

ഓപ്പറേഷന് സൈ ഹണ്ട് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പൊലീസ് സജീവമാകുമ്പോഴും സംസ്ഥാനത്ത് ട്രാഫ്ക് പിഴയുടെ പേരില്‍ പണം തട്ടുന്ന രീതി വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കിടെ വിവിധ ജില്ലകളിലായി നാലോളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശത്തിനൊപ്പം ലഭിച്ച ലിങ്കില്‍ ക്ലിക് ചെയ്ത കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടമായത് 3.89 ലക്ഷം രൂപയാണ്. സമാനമായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും കൊച്ചിയിലും തൃശൂരിലും റിപ്പോര്‍ട്ട് ചെയ്തു.
ഗതാഗത നിയമം ലംഘനത്തിന് പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ഫോണില്‍ സന്ദേശമെത്തിയ കൂത്താട്ടുകുളം തിരുമാറാടി ഒലിയപ്പുറം സ്വദേശിയുടെ 405500 രൂപയാണ് നഷ്ടപ്പെട്ടത്. സന്ദേശത്തിനൊപ്പമുള്ള ലിങ്ക് തുറന്നതോടെ എസ് ബി ഐയുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 103500 രൂപാ വീതം രണ്ട് തവണ പണം നഷ്ടപ്പെട്ടു. തുടര്‍ന്ന് 99250 രൂപ, 47500 രൂപ, 51750 രൂപ എന്നിങ്ങനെ ഒരേ ദിവസം തന്നെ പലപ്രാവശ്യമായി ക്രഡിറ്റ് കാര്‍ഡില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു.
കഴിഞ്ഞ എട്ടാം തിയ്യതി ഉച്ചയോടെയാണ് കൊണ്ടോട്ടി സ്വദേശിക്ക് സന്ദേശമെത്തിയത്. ലിങ്കില്‍ കയറി പരിശോധിച്ചതോടെ 'പരിവാഹന്‍ ആപ്പ്' തുറന്നു. അതില്‍ വാഹനത്തിന്റെ നമ്പര്‍ നല്കാന് ആവശ്യപ്പെട്ടു. വാഹനത്തിന്റെ നമ്പര്‍ നല്കിയപ്പോള് ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 തവണകളായി 3,89,496 രൂപ നഷ്ടപ്പെട്ടെന്നാണ് നമ്പോലന്‍കുന്ന് സ്വദേശിയായ നാല്‍പ്പത്തൊന്നുകാരന്റെ പരാതി.
ഗതാഗത നിയമ ലംഘനത്തിന്റെ പേരില്‍ വ്യാജ എസ്.എം.എസ് അയച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങള്‍ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നത്. വാഹനങ്ങളുടെ യഥാര്‍ത്ഥ രജിസ്ട്രേഷന് നമ്പറുകള്‍ ഉള്‍പ്പെടുത്തി, ട്രാഫിക് നിയമലംഘനം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പിഴയടയ്ക്കാന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നത്.
സംശയം തോന്നാത്ത വിധം ഔദ്യോഗിക രൂപത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ തയ്യാറാക്കുന്നത്. സന്ദേശത്തോടൊപ്പം നല്‍കിയിരിക്കുന്ന റഫറന്‍സ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്റെ ഭാഗമാണ്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കള്‍ എത്തുന്നത്. തുടര്‍ന്ന് പിഴയടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സി.വി.വി, ഒ.ടി.പി തുടങ്ങിയ രഹസ്യ വിവരങ്ങള്‍ നല്കാന് ആവശ്യപ്പെടുന്നു. ഈ വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ഇത്തരം തട്ടിപ്പുകളില്‍ നിന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. എസ്.എം.എസുകളില്‍ ലഭിക്കുന്ന അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഒരിക്കലും പിഴയടയ്ക്കരുത്. വാഹനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പിഴയുണ്ടോ എന്ന് ഔദ്യോഗിക പരിവാഹന്‍ അല്ലെങ്കില്‍ ഇ-ചെലാന്‍ വെബ്സൈറ്റുകള്‍ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ബാങ്ക് വിവരങ്ങളോ ഒ.ടി.പിയോ കാര്‍ഡ് വിശദാംശങ്ങളോ ഒരു കാരണവശാലും മറ്റാരുമായും പങ്കുവെക്കരുത്. വ്യാജമെന്ന് സംശയിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ തുറക്കുകയോ മറ്റുള്ളവരിലേക്ക് കൈമാറുകയോ ചെയ്യരുത്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ സമയം പാഴാക്കാതെ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ഔദ്യോഗിക സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
Kerala Police has warned the public about a rise in online financial fraud involving fake SMS messages related to traffic violations and CCTV camera fines. Fraudsters impersonate the Motor Vehicles Department, sending messages that include actual vehicle registration numbers and claim that traffic violations have been recorded on camera. Recipients are urged to click on links to pay the fines, potentially exposing them to financial scams.