ പരിശോധിച്ചു. കുട്ടിയെവിടെ എന്ന നാട്ടുകാരുടെ ചോദ്യത്തിൽ യാതൊരു മടിയുമില്ലാതെ താൻ കുഞ്ഞിനെ കൊന്നുവെന്നും അവിടെ കുഴിച്ചിട്ടുണ്ട് എന്നും പ്രതി പറഞ്ഞു. ഗ്രാമവാസികളെ കുഞ്ഞിനെ കുഴിച്ചിട്ട ഇടത്തേക്ക് നയിക്കുകയും ചെയ്തു. അവന്റെ മുഖത്തെ ആത്മവിശ്വാസവും ഭാവഭിനയവും മുതിർന്നവരെ പോലും ഭയപ്പെടുത്തിയിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ എട്ടു വയസ്സുകാരൻ ചെയ്തതാണെന്ന് വിശ്വസിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രയാസമായിരുന്നു. ചോദ്യം ചെയ്യലിനിടെ അവൻ കരഞ്ഞില്ല, ഭയന്നില്ല. പകരം “എനിക്ക് ബിസ്കറ്റ് തരുമോ?” എന്ന് ചോദിച്ച് ബിസ്കറ്റ് കഴിച്ചുകൊണ്ട് ഓരോ കൊലപാതകവും വിശദമായി വിവരിച്ചു. കുഞ്ഞുങ്ങൾ കരയുന്നതും പിടയുന്നതും കണ്ട് സന്തോഷം തോന്നിയിരുന്നതായും, തലയ്ക്കടിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി ഇഷ്ടപ്പെട്ടിരുന്നതായും അമര്ജിത് പറഞ്ഞു. അതിന്റെ യാതൊരു കുറ്റബോധവും അവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ലായെന്നും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു.
മാനസിക പരിശോധനയിൽ ഡോക്ടർമാർ അദ്ദേഹത്തിന് കണ്ടക്ട് ഡിസോർഡർ (പെരുമാറ്റ വൈകല്യം) ഉണ്ടെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്ന ഈ അവസ്ഥയും ശരി-തെറ്റ് വേർതിരിച്ചറിയാനുള്ള ശേഷിയുടെ അഭാവവും അവനെ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. 1998-ൽ ജനിച്ച അമർജീത് സദയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ചികിത്സയ്ക്ക് വിധേയനാക്കുകയും പിന്നീട് പുതിയ ഐഡന്റിറ്റിയോടെ മോചിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
ലോക ചരിത്രത്തിൽ അമർജീത് സദയെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറായി കണക്കാക്കുന്നെങ്കിലും, 11 വയസ്സുള്ള ബ്രിട്ടീഷ് പെൺകുട്ടി മേരി ബെൽ 1968-ൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതും, 12 വയസ്സുള്ള അമേരിക്കൻ ജെസി പോമറോയ് നിരവധി കുട്ടികളെ വഞ്ചിച്ച് മർദിച്ച് കൊന്നതും, 13 വയസ്സുള്ള ക്രെയ്ഗ് പ്രൈസ് നാല് സ്ത്രീകളെ ക്രൂരമായി വധിച്ചതും, തുടങ്ങിയ ഞെട്ടിക്കുന്ന സംഭങ്ങളുണ്ടായിട്ടുണ്ട്. ഈ ഭയാനകമായ കേസുകളെല്ലാം സൂചിപ്പിക്കുന്നത്, ചില കുട്ടികളുടെ മനസ്സിൽ കണ്ടക്ട് ഡിസോർഡർ പോലുള്ള മാനസിക വൈകല്യങ്ങൾ, ദാരിദ്ര്യം, കുടുംബ അവഗണന എന്നിവ ഒത്തുചേരുമ്പോൾ ഏറ്റവും ക്രൂരമായ കൊലപാതകങ്ങൾക്ക് പോലും അവർ പ്രേരിതരാവാമെന്ന ഭീതിജനകമായ സത്യമാണ്.
English Summary: The Amarjeet Sada case shocked the world as an 8-year-old boy from Bihar was found responsible for killing three infants between 2006–2007. Diagnosed with conduct disorder, his actions raised serious concerns about child psychology, crime, and social neglect