ബെംഗളൂരു: ഡെർമറ്റോളജിസ്റ്റായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ സർജൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റകൃത്യം മറച്ചുവെക്കാനായി കാമുകിയുമായി ചേർന്ന് ഡോക്ടർ പദ്ധതികൾ തയ്യാറാക്കിയെന്ന സംശയത്തെ ഉറപ്പിക്കുന്നതാണ് പുതിയ തെളിവുകൾ. ഇത് സംബന്ധിച്ച് പ്രതിയും പ്രണയിനിയുമായി നടത്തിയ ചാറ്റുകൾ പൊലീസിന് ലഭിച്ചു. കുറ്റകൃത്യം നടന്നതിന് ഏകദേശം ഒരു വർഷം കഴിഞ്ഞാണ് വിവരങ്ങൾ പുറത്തുവരുന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മഹേന്ദ്ര റെഡ്ഡിയെന്ന സർജനെ കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ കൃതിക റെഡ്ഡിയെ അമിത അളവിൽ അനസ്തേഷ്യ നൽകി കൊലപ്പെടുത്തിയതെന്നാണ് കേസ്. അമിത അളവിൽ അനസ്തേഷ്യ ശരീരത്തിൽ എത്തിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ച കൃതികയെ പ്രതി തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും, കൃതിക മരണത്തോട് കീഴടങ്ങുകയായിരുന്നു. സ്വാഭാവിക മരണമെന്ന നിലയിൽ വിലയിരുത്തപ്പെട്ട കേസിൽ, പിന്നീടുണ്ടായ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഭർത്താവ് മഹേന്ദ്ര റെഡ്ഢിയിലേക്ക് നീങ്ങുകയായിരുന്നു.
വർഷങ്ങളുടെ വൈദ്യശാസ്ത്ര പ്രവൃത്തി പരിചയത്തിൽ നിന്നും നേടിയ അറിവുകളുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായി തോന്നിക്കുന്ന വിധത്തിൽ മരണം രൂപകൽപ്പന ചെയ്യാനായിരുന്നു പ്രതി പദ്ധതിയിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടരന്വേഷണത്തിൽ, മഹേന്ദ്ര നഴ്‌സായ ഹരിഷ്തയുമായി ബന്ധത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇരുവർക്കിടയിലുണ്ടായ ആശയവിനിമയങ്ങളാണ് കേസിൽ നിർണായക തെളിവുകളായി മാറിയത്. സംശയങ്ങൾ ഇല്ലാതിരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് പോലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കുകയും, യുപിഐ പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറിയതടക്കം, അന്വേഷണം ഒഴിവാക്കുന്നതായിരുന്നു ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫോറൻസിക് സയൻസ് ലബോറട്ടറി ശേഖരിച്ച 10.34 ലക്ഷത്തിടുത്ത് വരുന്ന ഡിജിറ്റൽ ഫയലുകൾ, ഫോൺ പേ ചാറ്റുകൾ, ഡിലീറ്റ് ചെയ്ത ഡാറ്റ, സ്വകാര്യ ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ തെളിവുകളാണ് പൊലീസ് ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിയും ഹരിഷ്തയും തമ്മിലുള്ള ചില സന്ദേശങ്ങൾ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയതിന്റെ സൂചനയും കുറ്റബോധവും പ്രകടമാക്കുന്നതാണെന്ന് അന്വേഷണസംഘം പറയുന്നു.
ഈ മെസേജ് കണ്ടതിന് ശേഷം എവിടെയും മെസേജ് അയക്കരുത്, വിളിക്കരുത്. എല്ലാം തീർന്നാൽ ഞാൻ വിളിക്കുമെന്നും പൊലീസ് ബന്ധത്തെക്കുറിച്ച് ചോദിച്ചാൽ, നമ്മൾ സുഹൃത്തുക്കളാണെന്ന് മാത്രം പറയുക എന്നതായിരുന്നു ഒരു സന്ദേശം. തെളിവില്ലെങ്കിലും ഞാൻ കൃതികയെ കൊന്നു, ജയിലിൽ പോകുമെന്നും പ്രതി സന്ദേശമയച്ചതായി തെളിവുണ്ട്. പിന്നീടുള്ള സന്ദേശങ്ങളിൽ പലതും കുറ്റബോധവും മാനസിക സംഘർഷവും പ്രകടമാക്കുന്നതായിരുന്നു. കൊലപാതകിയായി ജീവിക്കേണ്ടിവരുമെന്ന ആശങ്ക പ്രതിക്ക് ഉണ്ടായിരുന്നതായ സൂചനകളുണ്ട്.
2024 മെയ് മാസത്തിലാണ് മഹേന്ദ്രയും കൃതികയും വിവാഹിതരായത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. കേസിന്റെ ഗൗരവവും ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ ശക്തിയും ചൂണ്ടിക്കാട്ടി, മഹേന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
English Summary: A Bengaluru surgeon, Mahendra Reddy, allegedly murdered his wife using an anaesthetic overdose and attempted to cover it up with his lover. Police uncovered crucial digital evidence, including hidden chats via UPI apps, revealing premeditation and guilt.