സിന​ഗോഗ് തീവെയ്പ്പ് കേസ്: പ്രതി മുൻപ് വീടിന് തീയിട്ടു, ബിഷ്ണോയ് സംഘത്തിനും പങ്കെന്ന് എബിന്‍

നേരത്തെ പ്രതിയെ കണ്ടെത്താനാകാതിരുന്ന കേസിലാണ് ഇപ്പോൾ ഇയാളെ ഉൾപ്പെടുത്തിയിരിക്കുന്നത്
Ai generated images
Ai generated images
Published on: 

കൊച്ചി കടവുംഭാഗം സിനഗോഗിന് മുന്നിൽ തീവെപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ എബിൻ പോളിനെതിരെ കൂടുതൽ കേസുകളുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴയിൽ നടന്ന രണ്ട് പഴയ ആക്രമണങ്ങളിൽ കൂടി ഇയാളെ പ്രതിചേർത്തു. ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതിലും യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതിലും എബിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കഴിഞ്ഞ ജനുവരിയിലും മാർച്ചിലുമായി നടന്ന സംഭവങ്ങളിലാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴയിലെ ആൾത്താമസമില്ലാത്ത കെട്ടിടത്തിന്റെ പ്രധാന വാതിൽ കത്തിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ എബിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കെട്ടിടം സ്ഫോടകവസ്തുവോ തീയോ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് നടപടി. യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടത് താനാണെന്ന് ചോദ്യം ചെയ്യലിനിടെ എബിൻ സമ്മതിച്ചതായും പൊലീസ് പറയുന്നു. നേരത്തെ പ്രതിയെ കണ്ടെത്താനാകാതിരുന്ന കേസിലാണ് ഇപ്പോൾ ഇയാളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Ai generated images
വാട്സാപ്പ് ചാറ്റ് നിർണായകമായി, മീററ്റിലെ യുവാവിന്റെ മരണം കൊലപാതകം; കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന്

ബിഷ്‌ണോയിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് പരിശോധിക്കുന്നു

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ച ഫോണിലെ ചാറ്റുകളുടെ മിറർ ഇമേജുകൾ പരിശോധിച്ചതോടെയാണ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ എബിൻ അംഗമായിരുന്നുവെന്നാണ് ഫോൺ പരിശോധനയിൽ ലഭിച്ച വിവരമെന്നാണ് റിപ്പോർട്ട്.

ഗ്രൂപ്പിലെ വിക്രം സിംഗ് എന്നയാളുടെ നിർദേശപ്രകാരമാണ് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതെന്നാണ് എബിൻ മൊഴി നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

'എസ് ആർ' അഥവാ 'ബോസ്' എന്ന പേരിൽ അറിയപ്പെടുന്ന അംഗത്തിന്റെ നിർദേശപ്രകാരമാണ് കൊച്ചി സിനഗോഗിന് മുന്നിൽ തീവെപ്പ് നടത്തിയതെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ബിഷ്‌ണോയിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് യഥാർഥത്തിലുള്ളതാണോ അതോ വ്യാജമായി സൃഷ്ടിച്ചതാണോ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഗ്രൂപ്പിന്റെ ആധികാരികതയും അതിലെ അംഗങ്ങളുടെ പങ്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

അന്വേഷണം പൂനൈയിലേക്കും വ്യാപിപ്പിച്ചു

എബിൻ പഠിച്ച സ്ഥാപനത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് അന്വേഷണം പൂനൈയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി അംഗമായിരുന്ന ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി ടെലഗ്രാമിനും അന്വേഷണ സംഘം കത്തയച്ചിട്ടുണ്ട്. കമ്പനിയിൽനിന്നുള്ള മറുപടി ലഭിച്ചശേഷം എബിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും വിവരശേഖരണവും ചോദ്യം ചെയ്യലുമായി രംഗത്തുണ്ട്. സിനഗോഗിന് മുന്നിലെ തീവെപ്പിന് പിന്നിലെ സാഹചര്യങ്ങൾ, മറ്റ് ആക്രമണങ്ങളുമായുള്ള ബന്ധം, സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴി നിർദേശങ്ങൾ ലഭിച്ചെന്ന ആരോപണങ്ങളുടെ വിശ്വാസ്യത എന്നിവയാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്നത്.

Summary

In the Kochi synagogue arson case, police have registered additional cases against arrested accused Ebin Paul in connection with earlier attacks in Muvattupuzha. Police found links to the Bishnoi group and his alleged involvement in setting fire to a used-car showroom. Chat records recovered from his phone proved crucial to the investigation.

Madism Digital
madismdigital.com