

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുണ്ടറ പൊലീസിനെതിരെ ഗുരുതര ആരോപണം പുറത്തെത്തിയിരിക്കുകയാണ്. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദിന്റെ കുടുംബമാണ് കുണ്ടറ എസ്ഐയ്ക്കെതിരെയും കോൺസ്റ്റബിളിനെതിരെയും ഗുരുതര ആരോപണമുയർത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പൊലീസ് സിയാദിന്റെ മുതുകത്ത് ഇടിച്ചെന്നും ഇതോടെ വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിക്കുന്നു.
സിയാദിന്റെ കുടുംബം പറയുന്നത്:
'ജൂൺ 16ന് രാത്രിയാണ് പപ്പയെ കൊണ്ടുപോകാൻ പൊലീസെത്തുന്നത്. എസ്ഐ അതുൽ,ശ്രീജിത്ത് എന്നിവരടങ്ങിയവരായിരുന്നു സംഘത്തിൽ. പപ്പ ഗുളിക കഴിച്ച് മയക്കത്തിലായിരുന്നു. അത് പറഞ്ഞപ്പോൾ അവന്റെ ഗുളിക കഴിപ്പൊക്കെ നിർത്തിതരാം എന്നായിരുന്നു മറുപടി. പിന്നീട് അവർ തന്നെ വീട്ടിൽ കയറി പപ്പയെ വിളിച്ചുണർത്തി. പപ്പയ്ക്ക് വയ്യ എന്നൊക്കെ ഞങ്ങൾ പറഞ്ഞെങ്കിലും പിടിച്ച് പുറത്തിറക്കി കൊണ്ടുപോയി. എന്താണ് പ്രശ്നം എന്ന് ചോദിച്ചെങ്കിലും നിങ്ങളറിയേണ്ട എന്നായിരുന്നു മറുപടി.
പിന്നീട് കുറച്ച്സമയത്തിന് ശേഷം പപ്പ വിളിച്ചു. പൊലീസ് അടിക്കുന്നുണ്ടെന്നും വേഗം വരണമെന്നും പറഞ്ഞായിരുന്നു കോൾ. അത് കേട്ടപാതി ഞങ്ങൾ സ്റ്റേഷനിലേക്ക് ചെന്നെങ്കിലും ഞങ്ങളോട് പൊലീസ് ചൂടായി. പിന്നീട് ഞങ്ങൾ മടങ്ങാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ടപ്പോൾ സമാധാനശ്രമമായി. പൊലീസ് ഒന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. പിന്നീട് പിറ്റേദിവസം പുലർച്ചെയോടെ പപ്പയെ വിട്ടയച്ചു. അപ്പോഴേക്കും അവശനിലയിലായിരുന്നു പപ്പ. കിടക്കാനോ നിൽക്കാനോ വയ്യാത്ത അവസ്ഥ. അങ്ങനെ കൊല്ലം ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ സ്കാനിംഗിലാണ് വാരിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സ്ഥിതി വഷളാവുകയും മരിക്കുകയുമായിരുന്നു.'
അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന പരാതിയിലാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോകുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
കസ്റ്റഡിയിലെടുത്ത സമയം സിയാദ് തന്‍റെ ഭാര്യയെ വിളിച്ച് പൊലീസ് മർദിക്കുന്നെന്നും ഉടൻ എത്തണമെന്നും വിളിച്ചറിയിച്ചിരുന്നു. പൊലീസിന്‍റെ ക്രൂരമായ മർദനവും പരിക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് യുവാവിനെ ക്രൂരമായി മർദിച്ചതായും എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
സ്റ്റേഷൻ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണിപ്പോൾ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് പോകുംവഴി വണ്ടിയിൽ വെച്ച് മർദിച്ചു എന്ന് കുടുംബം പറയുന്നു. സിയാദ് വിളിച്ചതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ കുടുംബത്തോട്, സ്റ്റേഷനിൽ സിസിടിവി ഉണ്ടെന്നും ഇപ്പോഴത്തെ പൊലീസുകാർ ഉപദ്രവിക്കില്ല എന്നുമായിരുന്നു പൊലീസിന്റെ മറുപടി.
അയൽവാസിയായ വിഷ്ണുവിന്റെ മകനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുട്ടിയുടെ സഹോദരിയുടെ പരാതിയിലായിരുന്നു നടപടി. സ്റ്റേഷനിലേക്ക് പോകും വഴി പെരുമ്പുഴയെന്ന സ്ഥലത്ത് ജീപ്പ് നിർത്തി കുട്ടിയെവിടെയെന്ന് ചോദിച്ച് പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് കുടുംബം പറയുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സിയാദിന് മഞ്ഞപ്പിത്തബാധയുണ്ടായിരുന്നതായാണ് വിവരം.
യുവാവിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ മുഴുവൻ പൊലീസ് സ്റ്റേഷനിൽ നിന്നിരുന്നു. പിന്നീട് വീട്ടിലെ വഴക്കുകളെ തുടർന്ന് സ്വയം ഇറങ്ങിപ്പോയതാണെന്ന് 13കാരനായ കുട്ടി സ്റ്റേഷനിലെത്തി പറഞ്ഞതിനെ തുടർന്ന് യുവാവിനെ വിട്ടയച്ചു. അവശനിലയിലാണ് യുവാവിനെ പൊലീസ് വീട്ടിലേക്ക് അയച്ചതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. വീട്ടിലെത്തിയതിന് പിന്നാലെ ശാരീരികാസ്വസ്ഥതകൾ രൂക്ഷമാവുകയും സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കാണാതായ കുട്ടിയുടെ സഹോദരിയുടെ പ്രണയബന്ധം സിയാദ് വിലക്കിയതിൽ കുട്ടി പ്രതികാരം ചെയ്തതാണെന്നും ആരോപണമുണ്ട്.
Serious allegations have emerged against the Kundara Police following the death of a young man who died while undergoing treatment after being taken into police custody and later released.
The family of Siyad, a resident of Societymukku in Kundara, has accused a Kundara Sub-Inspector and a police constable of assault. According to the family, police officers struck Siyad on the back while taking him to the station, causing his ribs to fracture.
The incident dates back to the night of June 16, when Kundara Police took Siyad from his home after his sister filed a complaint that a 13-year-old neighbour was missing. The family alleges that Siyad was subjected to police brutality both while being taken to the station and inside the police station.